Sunday, July 21, 2019 Last Updated 59 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Apr 2018 04.28 PM

ഈ രൂപത്തെയോര്‍ത്ത് ആരും കാണാതെ ഒരുപാട് കരഞ്ഞിട്ടുണ്ട്- ഇന്ദ്രന്‍സ് പറയുന്നു

''വീട്ടിലെ സാഹചര്യം മോശമായതിനെ തുടര്‍ന്ന് നാലാംതരത്തോടെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു.''
uploads/news/2018/04/205783/Weeklyindhrans030418.jpg

ഓര്‍മ്മയിലെ ബാല്യം അത്രസുഖകരമായിരുന്നില്ല. തിരുവനന്തപുരം ജില്ലയി ലെ കുമാരപുരമെന്ന ഗ്രാമത്തില്‍ കൊച്ചുവേലുവിന്റെയും ഗോമതിയുടെയും ഏഴുമക്കളില്‍ മൂന്നാമനായാണ് എന്റെ ജനനം.

വീട്ടിലെ സാഹചര്യം മോശമായതിനെ തുടര്‍ന്ന് നാലാംതരത്തോടെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. ഇന്നത്തെപ്പോലെ വിദ്യാഭ്യാസത്തിന്റെ മഹത്വം പറഞ്ഞുമനസ്സിലാക്കിത്തരുവാനുളള കഴിവ് മാതാപിതാക്കള്‍ക്കുണ്ടായിരുന്നില്ല. കൈമുതലായി ആകെയുണ്ടായിരുന്നത് ദാരിദ്ര്യവും കഷ്ടപ്പാടും മാത്രമായിരുന്നു.

സ്‌കൂളില്‍പോകാതെ കുറെനാള്‍ ലക്ഷ്യമില്ലാതെ അലഞ്ഞുനടന്നു. അവസാനം തയ്യല്‍ പഠിക്കാനായി അമ്മ എന്നെ അമ്മാവന്റെ കടയില്‍ കൊണ്ടുചെന്നാക്കി. അദ്ദേഹം കര്‍ക്കശക്കാരനും തികഞ്ഞ കമ്മ്യൂണിസ്റ്റ് അനുഭാവിയുമായിരുന്നു. അമ്മാവന്റെ സുഹൃത്തുക്കള്‍ കടയില്‍ വന്നിരുന്നു നാടകത്തിനെക്കുറിച്ച് വാതോരാതെ സംസാരിക്കും.

അതു കേട്ടുകേട്ട് എനിക്കും നാടകത്തോട് ഭ്രമംതോന്നി. ചില ദിവസങ്ങളില്‍ കടയിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങും. എന്നിട്ട് നാടകത്തിന്റെ പിറകെ പോകും. കടയില്‍ ചെല്ലാത്ത വിവരം അമ്മാവന്‍ അമ്മയെ അറിയിക്കും. പിന്നെ പറയേണ്ട കാര്യമുണ്ടോ...? അമ്മാവന്റെ വക ശകാരത്തോടൊപ്പം അച്ഛന്റെയും അമ്മയുടെയും തല്ലുവേറെയും.

ഞാന്‍ സ്ഥിരമായി ഒരുസ്ഥലത്തും നില്‍ക്കാതെ വന്നപ്പോള്‍ ഓലമേഞ്ഞുകിട്ടിയ പണം നുളളിപ്പെറുക്കിയും ചിട്ടിപിടിച്ചും അമ്മയെനിക്ക് തയ്യല്‍മെഷീന്‍ വാങ്ങിത്തന്നു. അതോടെ ഞാന്‍ സ്വതന്ത്രനായി. ഓണം, ഉല്‍സവം, വിഷു എന്നിങ്ങനെ സീസണ്‍സമയങ്ങളിലാണല്ലോ തയ്യലും നാടകങ്ങളും കൂടുതല്‍ ലഭിക്കുന്നത്.

എന്നാല്‍ എന്റെ നാടകഭ്രാന്ത് മൂലം എനിക്കുകിട്ടിയിരുന്ന തയ്യലുകളെല്ലാം ഞാനില്ലാതാക്കി. ഞങ്ങളുടെ ക്ലബ്ബിലെ മേക്കപ്പ്ആര്‍ട്ടിസ്റ്റ് മോഹന്‍ദാസ് ചേട്ടനാണ് അസിസ്റ്റന്റ് കോസ്റ്റിയൂമറായിട്ട് എന്നെ സിനിമയിലെത്തിച്ചത്. ഏതൊരു കലാകാരനെയുംപോലെ എന്റെ ലക്ഷ്യവും സിനിമയില്‍ അഭിനയിക്കുകയെന്നതായിരുന്നു.

''കിട്ടിയ അവസരം നഷ്ടപ്പെടുത്തേണ്ട.... തല്‍ക്കാലം കോസ്റ്റിയൂമറായിട്ട് കയറാം. പിന്നീട് എങ്ങനെയെങ്കിലും അഭിനയിക്കാം.'' അതായിരുന്നു പ്ലാന്‍.
അങ്ങനെയാണ് ഞാന്‍ സ്വപ്നലോകത്തിലേക്ക് ചുവടുവച്ചത്.

ആദ്യകാലങ്ങളില്‍ നസീര്‍സാറൊക്കെ അടുത്തുവരുമ്പോള്‍ രോമാഞ്ചമായിരുന്നു. അന്നുവരെ സ്‌ക്രീനില്‍ മാത്രം കണ്ടിരുന്നയാള്‍ ഇതാ എന്റെയരികില്‍... ഓരോ സീനുകള്‍ക്കുശേഷം ഞാന്‍ കോസ്റ്റിയൂംമാറിക്കൊടുക്കുമ്പോഴും അദ്ദേഹം എന്തെങ്കിലും ഒന്നു സംസാരിച്ചിരുന്നെങ്കില്‍ എന്നു ആശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ ഒരു പൂവിനെ തൊടുന്ന അനുഭൂതിയായിരുന്നു.

രണ്ടുമൂന്നു സിനിമകള്‍ക്കുശേഷം കോസ്റ്റിയൂംഡിസൈനറായ സി.എസ് ലക്ഷ്മണന്‍ചേട്ടനോട് എനിക്ക് അഭിനയിക്കാന്‍ മോഹമുണ്ടെന്നു പറഞ്ഞു. അങ്ങനെ ലക്ഷ്മണന്‍ചേട്ടന്‍ വഴി 'ചൂതാട്ടം' എന്നസിനിമയില്‍ പപ്പുവേട്ടന്റെകൂടെ ചായയടിക്കുന്ന ചെറിയൊരു റോള്‍ എനിക്കുലഭിച്ചു. അതായിരുന്നു ആദ്യത്തെസിനിമ.

'ചൂതാട്ട'ത്തിന്റെ റിലീസിങ് സമയത്ത് ഞാന്‍ നാട്ടിലുണ്ടായിരുന്നില്ല. തിരിച്ചെത്തിയപ്പോള്‍ തിരുവനന്തപുരത്തു ഒരു തിയറ്ററില്‍ സിനിമ ഓടുന്നുണ്ടായിരുന്നു. വീട്ടിലേക്കുപോലും പോകാതെ സിനിമ കാണാന്‍ കയറി.

ഞാന്‍ അഭിനയിച്ച സീന്‍ ഇപ്പോള്‍ എത്തുമെന്ന ആകാംക്ഷയില്‍ കണ്ണിമവെട്ടാതെ സ്‌ക്രീനില്‍തന്നെ നോക്കിക്കൊണ്ടിരുന്നു. അങ്ങനെ എന്റെ സീന്‍ വന്നെത്തി.

''ദാ... അതു ഞാനാ...''
എന്ന് അടുത്തിരിക്കുന്നവരോടു പറയും മുമ്പേ അതുകഴിഞ്ഞിരുന്നു അത്രയ്‌ക്കേ ഉണ്ടായിരുന്നുളളൂ...,
എങ്കിലും ഉളളിലൊരു സമാധാനം ഞാനും, ഒരുനടനായല്ലോ എന്നോര്‍ത്ത്.

പിന്നീട് ചെറിയചെറിയ റോളുകള്‍ കിട്ടിയെങ്കിലും സ്വന്തം ജോലി തുടര്‍ന്നുകൊണ്ടിരിന്നു. നാളുകള്‍ക്കുശേഷം സ്വതന്ത്രമായി കോസ്റ്റിയൂംഡിസൈന്‍ ചെയ്തു തുടങ്ങി.

കുറെക്കാലങ്ങള്‍ക്കുശേഷം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്തു തുടങ്ങിയതോടെ കത്രിക താഴെവച്ചു. പിന്നീട് അഭിനയത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു.

uploads/news/2018/04/205783/Weeklyindhrans030418a.jpg

നടനായി അറിയപ്പെട്ടെങ്കിലും ഒരു പെണ്ണിനെ കിട്ടാതെ എന്റെ വിവാഹം നീണ്ടുനീണ്ടുപോയി. ഷൂട്ടില്ലാത്ത ദിവസങ്ങളില്‍ ബ്രോക്കറോടൊപ്പം പെണ്ണുകാണാന്‍ ഇറങ്ങും. ഞാന്‍ കേള്‍ക്കെ തന്നെ പല പെണ്‍കുട്ടികളും പറഞ്ഞിട്ടുണ്ട്:

''അയ്യോ... വണ്ണമൊന്നുമില്ലാത്ത ഇയാളെ എനിക്കുവേണ്ട.''
ഇത്തരത്തിലുളള വാക്കുകള്‍ കേട്ട് ഇനി വിവാഹമേ വേണ്ടെന്നു തീരുമാനിച്ച് കുറെക്കാലം ഞാന്‍ പെണ്ണുകാണാനേ പോയില്ല. ഏഴുമക്കളില്‍ ഞാന്‍ മാത്രം എന്താണ് ഇങ്ങനെയായതെന്ന് പലപ്പോഴും ഓര്‍ത്തു.

കണ്ണാടിയില്‍ നോക്കുമ്പോള്‍ എനിക്കു എന്നോടുതന്നെ ഒരു അപകര്‍ഷത തോന്നാറുണ്ട്. എന്റെ രൂപമാണ് എന്നെയൊരു നടനാക്കി തീര്‍ത്തതെങ്കിലും ഈ രൂപത്തെയോര്‍ത്ത് ആരും കാണാതെ ഒരുപാട് കരഞ്ഞിട്ടുണ്ട്.

അവസാനത്തെ പെണ്ണുകാണല്‍ ചടങ്ങാണെന്നു പറഞ്ഞിട്ടാണ് ശാന്തയെകാണാന്‍ നിന്നിറങ്ങിയത്. അച്ഛനമ്മമാര്‍ പറയുന്നതില്‍ അണുവിടവ്യതിചലിക്കാത്ത പെണ്‍കുട്ടിയായിരുന്നു അവള്‍.

അതുകൊണ്ടായിരിക്കാം വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി അവള്‍ക്കെന്നെ വിവാഹം കഴിക്കേണ്ടിവന്നത്. അവള്‍ ജീവിതത്തിലേക്കു വന്നതോടെ എനിക്ക് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുവാന്‍ സാധിച്ചു.

ഇന്നെന്നെ ഈ നിലയില്‍ ആക്കിത്തീര്‍ത്തത് ഈ രൂപമാണല്ലോയെന്നോര്‍ത്ത് സമാധാനിക്കും.

സംസ്ഥാനസര്‍ക്കാരിന്റെ മികച്ച നടനുളള അംഗീകാരം കിട്ടുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. എന്നാല്‍ 2015 ല്‍ 'മന്‍ട്രോതുരുത്ത്' എന്ന സിനിമയ്ക്ക് എനിക്ക് അവാര്‍ഡ് ഉണ്ടെന്ന് ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു.

നടന്‍ എന്നു കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും ഉള്ളിലൊരു കാഴ്ചപ്പാടുണ്ടാകുമല്ലോ... അഭിനയത്തിനപ്പുറം അയാളുടെ ഷെയിപ്പ്, സമൂഹത്തിലുളള ഇമേജ്, സൗന്ദര്യം ഇതെല്ലാം ഉളളവര്‍ക്കേ അംഗീകാരം ലഭിക്കുകയുളളു എന്നാണ് ഞാന്‍ കരുതിയിരുന്നത്. അതുകൊണ്ട് ഞാനത്ര കാര്യമാക്കിയില്ല.

അവസാനലിസ്റ്റിലും എന്റെ പേര് ഇടം പിടിച്ചിട്ടുണ്ടെന്നും വാര്‍ത്തകള്‍ വന്നുതുടങ്ങി. ഷൂട്ടിങ് ലൊക്കേഷനിലും വീട്ടിലുമൊക്കെ പത്രക്കാരുടെയും ചാനലുകാരുടെയും കണ്ണുകള്‍ എനിക്കുനേരെ തിരിയുന്നതു ഞാന്‍ ശ്രദ്ധിച്ചു. അപ്പോള്‍ ഉള്ളില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര സന്തോഷമായിരുന്നു.

ചാനലുകാര്‍ക്ക് നേരത്തെ അറിവു കിട്ടിക്കാണും എന്നാണ് ഞാന്‍ കരുതിയിരുന്നത്. പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു. മണിക്കൂറുകള്‍ക്കുശേഷം എനിക്കുനേരെ തുറിച്ചുനോക്കിയിരുന്ന ചാനല്‍കണ്ണുകളുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരുന്നു. ആ സമയം ഫളാഷ് ന്യൂസ് വന്നുതുടങ്ങി:

'2015 ലെ മികച്ച നടന്‍ ദുല്‍ഖര്‍സല്‍മാന്‍.'
അതെനിക്കു ഷോക്കായിരുന്നു. കുന്നോളം സ്വപ്നങ്ങള്‍ തന്നിട്ട് കുന്നിന്‍മുകളില്‍ നിന്നു താഴേക്കു വീണ അനുഭവം...!
അതോടെ വീട് ആളനക്കമില്ലാതെ മരണവീടിനു സമാനമായി.

'ആളൊരുക്ക'ത്തിലെ പപ്പുപിഷാരടി എന്ന കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ പറഞ്ഞുകേട്ടപ്പോള്‍ തന്നെ ആ കഥാപാത്രം ചെയ്യാന്‍ കൊതിതോന്നി.

കോമഡി ചെയ്തുനടക്കുമെങ്കിലും മനസ്സും ആത്മാവും എപ്പോഴും ക്ലാസ് സിനിമകളോടൊപ്പമായിരുന്നു. നെടുമുടിവേണുേച്ചട്ടന്‍, തിലകന്‍ചേട്ടന്‍, മധുസാര്‍ ഗോപിച്ചേട്ടന്‍ എന്നിവരുടെയെല്ലാം ഓരോ ചലനങ്ങളും സസൂഷ്മം വീക്ഷിക്കുമായിരുന്നു.

അതുകൊണ്ട് തന്നെ 'ആളൊരുക്കം' എന്ന സിനിമയില്‍ അഭിനയിക്കുവാന്‍ പ്രത്യേക താല്‍പ്പര്യമായിരുന്നു. ഓട്ടന്‍തുളളലിനെക്കുറിച്ച് ഗ്രാഹ്യമില്ലാത്ത എനിക്കതിനെക്കുറിച്ചു പറഞ്ഞുതരാന്‍ ആശാന്‍ നന്നേ പാടുപെട്ടു. ആ സിനിമയില്‍ ആദ്യപകുതിക്കു ശേഷമുളള നിശബ്ദതയാണ് എന്നെ പേടിപ്പിച്ചത്.

സംഭാഷണമില്ലാതെ മൗനത്തിലൂടെ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ എത്രമാത്രം വിജയിക്കുമെന്ന് എനിക്കുറപ്പില്ലായിരുന്നു.

ഇപ്രാവശ്യവും അവാര്‍ഡ്‌ലിസ്റ്റില്‍ പേരുള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചെങ്കിലും ഒരബദ്ധം പറ്റിയിട്ടുളളതുകൊണ്ട് ഞാന്‍ കാര്യമാക്കിയില്ല. ഈ വിവരമറിഞ്ഞ് ഭാര്യ സന്തോഷിച്ചപ്പോള്‍ ഞാന്‍ അവളോടു ചോദിച്ചു:

''ശാന്തേ...നമുക്ക് ഒരു അബദ്ധം പറ്റിയത് നീ ഓര്‍ക്കുന്നുണ്ടല്ലോ.''
അതുകൊണ്ടു മകളെപ്പോലും ഈ വിവരം അറിയിച്ചില്ല. അവള്‍ ഭര്‍തൃഗൃഹത്തിലായിരുന്നു.

പിന്നീട് ചാനലുകളില്‍ വാര്‍ത്ത വന്നുതുടങ്ങിയപ്പോഴാണ് വിശ്വാസമായത്. ആ സമയം മോള്‍ വിളിച്ച് പരിഭവംപറഞ്ഞു. പെട്ടെന്നു തന്നെ അവള്‍ ഭര്‍ത്താവിനെയും കുട്ടികളെയും കൂട്ടി സന്തോഷം പങ്കിടാനെത്തി. മകനും മരുമകളും ആ സമയം എന്റെകൂടെ തന്നെയുണ്ടായിരുന്നു.

ഇപ്പോഴാണ് ശരിക്കും അഭിനയം പഠിച്ചത്. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

തയ്യാറാക്കിയത്
അഞ്ജു രവി

Ads by Google
Tuesday 03 Apr 2018 04.28 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW