''വേനല്ക്കാലമെത്തിയതോടെ ചൂടിനൊപ്പം വിട്ടു മാറാത്ത രോഗങ്ങളും കൂടി തുടങ്ങി. ഈ വേനല്‍ക്കാലത്ത് അല്പമൊന്ന് ശ്രദ്ധിച്ചാല്‍ രോഗങ്ങളില്‍ നിന്നു രക്ഷ നേടാവുന്നതേയുള്ളൂ. ''
ഓരോ വര്‍ഷം കഴിയുന്തോറും കേരളത്തിലെ ചൂട് കൂടുകയാണ്. മാര്‍ച്ച് പകുതി എത്തിയതോടെ വേനലും കനത്തു തുടങ്ങി. വേനല്‍ക്കാലത്താണ് മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളെയാണ് രോഗങ്ങള്‍ പെട്ടെന്ന് കീഴടക്കുന്നത്.
രോഗങ്ങള്‍ വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതല്ലേ. ചിട്ടയായ ജീവിതശൈലിയിലൂടെ വേനല്‍ക്കാലരോഗങ്ങളെ അകറ്റി നിര്‍ത്താം. അതിനുള്ള ചില മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാം.
മഞ്ഞപ്പിത്തം
ചൂടുകാലത്ത് കൂടുതലായി കാണപ്പെടുന്ന രോഗമാണ് മഞ്ഞപ്പിത്തം. സാധാരണയായി കാണാറുള്ള മഞ്ഞപ്പിത്തം ഹെപ്പറ്റൈറ്റിസ് എ എന്ന വൈറസ് മൂലമുണ്ടാകുന്നതാണ്. ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതിലൂടെയാണ് ഈ രോഗം പകരുന്നത്.
മൂത്രം മഞ്ഞ നിറമാകുക, കണ്ണുകള്‍ മഞ്ഞ നിറമാകുക, പനി, ശരീരവേദന, വിശപ്പില്ലായ്മ, അമിതമായ ക്ഷീണം, ഛര്‍ദ്ദി എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കുട്ടികളില്‍ കാണാനിടയായാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കേണ്ടതാണ്.
ചൂടുകുരു
വേനല്‍ക്കാലത്ത് കൂട്ടികളെ ഏറെ അലട്ടുന്ന ഒരു പ്രശ്നമാണ് ചൂടുകുരു. അമിതമായ വിയര്‍പ്പും പൊടിയും ചര്‍മ്മത്തില്‍ ചെറിയ കുരുക്കള്‍ ഉണ്ടാകാനിടയാക്കും. വിയര്‍പ്പ് ചര്‍മ്മത്തിനടിയില്‍ തങ്ങി നില്‍ക്കുകയും ശരീരത്തില്‍ ചുവന്ന പാടുകളായി കുരുക്കള്‍ ഉണ്ടാകുകയും ചെയ്യുന്നു.
ദിവസവും രണ്ട് നേരവും കുളിക്കുകയും നനഞ്ഞ കോട്ടണ്‍ തുണി ഉപയോഗിച്ച് ശരീരം തുടയ്ക്കുകയും ചെയ്യുന്നതിലൂടെ ചൂടുകുരു ഉണ്ടാകുന്നത് തടയാന്‍ സാധിക്കും.
ആദ്യഘട്ടത്തില്‍ ചെറിയ കുരുക്കളായാവും പ്രത്യക്ഷപ്പെടുക. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ വലുപ്പമേറിയ ചുവന്ന കുരുക്കളായി മാറും. ഇത് നിസ്സാരമായി കാണാതെ ഉടന്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടണം.
ചെങ്കണ്ണ്
ചൂടുകാലത്താണ് ചെങ്കണ്ണ് കൂടുതലായി കാണപ്പെടുന്നത്. വൈറസുകളാണ് ചെങ്കണ്ണ് രോഗം പടരാനുള്ള കാരണം. എന്നാല്‍ അലര്‍ജി മൂലമുണ്ടാകുന്ന ചെങ്കണ്ണ്, രോഗിയില്‍ നിന്നു മറ്റൊരാളിലേക്ക് പകരില്ലെങ്കിലും വൈറസ്, ബാക്ടീരിയ എന്നിവ മൂ ലമുണ്ടാകുന്ന ചെങ്കണ്ണ് മറ്റുള്ളവരിലേ ക്കും പകരും.
കണ്ണിന് ചുവപ്പ്, വേദന, കണ്ണില്‍ പീള അടിയുക, വെളിച്ചത്തേക്ക് നോക്കുമ്പോള്‍ കണ്ണില്‍ നിന്നു വെള്ളം വരിക, കണ്ണില്‍ കരടു പോയതു പോലെ തോന്നുക ഇവയെല്ലാം ചെങ്കണ്ണിന്റെ രോഗലക്ഷണങ്ങളാണ്.
ബാക്ടീരിയ മൂലമുണ്ടാകുന്ന ചെങ്കണ്ണ് അത്ര അപകടകാരിയല്ല. മൂന്നോ നാലോ ദിവസം കൊണ്ട് ഈ ചെങ്കണ്ണ് ഭേദപ്പെടും. എന്നാല്‍ വൈറസ് മൂലമുണ്ടാകുന്ന ചെങ്കണ്ണ് രണ്ടാഴ്ചയോ അതില്‍ കൂടുതലോ നീണ്ടുനിന്നേക്കാം. പലരും ചെങ്കണ്ണിന്റെ തീവ്രത തിരിച്ചറിയാതെ സ്വയചികിത്സ നടത്താറുണ്ട്. ഇത് അപകടകരമാണ്. അതിനാല്‍ സ്വയചികിത്സ നടത്താതെ ഉടനെ രോഗിയെ ആശുപത്രിയിലെത്തിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ചെങ്കണ്ണ് രോഗികള്‍ പരമാവധി പൊതുസ്ഥലങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണം. പൊടിയും മറ്റും കണ്ണിലേല്‍ക്കുന്നത് രോഗത്തിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കും.
2. രോഗി ഉപയോഗിച്ച തോര്‍ത്ത്, ടവ്വല്‍, സോപ്പ് എന്നിവയിലൂടെയും രോഗിയുടെ കണ്ണുനീരിന്റെ അംശം മറ്റൊരാളിലേക്കെത്താനിടയുണ്ട്. അതിനാല്‍ ചെങ്കണ്ണ് ബാധിച്ചവര്‍ ഉപയോഗിച്ച തുണികള്‍ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
3. തുളസിയിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് ദിവസവും കണ്ണ് കഴുകുന്നത് ഉത്തമമാണ്.
4. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി കണ്ണില്‍ ഒഴിക്കുകയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യുക.
5. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് കണ്ണുകള്‍ ഇടയ്ക്കിടെ കഴുകുക.
ചിക്കന്‍പോക്സ്
ചിക്കന്‍പോക്സ് കൂടുതലായും പകരുന്നത് കുട്ടികളിലാണ്. വായുവിലൂടെ പകരുന്നൊരു രോഗമാണ് ചിക്കന്‍പോക്സ്. ചിക്കന്‍പോക്സിന്റെ വൈറസ് ശരീരത്തില്‍ പ്രവേശിച്ചതിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. പനി, ശരീരവേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍.
പിന്നീടുള്ള ദിവസങ്ങളില്‍ ശരീരത്തില്‍ ചെറുകുമിളകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. പലപ്പോഴും നെ ഞ്ചിലോ പുറംഭാഗത്തോ ആയാണ് ആദ്യ കുമിളകള്‍ കണ്ടു വരുന്നത്. ചിക്കന്‍പോക്സിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ അധികം താമസിയാതെ ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ചിക്കന്പോക്സിനോടനുബന്ധിച്ച് ശരീരത്തിലുണ്ടാകുന്ന കുമിളകള്‍ സ്പര്‍ശിക്കുകയോ പൊട്ടിച്ചുകളയുകയോ ചെയ്യരുത്.
2. രോഗം ഭേദമാകുന്നതുവരെ നന്നായി വിശ്രമിക്കണം.
3. പകരുന്ന രോഗമായതിനാല്‍ രോഗി, കുട്ടികളും ഗര്‍ഭിണികളും വൃദ്ധരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം.
4. മാതളനാരങ്ങ, തണ്ണിമത്തന് തുടങ്ങി ശരീരം തണുപ്പിക്കുന്ന പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
5. ശരീരത്തിലുണ്ടാകുന്ന പാടുകളില്‍ മ ഞ്ഞള്, ചെറുതേന്‍ എന്നിവ അരച്ച് പുരട്ടിയാല്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ പാടുകള്‍ മാറും.
വയറിളക്കം
വേനല്‍ക്കാലത്ത് സര്‍വ്വസാധാരണമാണ് വയറിളക്കം. വൃത്തിഹീനമായ ഭക്ഷണം, വെള്ളം എന്നിവയുടെ ഉപയോഗമാണ് വയറിളക്കത്തിലേക്ക് നയിക്കുന്നത്. വയറിളക്കത്തോടനുബന്ധിച്ച് ചിലപ്പോള്‍ പനിയും ഛര്‍ദ്ദിലും കാണപ്പെടാറുണ്ട്.
വയറിളക്കത്തിന് കൂടുതലായും നല്‍കാറുള്ളത് ഒ.ആര്.എസ് ലായനിയാണ്. ഒ.ആര്.എസിന് പകരം കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ട് നല്‍കുന്നതും വയറിളക്കം മാറാന്‍ ഏറെ പ്രയോജനപ്രദമാണ്.
വേനല്‍ക്കാലത്ത് ശ്രദ്ധിക്കാന്‍
1. കുട്ടികള്‍ക്ക് ധാരാളം ശുദ്ധജലം കുടിക്കാന്‍ നല്‍കുക.
2. ഗുണനിലവാരമുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
3. ദിവസവും രണ്ടു തവണ മുടങ്ങാതെ കുട്ടിയെ കുളിപ്പിക്കണം.
4. റസ്റ്ററന്റുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ ഭക്ഷണം കഴിവതും വാങ്ങി നല്‍കാതിരിക്കുക. പകരം വീട്ടിലെ ഭക്ഷണം നല്‍കുക.
5. ഭക്ഷണം ഫ്രിഡ്ജില്‍ വച്ച് പിന്നീട് ചൂടാക്കി കഴിക്കുന്ന പ്രവണത പൂര്‍ണ്ണമായും ഒഴിവാക്കുക.
6. ഭക്ഷണം കഴിക്കുന്നതിന് മുന്‍പും ശേഷവും കൈ നന്നായി കഴുകാന്‍ ശീലിപ്പിക്കുക.
7. ഉച്ച സമയത്ത് വീടിന് പുറത്തേക്ക് കളിക്കാന്‍ വിടാതിരിക്കുക.
8. എണ്ണപ്പലഹാരങ്ങള്‍, മസാല കൂടുതല്‍ അടങ്ങിയിട്ടുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇവയ്ക്ക് പകരം ക്യാരറ്റ്, തണ്ണിമത്തന്, വെള്ളരിക്ക എന്നിവ നല്‍കുക.
9. കുട്ടികള്‍ക്ക് സ്കൂളിലേക്ക് ഭക്ഷണം കൊടുത്തയയ്ക്കുന്ന പാത്രങ്ങള്‍ ദിവസവും വൈകിട്ട് ചൂടു വെള്ളത്തിലിട്ട് നന്നായി വൃത്തിയാക്കുക.
കുട്ടികള്‍ക്കുള്ള സഹായം
18 വയസ്സിനു താഴെയുള്ള കുട്ടികളുടെ ചികിത്സയ്ക്കായുള്ള കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ സഹായ പദ്ധതിയാണ് താലോലം. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ശ്രീ ചിത്ര, ആര്.സി.സി. തുടങ്ങി തെരഞ്ഞെടുത്ത ആശുപത്രികളിലെ ചികിത്സയ്ക്കാണ് സഹായം നല്‍കുന്നത്. ഡയാലിസിസ് ഒഴികെ കിടത്തി ചികിത്സ വേണ്ടി വരുന്ന ഗൗരവമേറിയ രോഗങ്ങള്‍ക്ക് മരുന്നിനുള്ള സാമ്പത്തിക സഹായം ലഭിക്കും. പക്ഷേ ജനറല്‍ വാര്‍ഡില്‍ ചികിത്സയിലിരിക്കുന്നവര്ക്കു മാത്രമേ സഹായം ലഭ്യമാകൂ.
ശില്പ ശിവ വേണുഗോപാല്‍