Thursday, June 27, 2019 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 02 Apr 2018 02.11 PM

കൃഷ്ണകൃപാവൈഭവം

''സാഹിത്യം പോയ വാരത്തില്‍' എന്നൊരുപംക്തി ഞാന്‍ എഴുതിയിരുന്നു. കൃഷ്ണന്‍നായര്‍ സാറിന്റെ വാരഫലത്തിനും മുമ്പ്. അതിനെന്നെ പ്രോത്സാഹിപ്പിച്ചത് സി.എച്ച് സാറായിരുന്നു. ''
uploads/news/2018/04/205505/Weeklyanubhavapacha020418.jpg

കുറച്ചുകാലം മുമ്പാണ്...
'ഇന്ത്യാവിഷന്‍' ചാനലിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയം. അവിചാരിതമെങ്കിലും അവിസ്മരണീയമായ ഒരു കൂടിക്കാഴ്ച!
കോഴിക്കോട്ടെ ചാനല്‍ ഓഫീസില്‍വച്ച് ചാനലിന്റെ ആശയവും ആവിഷ്‌ക്കാരവും സാക്ഷാത്ക്കാരവുമായ ഡോക്ടര്‍ മുനീറുമായി. എനിക്ക് മുനീറിനെ ഇഷ്ടവും ബഹുമാനവുമാണ്.

കറപുരളാത്ത രാഷ്ട്രീയ സാംസ്‌ക്കാരിക വ്യക്തിത്വമെന്ന നിലയില്‍ മാത്രമല്ല സാമൂഹ്യരംഗത്തെ അദ്ദേഹത്തിന്റെ നക്ഷത്രത്തിളക്കവും എന്നെ ആകര്‍ഷിച്ചിരുന്നു.ഒപ്പം മറ്റൊരു സ്വകാര്യത കൂടിയുണ്ട്.

അദ്ദേഹത്തിന്റെ ദിവംഗതനായ പിതാവ് സി.എച്ച്. മുഹമ്മദ്‌കോയ. ശുദ്ധരാഷ്ട്രീയത്തിന്റെ പ്രതീകമായ ആ വലിയ മനുഷ്യന്റെ പത്രാധിപത്യത്തിലായിരുന്നു ഒരിക്കല്‍ 'ചന്ദ്രിക' ദിനപത്രവും വാരികയും. അതില്‍ ഞാന്‍ 'സാഹിത്യം പോയ വാരത്തില്‍' എന്നൊരു പംക്തി എഴുതിയിരുന്നു.

കൃഷ്ണന്‍നായര്‍ സാറിന്റെ വാരഫലത്തിനും മുമ്പ്. അതിനെന്നെ പ്രോത്സാഹിപ്പിച്ചത് സി.എച്ച് സാറായിരുന്നു. ആ ബന്ധത്തിന്റെ ഇഴയടുപ്പം അദ്ദേഹത്തിന്റെ മകന്‍ മുനീറിനോടും എനിക്കുണ്ടാവുക സ്വാഭാവികം.

വര്‍ത്തമാനത്തിനിടയ്ക്ക് നല്ലൊരു ഗായകന്‍ കൂടിയായ മുനീര്‍ എന്റെ ചില ഗാനങ്ങള്‍ മൂളി. അതു കഴിഞ്ഞപ്പോള്‍ ചാനലില്‍ വരണമെന്നു തോന്നിയ പരിപാടികളുടെ ഒരു ലിസ്റ്റ് ഞാന്‍ അദ്ദേഹത്തിന്റെ കൈയില്‍ കൊടുത്തു.

പരിശോധിച്ചപ്പോള്‍ അദ്ദേഹം വലിയ സന്തോഷവാനായി കാണപ്പെട്ടു. കാരണം ആരും ആവശ്യപ്പെടാത്ത ഒരു കാര്യം ഞാനങ്ങോട്ടു ചെയ്തിരിക്കുകയാണ്. മാത്രവുമല്ല പല പരിപാടികളും ചാനലില്‍ ഉള്‍പ്പെടുത്താവുന്നവയുമാണ്. അതായിരുന്നിരിക്കണം ആ സന്തോഷത്തിന്റെ ഹേതു.
അദ്ദേഹം പറഞ്ഞു:

''ഇതില്‍ പലതും നമുക്കു പറ്റിയവയാണ്. പ്രത്യേകിച്ചും ആദ്യം പറഞ്ഞിരിക്കുന്ന ഗുരുവായൂരപ്പന്‍ സീരിയല്‍. ഞാനിത് എം.ടിയുടെ (എം.ടി. വാസുദേവന്‍നായരായിരുന്നു അന്ന് ചാനലില്‍ ക്രിയേറ്റീവ് ഹെഡ്.) ശ്രദ്ധയില്‍പ്പെടുത്താം. നമുക്കിതു ചെയ്യാന്‍ കഴിയുമെന്ന് എനിക്കുറപ്പാണ്. ബാക്കിയൊക്കെ പിന്നാലെ.''
കുറേ നേരത്തെ സൗഹൃദസംഭാഷണത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു.

വൈകുന്നേരം. ചെന്നൈയിലേക്ക് പോകാന്‍ ഞാന്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തി
കോഴിക്കോട് ചെന്നാല്‍ എനിക്കേറ്റവും അടുപ്പമുള്ള സുഹൃത്താണ് ഗൃഹലക്ഷ്മിയിലെ മോന്‍സി ജോസഫ്. അദ്ദേഹവും എന്നെ യാത്രയയ്ക്കാന്‍ സ്‌റ്റേഷനിലെത്തിയിരുന്നു. അപ്പോഴാണ്
യാദൃച്ഛികമായി മുനീര്‍ മുമ്പില്‍ വന്നുപെട്ടത്. ആരെയോ കാണാന്‍ വന്നതാണ്. എന്നെ കണ്ടപ്പോള്‍ അദ്ദേഹം ഒരു സന്തോഷവാര്‍ത്ത അറിയിച്ചു.

''നിങ്ങളുടെ ലിസ്റ്റ് ഞാന്‍ എം.ടി.യെ കാണിച്ചു. അദ്ദേഹത്തിനിഷ്ടമായി. ആ നിലയ്ക്ക് കാര്യങ്ങള്‍ എളുപ്പമാണ്. വിശദമായി ചാനലില്‍നിന്ന് നിങ്ങളെ അറിയിക്കും.''
തികഞ്ഞ സംതൃപ്തിയോടെയാണ് ഞാന്‍ കോഴിക്കോട്ടുനിന്ന് മടങ്ങിയത്.

മദിരാശിയില്‍ച്ചെന്നതും സിനിമാ ജോലികളെക്കാള്‍ ഊന്നിയത് സീരിയലിലാണ്. സബ്ജക്റ്റിന്റെ പ്രാധാന്യം കാരണം. വീട്ടില്‍ സാമാന്യം ഭേദപ്പെട്ട ഒരു ലൈബ്രറിയുണ്ട്. ഏതാണ്ട് കിട്ടാവുന്ന റഫറന്‍സ് ഗ്രന്ഥങ്ങളൊക്കെ അതിലുണ്ട്. അതു പരിശോധിച്ച ഞാന്‍ വിവരശേഖരണം നടത്തിക്കൊണ്ടിരുന്നു.
രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഇന്ത്യാവിഷനില്‍ നിന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കൃഷ്ണദാസിന്റെ കത്ത്.

''എം.ടി. സാര്‍ ചെന്നൈയ്ക്കു വരുന്നുണ്ട്. അദ്ദേഹത്തെ കാണണം. ഗുരുവായൂരപ്പന്‍ സീരിയലിനെപ്പറ്റി ചര്‍ച്ചചെയ്യണം...''

മനസില്‍ ആഹ്‌ളാദത്തിന്റെ അമൃതധാര! മലയാളത്തിന്റെ മഹാപ്രതിഭയില്‍ നിന്നും പഠിക്കാനും പകര്‍ത്താനുമുള്ള അസുലഭസൗഭാഗ്യം.
ടി. നഗറിലെ വാസുവേട്ടന്റെ ഫ്‌ളാറ്റ് എനിക്ക് അപരിചിതമല്ല. പലതവണ പോയിട്ടുണ്ട്.

ഞാന്‍ വാസുവേട്ടനെ ഫോണില്‍ ബന്ധപ്പെട്ടു. പറഞ്ഞ സമയത്തുതന്നെ ചെന്നു. ചര്‍ച്ച എന്നതിലേറെ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുക എന്നതായിരുന്നു ഉദ്ദേശ്യം. അതല്ലാതെ നക്ഷത്രവെളിച്ചത്തിനു മുമ്പില്‍ മിന്നാമിനുങ്ങിനെന്തു പ്രസക്തി. പ്രോജക്ടിന്റെ സ്വഭാവം, സംവിധായകന്‍, നിര്‍മാണം ഇങ്ങനെ അതിനോടനുബന്ധപ്പെട്ട നിരവധി കാര്യങ്ങളിലെ നിര്‍േദ്ദശങ്ങള്‍, അഭിപ്രായങ്ങള്‍...

ഒടുവില്‍ ''സീരിയലിലെ കഥയുടെ ഒരു വണ്‍ലൈന്‍ രൂപരേഖയുമായി കോഴിക്കോട്ടേക്കൂ വരൂ'' എന്നൊരുപദേശവും എം.ടിയില്‍ നിന്ന്.
വാസ്തവത്തില്‍ ഞാന്‍ ത്രില്ലിലായിരുന്നു.

കൊച്ചിലേ മുതല്‍ ആരാധിക്കുന്ന ഉത്തുംഗ വിഗ്രഹത്തിന്റെ മേല്‍നോട്ടത്തിലൊരു സീരിയല്‍. അതും ഇഷ്ടദൈവമായ ഗുരുവായൂരപ്പനെപ്പറ്റി. ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴേ എം.ടി. വാസുദേവന്‍നായര്‍ എന്ന മഹാപ്രതിഭയുടെ ആശീര്‍വാദം കിട്ടിയ ഭാഗ്യശാലിയാണ് ഞാന്‍.

എന്റെ ചലച്ചിത്രഗാനങ്ങളുടെ സമാഹാരമായ 'ഇളംമഞ്ഞിന്‍ കുളിരുമായ്' എന്ന കൃതിയുടെ പ്രകാശനകര്‍മം കോഴിക്കോടുവച്ച് അദ്ദേഹം നിര്‍വഹിച്ചപ്പോള്‍ മുന്‍ വിദ്യാഭ്യാസമന്ത്രി അബ്ദുല്‍റബ്ബ്, പ്രശസ്തനായ സംവിധായകന്‍ ഹരിഹരന്‍, പി.വി. ഗംഗാധരന്‍, സമദാനി, പി.കെ. രാജശേഖരന്‍ എന്നിങ്ങനെ നിരവധി മഹാരഥന്മാരുടെ അനുഗൃഹീത സാന്നിധ്യമുണ്ടായിരുന്ന വേദിയില്‍വച്ച് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് 'ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് നീ എന്നെ തേടിവന്നത് ഓര്‍മയുണ്ടോ?' എന്നു ചോദിച്ചപ്പോള്‍ ഞാനാ ഉത്തുംഗവിഗ്രഹത്തിലെ പാദരേണുവായ രംഗം ഇന്നും ഓര്‍മയില്‍ മധുരം വിതറിക്കൊണ്ടു നില്‍ക്കുന്നു.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ കൃഷ്ണദാസിനെ വിളിച്ചറിയിച്ചു, കോഴിക്കോട്ടേക്കു ചെല്ലുന്ന കാര്യം. അദ്ദേഹം ടിക്കറ്റും താമസസൗകര്യവും ഏര്‍പ്പാടാക്കി.
2001 ജൂണ്‍ 23-ന് ഞാന്‍ കോഴിക്കോട്ടെത്തി. തയാറാക്കിക്കൊണ്ടുചെന്ന നോട്ടുമായി അന്നുതന്നെ ഒരു ചര്‍ച്ച. എം.ടിയുടെ കൂട്ടിച്ചേര്‍ക്കലുകള്‍. എന്റെ വിവരശേഖരണത്തിന്റെ പട്ടിക.

ഒടുവില്‍ സ്‌ക്രിപ്റ്റിന്റെ രചനയ്ക്കും മറ്റുമായി ഭേദപ്പെട്ട ഒരു അഡ്വാന്‍സ്... വിപുലമായ സ്‌ക്രിപ്റ്റിനുശേഷം ബാക്കി ഡിസ്‌ക്കഷന്‍.
യാത്രപറഞ്ഞ് കൃഷ്ണദാസിന്റടുത്തുനിന്ന് ചെന്നൈയ്ക്കുള്ള ടിക്കറ്റും വാങ്ങി ഞാന്‍ പുറത്തിറങ്ങി.

ഹോട്ടലില്‍ എത്തിയപ്പോള്‍ പെട്ടെന്ന് എനിക്കൊരു മനംമാറ്റം. ഒന്ന് ഗുരുവായൂരില്‍പ്പോയി തൊഴുതിട്ട് സ്‌ക്രിപ്റ്റ് രചന ആരംഭിച്ചാലോ...'
ഭഗവാന്റെ ആശീര്‍വാദം കഴിഞ്ഞിട്ടാകാം ബാക്കി കാര്യങ്ങള്‍. അവിടുത്തെ ലൈബ്രറിയും പരിശോധിക്കാം. പ്രയോജനപ്പെടുന്ന പുസ്തകങ്ങള്‍ കിട്ടുമല്ലോ. ആ തീരുമാനം എന്നെ നയിച്ചത് ഗുരുവായൂരിലേക്കാണ്.

ഹരികൃഷ്ണന്റെ പവനപുരം. മുറിയെടുത്ത്, കുളിച്ച് ക്ഷേത്രദര്‍ശനം... പിന്നെ ലഘുഭക്ഷണം. വീണ്ടും മുറിയില്‍.
അപ്പോഴാണ് ഞെട്ടിക്കുന്ന ഒരു വാര്‍ത്ത!

മംഗലാപുരത്തുനിന്ന് ചെന്നൈയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന ട്രെയിന്‍ കടലുണ്ടിയില്‍വച്ച് അപകടത്തില്‍! 57 പേര്‍ മരണപ്പെട്ടു. ഒട്ടേറെപ്പേര്‍ക്കു ഗുരുതരമായ പരിക്കുകള്‍. ഞാന്‍ പോരേണ്ടിയിരുന്ന ട്രെയിനാണ്. അതില്‍ ഞാന്‍ കയറിയിരുന്നെങ്കില്‍! ഭഗവാനേ, അങ്ങ് എന്നെ രക്ഷിച്ചു!
ഞാനാണെങ്കില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തിരുന്നുമില്ല.

ഉടനെ ഞാന്‍ മദ്രാസില്‍ എന്റെ വീട്ടിലേക്കു വിളിച്ചു. അവരെല്ലാവരും പേടിച്ചിരിക്കുകയാണ്. എനിക്കെന്തെങ്കിലും സംഭവിച്ചുവോ എന്ന്. ഞാനതില്‍ കയറിയിട്ടില്ലെന്ന വാസ്തവമവര്‍ക്കറിയില്ലല്ലോ. എന്നില്‍ നിന്നും വിവരമറിഞ്ഞപ്പോള്‍ അവര്‍ക്ക് ആശ്വാസം.ഞങ്ങളെല്ലാവരും ഏകസ്വരത്തില്‍ ഗുരുവായൂരപ്പനെ സ്തുതിച്ചു പ്രാര്‍ഥിച്ചു.

ആ സീരിയല്‍ പ്രൊജക്ട് നടന്നില്ലെങ്കിലും ആ മഹാദുരന്തത്തില്‍നിന്നും രക്ഷപ്പെട്ടല്ലോ എന്ന ത്രില്ലിലാണ് ഞങ്ങളിന്ന്.
'കൃഷ്ണകൃപാവൈഭവം'എന്നു മാത്രമേ പറയാനുള്ളൂ.

Ads by Google
Monday 02 Apr 2018 02.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW