Tuesday, July 23, 2019 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 02 Apr 2018 12.47 PM

‘എന്റെ ‘യക്ഷി’ക്കുമേല്‍ മറ്റൊരാള്‍ അവകാശം പറയുമ്പോള്‍ എനിക്കു പ്രതിരോധിക്കാതിരിക്കാനാവില്ല’ കാനായിയുടെ പിറന്നാളിന് നൃത്ത ശില്‍പം അവതരിപ്പിക്കാനുള്ള ക്ഷണം നിരസിച്ചതിനെക്കുറിച്ച് ഡോ.രാജശ്രീ വാര്യര്‍

uploads/news/2018/04/205494/kanayi.jpg

തിരുവനന്തപുരം : ശില്‍പി കാനായി കുഞ്ഞിരാമന്റെ എണ്‍പതാം പിറന്നാളിന് നൃത്ത ശില്‍പം അവതരിപ്പിക്കാനുള്ള ക്ഷണം നിരസിച്ചതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെ കുറിച്ച് പ്രതികരണവുമായി ഡോ. രാജശ്രീ വാര്യര്‍. സാംസ്‌കാരിക വകുപ്പിന്റേയും ടൂറിസം വകുപ്പിന്റെയും നേതൃത്വത്തില്‍ ഭാരത് ഭവനും ലളിതകലാ അക്കാദമിയും തിരുവനന്തപുരം നഗരസഭയും ചേര്‍ന്നാണ്, കാനായി കുഞ്ഞി രാമന്റെ എണ്‍പതാം പിറന്നാളിനോടനുബന്ധിച്ചും അദ്ദേഹത്തിന്റെ ശില്‍പമായ മലമ്പുഴ യക്ഷിക്ക് അമ്പത് തികയുന്നതിന്റെയും ഭാഗമായും തലസ്ഥാനത്ത് അദ്ദേഹത്തെ ആദരിക്കുന്നത്. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലും പരിസരത്തുമുള്ള നാല് വേദികളിലായി ഇന്നുമുതല്‍ മൂന്ന് ദിവസത്തേക്കാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

സാംസ്‌കാരിക സന്ധ്യയുടെ ആവിഷ്‌ക്കാരവും സംവിധാനവും നിര്‍വ്വഹിക്കുന്നത് നാടക, സിനിമാ സംവിധായകനായ പ്രമോദ് പയ്യന്നൂരാണ്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല) ട്രസ്റ്റിനാണ് പരിപാടിയുടെ മേല്‍നോട്ടം. എന്നാല്‍,പരിപാടികളില്‍ യക്ഷി എന്ന നൃത്തശില്‍പം അവതരിപ്പിക്കാമെന്നേറ്റ് രാജശ്രീ വാര്യര്‍ പിന്മാറിയതാണ് വിവാദമായത്. താന്‍ സംവിധാനം ചെയ്ത നൃത്തശില്‍പ്പം പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്തു എന്ന മട്ടില്‍ സംഘാടകര്‍ പ്രചരിപ്പിച്ചതാണ് രാജശ്രീയെ വിഷമത്തിലാക്കിയത്. ഇതേ കുറിച്ച് രാജശ്രീ തന്നെ പ്രതികരിച്ചിരിക്കുകയാണ്.


'കാനായി കുഞ്ഞിരാമനെപ്പോലെയുള്ള പ്രതിഭയുടെ മുന്നില്‍ അദ്ദേഹത്തിന്റെ യക്ഷിയെപ്പറ്റിയുള്ള നൃത്തശില്‍പം അവതരിപ്പിക്കാനുള്ള അവസരം ഭാഗ്യമായാണു ഞാന്‍ കരുതുന്നത്. ഒരുപക്ഷേ രാം കിങ്കര്‍ ബൈജിനെ ഒക്കെപ്പോലെ ഭാരതം കണ്ട ഏറ്റവും പ്രഗത്ഭമതിയായ ശില്‍പ്പികളിലൊരാളാണ് കാനായി. യക്ഷി വലിയൊരു ഉത്തരവാദിത്തമാണ് പ്രത്യേകിച്ചും അതിന്റെ സ്രഷ്ടാവിന്റെ മുന്നില്‍ അവതരിപ്പിക്കുമ്‌ബോള്‍. പക്ഷേ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ് എന്നൊന്നില്ലേ. കേരളത്തില്‍ ഒട്ടും വില ലഭിക്കാത്ത ഒന്നാണത്. പക്ഷേ ബോധപൂര്‍മാണെങ്കിലും അല്ലെങ്കിലും എന്റെ ആശയത്തിനുമേല്‍ മറ്റൊരാള്‍ അവകാശം പറയുമ്പോള്‍ എനിക്കു പ്രതിരോധിക്കാതിരിക്കാനാവില്ല. അതുകൊണ്ടാണ് ഏറെ വിഷമത്തോടെയാണെങ്കിലും യക്ഷി അവതരിപ്പിക്കാന്‍ സാധിക്കാത്തത്. അതിനു ചില റെക്കോര്‍ഡിങ്ങുകളും ആവശ്യമായിരുന്നു''.

കാനായി കുഞ്ഞിരാമന്‍ എന്ന പ്രതിഭയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുമ്പോള്‍ എന്റെ സാന്നിധ്യം കൊണ്ടോ അസാന്നിധ്യം കൊണ്ടോ മംഗളകരമായ ആ ചടങ്ങ് അലങ്കോലമാകരുത് എന്നെനിക്കാഗ്രഹമുണ്ട്. പക്ഷേ ഇങ്ങനെയുള്ള അവസ്ഥയില്‍ പ്രതികരിക്കാതിരിക്കാനുമെനിക്കാവുന്നില്ല. അതുകൊണ്ടു തന്നെ പരിപാടിയില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കില്ല. യക്ഷിയുടെ അരങ്ങേറ്റം അദ്ദേഹത്തിനു മുന്നില്‍ ഉടനെ അവതരിപ്പിക്കണമെന്നാണ് ആഗ്രഹം. എനിക്കു പറയാനുള്ളതിതാണ് മറ്റൊരാളുടെ ആശയത്തിനുമേല്‍ അറിഞ്ഞോ അറിയാതെയോ അധികാരം സ്ഥാപിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതു തടയുന്നതിനുള്ള നടപടികള്‍ ഒരു ഇടതുസര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നു.''- ഡോ. രാജശ്രീ പറയുന്നു.

ഏപ്രില്‍ രണ്ടിന് വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനം സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കാനായിയുടെ ശില്‍പ കലയിലെയും ജീവിതത്തിലെയും അപൂര്‍വ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ന്യൂസ് ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദര്‍ ഒരുക്കുന്ന ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിക്കും. വൈകിട്ട് ആറിന് യക്ഷി ശില്‍പത്തിന്റെ ദാര്‍ശനികതയെക്കുറിച്ച് ചര്‍ച്ച നടത്തും. കാനായി കുഞ്ഞിരാമനും മുല്ലക്കര രത്‌നാകരന്‍ എംഎല്‍എയുമടക്കമുള്ളവര്‍ പങ്കെടുക്കും. രാത്രി എട്ടിന് 'സാഗരകന്യക' എന്ന നൃത്ത ശില്‍പം ഉണ്ടായിരിക്കും. അവതരണം ജയപ്രഭ മേനോന്‍, സംവിധാനം പ്രമോദ് പയ്യന്നൂര്‍.

ഏപ്രില്‍ മൂന്നിന് വൈകിട്ട് നാലിന് 'കാനായിക്ക് എണ്‍പത് വയസ്സ്-ശില്‍പകലയുടെ ചരിത്രവും ഭാവിയും' എന്ന സെമിനാര്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് 'ശില്‍പ സംഗീതിക' എന്ന ഗാനസന്ധ്യ നടക്കും. സംഗീത പരിപാടിക്ക് ഗായകരായ രാജലക്ഷ്മിയും രവിശങ്കറും നേതൃത്വം നല്‍കും.

ഏപ്രില്‍ നാലിന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും കാനായിക്ക് ആദരവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മുല്ലക്കര രത്‌നകാരന്‍ എംഎല്‍എ അധ്യക്ഷനാകും. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അനുഗ്രഹ പ്രഭാഷണം നടത്തും. എംപിമാരായ ശശി തരൂര്‍, ഡോ. എ. സമ്പത്ത്, കെ. മുരളീധരന്‍ എംഎല്‍എ, കെടിഡിസി ചെയര്‍മാന്‍ എം.വിജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും. കാനായി കുഞ്ഞിരാമന്‍ മറുപടി പ്രസംഗം നടത്തും.

Ads by Google
Monday 02 Apr 2018 12.47 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW