Sunday, May 20, 2018 Last Updated 3 Min 41 Sec ago English Edition
Todays E paper
Ads by Google
സജിത്ത് പരമേശ്വരന്‍
Sunday 01 Apr 2018 08.31 AM

കാട്ടുപാത വീതികൂട്ടി ഇന്റര്‍ ലോക്ക് കട്ടകള്‍ പാകി റോഡാക്കുന്നു; സ്വകാര്യ വനമെന്ന് വിധി വന്നിട്ടും പൊന്തന്‍പുഴയില്‍ ഇക്കോ ടൂറിസം പദ്ധതി

ponthanpuzha

പത്തനംതിട്ട: സംരക്ഷിത വനമേഖലയായ പൊന്തന്‍പുഴ സ്വകാര്യഭൂമിയാണെന്ന െഹെക്കോടതി വിധി വന്നതിനു പിന്നാലെ ഇക്കോ ടൂറിസം പദ്ധതിക്കായി നിയമം മറികടന്ന് വനത്തിലൂടെ എം.എല്‍.എയുടെ വക റോഡ് നിര്‍മാണം. പൊന്തന്‍പുഴ വനത്തിലെ വലിയകാവ് റിസര്‍വില്‍പ്പെട്ട കരിയംപ്ലാവിലെ മണ്ണാറത്തറ-കുളക്കുറ്റി കാട്ടുപാതയാണ് വീതികൂട്ടി ഇന്റര്‍ ലോക്ക് കട്ടകള്‍ പാകി റോഡാക്കി മാറ്റുന്നത്. ഇക്കോ ടൂറിസത്തിന്റെ ഭാഗമായി സഫാരി പാര്‍ക്ക് നിര്‍മിക്കാനും ലക്ഷ്യമുണ്ട്. എന്നാല്‍ സംരക്ഷിത വനമേഖല സ്വകാര്യഭൂമിയാണെന്ന കോടതി വിധി നിലനില്‍ക്കെ ഇത്തരത്തിലുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും വലിയകാവ് വനത്തിലെ നാഗപ്പാറ പൊട്ടിച്ചുകടത്തുകയാണ് ഇതിനുപിന്നിലെ ലക്ഷ്യമെന്നും പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും ആരോപിക്കുന്നു.

മണ്ണാറത്തറ- കുളക്കുറ്റി കാട്ടുപാതയ്ക്കു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വനത്തില്‍ വീഴുന്ന തടി ലേലം ചെയ്തു കടത്താന്‍ വനംവകുപ്പ് ഉണ്ടാക്കിയതാണ് ഈ പാതയെന്നു നാട്ടുകാര്‍ പറയുന്നു. പാതയ്ക്ക് കഷ്ടിച്ച് മൂന്നര മീറ്റര്‍ മാത്രമായിരുന്നു വീതി. രണ്ടര കിലോ മീറ്റര്‍ നീളമുള്ള ഈ പാതയ്ക്ക് ഇരുവശത്തുമുള്ള കാടും മരങ്ങളും വെട്ടി വെളുപ്പിച്ച് ആറുമീറ്ററായി വീതി കൂട്ടാനാണ് നീക്കം. ഒപ്പം ലക്ഷങ്ങള്‍ ചെലവഴിച്ച് ഇന്റര്‍ ലോക്ക് കട്ടകള്‍ പാകാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

ജെ.സി.ബി ഉപയോഗിച്ച് മരങ്ങള്‍ പിഴുതുമാറ്റുന്ന നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. 2004-ല്‍ റോഡിന് വീതികൂട്ടാനുള്ള നീക്കം നടന്നിരുന്നു. എന്നാല്‍ അന്നത്തെ കൊല്ലം ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വനം വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ഉത്തരവിറക്കി. അതിനുശേഷം ഇവിടേക്കാരും തിരിഞ്ഞുനോക്കിയിരുന്നില്ല. എന്നാല്‍ സ്വകാര്യവനമാണെന്ന കോടതി വിധി വന്നതോടെയാണ് വനത്തിനുള്ളില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാന്‍ മന്ത്രി ശ്രമം ആരംഭിച്ചത്.
വലിയകാവ് വനത്തില്‍ സിംഗപ്പൂര്‍ മോഡല്‍ സഫാരി പാര്‍ക്കിനായുള്ള നീക്കവും ആരംഭിച്ചുകഴിഞ്ഞതായാണ് അറിയുന്നത്.

കഴിഞ്ഞ ദിവസം വനംമന്ത്രി കെ. രാജുവിന്റെ ചേബറില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പദ്ധതിയുടെ പ്രാഥമിക പഠന റിപ്പോര്‍ട്ട് തയാറാക്കാന്‍ റാന്നി ഡി.എഫ്.ഒ: എം. ഉണ്ണികൃഷ്ണനെ ചുമതലപ്പെടുത്തിയിരുന്നു.

നിര്‍ദിഷ്ട ശബരിമല വിമാനത്താവളം അടുത്തായിരിക്കുമെന്നതു മുന്നില്‍കണ്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് രാജു ഏബ്രഹാം എം.എല്‍.എ പറയുന്നു. വനത്തിനുള്ളില്‍ വന്യമൃഗങ്ങളെ തുറന്നുവിടാനും പദ്ധതിയുണ്ട്. വനത്തിനുള്ളില്‍ കിടങ്ങുകള്‍ കുഴിച്ച് അതിര്‍വരമ്പിട്ട് മൃഗങ്ങളെ സംരക്ഷിക്കും.

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളില്‍ എത്തി കാഴ്ചക്കാര്‍ക്ക് വന്യമൃഗങ്ങളെ കാണാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. പ്രാഥമിക പഠന റിപ്പോര്‍ട്ട് അനുകൂലമായാല്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ വിദഗ്ധ ഏജന്‍സികളെ ചുമതലപ്പെടുത്തുമെന്നും എം.എല്‍.എ പറഞ്ഞു. എന്നാല്‍ വനം ഇപ്പോള്‍ സ്വകാര്യഭൂമി ആയതിനാല്‍ ഇത്തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന് നടത്താന്‍ കഴിയുമോ എന്നതാണ് പ്രധാന ചോദ്യം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW