Wednesday, November 14, 2018 Last Updated 16 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 01 Apr 2018 02.25 AM

പുനരുത്ഥാനം

uploads/news/2018/04/205248/re6.jpg

യേശുക്രിസ്‌തുവിന്റെ ക്രൂശുമരണം, ഉയിര്‍പ്പ്‌ എന്നിവയെപ്പറ്റിയൊക്കെ നിങ്ങള്‍ വായിച്ചിട്ടുണ്ടാവും. യേശു മറ്റുള്ളവരെ സൗഖ്യമാക്കിയതും കേട്ടു കാണും. പക്ഷേ നിങ്ങള്‍ക്കു ജീവിതത്തില്‍ ഈ അനുഭവം പ്രാപിക്കാന്‍ കഴിയുന്നുണ്ടോ?
ചിലര്‍ പറയാറുണ്ട്‌, ദൈവം ഇറങ്ങി വന്ന്‌ എന്നോട്‌ സംസാരിക്കുമെങ്കില്‍ ഞാന്‍ കേള്‍ക്കാം. ദൈവത്തെ നേരില്‍ കണ്ടാല്‍ ഞാന്‍ വിശ്വസിക്കാം.
ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ള സംശയത്തില്‍ നിന്നുമാണ്‌ അജേ്‌ഞയതാ വാദം പോലുള്ള സിദ്ധാന്തങ്ങള്‍ ഉടലെടുത്തിട്ടുള്ളത്‌. ഒരിക്കല്‍ പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞു: ദൈവം ഉണ്ടെങ്കില്‍ എന്നെ രക്ഷിക്കട്ടെ; സ്വര്‍ഗം ഉണ്ടെങ്കില്‍ ഞാന്‍ അവിടെ പോകട്ടെ.
എന്നാല്‍ വേദപുസ്‌തകം പഠിപ്പിക്കുന്നു, ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല. അത്‌ വിശ്വാസത്താല്‍ നാം അംഗീകരിക്കുകയാണ്‌ വേണ്ടത്‌. സെന്റ്‌ പോള്‍ പറയുന്നു: കാണുന്നതിനെയല്ല, കാണാത്തതിനെയത്രേ ഞങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താല്‍ക്കാലികം, കാണാത്തതോ നിത്യം.
അതുകൊണ്ട്‌ അദൃശ്യനും നിത്യനുമായ ദൈവത്തെ വിശ്വാസത്താലാണ്‌ നാം അംഗീകരിക്കേണ്ടത്‌. ഒരു ഉദാഹരണം പറയട്ടെ: നമ്മുടെ ഭവനങ്ങളിലും തെരുവുകളിലും നഗരങ്ങളിലുമൊക്കെ രാത്രികാലങ്ങളില്‍ പ്രകാശം ചൊരിഞ്ഞ്‌ പൂത്തുനില്‍ക്കുന്ന വൈദ്യുതി വിളക്കുകള്‍ കത്തുവാന്‍ കാരണമാകുന്ന വൈദ്യുതി നാം എപ്പോഴെങ്കിലും കാണുന്നുണ്ടോ? ഇല്ല. എന്നാല്‍ അത്‌ ഒരു യാഥാര്‍ഥ്യമായി നാം അംഗീകരിക്കുന്നു.
പക്ഷേ, ദുഃഖകരമെന്നു പറയട്ടെ, ആത്മീയ സത്യങ്ങള്‍ പലപ്പോഴും നമുക്ക്‌ വിശ്വസിക്കാന്‍ കഴിയാതെ പോകുന്നു. നമ്മുടെ ജീവിതമാകുന്ന ഈ മോട്ടോര്‍, ഈ വിളക്ക്‌ ഓരോ ദിവസവും പ്രവര്‍ത്തിക്കുന്നത്‌ ദൈവം നമ്മോടു കൂടെയുള്ളതു കൊണ്ടാണ്‌. ഈ യാഥാര്‍ഥ്യം മനസിലാക്കുന്നതില്‍ പലരും പരാജയമടയുന്നു. കര്‍ത്താവായ യേശുക്രിസ്‌തു മരിച്ച്‌ കല്ലറയില്‍ അടക്കപ്പെട്ടു. എന്നാല്‍ മൂന്നാം ദിവസം പ്രഭാതത്തില്‍ കല്ലറയ്‌ക്കല്‍ ചെന്നവര്‍ക്ക്‌ അവന്റെ ശരീരം കാണാനായില്ല. തുറക്കപ്പെട്ട കല്ലറയില്‍, അവന്റെ ശരീരത്തെ ആവരണം ചെയ്‌തിരിക്കുന്ന ശീലകള്‍ മാത്രമാണ്‌ കാണാന്‍ കഴിഞ്ഞത്‌; യേശു ഉയിര്‍ത്തെഴുന്നേറ്റു. അതിനു ശേഷം പലര്‍ക്കും യേശു പ്രത്യക്ഷനായി.
എന്നാല്‍ ഉയിര്‍ത്തെഴുന്നേറ്റ യേശുവിനെ നേരില്‍ കാണാത്ത പലരും ഇത്‌ വിശ്വസിച്ചില്ല. ഇത്‌ അവര്‍ക്ക്‌ വെറും കഥപോലെ തോന്നി. യേശു ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞു, താന്‍ കഷ്‌ടം സഹിച്ചു മരിക്കുകയും മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‌ക്കയും വേണം. പക്ഷേ, യേശു ഉയിര്‍ത്തെഴുന്നേറ്റു എന്നു വിശ്വസിക്കുവാന്‍ തന്റെ കൂടെ നടന്ന ശിഷ്യന്മാര്‍ക്കു പോലും കഴിഞ്ഞില്ല.
യേശുവിന്റെ ഒരു ശിഷ്യനായിരുന്ന തോമസ്‌ തറപ്പിച്ചു പറഞ്ഞു: ഞാന്‍ അവന്റെ കൈകളില്‍ ആണിപ്പഴുത്‌ കാണുകയും ആണിപ്പഴുതില്‍ വിരല്‍ ഇടുകയും അവന്റെ വിലാപ്പുറത്ത്‌ കൈ ഇടുകയും ചെയ്‌തിട്ടല്ലാതെ വിശ്വസിക്കയില്ല. അതായത്‌ തോമസ്‌ പറയുന്നത്‌ അദ്ദേഹത്തിന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമേ അംഗീകരിക്കയുള്ളു എന്നാണ്‌.
മറ്റൊരവസരത്തില്‍, ഞാന്‍ പോകുന്ന ഇടത്തേക്കുള്ള വഴി നിങ്ങള്‍ അറിയുന്നു, എന്ന്‌ കര്‍ത്താവ്‌ പറഞ്ഞപ്പോള്‍ തോമസ്‌ ചോദിച്ചു: കര്‍ത്താവേ, നീ എവിടെ പോകുന്നുവെന്ന്‌ ഞങ്ങള്‍ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും?
തോമസ്‌ വാസ്‌തവത്തില്‍ അവിശ്വാസിയായിരുന്നോ? അല്ല. തോമസിനെ സംബന്ധിച്ച്‌, അവന്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും നൂറു ശതമാനം തനിക്ക്‌ ബോധ്യം ഉണ്ടായിരിക്കണമെന്ന്‌ നിര്‍ബന്ധം ഉണ്ടായിരുന്നു. എട്ടു ദിവസം കഴിഞ്ഞിട്ട്‌ ശിഷ്യന്മാര്‍ പിന്നെയും അകത്തുകൂടിയിരിക്കുമ്പോള്‍ തോമസും ഉണ്ടായിരുന്നു. വാതില്‍ അടച്ചിരിക്കെ യേശു വന്ന്‌ നടുവില്‍ നിന്നുകൊണ്ട്‌: നിങ്ങള്‍ക്ക്‌ സമാധാനം എന്നു പറഞ്ഞു. പിന്നെ തോമസിനോട്‌: നിന്റെ വിരല്‍ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാണ്‍ക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്ത്‌ ഇടുക; അവിശ്വാസിയാകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു. തോമസ്‌ അവനോട്‌: എന്റെ കര്‍ത്താവും എന്റെ ദൈവവും ആയുള്ളോവേ, എന്ന്‌ ഉത്തരം പറഞ്ഞു. യേശു അവനോട്‌ : നീ എന്നെ കണ്ടതുകൊണ്ട്‌ വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവര്‍ ഭാഗ്യവാന്മാര്‍ എന്നു പറഞ്ഞു.
യേശു മരിച്ച്‌ അടക്കപ്പെട്ടു; അതോടെ കഥ അവസാനിച്ചില്ല; അവന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്ന ബോധ്യം തോമസിന്റെ ഹൃദയത്തെ വ്യത്യാസപ്പെടുത്തി. മഗ്‌ദലനക്കാരത്തി മറിയ ചെന്നിട്ട്‌ ശൂന്യമായി കിടക്കുന്ന കല്ലറ കാണുന്നു. യേശു അവര്‍ക്ക്‌ പ്രത്യക്ഷമാകുന്നു. ഈ സാക്ഷ്യം അവള്‍ മറ്റുള്ളവരോട്‌ പറയുന്നു. എന്നാല്‍ മറ്റുള്ളവര്‍ അത്‌ വിശ്വസിച്ചില്ല.
എന്നാല്‍ യഥാര്‍ത്ഥ സത്യം, ദൈവത്തിന്റെ വെളിപ്പാട്‌, അത്ഭുതങ്ങള്‍ നമ്മുടെ ജീവിതത്തില്‍ അനുഭവിച്ചറിയുവാന്‍ ദൈവത്തിന്റെ വചനമാകുന്ന വേദപുസ്‌തകത്തില്‍ പറയുന്ന കാര്യങ്ങള്‍ നാം വിശ്വാസത്തോടുകൂടി അംഗീകരിക്കുകയാണ്‌ ആവശ്യം.

Ads by Google
Sunday 01 Apr 2018 02.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW