Tuesday, March 26, 2019 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 01 Apr 2018 02.19 AM

ചക്കപ്പുഴുക്കിന്‌ ഒരു പകല്‍; കാന്താരിപ്പെണ്ണിന്‌ ഒരു രാത്രി!

uploads/news/2018/04/205244/bft2.jpg

ധനാഢ്യനും ഭീമനും രൗദ്രനുമായ മേനോന്റെ തറവാട്ടുഭരണകാലം.
ദൂരെ, കൃഷി നടത്താന്‍ പോയിത്താമസിച്ചിരുന്ന മേനോന്‍ ഭാര്യയ്‌ക്കു കത്തയച്ചു: -''ഞാന്‍ ഈയാഴ്‌ച വീട്ടിലെത്തും. കുറച്ചു ചക്കച്ചുള വറുത്തുവയ്‌ക്കണം.''
മേനോന്‍ വരുന്നതിന്റെ തലേന്നാണ്‌ കത്തു കിട്ടിയത്‌. ഒരാനയെ തിന്നാന്‍ തക്ക വിശപ്പും ആനയുടെ ദഹനശക്‌തിയുമുള്ള മേനോന്റെ കല്‍പ്പനകള്‍ അലംഘനീയങ്ങളാണ്‌. ചക്കച്ചുള വറുത്തുവയ്‌ക്കണമെന്നുപറഞ്ഞാല്‍ സംഗതി റെഡിയായിരിക്കണം. അല്ലെങ്കില്‍ മൂപ്പര്‍ വീടു മലര്‍ത്തിവയ്‌ക്കും!
ഭാര്യ വിറകും എണ്ണയും ഉരുളിയുമൊരുക്കി. പക്ഷെ, ചക്കയിടാന്‍ ആളെക്കിട്ടിയില്ല. പറഞ്ഞദിവസം സന്ധ്യയ്‌ക്ക് മേനോന്‍ വീട്ടിലെത്തി. മക്കളെ വിളിച്ചു കുശലം പറഞ്ഞു. ഭാര്യയോടു ചോദിച്ചു: -''ചക്കച്ചുള വറുത്തോ?''
ധര്‍മദാരങ്ങള്‍ ഭയത്തോടെ പറഞ്ഞു:-''ഇല്ല! ആളെക്കിട്ടിയില്ല! വെളിച്ചെണ്ണയും വിറകും അടുപ്പും ഉരുളിയും തയാറാക്കി വച്ചിട്ടുണ്ട്‌'.
മേനോന്‍ ഒന്നും മിണ്ടിയില്ല. കുപ്പായം അഴിച്ചുവച്ചു. നേരെ പറമ്പില്‍ പോയി. പ്ലാവില്‍ കയറി. ചക്ക വലിച്ചിട്ടു. ഒന്നും രണ്ടുമല്ല, പന്ത്രണ്ടെണ്ണം!
സംഭവമറിഞ്ഞ്‌ അയല്‍ക്കാരും കൂടി.
സഹായിക്കാന്‍ ചെന്ന വേലക്കാരെ നോക്കി പ്ലാവിന്‍മുകളിലിരുന്നു മേനോന്‍ ഗര്‍ജിച്ചു: -''ആരും ചക്ക തൊട്ടുപോകരുത്‌!''
ചക്കയെല്ലാം തനിയെ ചുമന്ന്‌ അടുക്കളയില്‍ വച്ച്‌ മൂപ്പര്‍ ഓരോന്നായി വെട്ടിപ്പൊളിച്ചു.
രാത്രി പത്തുമണിയായി. പന്ത്രണ്ടു ചക്കകളില്‍ മൂന്നെണ്ണം ബാക്കിയാണ്‌! ചുളയും മടലും കുന്നുകുന്നായി വേറെ കിടക്കുന്നു!
രാത്രി വൈകിയപ്പോള്‍ കാണികളായ അയല്‍ക്കാരും വേലക്കാരും മടങ്ങി. ഭാര്യയും മക്കളും മേനോനോട്‌ അടിയറവുപറഞ്ഞ്‌ ഉറങ്ങാന്‍ കിടന്നു. പന്ത്രണ്ടുമണിയായപ്പോള്‍ ഉരുളി അടുപ്പത്തുകയറ്റുന്ന ശബ്‌ദം കേട്ടു. പിന്നെ എണ്ണ ഒഴിക്കലായി, തിളയ്‌ക്കലായി, ചക്കച്ചുള വറുക്കലായി!
എന്തോ ശബ്‌ദം കേട്ട്‌ ഭാര്യ പുലര്‍ച്ചെ ഉണര്‍ന്നു. എലി എന്തോ കടിക്കുന്ന ശബ്‌ദം പോലെയാണ്‌ തോന്നിയത്‌. നോക്കിയപ്പോള്‍ എലിയും പുലിയുമൊന്നുമല്ല, മേനോനാണ്‌! കട്ടിലിന്റെ തലയ്‌ക്കല്‍ ഇരിക്കുകയാണ്‌! രണ്ടു പറ കൊള്ളുന്ന മൂന്നു വട്ടികള്‍ മുന്നിലുണ്ട്‌. നിറയെ ചക്ക ഉപ്പേരി! നെന്മണി കൊറിക്കുന്നതുപോലെ മൂപ്പര്‍ ഓരോന്നെടുത്തു തിന്നുകയാണ്‌! നേരേ മുന്നില്‍ ചുമരിലേക്കാണു നോട്ടം. തപസിരിക്കുന്നതുപോലെ!
രാവിലെ എട്ടുമണിയോടെ വട്ടികള്‍ കാലിയായി.
മേനോന്റെ പത്നി ചോദിച്ചു: -''കുട്ടികള്‍ക്കു കൊടുക്കാന്‍പോലും ബാക്കിയില്ലേ?''
കസേരയിലിരുന്ന്‌ മയങ്ങുകയായിരുന്ന മേനോന്‍ മെല്ലെ കണ്ണുതുറന്നു മക്കളോടും ഭാര്യയോടുമായി നിര്‍വികാരനായിപ്പറഞ്ഞു:
-''എണ്ണ ഉരുളിയിലുണ്ട്‌. പ്ലാവില്‍ ചക്കയുണ്ട്‌. ഇഷ്‌ടംപോലെ വറുക്കാം. തിന്നാം. എനിക്ക്‌ തിന്നാനാണ്‌ ഉപ്പേരിയുണ്ടാക്കിയത്‌.''
അമാനുഷനും സരസനുമായ മേനോനെക്കുറിച്ചുള്ള ഈ വി.കെ.എന്‍. കഥ ഇന്നും തലമുറകള്‍ക്കു രസം പകരുന്നു. 'ചക്കയ്‌ക്കുപ്പുണ്ടോ'എന്നു മൂളുന്ന പക്ഷിയുടെ കഥ പോലെ.

'ചക്കയും കുരുവും പത്തു ദിവസം
താളും തകരയും പത്തു ദിവസം
അങ്ങനേം ഇങ്ങനേം പത്തു ദിവസം' -എന്നു പാടിയിരുന്ന നമ്മുടെ ലൈഫ്‌ സ്‌റ്റൈല്‍ എത്ര ലളിതമായിരുന്നു! ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഉടുപ്പിന്റെ കാര്യത്തിലും ഈ ലളിതദര്‍ശനം നമുക്കുണ്ടായിരുന്നു.-' കോടിയഞ്ച്‌, കുടഞ്ഞഞ്ച്‌, മറിച്ചഞ്ച്‌, തിരിച്ചഞ്ച്‌ - എന്നിങ്ങനെ ഒരു മുണ്ടുതന്നെ പലവിധത്തില്‍ ഒരു മാസം ഉടുക്കാമെന്നായിരുന്നു നമ്മുടെ കണ്ടെത്തല്‍.
മുമ്പുപറഞ്ഞതുപോലെ, ചക്കയും കുരുവും താളും തകരയും കഴിച്ചാണ്‌ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ നമ്മള്‍ കീഴടക്കിയത്‌. യുദ്ധകാലങ്ങളില്‍ ലോകമെങ്ങുമുള്ള സാധാരണക്കാര്‍ റേഷന്‍പോലും കിട്ടാതെ പട്ടിണികിടന്ന്‌ മരിച്ചപ്പോള്‍ ചക്കയും ചക്കക്കുരുവും നാട്ടാരെ രക്ഷിച്ചു. ചക്കപ്പുഴുക്കും കപ്പയും തിന്നുവളര്‍ന്ന തണ്ടുംതടിയുമുള്ള ചെറുപ്പക്കാര്‍ അക്കാലത്ത്‌ വിദൂരരാജ്യങ്ങളില്‍ ബ്രിട്ടന്റെ കൂലിപ്പട്ടാളക്കാരായി വിലസി. ചക്കപ്പുഴുക്കിന്റെ ഗുണംകൊണ്ടാവാം അവര്‍ക്ക്‌ 'ഉടുമ്പിന്റെ ഊരും കീരിയുടെ മെയ്‌വഴക്കവും' ഉണ്ടായിരുന്നു.
'ഒരു തെങ്ങും പ്ലാവും പറമ്പിലുണ്ടെങ്കില്‍ പട്ടിണി കിടക്കേണ്ടിവരില്ല' എന്നായിരുന്നു പഴമക്കാരുടെ മറ്റൊരാശ്വാസം. 'കോഴി കട്ടവന്റെ തലയില്‍ പൂട കാണും' എന്നു പറഞ്ഞതുപോലെ 'ചക്ക കട്ടവന്റെ തലയില്‍ അരക്കുകാണും' എന്നു നിശ്‌ചയം. എന്നാല്‍, വാഴക്കുല മോഷണം പോലെ വലിയ കുറ്റമൊന്നുമല്ലായിരുന്നു ചക്കമോഷണം. പട്ടിണിമാറ്റാന്‍ ഒരു പ്ലാവിലെ ചക്ക മുഴുവന്‍ പറിച്ചുകൊണ്ടുപോയാലും ആരുമൊന്നും പറയാറില്ലായിരുന്നു. 'കിണറ്റിലെ വെള്ളവും പ്ലാവിലെ ചക്കയും ആര്‍ക്കുമെടുക്കാം'- എന്നായിരുന്നു വിശ്വാസം. സാധാരണക്കാര്‍ വലിയ തറവാടുകളില്‍ ചെന്നു പ്ലാവുതന്നെ കടം ചോദിക്കും! പ്ലാവു പാട്ടത്തിനെടുക്കുന്ന രീതിയുമുണ്ടായിരുന്നു. 'ഗ്ലൈസീമിക്‌ ഇന്‍ഡക്‌സ്' എത്രയാണെന്നൊന്നും ആരായാന്‍ മിനക്കെടാതെ മാലോകര്‍ ചക്കയെ സ്‌നേഹിച്ചു.
ചക്കയുടെ കാലമെത്തിയാല്‍ നല്ല ദിവസം നോക്കി പത്തുപന്ത്രണ്ടു ചക്കകള്‍ കയറില്‍ കെട്ടി 'ഇറക്കും'. പുഴുങ്ങാനും വറക്കാനുമാണ്‌ വരിക്ക. പഴുപ്പിക്കാന്‍ തേന്‍വരിക്ക. 'കൂഴ'ച്ചക്ക അടയുണ്ടാക്കാനുപയോഗിക്കും.
ചക്ക വെട്ടി ചുളയാക്കി പുഴുക്കുണ്ടാക്കാനും ചക്കക്കുരു ശേഖരിക്കാനും ചക്ക വരട്ടാനും ചുള വറക്കാനും അയല്‍ക്കാര്‍ പരസ്‌പരം സഹായിക്കും. ചക്കയിറക്കുന്നതും കോടാലികൊണ്ട്‌ വെട്ടിമുറിക്കുന്നതും ചക്ക വരട്ടുന്നതും ചുള വറക്കുന്നതും ആണുങ്ങളുടെ ഡ്യൂട്ടിയാണ്‌. ചുള ഒരുക്കുന്നത്‌ സ്‌ത്രീകളും. പ്ലാവില്ലാത്തവരും പറമ്പില്ലാത്തവരുമൊക്കെ അക്കൂട്ടത്തിലുണ്ടാവും. ഒരു വീട്ടിലെ അടുക്കളയുടെ ഉമ്മറത്തോ പുറന്തളത്തിലോ 'ചക്കസഭ' ചേരുകയാണു പതിവ്‌.
ചക്കവെട്ടും വരട്ടലും വറക്കലും ഒരു ഉത്സവം തന്നെയാണ്‌. അയല്‍വീട്ടുകാരുടെ ചായയും സദ്യയും എല്ലാം ചക്കവെട്ടു നടക്കുന്ന വീട്ടിലായിരിക്കും. തറവാടുകളിലെ ഈ 'ചക്കവെട്ടല്‍' വലിയ സ്‌ത്രീക്കൂട്ടായ്‌മകള്‍ക്ക്‌ വഴിയൊരുക്കി. കപ്പവാട്ടും പാക്കുപൊളിക്കലും പോലെ. 'ചക്കപ്പുഴുക്കിന്‌ ഒരു പകല്‍, കാന്താരിപ്പെണ്ണിന്‌ ഒരു രാത്രി!' - തുടങ്ങിയ നാടന്‍ചിന്താശകലങ്ങളും അടുക്കളരഹസ്യങ്ങളും ചക്കവെട്ടു നടത്തുന്ന തറവാട്ടിലെ ചീഫ്‌കുക്ക്‌ ഇത്തരം മീറ്റിങ്ങുകളിലൂടെയാണ്‌ അങ്ങാടിയില്‍ പരസ്യമാക്കുക! ഫ്രിഡ്‌ജും മറ്റും ഇല്ലാത്ത കാലമായതിനാല്‍ ചക്കപ്പുഴുക്ക്‌ ഒരു പകലേ സൂക്ഷിക്കാനാവുകയുള്ളു. അതുപോലെ കാന്താരിയായ പുതുപ്പെണ്ണിനെ ഒരു രാത്രികൊണ്ട്‌ പുരുഷന്‍ വശത്താക്കണം എന്നാണു പറയുക! ചക്കപ്പുഴുക്ക്‌ ഒരു പകലിനകവും കാന്താരിച്ചമ്മന്തി ഒരു രാത്രി തീരുന്നതിനു മുമ്പും ചീത്തയാകും എന്നുവേണമെങ്കിലും വ്യാഖ്യാനമാകാം!
ചക്കവെട്ടുമ്പോഴുള്ള മടലും ചകിണിയും പശുക്കള്‍ക്കുള്ളതാണ്‌. പ്ലാവില ആടിനും. ചക്കയരക്ക്‌ ഒരു വലിയ കമ്പില്‍ ചുറ്റി ശേഖരിക്കും. തിരുവോണത്തിന്‌ മാവേലിയെ വരവേല്‍ക്കുന്നത്‌ ഈ പന്തം പൂക്കളത്തിനരികില്‍ കൊളുത്തിയാണ്‌. ഉണങ്ങിയ അരക്ക്‌ പൊടിച്ച്‌ കര്‍പ്പൂരമായിട്ടും ഉപയോഗിക്കാം.
ഒരു ചക്കയിട്ടാല്‍ ചക്കപ്പുഴുക്ക്‌, ചക്കപ്പുട്ട്‌, ചക്കക്കുരു ഉപ്പേരി, ചക്ക ഉപ്പേരി, ചക്കപ്പപ്പടം ചക്കവരട്ടി, ചക്കപ്പായസം, ചക്കക്കുരു, ചക്കമുള്ളുസ്‌ക്വാഷ്‌ അങ്ങിനെയെന്തെല്ലാം വിഭവങ്ങളുണ്ടാക്കാം!

'ചക്കച്ചോറും കാളന്‍കറിയും ചക്കച്ചകിണിയും
എന്നിവയല്ലാതിക്കുഞ്ഞുങ്ങള്‍ക്കൊരു
സുഖഭോജനമിക്കാലങ്ങളിലില്ലിഹ താത' -എന്നാണ്‌ കുഞ്ചന്‍നമ്പ്യര്‍ പണ്ടെഴുതിയത്‌.
ചക്കക്കുരു പുറ്റുമണ്ണില്‍പ്പൊതിഞ്ഞ്‌ ഉണക്കി പാളയില്‍ കെട്ടി പുകയത്തുവച്ചാല്‍ ക്ഷാമകാലത്ത്‌ വിഭവങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കാം. അമിതമായി ചക്ക കഴിച്ചാല്‍ ചുക്കുകഷായം വച്ച്‌ ഇന്തുപ്പ്‌, ചവര്‍ക്കാരം ഇവ മേമ്പൊടിയായി സേവിച്ചാല്‍ മതി. 'ചക്കയ്‌ക്കു ചുക്ക്‌' എന്നാണല്ലോ ചൊല്ല്‌.
പ്രമേഹമടക്കമുള്ള രോഗങ്ങള്‍ക്ക്‌ മരുന്നായും ചക്ക വാഴ്‌ത്തപ്പെടുന്നു.
പച്ചച്ചക്കച്ചുള തിന്നുമ്പോള്‍ ചൂടുവെള്ളം കുടിച്ചാല്‍ വയറുവേദന വരില്ല. ചക്കപ്പുഴുക്കും പാവയ്‌ക്കാത്തോരനും ഒരുകുപ്പി പനങ്കള്ളുമുണ്ടെങ്കില്‍ എതു കുടിലും സ്വര്‍ഗമാകും എന്നാണു വയ്‌പ്!
'മുള്ളുണ്ട്‌, മുരിക്കല്ല, വാലുണ്ട്‌, കുരങ്ങല്ല, പാലുണ്ട്‌, പശുവല്ല' - എന്ന കടങ്കഥയുടെ ഉത്തരമാണ്‌ ചക്ക. 'അകത്തറുത്താല്‍ പുറത്തറിയും' - എന്നാണ്‌ ചക്കപ്പഴത്തെക്കുറിച്ച്‌ പറയുന്നത്‌.
പ്ലാവ്‌ പുഷ്‌ടിയോടെ കായ്‌ച്ച്, ഇലനിറഞ്ഞുനില്‍ക്കുന്ന പ്രദേശത്ത്‌ കിണറുകുഴിച്ചാല്‍ വെള്ളം കിട്ടും!
'തുലാപ്പത്തുകഴിഞ്ഞാല്‍ പ്ലാപ്പൊത്തിലും കിടക്കാം' -എന്ന ചൊല്ല്‌ മഴയെ സംബന്ധിച്ചുള്ളതാണ്‌. പ്ലാവിന്റെ പൊത്തിനെക്കുറിച്ചു പറയുമ്പോള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്‌ ശത്രുക്കളില്‍നിന്നു രക്ഷനേടാന്‍ ഒളിച്ച അമ്മച്ചിപ്ലാവിനെയും ഓര്‍ക്കണം.
പഴയകാലത്തെ വീട്ടുപേരുകളിലും പ്ലാവ്‌ തണല്‍ പരത്തുന്നുണ്ട്‌. പ്ലാവിന്‍മൂട്ടില്‍, പ്ലാത്തോട്ടത്തില്‍, പ്ലാവിടയില്‍, പ്ലാവിന്‌ കിഴക്കേതില്‍, പ്ലാവുനില്‍ക്കുന്നതില്‍, പ്ലാവിടയില്‍, പ്ലാവുശേരില്‍ എന്നിങ്ങനെ വീട്ടുപേരുകള്‍ നീളുന്നു.
പ്ലാവു മാത്രമല്ല, പ്ലാവിലയും താരമാണ്‌. സ്‌പൂണിനു പകരമായി പഴുത്ത പ്ലാവില ഈര്‍ക്കിലികുത്തി കുമ്പിളാക്കി ഉപയോഗിച്ചിരുന്നു. ഇതായിരുന്നിരിക്കണം 'കോരന്റെ കുമ്പിളിലെ കഞ്ഞി!'. 'ഒരു പ്ലാവിലക്കഞ്ഞിക്ക്‌ വകയില്ലാത്ത'വര്‍ ദാരിദ്രരേഖയ്‌ക്കു കീഴില്‍ക്കഴിയുന്നവരാകുന്നു. കഷായവും മറ്റും നല്‍കുന്നതിന്റെ അളവുകോലും പ്ലാവിലക്കുമ്പിളായിരുന്നു. 'പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ച പ്ലാവില ചിരിക്കും' എന്ന്‌ തലമുറകളായി പറഞ്ഞുപോരുന്ന സത്യമാണ്‌.
'തളിര്‍തുള്ളിച്ചിരിച്ചാലും
നിശ്‌ചലം ചെവിക്കൊണ്ടാലും
കരിയില മണ്ണാവോളം കലമ്പുമല്ലോ'- എന്ന ഇടശ്ശേരിക്കവിതയിലെ കരിയില, പ്ലാവിലയല്ലാതെ മറ്റെന്താണ്‌?
ബഷീറിന്റെ 'പാത്തുമ്മയുടെ ആട്‌' പ്ലാവില തിന്നുകൊണ്ടാണല്ലോ നമ്മുടെ മനോമണ്ഡലത്തിലേക്കു പ്രവേശിക്കുന്നത്‌. പ്ലാവിലത്തൊപ്പിയും കിരീടവും ഉണ്ടാക്കുന്നത്‌ ഒരുകാലത്ത്‌ ബാലലീലകളുടെ ഭാഗമായിരുന്നു. ആയുര്‍വേദ മരുന്നുകള്‍ ചേര്‍ന്ന എണ്ണയും മറ്റും ധാരകോരുന്നതും പ്ലാവില കൊണ്ടായിരുന്നു.
സഹ്യന്റെ താഴ്‌വരയില്‍ ജനിച്ച ചക്ക മറുനാടുകളില്‍ 'ജക്ക'യും 'ജാക്ക്‌ ഫ്രൂട്ടും' ഇപ്പോള്‍, നമ്മുടെ സംസ്‌ഥാനഫലവുമായിരിക്കുന്നു. ഇനി, വേണമെങ്കില്‍ ചക്ക വേരിലും കായ്‌ക്കും! പക്ഷേ, സംസ്‌ഥാനഫല പദവികൊണ്ടുമാത്രം എന്തു ഫലം? 'ചക്കവീണു മുയല്‍ ചത്തു' എന്നേ കരുതാനുള്ളു. ഇപ്പോള്‍ തമിഴ്‌നാട്ടിലാണ്‌ ചക്കത്തോട്ടങ്ങളേറെയുള്ളത്‌. മലയാളനാട്ടില്‍ ചക്കപ്ലാന്റേഷനുകളുണ്ടാകുമ്പോള്‍ ഫലം വില്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ എന്തു ഫലം?

പ്ലാവില ബീഡി തയാര്‍!:

മുറ്റത്തു വീണുകിടക്കുന്ന പ്ലാവില തെറുത്ത്‌ ബീഡിയുണ്ടാക്കി, സിഗര്‍ട്ടുകമ്പനികളെ കണ്ണുതള്ളിപ്പിച്ചവരാണ്‌ പഴമക്കാര്‍! പൊഴിഞ്ഞുകിടക്കുന്ന ആഞ്ഞിലിത്തിരികള്‍ പൊടിച്ചു 'ചുക്ക'ചേര്‍ത്ത്‌ പഴുത്തപ്ലാവിലയില്‍ നിറച്ച്‌ തെറുത്തുണ്ടാക്കുന്ന പ്ലാവിലബീഡി വിദേശസിഗര്‍ട്ടുകളെ വെല്ലുന്നതായിരുന്നു.

Ads by Google
Sunday 01 Apr 2018 02.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW