Tuesday, March 26, 2019 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 01 Apr 2018 01.48 AM

ആഴങ്ങളില്‍ അടിപതറാതെ

uploads/news/2018/04/205076/sun2.jpg

ഇരുപത്തിയെട്ട്‌ അടി താഴ്‌ചയുള്ള കിണര്‍. അത്രയും ആഴത്തില്‍ കുഴിച്ചു ചെന്നിട്ടും വെള്ളമില്ല. പാറ മാത്രം. കുടിവെള്ള ക്ഷാമം കൊണ്ടു വലഞ്ഞ വീട്ടുകാരുടെ ദൈന്യതയാര്‍ന്ന മുഖത്തേക്ക്‌ നോക്കാന്‍ പോലും കഴിയുന്നില്ല. നീരുറവ കിനിയുന്നുണ്ടോ എന്നറിയാന്‍ താഴേക്ക്‌ നോക്കി നില്‍ക്കുകയാണവര്‍. കിണറിന്റെ കരയില്‍ കമ്പ്രസര്‍ ഉറപ്പിച്ചിരിക്കുന്നു. അതില്‍ നിന്നും വയറില്‍ ഘടിപ്പിച്ച ജാക്കി കൈയില്‍ പിടിച്ച്‌ വലിയ കപ്പിയില്‍ കയര്‍ കെട്ടി അതില്‍ കിണറ്റിനുള്ളില്‍ താഴേക്ക്‌ ഊര്‍ന്നിറങ്ങുന്ന ഒരു നാല്‍പ്പത്തിരണ്ടുകാരി. പാറക്കെട്ടു നിറഞ്ഞ കിണറിന്റെ അടിത്തട്ടില്‍ ജാക്കികൊണ്ട്‌ കുഴികളുണ്ടാക്കി അതില്‍ വെടിമരുന്നു നിറച്ച്‌ തീ കൊളുത്തുന്നു. പിന്നെ മിന്നല്‍ വേഗത്തില്‍ കയറില്‍ തൂങ്ങി കിണറിന്റെ ഭിത്തിയില്‍ ചവിട്ടി മുകളിലേക്ക്‌ ഒരഭ്യാസിയേ പോലെ കയറുകയാണവര്‍. കുഴികളില്‍ മരുന്നു നിറച്ചാല്‍ അഞ്ചു മിനിട്ടിനുളളില്‍ അത്‌ ഭയങ്കര ശബ്‌ദത്തോടെ പൊട്ടിത്തെറിക്കും. അതിനു മുമ്പേ കയറില്‍ തൂങ്ങി മുകളിലെത്തണം. അല്ലെങ്കില്‍ വലിയ പാറ കഷ്‌ണങ്ങളായി തെറിക്കുന്നതു പോലെ ആളും ചിതറിത്തെറിക്കും. ജീവന്‍ പണയം വച്ചുള്ള പണി. ഒരല്‍പം പിഴച്ചാല്‍ ഉടല്‍ പിന്നെ പലയിടത്തു നിന്നായി പെറുക്കിയെടുക്കേണ്ടി വരും. പക്ഷേ ആ സ്‌ത്രീ ഒരു സെക്കന്‍ഡുകള്‍ കൊണ്ട്‌ മുകളിലെത്തിക്കഴിഞ്ഞു. കിണറിന്റെ വെളിയില്‍ കാല്‍ മണ്ണിലൂന്നി ഒന്നു നിവര്‍ന്നു നിന്നു. ഏതാനും സെക്കന്‍ഡുകള്‍ കൂടി കഴിഞ്ഞു. വലിയ ശബ്‌ദത്തോടെ കിണറ്റില്‍ പാറ പൊട്ടുന്ന ശബ്‌ദം. ഹാവൂ..അതു ശരിയായി. ഒരു നിമിഷം നെറ്റിയിലെ വിയര്‍പ്പു തുടച്ച്‌ അവര്‍ ആശ്വസിക്കുന്നതു പോലെ പറഞ്ഞു.
ഇത്‌ കലാമണി. മലപ്പുറം ജില്ലയിലെ കാളികാവ്‌ പഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡിലെ വൃന്ദ അയല്‍ക്കൂട്ട അംഗം. കിണറുകുഴിക്കലും പാറപൊട്ടിക്കലുമെല്ലാം പുരുഷനു മാത്രം പറഞ്ഞിട്ടുളള പണിയാണെന്നു പറയുന്നവര്‍ക്ക്‌ മുന്നില്‍ സ്‌ത്രീകള്‍ക്കും ഇതൊക്കെ ചെയ്യാന്‍ പറ്റും എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ആരുടെ മുന്നിലേക്കും സധൈര്യം നിര്‍ത്താന്‍ കഴിയുന്ന ഒരു സ്‌ത്രീ.
കാളികാവ്‌ പാമ്പാടി വീട്ടില്‍ പറങ്ങോടന്റെയും എല്‍സിയുടെയും മകളാണ്‌ കലാമണി. മാതാപിതാക്കളുടേത്‌ മിശ്രവിവാഹമായിരുന്നു. ഒരു ചേട്ടനും അനിയത്തിയുമുണ്ട്‌ ഇവര്‍ക്ക്‌. നാട്ടിന്‍പുറങ്ങളിലെ മൈതാനങ്ങളില്‍ ടെന്റ്‌ കെട്ടി സര്‍ക്കസ്‌ അഭ്യാസങ്ങള്‍ ചെയ്യുന്ന തൊഴിലായിരുന്നു മാതാപിതാക്കള്‍ക്ക്‌. നാടുനീളെ പരിപാടികള്‍ നടത്താന്‍ പോകും. സ്‌കൂള്‍ അടയ്‌ക്കുന്ന സമയത്ത്‌ കലാമണിയും അവര്‍ക്കൊപ്പം സര്‍ക്കസ്‌ കളിക്കാന്‍ പോകും. ഡാന്‍സും പാട്ടും ചെയ്യും. കയര്‍ വലിച്ചു കെട്ടി അതിലൂടെ നടക്കാനും വളയത്തിലൂടെ ചാടാനുമെല്ലാം അച്‌ഛനാണ്‌ കലാമണിയെ പഠിപ്പിച്ചത്‌.
മഴക്കാലത്തു സര്‍ക്കസ്‌ കളിയില്ല. അപ്പോള്‍ കൂലിപ്പണിയായിരുന്നു അച്‌ഛന്‌. പക്ഷേ അതുകൊണ്ടൊന്നും ഒരു കുടുംബം പുലര്‍ത്താന്‍ കഴിയുമായിരുന്നില്ല. കലാമണിയുടെ പഠനം പലപ്പോഴും മുടങ്ങി. ഒരു ക്‌ളാസില്‍ തന്നെ രണ്ടു വട്ടം വീതം ഇരിക്കും. അങ്ങനെ കഷ്‌ടിച്ച്‌ അഞ്ചാം ക്‌ളാസ്‌ വരെ പഠിച്ചു.
പതിനാല്‌ വയസായപ്പോള്‍ ഒരു കല്യാണാലോചന വന്നു. ചെറുക്കന്‌ തയ്യലാണ്‌ ജോലി. ഉള്ളതെല്ലാം നുള്ളിപ്പറുക്കിയാണ്‌ കല്യാണം നടത്തിയത്‌.കലാമണിയേയും കൂട്ടി ഭര്‍ത്താവ്‌ പോയത്‌ കര്‍ണാടകത്തിലേക്കാണ്‌. മകളെ കുറിച്ച്‌ പിന്നീട്‌ ഒരു വിവരവും ഇല്ലാതായപ്പോള്‍ അന്വേഷിച്ചു ചെന്ന വീട്ടുകാരെ കാത്തിരുന്നത്‌ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ഇയാള്‍ മുമ്പ്‌ വിവാഹിതനാണ്‌. ഭാര്യയും കുട്ടികളുമുണ്ട്‌. രണ്ടാനമ്മയാണ്‌ അച്‌ഛനോടൊപ്പമുള്ളത്‌. കലാമണിയെ കെട്ടാന്‍ വേണ്ടി ഇയാള്‍ ബന്ധുക്കളായി കൊണ്ടു വന്നവരെ കുറിച്ച്‌ അവിടെയുള്ള ആര്‍ക്കും ഒന്നുമറിയില്ല. അയാള്‍ കലാമണിയെ വിവാഹം കഴിച്ച വാര്‍ത്ത പോലും അപ്പോഴാണ്‌ പലരുമറിയുന്നത്‌. മകളും ഭര്‍ത്താവും എവിടെയാണെന്നറിയാതെ വീട്ടുകാര്‍ വിഷമിച്ചു. ഇവരെ കാണാതായ വിവരം നാട്ടില്‍ മുഴുവന്‍ അറിഞ്ഞു. വീട്ടുകാര്‍ പല വഴിക്കും അന്വേഷിച്ചെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല.
മൂന്നു മാസങ്ങള്‍ കടന്നു പോയി. ഇതിനിടെ വീട്ടുകാരെ കാണാതെ വിഷമിച്ചു കഴിയുകയായിരുന്നു കലാമണിയും. വീട്ടില്‍ പോകണമെന്നു പറയുമ്പോഴെല്ലാം ഭര്‍ത്താവ്‌ ഒഴിഞ്ഞു മാറുന്നത്‌ കലാമണി ശ്രദ്ധിച്ചു. വിവാഹം കഴിഞ്ഞ്‌ രണ്ടു മാസത്തിനുള്ളില്‍ തന്നെ വീട്ടുകാര്‍ കൊടുത്ത സ്വര്‍ണവും പണവും ഭര്‍ത്താവ്‌ കൈക്കലാക്കിയിരുന്നു.
''പിന്നീട്‌ ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ എനിക്കെന്തോ പന്തികേടു തോന്നി. അയാള്‍ രാവിലെ പണിക്കു പോകുമ്പോള്‍ വീടു പുറത്തു നിന്നും പൂട്ടിയിട്ടാണ്‌ പോവുക. ചോദിക്കുമ്പോള്‍ പറയും, നിനക്കു കന്നഡയറിയില്ലല്ലോ. പരിചയമില്ലാത്തവര്‍ ആരെങ്കിലും വന്നാല്‍ അതു ബുദ്ധിമുട്ടാകും എന്നൊക്കെ.
ഞാന്‍ അതൊക്കെ വിശ്വസിച്ചു. വീട്ടിലേക്ക്‌ അയക്കാന്‍ വേണ്ടി കത്തെഴുതി ഞാന്‍ അയാളുടെ കൈയില്‍ കൊടുക്കുമായിരുന്നു.അതൊന്നും അയാള്‍ പോസ്‌റ്റ് ചെയ്‌തില്ല. കീറിക്കളയുകയായിരുന്നു. ഒരു ദിവസം കീറിക്കളഞ്ഞ കത്ത്‌ ഞാന്‍ കണ്ടു. അപ്പോള്‍ എനിക്കു മനസിലായി അയാള്‍ എന്നെ പറ്റിക്കുകയാണെന്നും എന്നോടെന്തോ ഒളിക്കുന്നുണ്ടെന്നും.
എന്റെ കൈയ്യില്‍ നാട്ടില്‍ നിന്നും സാരി വാങ്ങിയ കടയിലെ കവര്‍ ഉണ്ടായിരുന്നു. അതിന്റെ ഉടമസ്‌ഥനെ എനിക്കു നന്നായി അറിയാവുന്ന ആളാണ്‌. ഒരു ദിവസം ഇന്‍ലന്‍ഡ്‌ ഒപ്പിച്ച്‌ കവറിലെ അഡ്രസില്‍ എന്റെ സാഹചര്യമെല്ലാം പറഞ്ഞ്‌ കത്തെഴുതി അയച്ചു. കര്‍ണാടകയിലെ ഷിമോഗയിലായിരുന്നു എന്നെ താമസിപ്പിച്ചിരുന്നത്‌. കത്തു കിട്ടിയ ഉടനേ കടയുടമ വീട്ടില്‍ ചെന്ന്‌ എന്റെ അച്‌ഛനോടു വിവരം പറഞ്ഞു. അവര്‍ മറ്റുള്ളവരേയും കൂട്ടി വണ്ടി പിടിച്ച്‌ ഇവിടെ എത്തുകയായിരുന്നു. ഭര്‍ത്താവിനോട്‌ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ നിങ്ങളുടെ മകളെ ഞാന്‍ ആര്‍ക്കും വിറ്റില്ലല്ലോ എന്നായിരുന്നു മറുപടി. അന്നു രാത്രി തന്നെ അയാള്‍ അവിടെ നിന്നും മുങ്ങി. പിന്നെ ഇതു വരെ ഒരു വിവരവും അറിഞ്ഞിട്ടില്ല. ഞങ്ങളും അവിടെ നിന്നു പോന്നു.''
അപ്പോള്‍ കലാമണിക്കു പ്രായം കഷ്‌ടിച്ച്‌ പതിനഞ്ച്‌. ആ പെണ്‍കുട്ടി തളര്‍ന്നില്ല. വീട്ടിലെ പ്രയാസങ്ങള്‍ക്ക്‌ അറുതി വരുത്താന്‍ അവള്‍ പാടത്തു വരമ്പിടാനും കാടു വെട്ടിത്തെളിക്കാനും പറമ്പു കിളയ്‌ക്കാനും പോയി തുടങ്ങി. കിട്ടുന്ന കൂലി അച്‌ഛനെയോ അമ്മയെയോ ഏല്‍പ്പിക്കും. അങ്ങനെ നാളുകള്‍ കഴിഞ്ഞു..
''അച്‌ഛന്‍ എനിക്കു കുറച്ചു പ്രായമുള്ള ഒരാളുടെ കല്യാണാലോചന കൊണ്ടു വന്നു. എനിക്ക്‌ അതിഷ്‌ടമല്ലായിരുന്നു. വീടിനടുത്തുള്ള വിശ്വനാഥനെഎനിക്ക്‌ ഇഷ്‌ടമായിരുന്നു. എന്നെ കല്യാണം കഴിക്കാമോ എന്ന്‌ ഞാന്‍ അങ്ങേരോടു ചോദിച്ചു. അങ്ങേരും വീട്ടുകാരും കൂടി എന്റെ വീട്ടില്‍ വന്ന്‌ ആലോചിച്ചു. അങ്ങനെയാണ്‌ കല്യാണം നടന്നത്‌.''
കലാമണി പറയുന്നു.
വിശ്വനാഥന്‌ കിണര്‍കുഴിക്കുകയും പാറപൊട്ടിക്കുകയും ചെയ്യുന്ന ജോലിയായിരുന്നു. ആദ്യമൊക്കെ ഭര്‍ത്താവിന്റെ കൂടെ പണിക്കുപോയതാണ്‌ കലാമണി. നിരന്തരമായ പാറപൊട്ടിക്കല്‍ ചെയ്‌ത് കടുത്ത ശ്വാസം മുട്ടലുമായി വിശ്വനാഥന്‌ ജോലിക്കു പോകാന്‍ കഴിയാതെ വന്നതോടെ കലാമണി ഈ രംഗത്തേക്ക്‌ ഒറ്റയ്‌ക്കിറങ്ങി. ദിവസം രണ്ടായിരം രൂപയാണ്‌ ഒരു കിണറിന്റെ പണിക്കു പോയാല്‍ കിട്ടുക. ചിലപ്പോള്‍ മാസം മുഴുവന്‍ പണിയുണ്ടാകും. മഴക്കാലത്ത്‌പണിയുണ്ടാകില്ല. അപ്പോള്‍ കൂലിവേലകള്‍ക്കു പോകും.
കുടുംബശ്രീയില്‍ വന്നതോടെയാണ്‌ ശരിക്കും ജീവിതം മാറിയത്‌. ഭര്‍ത്താവിന്റെ രണ്ടു സഹോദരിമാരെ വിവാഹം ചെയ്‌തയച്ചു. സ്വന്തമായി വീടു പണിതു. അച്‌ഛനെയും അമ്മയേയും സംരക്ഷിക്കുന്നു. മക്കള്‍ക്ക്‌ നല്ല വിദ്യാഭ്യാസം നല്‍കുന്നു. മോള്‍ മമ്പാട്‌ കോളേജില്‍ ഒന്നാം വര്‍ഷ ബികോമിനു പഠിക്കുന്നു. മോന്‍ പ്‌ളസ്‌ വണ്ണിനും.
''ഇപ്പോള്‍ എന്തിനെയും നേരിടാനുള്ള ധൈര്യവും ആത്മവിശ്വാസവുമുണ്ട്‌. മനസിന്‌ സന്തോഷവുമുണ്ട്‌.''
കലാമണിയുടെ വാക്കുകളിലും ആത്മവിശ്വാസം നിറയുന്നു.
ഡാന്‍സും പാട്ടുമെല്ലാം ഇഷ്‌ടപ്പെടുന്ന കലാമണിക്ക്‌ കുടുംബശ്രീയുടെ രംഗശ്രീ കമ്യൂണിറ്റി തിയേറ്റര്‍ വന്നതോടെ തന്റെ കഴിവുകള്‍ അവതരിപ്പിക്കാന്‍ ഒരവസരവുമായി. ഇന്ന്‌ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട്‌ രംഗശ്രീ മുഖേന നടത്തുന്ന ബോധവല്‍ക്കരണ പരിപാടികളിലെ സജീവ സാന്നിധ്യമാണിവര്‍.
തിരൂരില്‍ നടന്ന നാടക മത്സരത്തില്‍ മികച്ച അഭിനേത്രിക്കുള്ള അവാര്‍ഡ്‌, കുടുംബശ്രീ സ്‌നേഹിതയുടെ ധീരതയ്‌ക്കുള്ള അവാര്‍ഡ്‌ തുടങ്ങിയവയും കലാമണിയെ തേടിയെത്തിയിട്ടുണ്ട്‌. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നീതം കാമ്പെയ്‌ന്റെ ഭാഗമായി തിരുവനന്തപുരത്ത്‌ പ്രതിധ്വനി ടോക്‌ ഷോ നടത്തിയിരുന്നു. ഈ പരിപാടിയില്‍ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച്‌ തന്റെ ജീവിതത്തില്‍ കുടുംബശ്രീ മുഖേന കൈവരിച്ച വിജയാനുഭവ കഥ പറയാനെത്തിയത്‌ കലാമണിയായിരുന്നു.
പതിനഞ്ചാം വയസില്‍ ഒരു പക്ഷേ തെരുവില്‍ വില്‍ക്കപ്പെട്ടു പോകുമായിരുന്ന തന്റെ ജീവിതത്തെ അവിടെ നിന്നും രക്ഷിച്ചെടുത്ത്‌ തളരാതെ വീണ്ടും ഉള്‍ക്കരുത്തോടെ പടുത്തുയര്‍ത്തിയ കലാമണിയുടെ അനുഭവങ്ങളെ സദസ്‌ നിറഞ്ഞ കരഘോഷത്തോടെയാണ്‌ വരവേറ്റത്‌.

ആശ.എസ്‌. പണിക്കര്‍

Ads by Google
Sunday 01 Apr 2018 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW