Tuesday, March 26, 2019 Last Updated 12 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 01 Apr 2018 01.48 AM

ഏപ്രില്‍ ഫൂ​​േ​​േ​​േ​​േ​ളേ....

uploads/news/2018/04/205075/sun1.jpg

എണ്ണമറ്റ മാനസിക പിരിമുറുക്കങ്ങളുമായാണ്‌ ഓരോ ദിവസവും കടന്നുപോകുന്നത്‌. മനസ്സുതുറന്നൊന്ന്‌ ചിരിക്കാന്‍ കഴിയാതെയുള്ള ഓട്ടപ്പാച്ചിലായി ജീവിതം ഒതുങ്ങുന്നത്‌ തിരിച്ചറിഞ്ഞ്‌, വിരസതയെ മറികടക്കാന്‍ രസകരമായ എന്തെങ്കിലും നടന്നിരുന്നെങ്കിലെന്ന്‌ ആഗ്രഹിക്കാത്തവരുണ്ടോ? വര്‍ഷത്തില്‍ മുന്നൂറ്റിയറുപത്തിനാല്‌ ദിവസങ്ങളും തനിയാവര്‍ത്തനമായി നീങ്ങുമ്പോള്‍, ഉള്ളില്‍ത്തട്ടി പൊട്ടിച്ചിരിക്കാന്‍ ഒരു ദിവസം എന്നതാണ്‌ ഇന്നത്തെ സാഹചര്യത്തില്‍ വിഡ്‌ഢിദിനത്തിന്റെ പ്രസക്‌തി.
പറ്റിക്കപ്പെടാതിരിക്കാന്‍ തലേരാത്രി മുതല്‍ ഏപ്രില്‍ ഒന്നിനെ കരുതലോടെ കാത്തിരുന്ന തലമുറയില്‍ നിന്ന്‌ ഏപ്രില്‍ ഫൂളിന്റെ സത്ത ഉള്‍ക്കൊള്ളുന്ന തമാശകള്‍ക്കായി കാത്തിരിക്കുന്നവരാണ്‌ ന്യൂ ജനറേഷന്‍. അന്നേ ദിവസത്തെ ആളുകളുടെ മാനസികാവസ്‌ഥയ്‌ക്കുപോലും മാറ്റമുണ്ട്‌. വലിപ്പച്ചെറുപ്പമില്ലാതെ ശിക്ഷ ഭയക്കാതെ ആരെയും പറ്റിക്കാനുള്ള സ്വാതന്ത്ര്യം തന്നെയാണ്‌ ഏപ്രില്‍ ഫൂളിനെ വ്യത്യസ്‌തമാക്കുന്ന പ്രധാന ഘടകം. അബദ്ധങ്ങളില്‍ നാണക്കേടോ ദേഷ്യമോ സങ്കടമോ തോന്നുന്നതിനുപകരം സ്‌പോട്ടിവ്‌ ആയി കാര്യങ്ങള്‍ എടുക്കാന്‍ കൂടി അറിഞ്ഞോ അറിയാതെയോ വിഡ്‌ഢി ദിനം നമ്മെ പഠിപ്പിക്കുന്നു...

വിഡ്‌ഢിദിനം ചരിത്രവും കഥകളും

ചാള്‍സ്‌ ഒന്‍പതാമന്റെ ഭരണകാലം. പോപ്പായിരുന്ന ഗ്രിഗോറിയന്‍ ഒരു പുതിയ കലണ്ടര്‍, ക്രിസ്‌തുമത വിശ്വാസികള്‍ക്കായി പ്രാബല്യത്തില്‍ വരുത്തി. ഇത്‌ 1562 ലായിരുന്നു. അത്രനാളും മാര്‍ച്ച്‌ 25 മുതല്‍ ഏപ്രില്‍ 1 വരെയാണ്‌ പുതുവത്സരമായി ആഘോഷിച്ചിരുന്നത്‌. എന്നാല്‍ ഗ്രീഗോറിയന്‍ കലണ്ടര്‍ അനുസരിച്ച്‌ ജനുവരി 1നാണ്‌ പുതുവര്‍ഷാരംഭം.
പുതിയ കലണ്ടര്‍ പ്രാബല്യത്തില്‍ വന്നതോടെ പഴയ രീതിയില്‍ ഏപ്രില്‍ 1ന്‌ പുതുവത്സരം ആഘോഷിക്കുന്നവരെ ഏപ്രില്‍ ഫൂളുകള്‍ എന്നു വിളിച്ചു തുടങ്ങി. ഇങ്ങനെ വിളിക്കാന്‍ മറ്റൊരു കാരണം കൂടി ചരിത്രം പറയുന്നുണ്ട്‌.
അന്നത്തെ കാലത്ത്‌ വാര്‍ത്താവിനിമയ ഉപാധികള്‍ നാമമാത്രമായിരുന്നു. അതിനാല്‍ രാജപരിഷ്‌കാരങ്ങള്‍ ജനങ്ങളില്‍ എത്തുന്നതിന്‌ വളരെ താമസം നേരിട്ടിരുന്നു. കൂടാതെ യാഥാസ്‌ഥിതികരായ ചിലര്‍ പുത്തന്‍ പരിഷ്‌കാരങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറായതുമില്ല. അവരാണ്‌ ഏപ്രില്‍ ഫൂളുകളായി അറിയപ്പെട്ടത്‌.
ഗ്രീക്ക്‌ ദേവതയായ സെറസുമായി ബന്ധപ്പെടുത്തിയും വിഡ്‌ഢിദിനത്തിനു പിന്നിലൊരു കഥയുണ്ട്‌. സെറസിന്റെ മകള്‍ പ്രോസ്‌പിനയെ പ്ലൂട്ടോ ദേവന്‍ തട്ടിക്കൊണ്ടുപോയി. മകളുടെ കരച്ചില്‍ പിന്തുടര്‍ന്ന്‌ അവളുടെ അടുത്ത്‌ ഓടിയെത്താം എന്നായിരുന്നു സെറസ്‌ കരുതിയത്‌. എന്നാല്‍ കരച്ചിലിനുപകരം മാറ്റൊലിക്ക്‌ കാതോര്‍ത്ത്‌ ആ അച്‌ഛന്‌ വഴിതെറ്റി.
കരച്ചിലിന്റെ എതിര്‍ദിശയില്‍ നിന്നു കേട്ട എക്കോ പിന്‍തുടര്‍ന്ന സെറസിന്‌ അബദ്ധം പിണഞ്ഞു. അദ്ദേഹം വിഡ്‌ഢിയാക്കപ്പെട്ട ദിവസംഅങ്ങനെ വിഡ്‌ഢിദിനമായി എന്നാണ്‌ വിശ്വാസം.

വിഡ്‌ഢികള്‍ പല നാട്ടില്‍ പല പേരില്‍

18-ാം നൂറ്റാണ്ടോടു കൂടി ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും ഈ ആഘോഷത്തിന്‌ പ്രചാരം വര്‍ദ്ധിച്ചു. തുടര്‍ന്ന്‌ ഇംഗ്‌ളണ്ടിന്റെ കോളനികളിലേക്കും ഇവ വ്യാപിച്ചു. ബ്രിട്ടീഷുകാരുടെ കടന്നുവരവോടെയാണ്‌ ഇന്ത്യയില്‍ ഏപ്രില്‍ ഫൂളിന്‌ പ്രചാരം ലഭിച്ചത്‌. ഫൂള്‍ ആക്കപ്പെടുന്നവരെ ഫ്രാന്‍സില്‍ ഏപ്രില്‍ ഫിഷ്‌ എന്നും ഇംഗ്ലണ്ടില്‍ നൂഡിയെന്നും ജര്‍മനിയില്‍ ഏപ്രിനാര്‍ എന്നുമാണ്‌ വിളിക്കുക. പറ്റിക്കപ്പെടുമ്പോള്‍ കരയ്‌ക്ക് പിടിച്ചിട്ട മത്സ്യത്തിന്റെ അവസ്‌ഥയിലാകുന്നവര്‍ എന്ന മട്ടിലാണ്‌ ഫിഷ്‌ പ്രയോഗം വന്നത്‌. വിഡ്‌ഢിയാക്കപ്പെടുന്ന വ്യക്‌തിയുടെ മുതുകില്‍ ഫ്രഞ്ചുകാര്‍ പേപ്പര്‍ കൊണ്ടുള്ള മത്സ്യത്തെ ഒട്ടിച്ച്‌ വയ്‌ക്കുമായിരുന്നു. ഇത്‌ കാണുന്നവരെല്ലാം ഏപ്രില്‍ ഫിഷ്‌ എന്നു വിളിച്ച്‌ അയാളെ കളിയാക്കൂം.
ഈസ്‌റ്റര്‍ നോമ്പിന്‌ നാല്‌പതു ദിവസം മുന്‍പുള്ള ഞായര്‍,തിങ്കള്‍ ദിവസങ്ങളിലാണ്‌ പോര്‍ച്ചുഗീസുകാര്‍ വിഡ്‌ഢിദിനം ആഘോഷിക്കുന്നതെങ്കില്‍ മെക്‌സിക്കോയില്‍ അത്‌ ഡിസംബര്‍ 28നാണ്‌.ഇംഗ്ലണ്ടില്‍ ഉച്ചവരെ ആണ്‌ ഏപ്രില്‍ ഫൂള്‍ ആഘോഷം. ഇന്ത്യക്കാരും ഇതാണ്‌ പിന്തുടരുന്നത്‌. എന്നാല്‍ സ്‌കോട്‌ലന്‍ഡില്‍ പറ്റിക്കലിന്റെ ദൈര്‍ഘ്യം 48 മണിക്കൂര്‍ നീളും.

പുത്തന്‍ പ്ലാറ്റുഫോമുകളിലൂടെ ന്യൂജെന്‍ പറ്റിക്കല്‍സ്‌

കോളിംഗ്‌ ബെല്‍ അമര്‍ത്തിയിട്ട്‌ ഓടിക്കളയുകയും വാതില്‍ തുറക്കുമ്പോള്‍ പിന്നിലൂടെ വന്ന്‌ ഏപ്രില്‍ ഫൂള്‍ എന്ന്‌ അലറുന്നതിലുമൊന്നും യോയോ ഇല്ല. ഫേസ്‌ബുക്കിലും ട്വിറ്ററിലും വാട്‌സാപ്പിലുമെല്ലാം പറ്റിക്കാനുള്ള ആയിരം വഴികളാണ്‌ പുതുതലമുറയ്‌ക്കുമുന്നില്‍.ഓര്‍ത്തുവെച്ച്‌ വേണ്ടപ്പെട്ടവരെ പറ്റിക്കുന്നതില്‍ പറഞ്ഞറിയിക്കാനാകാത്ത സുഖം കണ്ടെത്തുന്നവരുണ്ട്‌. റേഡിയോ-വീഡിയോ ജോക്കികള്‍ക്ക്‌ ഏപ്രില്‍ ഫൂള്‍ വീണുകിട്ടുന്ന ലോട്ടറി ആണ്‌. അവരതു പരമാവധി രസിപ്പിച്ച്‌ കൊഴുപ്പിക്കും. ചിരിപടര്‍ത്തുന്ന ട്രോളുകള്‍ തച്ചിനിരുന്ന്‌ തൊടുത്തുവിടുന്നവരും കുറവല്ല. സ്വയം അതിന്‌ കഴിയാത്തവര്‍ കിട്ടുന്ന ട്രോളുകള്‍ ഫോര്‍വേഡ്‌ ചെയ്‌തും ആഘോഷിച്ച്‌ തകര്‍ക്കും. വിഡ്‌ഢിദിന കാര്‍ഡുകള്‍ വരെ നെറ്റില്‍ ലഭിക്കും.
യഥാര്‍ത്ഥത്തില്‍ നിര്‍ദ്ദോഷമായ പറ്റിക്കല്‍സില്‍ നിന്നുരുവാകുന്ന കൗതുകവും സന്തോഷവും മാത്രമാണ്‌ ഏപ്രില്‍ഫൂള്‍ എന്ന സംജ്‌ഞ കൊണ്ട്‌ വിഭാവനം ചെയ്യുന്നത്‌. ഉദാഹരണത്തിന്‌ ഏറെക്കാലമായി കാത്തിരുന്ന ഗസ്‌റ്റ് വന്നിരിക്കുന്നുവെന്ന്‌ പറഞ്ഞ്‌ അടുക്കളയില്‍ തിരക്കിട്ട്‌ ജോലി ചെയ്യുന്ന അമ്മയെ പറ്റിക്കുക. മെഡിക്കല്‍ സ്‌റ്റോറില്‍ ജോലി ചെയ്യുന്ന സുഹൃത്തിന്‌ ഈ മരുന്നുണ്ടോയെന്ന അന്വേഷണവുമായി കുറിപ്പടി കൊടുത്ത്‌ അതില്‍ ഏപ്രില്‍ഫൂള്‍ എന്ന്‌ എഴൂതി പറ്റിക്കുക. കേവലരസം പകരുന്ന ഇത്തരം പ്രക്രിയകള്‍ കടന്ന്‌ ദുരന്തമയമായ ചില സംഭവങ്ങളും വിഡ്‌ഢിദിനത്തിന്റെ പേരില്‍ അരങ്ങേറിയിട്ടുണ്ട്‌.
വെളുപ്പാന്‍കാലത്ത്‌ പതിവ്‌ പോലെ ബാത്ത്‌റൂമില്‍ പോകാന്‍ വന്ന കുഞ്ഞനുജത്തിയെ ഡ്രാക്കുളയുടെ മാസ്‌ക് ധരിച്ച്‌ ഉളളില്‍ ഒളിച്ചിരുന്ന്‌ വലിയ ശബ്‌ദത്തോടെ മുന്നോട്ട്‌ വന്ന്‌ ഭയപ്പെടുത്തിയ ചേച്ചിക്കും കുടുംബത്തിനും ലഭിച്ചത്‌ സന്തോഷമായിരുന്നില്ല. ആജീവനാന്തം നീണ്ടു നില്‍ക്കുന്ന വേദനയായിരുന്നു. അവിചാരിതമായി ഭയന്ന അനുജത്തി ഹൃദയസ്‌തംഭനം വന്ന്‌ മരിച്ചപ്പോള്‍ വിഡ്‌ഢിയായത്‌ പറ്റിക്കാന്‍ ശ്രമിച്ചവര്‍ തന്നെയായിരുന്നു. അതുകൊണ്ട്‌ തന്നെ നിസാരവും രസകരവുമായ ശ്രമങ്ങള്‍ക്കപ്പുറം കടന്ന്‌ പോവാതെ മിതത്വം പുലര്‍ത്തേണ്ട ഒന്ന്‌ കൂടിയാണ്‌ വിഡ്‌ഢിദിനവുമായി ബന്ധപ്പെട്ട വിക്രിയകള്‍.
ശാസ്‌ത്രീയവും യുകതിപരവുമായ അടിസ്‌ഥാനങ്ങള്‍ ഒന്നുമില്ലാതിരുന്നിട്ട്‌ കുടി വിഡ്‌ഢിദിനത്തില്‍ സത്‌കാര്യങ്ങള്‍ തുടങ്ങാന്‍ ആളുകള്‍ മടിക്കുന്നതായും കണ്ടു വരുന്നു. വിവാഹം പോലുളള ചടങ്ങൂകള്‍, സ്‌ഥാപനങ്ങളുടെ ഉദ്‌ഘാടനങ്ങള്‍, ജോലിയില്‍ തുടക്കം കുറിക്കുന്ന സന്ദര്‍ഭങ്ങള്‍ എന്നിവയിലെല്ലാം പൊതുവെ ആളുകള്‍ വിഡ്‌ഢിദിനത്തെ മാറ്റി നിര്‍ത്താറുണ്ട്‌. അതുകൊണ്ട്‌ തന്നെ രസം പകരുന്ന ദിനം എന്നതിനപ്പുറം സൂക്ഷിക്കേണ്ട ദിനം കൂടിയാവുന്നു ഏപ്രില്‍ ഒന്ന്‌.

അപ്പനെ പറ്റിച്ച ഏപ്രില്‍ ഒന്ന്‌
ടിനി ടോം

ഒരുകാര്യത്തില്‍ ഞാനും അപ്പനും തമ്മില്‍ കടുത്ത മത്സരം നിലനിന്നിരുന്നു. ആദ്യം ആര്‌ പത്രം വായിക്കും എന്നതിന്റെ പേരില്‍ ഏറ്റുമുട്ടല്‍ പതിവായതോടെ അപ്പനിട്ടൊരു പണികൊടുക്കണമെന്ന്‌ ഞാന്‍ ഉറപ്പിച്ചു. അതിന്‌ പറ്റിയൊരു ദിവസമായി കണ്ടെത്തിയത്‌ ഏപ്രില്‍ ഒന്നാണ്‌. അബദ്ധം പറ്റിയാലും കാര്യമായ ശിക്ഷ വരില്ലല്ലോ.
അങ്ങനെ അന്നേ ദിവസം എന്നും എണീക്കുന്നതിനും മുന്‍പേ ഉണര്‍ന്ന്‌ പത്രം ഞാന്‍ കൈക്കലാക്കി. വാതിലിനുമുന്നില്‍ അപ്പന്റെ കണ്ണെത്താന്‍ പാകത്തിന്‌ പത്രത്തിന്റെ ഓരോ ഷീറ്റും ഞാന്‍ ഒട്ടിച്ചുവെച്ചു. എഴുന്നേറ്റ്‌ കണ്ണുംതിരുമ്മി നോക്കിയ അപ്പന്‌ അതെന്റെ മധുരമായ പ്രതിഷേധമാണെന്ന്‌ മനസിലായി. രൂക്ഷമായ നോട്ടത്തിനൊടുവില്‍ അപ്പന്റെ ചുണ്ടില്‍ വിരിഞ്ഞ ചിരി ഒരിക്കലും മറക്കാനാവില്ല. അതെന്നോട്‌ പൂര്‍ണമനസോടെ തോറ്റു തന്നുള്ള കീഴടങ്ങലായിരുന്നിരിക്കാം. ആദ്യം പത്രം കൈക്കലാക്കാനുള്ള മത്സരം അതോടെ അലിഞ്ഞില്ലാതെയായി.

ഏപ്രില്‍പണി കൊടുത്ത തവള
ഗിന്നസ്‌ പക്രു

പത്താം ക്‌ളാസില്‍ പഠിക്കുമ്പോഴാണ്‌ ആ സംഭവം. മുന്‍പ്‌ ആരെയും ഫൂള്‍ ആക്കി പരിചയമില്ല. വീട്ടില്‍ നിന്നുതന്നെ ഹരിശ്രീ കുറിക്കാമെന്ന ചിന്തയില്‍ ഓരോ മുഖങ്ങള്‍ മനസ്സിലിട്ട്‌ കുലുക്കി. നറുക്ക്‌ വീണത്‌ അച്‌ഛനാണ്‌. ഒരു മാസത്തെ മുന്നൊരുക്കത്തോടെയായിരുന്നു കന്നി യജ്‌ഞം.അച്‌ഛന്‌ ഈ ലോകത്ത്‌ ഏറ്റവും പേടി തവളയെയാണെന്ന്‌ എനിക്കറിയാം. പാമ്പിനെ കണ്ടാല്‍ പോലും അത്രയ്‌ക്ക് ഞെട്ടില്ല. പണികൊടുക്കാന്‍ തവളയോളം നല്ലൊരു സാധനം കിട്ടാനില്ലെന്ന്‌ അതുകൊണ്ടുതന്നെ ഉറപ്പിച്ചു. കണ്ടത്തിലിറങ്ങി അല്‌പം പ്രയാസപ്പെട്ട്‌ ഒരു മുട്ടന്‍ തവളയെ തന്നെ സംഘടിപ്പിച്ചു, ഭംഗിയായത്‌ പായ്‌ക്ക് ചെയ്‌തു. എന്റെ വക ഒരു സമ്മാനം എന്ന മുഖവുരയോടെ സ്‌നേഹത്തില്‍ പൊതിഞ്ഞ്‌ ഞാനത്‌ അച്‌ഛനുനേര്‍ക്ക്‌ നീട്ടി. സന്തോഷത്തോടെ പൊതിയഴിച്ച അച്‌ഛന്‍ ജന്മശത്രുവിന്റെ ചാട്ടം കണ്ട്‌ കുതറിമാറുന്നതിനിടയില്‍ തലയടിച്ച്‌ താഴെ വീണു. രണ്ടു സ്‌റ്റിച്ച്‌ വേണ്ടി വന്നു. ഏപ്രില്‍ ഫൂളിന്റെ തമാശയായിക്കണ്ട്‌ വലിയ വഴക്കൊന്നും പറഞ്ഞില്ലെങ്കിലും അതെനിക്കൊരു പാഠമായി. തമാശയ്‌ക്കായാലും ഒരാളെ പറ്റിക്കുകയോ കളിയാക്കുകയോ ചെയ്യുമ്പോള്‍ അതിന്റെ ഭവിഷ്യത്ത്‌ കൂടി ചിന്തിക്കാന്‍ തുടങ്ങിയത്‌ അതില്‍ പിന്നെയാണ്‌.

സ്വയം വിഡ്‌ഢിയായ ഏപ്രില്‍ ഫസ്‌റ്റ്
സുബി സുരേഷ്‌

എന്റെ വീടിന്റെ തൊട്ടടുത്താണ്‌ ശശി അങ്കിളും കുടുംബവും താമസിക്കുന്നത്‌. നായ്‌ക്കളോടുള്ള സ്‌നേഹം കാരണം വീട്ടിലൊരു അംഗത്തെപ്പോലെയാണ്‌ അവര്‍ ടോമിയേയും കണ്ടിരുന്നത്‌.എന്നെക്കാണുമ്പോള്‍ അവന്‍ വാലാട്ടുകയും കാലില്‍ നക്കി സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യും. വിദേശത്തോരു ഷോ കഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോളാണ്‌ അങ്കിളിന്റെ കാലൊടിഞ്ഞ വിവരം മമ്മി പറയുന്നത്‌. ഒന്നുപോയി കാണണമെന്ന്‌ മനസ്സില്‍ ഉറപ്പിച്ചതും കലണ്ടറിലേക്കൊന്ന്‌ നോക്കി. ഏപ്രില്‍ ഒന്നിന്‌ ഒരു വീട്ടില്‍ ചെല്ലുമ്പോള്‍ ചില മര്യാദകള്‍ വേണമല്ലോ. എന്റെ വക്രബുദ്ധി പ്രവര്‍ത്തനം ആരംഭിച്ചു. സിനിമാലയില്‍ കന്യാസ്‌ത്രീ ആയി അഭിനയിച്ചതിന്റെ കോസ്‌റ്റ്യൂം വീട്ടിലുണ്ട്‌. ആ വേഷത്തിലാണ്‌ ഞാന്‍ അങ്കിളിനെ കാണാന്‍ ചെന്നത്‌. ഒറ്റനോട്ടത്തില്‍ കാര്യം പിടികിട്ടാതെ നിന്ന അങ്കിളിനെയും ആന്റിയെയും ഏപ്രില്‍ ഫൂള്‍ എന്ന്‌ കൂകി വിളിച്ച്‌ ഞാന്‍ ടോമിക്കരികില്‍ ചെന്നു. അവിടായിരുന്നു യഥാര്‍ത്ഥ ട്വിസ്‌റ്റ്. അവനെന്നെ വീട്‌ മുഴുവനിട്ട്‌ ഓടിച്ചു. ആരുപറഞ്ഞിട്ടും അടങ്ങുന്നില്ല. ഒടുക്കം ശിരോവസ്‌ത്രം ഊരിമാറ്റാന്‍ അങ്കിള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. അതൂരിയതും ടോമി ശാന്തനായി. തൊപ്പി ഉള്‍പ്പെടെ എന്ത്‌ ആര്‌ തലയില്‍ വെച്ചാലും അവന്‍ വയലന്റ്‌ ആകുമെന്ന നഗ്നസത്യം അപ്പോള്‍ മാത്രമേ ഞാന്‍ അറിഞ്ഞുള്ളു. എല്ലാവരെയും ഞെട്ടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട്‌ ഒടുക്കം പേടിച്ചുകൂവി വീട്ടില്‍ ചെന്ന എന്നെ ഏപ്രില്‍ ഫൂള്‍ എന്ന്‌ വിളിച്ച്‌ മമ്മി കളിയാക്കാന്‍ തുടങ്ങി. ജാള്യത കൊണ്ട്‌ എന്റെ മുഖം കുനിഞ്ഞു. അതാണ്‌ ഏപ്രില്‍ ഫൂളിന്റെ രസം. പണികൊടുക്കുമ്പോള്‍ ഏതുവഴിക്കും തിരിച്ചും ഒന്ന്‌ കരുതി ഇരിക്കുന്നത്‌ നല്ലതാണ്‌.

പോസിറ്റിവിറ്റി നിറയ്‌ക്കുന്ന വിഡ്‌ഢിദിനം

ഡോ. സിജോ അലക്‌സ്
മനോരോഗവിദഗ്‌ധന്‍,
ബിലീവേഴ്‌സ് ചര്‍ച്ച്‌ മെഡിക്കല്‍ കോളേജ്‌, തിരുവല്ല

സ്വന്തം മണ്ടത്തരങ്ങളെക്കുറിച്ച്‌ ഓര്‍ത്ത്‌ ചിരിക്കാനുള്ള അവസരമാണ്‌ വിഢിദിനം. വര്‍ഷത്തിലെ മറ്റ്‌ ദിവസങ്ങളില്‍ നമ്മള്‍ എന്തായിരുന്നു ചെയ്‌തുകൊണ്ടിരുന്നതെന്നും അതിനിടയിലെ അമളികളെക്കുറിച്ചും ചിന്തിച്ചു രസിക്കാനുള്ള ദിനമായാണ്‌ പ്രശസ്‌ത എഴുത്തുകാരന്‍ മാര്‍ക്‌ ടൈ്വന്‍ പറഞ്ഞിരിക്കുന്നത്‌. ചിരിക്കുന്നതും രസിക്കുന്നതും മനസ്സില്‍ പോസിറ്റിവിറ്റി നിറയ്‌ക്കുന്ന കാര്യമാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, ഒന്നും അതിരുകടക്കരുത്‌. യുവത്വത്തിന്റെ ചോരത്തിളപ്പില്‍ നടത്തുന്ന കുസൃതികള്‍ക്ക്‌ ചിലപ്പോഴെങ്കിലും കണ്ണീരിന്റെ നനവുള്ള പര്യവസാനം ഉണ്ടായിട്ടുണ്ട്‌.
ഹോസ്‌റ്റലുകള്‍ പോലെ കൂട്ടം ചേര്‍ന്ന്‌ ആളുകള്‍ താമസിക്കുന്ന സ്‌ഥലങ്ങളില്‍, ഉള്‍വലിഞ്ഞ പ്രകൃതമുള്ളവരെ കളിയാക്കുന്നതില്‍ രസം കണ്ടെത്തും. മാനസികമായി തകര്‍ന്നുപോകുന്ന സന്ദര്‍ഭങ്ങള്‍ പോലും ഇത്തരത്തില്‍ ഉണ്ടാകാറുണ്ട്‌. യൂറോപ്യന്‍ രാജ്യങ്ങളില്‍ വിഡ്‌ഢിദിനത്തിന്റെ ഭാഗമായി ഒരാളെ പറ്റിക്കാന്‍ ശ്രമിച്ചിട്ട്‌ അയാളുടെ കണ്ണീര്‍ പൊഴിഞ്ഞാല്‍, പറ്റിക്കുന്ന വ്യക്‌തിയായിരിക്കും ഫൂള്‍ ആകുന്നത്‌.
അതുകൊണ്ട്‌ ഫണ്‍ മാത്രം ഉദ്ദേശിച്ചായിരിക്കണം വിഡ്‌ഢിദിനാഘോഷങ്ങള്‍. അവിടെ ആരുടേയും വേദന പാടില്ല.

മീട്ടു റഹ്‌മത്ത്‌ കലാം

Ads by Google
Sunday 01 Apr 2018 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW