Tuesday, June 18, 2019 Last Updated 5 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 31 Mar 2018 03.58 PM

ചെങ്കണ്ണിനെ ഭയമോ ?

''ചൂടു കാലത്ത് മിക്കവാറും എല്ലാവരിലും കണ്ടു വരുന്ന ഒരു അസുഖമാണ് ചെങ്കണ്ണ്. കാലാവസ്ഥ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവില്‍ വരുന്ന മാറ്റമാണ് ഇതു വരാനുള്ള കാരണം. ''
uploads/news/2018/03/205044/eyeredcolur310318.jpg

സാധാരണ എന്നെക്കാണാനെത്തുന്ന രോഗികള്‍ക്കൊപ്പം വരുന്നത് മാതാപിതാക്കളാണ്. എന്നാല്‍ പതിവിനു വിപരീതമായി അമ്മയെയും കൂട്ടി സ്‌കൂള്‍ യുണിഫോമില്‍ ഒരു കുട്ടി എത്തിയത് ഒരു കൗതുകമായി. സ്‌കൂള്‍ വിട്ടെത്തിയപ്പോള്‍ അമ്മയുടെ ഒരു കണ്ണ് തുറക്കാന്‍ വയ്യെന്ന പരാതിയുമായിട്ടാണ് കുട്ടി എത്തിയത്.

അവന്റെ മുഖത്തെ പരിഭ്രമം കണ്ടപ്പോള്‍ സമാധാനിപ്പിച്ചു കൊണ്ടു പറഞ്ഞു 'സാരമില്ല'. എങ്കില്‍ മരുന്ന് കൊടുക്കെന്ന് അവന്‍ പറഞ്ഞപ്പോള്‍, 'ഇതിന് പ്രത്യേകിച്ച് മരുന്നൊന്നുമില്ലെ'ന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.

കണ്ണിലൊഴിക്കാനുള്ള ഒരു ആന്റിബയോട്ടിക് അവന്റെ അമ്മയ്ക്ക് കൊടുത്തപ്പോള്‍ അവനത് തൃപ്തിയായില്ലെന്ന് എനിക്കു തോന്നി. എങ്കിലും ഒരു ഡോക്ടറാണ് പറയുന്നതെന്ന് കരുതി അവന്‍ അമ്മയെയും കൂട്ടിപ്പോയി. അവര്‍ തിരികെ എന്നെക്കാണാന്‍ എത്താഞ്ഞതു കൊണ്ട് അതു ഭേദമായെന്ന് എനിക്കുറപ്പായിരുന്നു.

അത്ര പേടിക്കേണ്ടതില്ലെങ്കിലും ചെങ്കണ്ണ് ബാധിച്ചാല്‍ ഉടന്‍ തന്നെ നേത്രരോഗവിദഗ്ധനെ കാണേണ്ടത് അത്യാവശ്യമാണ്. മറ്റേതെങ്കിലും രോഗത്തിന്റെ ലക്ഷണമായി ചെങ്കണ്ണ് വരാറുള്ളതു കൊണ്ട് തന്നെയുള്ള ചികിത്സകള്‍ ചെയ്യരുത്. കണ്ണിനു പുറമേ കാണുന്ന നേര്‍ത്ത പാടയിലുണ്ടാകുന്ന അണുബാധയാണ് ചെങ്കണ്ണ്.

കണ്‍ജക്ടിവിറ്റിസ് എന്നറിയപ്പെടുന്ന ഈ രോഗത്തിന്റെ കാരണം വൈറസാണ്. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ഇത് പകരാനുള്ള സാധ്യത ഏറെയാണ്. വൈറസിന് പെരുകാന്‍ അനുയോജ്യമായ അന്തരീക്ഷമുണ്ടാകുന്നതാണ് ചില പ്രത്യേക സമയത്ത് ഇതു വരാനുള്ള കാരണം.

മറ്റെല്ലാ രോഗത്തെയും പോലെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി കുറയുന്നതും ഒരു കാരണമായതിനാല്‍ പ്രായം ചെന്നവരില്‍ ചെങ്കണ്ണിന്റെ തീവ്രത കൂടും. വരണ്ട കാലാവസ്ഥയിലാണ് ഇതു കൂടുതലായും കണ്ടു വരുന്നത്.

രോഗം പകരുന്നത്


രോഗിയുമായി ഇടപഴകുന്നതാണ് ചെങ്കണ്ണ് വരാനുള്ള പ്രധാന കാരണം. രോഗി ഉപയോഗിക്കുന്ന ഏതൊരു വസ്തുവില്‍ നിന്നും ചെങ്കണ്ണ് പടരാം. ഉപയോഗിക്കുന്ന ടവ്വല്‍, സോപ്പ്, പാത്രങ്ങള്‍, ബെഡ്ഷീറ്റ്, പുതപ്പ് എന്നിങ്ങനെ ദൈനംദിന ഉപയോഗ വസ്തുക്കളില്‍ നിന്ന് രോഗം പകരാം.

രോഗി സംസാരിക്കുമ്പോള്‍ പുറത്തേക്ക് വരുന്ന ഉമിനീര്‍കണം, തുമ്മല്‍, ചുമ എന്നിവയിലൂടെയൊക്കെ രോഗം പകരാം. ആരോഗ്യം കുറവുള്ളവരിലാണ് ചെങ്കണ്ണ് വരാനുള്ള സാധ്യത ഏറെയുള്ളത്.

സാധാരണ ഏതൊരു രോഗിക്കും നാലഞ്ച് ദിവസം കൊണ്ട് ചെങ്കണ്ണ് മാറുമെങ്കില്‍ പ്രമേഹ രോഗികള്‍ക്ക് ആഴ്ചകളെടുക്കാം. ട്രെയിന്‍-ബസ്സ് യാത്ര, സിനിമാ തിയേറ്റര്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നൊക്കെയാണ് ചെങ്കണ്ണ് കൂടുതലായും പകരുന്നത്.

uploads/news/2018/03/205044/eyeredcolur3103181.jpg

ലക്ഷണങ്ങള്‍


കണ്ണില്‍ ചുവപ്പു നിറം കാണുന്നതാണ് ചെങ്കണ്ണിന്റെ ആദ്യ ലക്ഷണം. കണ്ണില്‍ പോള അടിഞ്ഞ് വരുന്നതും ഒരു ലക്ഷണമാണ്. അതിനു ശേഷം നീറ്റലും ചൊറിച്ചിലുമൊക്കെ വരാം. ചിലര്‍ക്ക് കണ്‍പോളകളില്‍ നീര്‍ക്കെട്ടും കണ്ടു വരാറുണ്ട്.

കണ്ണില്‍ മണല്‍ത്തരി കിടക്കുന്നത് പോലെയുള്ള കരുകരുപ്പ് ചെങ്കണ്ണിന്റെ പ്രധാന ലക്ഷണമാണ്. ഉറക്കമുണരുമ്പോള്‍ കണ്ണ് തുറക്കാന്‍ കഴിയാത്തതു പോലെ പീള കെട്ടിയിരിക്കും. നല്ല ചുവപ്പുനിറം കണ്ണിനുണ്ടാകും. കണ്ണ് അടയ്ക്കാനും തുറക്കാനും ബുദ്ധിമുട്ടുണ്ടാകും. നീര്‍ക്കെട്ട് വരുന്നത് കാരണം കണ്ണിന് നല്ല വീര്‍പ്പ് അനുഭവപ്പെടും.

ചികിത്സകള്‍ കുറവ്


ചെങ്കണ്ണ് രോഗത്തിന് പ്രത്യേക ചികിത്സകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ആന്റിബയോട്ടിക് മരുന്നുകള്‍ കണ്ണില്‍ ഒഴിക്കുക മാത്രമാണ് ഏക പോംവഴി. വൈറസ്സും ബാക്ടീരിയയുമാണ് ചെങ്കണ്ണ് വരാനുള്ള രണ്ട് കാരണങ്ങള്‍. ബാക്ടീരിയല്‍ ഇന്‍ഫക്ഷന്‍ മാറാനാണ് കണ്ണില്‍ ആന്റിബയോട്ടിക് മരുന്നുകള്‍ ഒഴിക്കുന്നത്. വൈറസ് മൂലമുള്ള ചെങ്കണ്ണ് പെട്ടെന്ന് പടര്‍ന്ന് പിടിക്കുന്നു. ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ നേത്രരോഗവിദഗ്ധനെ കാണണം.

ഇതിന്റെ വൈറസ് ജീനുകള്‍ക്ക് മാറ്റം സംഭവിക്കുന്നതു കൊണ്ട് പിന്നെയും രോഗം വരാനുള്ള സാധ്യതയുണ്ട്. ചെങ്കണ്ണ് എന്നത് മറ്റു പല നേത്ര രോഗങ്ങളുടെയും ലക്ഷണവുമാകാം. സാധാരണ നാലഞ്ചു ദിവസം കൊണ്ട് ഇത് മാറും. എങ്കിലും ഈ സമയത്ത് നല്ല വിശ്രമം ആവശ്യമാണ്.

യാത്രകള്‍ കഴിവതും കുറച്ച് കണ്ണില്‍ ഇന്‍ഫക്ഷന്‍ വരാതെ സൂക്ഷിക്കണം. കറുത്ത കണ്ണട ഉപയോഗിക്കുന്നത് മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുള്ള ഉപാധിയാണ്. കണ്ണില്‍ പൊടി പടലങ്ങള്‍ കടന്ന് കൂടുതല്‍ ഇന്‍ഫക്ഷന്‍ വരാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

ചെങ്കണ്ണ് ഭേദമായ ശേഷം കണ്ണില്‍ വേദന, പീളകെട്ടല്‍,കരുകരുപ്പ് എന്നീ ബുദ്ധിമുട്ടുകളുണ്ടായാല്‍ ഉടന്‍ തന്നെ നേത്ര രോഗ വിദഗ്ധനെ കാണേണ്ടതുണ്ട്. മറ്റേതെങ്കിലും നേത്ര രോഗത്തിന്റെ മുന്നോടിയായി ഇതു വരാനുള്ള സാധ്യത ഏറെയാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


രോഗം പടര്‍ത്തുന്ന വൈറസ്സ് ഏതാണെന്ന് കണ്ടുപിടിക്കാത്തതു കൊണ്ടു തന്നെ ചെങ്കണ്ണിന് പ്രത്യേക ചികിത്സകളൊന്നുമില്ല. രോഗം വരാതെ സൂക്ഷിക്കുക എന്നതു മാത്രമാണ് ഇതിനുള്ള പ്രതിവിധി.

1. ചെങ്കണ്ണ് രോഗികളില്‍ നിന്ന് കഴിവതും അകന്നു നിന്ന് സംസാരിക്കുക.
2. രോഗിയുമായുള്ള ശരീരസ്പര്‍ശം ഒഴിവാക്കുക.
3. ചെങ്കണ്ണ് രോഗികളുടെ കണ്ണില്‍ കൈ കൊണ്ട് തൊടരുത്.
4. യാത്രയ്ക്കിടയില്‍ ചെങ്കണ്ണ് രോഗികളെ സ്പര്‍ശിച്ചാല്‍ ഉടന്‍ കൈകള്‍ ചൂടു വെള്ളത്തില്‍ കഴുകണം.
5. രോഗി ഉപയോഗിക്കുന്ന വസ്തുക്കളില്‍ തൊടാതിരിക്കണം.
6. കുടുംബാംഗങ്ങളില്‍ നിന്നാണ് ഈ രോഗം പകരാനുള്ള സാധ്യത ഏറെയുള്ളത്. അതുകൊണ്ട് കഴിവതും പകരാതിരിക്കാന്‍ ശ്രദ്ധ കൊടുക്കണം.

വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ. ആഷാ ജയിംസ്
കണ്‍സള്‍ട്ടന്റ്
ഗ്ലോക്കോമ ആന്‍ഡ്
മെഡിക്കല്‍ റെറ്റിന

Ads by Google
Ads by Google
Loading...
TRENDING NOW