Tuesday, March 19, 2019 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 31 Mar 2018 03.33 PM

സ്‌നേഹത്തിന്റെ 60 വര്‍ഷങ്ങള്‍

''60 വര്‍ഷത്തെ വിവാഹ ജീവിതം...ഒത്തൊരുമയുടേയും സ്നേഹത്തിന്റെയും ഐശ്വര്യം നിറഞ്ഞ കുടുംബ ബന്ധത്തെക്കുറിച്ച് കെ.എം മാണിയുടെ പത്നി കുട്ടിയമ്മ.... ''
uploads/news/2018/03/205041/kuttuyammakmmani310318.jpg

കെ. എം മാണിയേയും കുട്ടിയമ്മയേയും ദൈവം ഒരുമിപ്പിച്ചിട്ട് 60 വര്‍ഷം പൂര്‍ത്തിയായി. ഇന്നും ആ സ്നേഹം പളുങ്കുപോലെ പരിശുദ്ധം. കേരള രാഷ്ര്ടീയത്തിലെ അതികായനായ കെ.എം. മാണിയുടെ വിജയചരിത്രമെഴുതുമ്പോള്‍ അതില്‍ കുട്ടിയമ്മയുടെ സ്ഥാനം വളരെ വലുതുതന്നെ.

ആറ് മക്കളും പതിമൂന്ന് കൊച്ചുമക്കളും കൊച്ചുമക്കളുടെ മക്കളുമൊക്കെയായി കാലം ഏറെ മുന്നോട്ടുപോയെങ്കിലും മാണിസാറിനിപ്പോഴും കുട്ടിയമ്മ കഴിഞ്ഞേ മറ്റാരുമുള്ളൂ. എന്ത് പ്രധാന തീരുമാനമെടുക്കുമ്പോഴും കെ.എം മാണിക്ക് കുട്ടിയമ്മയുടെ സാന്നിധ്യം നിര്‍ബന്ധവുമാണ്.

കുഞ്ഞുമാണിച്ചാ... എന്ന കുട്ടിയമ്മയുടെ സ്നേഹം നിറഞ്ഞ വിളിയിലറിയാം ആ ദാമ്പത്യത്തിന്റെ ആഴം. വിവാഹ ജീവിതത്തിന്റെ 60 വര്‍ഷം പിന്നിട്ട കെ.എം. മാണി കുട്ടിയമ്മ ദമ്പതികളുടെ വിശേഷങ്ങളിലേക്ക്...

സ്വപ്നം സത്യമായി...


ഒരു ഞായറാഴ്ച വൈകുന്നേരമാണ് പൊന്‍കുന്നത്തുള്ള എന്റെ വീട്ടിലേക്ക് കുഞ്ഞുമാണിച്ചന്റെ പെണ്ണുകാണാന്‍ വരുന്നത്. കുഞ്ഞുമാണിച്ചന് മൂന്നാമത്തെ പെണ്ണുകാണലായിരുന്നു. വരുമെന്ന് നേരത്തെ അറിയിച്ചിരുന്നതുകൊണ്ട് ഞങ്ങളെല്ലാവരും ചെറുക്കനേയും കൂട്ടരേയും പ്രതീക്ഷിച്ചിരുന്നു.

ഹാഫ് സാരിയായിരുന്നു എന്റെ വേഷം. അദ്ദേഹം മുറ്റത്തേക്ക് കയറിവരുമ്പോള്‍ ആറ് മാസം പ്രായമുള്ള എന്റെ ഇളയ അനുജന്‍ ബാബുവിനേയും ഒക്കത്തുവച്ച് ഞാന്‍ നില്‍ക്കുന്നതാണ് കാണുന്നത്.

എനിക്ക് കെട്ടാന്‍ പോകുന്ന ചെറുക്കനെക്കുറിച്ച് ചില ആഗ്രഹങ്ങളൊക്കെയുണ്ടായിരുന്നു. മീശക്കാരനായിരിക്കണം, വക്കീലായിരിക്കണം, സുന്ദരനായിരിക്കണം എന്നൊക്കെ.

എന്തായാലും എന്റെ ആ മൂന്ന് ആഗ്രഹവും ഒത്തുവന്നു എന്നത് ആശ്ചര്യം തന്നെയായിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന അദ്ദേഹം അന്ന് കെ.പി.സി.സി മെമ്പറും കോട്ടയം ഡി.സി.സി സെക്രട്ടറിയും പാലായിലെ പ്രശസ്ത അഭിഭാഷകനുമായിരുന്നു.

ദൈവം കോര്‍ത്തിണക്കിയ ബന്ധം


മരങ്ങാട്ടുപള്ളി സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ വച്ച് 1957 നവംബര്‍ 28 നായിരുന്നു ഞങ്ങളുടെ വിവാഹം. അന്ന് കുഞ്ഞുമാണിച്ചന് 25 വയസാണ് പ്രായം. എനിക്ക് ഇരുപത്തിരണ്ടും. 60 വര്‍ഷം കഴിഞ്ഞു ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട്.

ഇക്കഴിഞ്ഞ വിവാഹ വാര്‍ഷിക ദിനത്തിലും എല്ലാത്തവണത്തേയുംപോലെ മാണി സാര്‍ എനിക്കൊരു സമ്മാനം വാങ്ങിവച്ചിരുന്നു. ഒരിക്കലും അക്കാര്യത്തില്‍ അദ്ദേഹം മുടക്കുവരുത്തിയിട്ടില്ല. വിവാഹശേഷം അഞ്ചു വര്‍ഷം മരങ്ങാട്ടുപള്ളിയിലെ തറവാട്ടിലായിരുന്നു താമസം. പിന്നീടാണ് പാലായില്‍ വീട് വച്ച് മാറിയത്.

uploads/news/2018/03/205041/kuttuyammakmmani310318a.jpg

സ്‌നേഹത്തിന്റെ കൈയൊപ്പ്...


ഞങ്ങള്‍ തമ്മില്‍ ഒരിക്കല്‍ പോലും പിണങ്ങിയിട്ടും വഴക്കിട്ടിട്ടുമില്ല. ഒരിക്കല്‍പോലും അദ്ദേഹം എന്റെ നേരെ മുഖം കറുപ്പിച്ചിട്ടുമില്ല. പക്ഷേ വിവാഹം കഴിഞ്ഞ് എന്നെ തനിച്ചാക്കി പോകുന്നതിന് അമ്മച്ചിയുടെ കൈയില്‍നിന്ന് കുഞ്ഞുമാണിച്ചന് കണക്കിന് വഴക്ക് കിട്ടിയിട്ടുണ്ട്. അദ്ദേഹം രാവിലെ പാലായ്ക്ക് പോകും. ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ പാതിരാത്രിയാകും.

ഞാന്‍ അതുവരെ കാത്തിരിക്കും. ഇത് പതിവായപ്പോള്‍ അമ്മച്ചി വഴക്കുപറയാന്‍ തുടങ്ങി. പിന്നെ താമസിച്ചുവരുന്ന ദിവസങ്ങളില്‍ പിന്നിലെ വാതിലുവഴി ശബ്ദമുണ്ടാക്കാതെ അകത്തുകയറി ഭക്ഷണം കഴിച്ച് കിടന്നുറങ്ങും.

പ്രാര്‍ഥനപോലെ കുടുംബം....


കുഞ്ഞുമാണിച്ചന് വീട്ടിലേക്ക് വരുന്നത് വലിയ ആശ്വാസമാണ്. എന്ത് തിരക്കുണ്ടെങ്കിലും കഴിയുന്നതും വീട്ടിലേക്ക് വരും. ഞങ്ങളോടൊപ്പം സമയം ചെലവഴിക്കും. എന്ത് പ്രയാസം വന്നാലും എന്നോടത് പങ്കിടാറുണ്ട്. രാഷ്ട്രീയ പ്രതിസന്ധിയില്‍ തളര്‍ന്നുപോയ കെ. എം മാണിയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.

ഞായറാഴ്ചകളില്‍ ഒരുമിച്ച് പള്ളിയില്‍ പോകും. വര്‍ഷത്തില്‍ ഒരുപ്രാവശ്യം വേളാങ്കണ്ണിയിലും പോട്ടയിലും പോയി ധ്യാനംകൂടും. എന്നും ഞങ്ങളുടെ കൂടെ വീട്ടിലെ പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ അദ്ദേഹം മറക്കാറില്ല. അതുപോലെ എല്ലാവരോടും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കണമെന്നും നിര്‍ബന്ധമാണ്.

മക്കളെ നല്ലവരായി വളര്‍ത്തി നല്ല നിലയില്‍ എത്തിക്കണമെന്ന് മാത്രമേ എന്നോട് ആവശ്യപ്പെട്ടിട്ടുള്ളൂ. ഞാനത് ചെയ്യുകയും ചെയ്തു. നല്ല രാഷ്ട്രീയക്കാരന്‍ മാത്രമല്ല നല്ല ഗൃഹനാഥന്‍ കൂടിയാണ് അദ്ദേഹം.

എന്നും ഒപ്പമുണ്ടാവണം...


കുഞ്ഞുമാണിച്ചന് എന്ത് പ്രധാനപ്പെട്ട തീരുമാനമെടുക്കുമ്പോഴും ഞാന്‍ കൂടെയുണ്ടാവണമെന്ന് നിര്‍ബന്ധമാണ്. 2015 ല്‍ രാജി വയ്ക്കാന്‍ തീരുമാനിച്ച സമയത്ത് എന്നോട് തിരുവനന്തപുരത്തേക്ക് ചെല്ലാന്‍ പറഞ്ഞു. അന്നെനിക്ക് അറിയില്ലായിരുന്നു അദ്ദേഹം അങ്ങനൊരു തീരുമാനമെടുത്തിട്ടുണ്ടായിരുന്നു എന്ന്.

ഞാന്‍ പോകാന്‍ തയാറായി കാറില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ വീട്ടില്‍ കൂടിയിരുന്ന മാധ്യമപ്രവര്‍ത്തകരെല്ലാം എന്നോട് ചോദിച്ചു മാണി സാറിന്റെ തീരുമാനമെന്താണ്. അദ്ദേഹം രാജി വയ്ക്കുമോ എന്നൊക്കെ. ഞാന്‍ തിരുവനന്തപുരത്തെത്തിക്കഴിഞ്ഞായിരുന്നു രാജി.

ഇപ്പോഴും എവിടെയെങ്കിലും പോയാല്‍ കൂടെക്കൂടെ വിളിച്ച് അന്വേഷിക്കാറുണ്ട്. ദൈവാനുഗ്രഹം കൊണ്ടാണ് ഇത്രനല്ല ഒരാളുടെയൊപ്പം ജീവിതം ലഭിച്ചത്്. അതിന് ജഗദീശ്വരനോട് നന്ദി പറയുന്നു.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW