Saturday, April 20, 2019 Last Updated 16 Min 0 Sec ago English Edition
Todays E paper
Ads by Google
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
Saturday 31 Mar 2018 03.27 PM

തനിക്ക് കാന്‍സര്‍ ആണെന്ന് വിശ്വസിച്ച് അയാള്‍ ആശുപത്രികള്‍ മാറിനടന്ന് പരിശോധന നടത്തി... ഉറ്റ സുഹൃത്തിന്റെ മരണം പ്രസാദിനെ ഹൈപ്പോ കോണ്‍ട്രിയാസിസില്‍ എത്തിച്ചത് ഇങ്ങനെ..

''സുഹൃത്തിന്റെ മരണശേഷം സ്വന്തം കുഞ്ഞുങ്ങളെ കൊഞ്ചിക്കാനുള്ള താല്‍പര്യംപോലും ഇല്ലാതായി.''
uploads/news/2018/03/205039/Weeklymanolokam310318.jpg

സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം ഒരുപാടു പേര്‍ എന്നെ കാണാന്‍ വന്നിട്ടുണ്ടെങ്കിലും പെരുമ്പാവൂരില്‍ നിന്നു വന്ന പ്രസാദിനെ ഞാന്‍ മറക്കില്ല.
ഒരു ശനിയാഴ്ച ദിവസം.

ഒച്ചവച്ച് ഓടിക്കളിക്കുന്ന കുട്ടികളുടെ ശബ്ദം കേട്ടാണ് ഞാന്‍ പുറത്തേക്കു നോക്കിയത്. മൂന്നു വയസ് തോന്നിക്കുന്ന രണ്ട് ആണ്‍കുഞ്ഞുങ്ങള്‍... അവരെ അടക്കിനിര്‍ത്താന്‍ ശ്രമിക്കുന്ന അമ്മ...
അവിടെയിരുന്ന പലരും ആ അമ്മയെയും കുഞ്ഞുങ്ങളെയുമാണു ശ്രദ്ധിച്ചത്.

പക്ഷേ ഇത്രയൊക്കെ ബഹളം കേട്ടിട്ടും അതൊന്നും ഗൗനിക്കാതെ ഒരു യുവാവ് അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അത് ആ കുട്ടികളുടെ അച്ഛനാണെന്നു ഞാനറിഞ്ഞത് അവര്‍ കണ്‍സള്‍ട്ടിങ് റൂമിലെത്തിയപ്പോഴാണ്.

ഭാര്യ ഗീതയുടെ നിര്‍ബന്ധംകൊണ്ടാണു പ്രസാദ് വന്നത്. അയാളുടെ മുഖത്ത് ഭയം നിഴലിച്ചിരുന്നു. അതിന്റെ കാരണം ചോദിച്ചപ്പോള്‍ ഗീത ചില കാര്യങ്ങള്‍ പറഞ്ഞു.
പ്രസാദും ശിവനും കുട്ടിക്കാലം മുതല്‍ ഒന്നിച്ച് കളിച്ചുവളര്‍ന്നവരാണ്. രണ്ടുപേരും പഠിച്ചതും ജോലിചെയ്തതും വിവാഹം കഴിച്ചതുമെല്ലാം ഒരുപോലെ. ഇരുവരും സ്ഥലം വാങ്ങി വീടു പണിതതും തൊട്ടടുത്താണ്.

ഗീതയ്ക്കും ശിവന്റെ ഭാര്യ സന്ധ്യയ്ക്കും ഇരട്ടക്കുട്ടികളാണു പിറന്നത്. കളിചിരികളുമായി ജീവിതം മുന്നോട്ടു പോകുമ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യമറിഞ്ഞത്. ശിവനെ കാന്‍സര്‍ ബാധിച്ചിരിക്കുന്നു!

രണ്ടുതവണ റേഡിയേഷന്‍ കഴിഞ്ഞപ്പോഴേക്കും അയാളെ മരണം കവര്‍ന്നു. തുടര്‍ന്ന് സന്ധ്യയെയും കുട്ടികളെയും അവളുടെ വീട്ടുകാര്‍ വന്ന് കൂട്ടിക്കൊണ്ടു പോയി. അന്നുമുതല്‍ അവരുടെ വീട് അനാഥമായി കിടന്നു. ഉറ്റചങ്ങാതിയുടെ വേര്‍പാട് പ്രസാദിനു താങ്ങാനായില്ല.

എപ്പോഴും തമാശ പറഞ്ഞിരുന്ന അയാള്‍ വല്ലാതെ മൗനിയായി. ഒന്നിനും ഒരു ഉത്സാഹവുമില്ല.
''ജോലികഴിഞ്ഞു വന്നാല്‍ പ്രസാദേട്ടന്‍ പൂട്ടിക്കിടക്കുന്ന ആ വീട്ടിലേക്കു നോക്കിനില്‍ക്കും. ക്രമേണ അവിടെനിന്ന് എങ്ങോട്ടും മാറാതായി. ഞാന്‍ ഏറെ നിര്‍ബന്ധിച്ചിട്ടാണ് ജോലിക്കുപോലും പോയിരുന്നത്. എന്നാല്‍ രണ്ടുമൂന്ന് ആഴ്ചകളായി ഓഫീസില്‍ പോകാന്‍ വല്ലാത്ത ഉത്സാഹം കാണിക്കുന്നു.

ഏട്ടന്റെ സങ്കടമൊക്കെ മാറിയെന്നാണ് ഞാന്‍ വിചാരിച്ചത്. എന്നാല്‍, സഹപ്രവര്‍ത്തകന്‍ വീട്ടിലേക്കു ഫോണ്‍ ചെയ്തപ്പോഴാണ് പ്രസാദേട്ടന്‍ കുറച്ച് ദിവസമായി ഓഫീസില്‍ ചെല്ലുന്നില്ലെന്ന് ഞാനറിഞ്ഞത്.''
ഗീത വേദനയോടെ പറഞ്ഞു.

ഇക്കാര്യം ചോദിക്കണമെന്ന് അവള്‍ തീരുമാനിച്ചെങ്കിലും വൈകിട്ട് വീട്ടിലെത്തിയ പ്രസാദ് അലമാരയില്‍ എന്തോ വച്ചിട്ട് ഒന്നും പറയാതെ കയറിക്കിടന്നു.
അയാള്‍ ഉറങ്ങിയപ്പോള്‍ ഗീത അലമാരയില്‍നിന്ന് കവറെടുത്തു നോക്കി. അതില്‍ നിറയെ പല ഹോസ്പിറ്റലുകളിലെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ലാബ് റിപ്പോര്‍ട്ടുകളുമായിരുന്നു.

അടുത്ത ദിവസം ഇതേക്കുറിച്ചൊന്നും അവള്‍ പ്രസാദിനോടു ചോദിച്ചില്ല. കുഞ്ഞുങ്ങളെ അടുത്ത വീട്ടിലേല്‍പ്പിച്ചിട്ട് അവള്‍ ഒരു ഹോസ്പിറ്റലില്‍ പോയി കവറിലുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍ കാണിച്ചു. അപ്പോഴാണ് അവ കാന്‍സര്‍ ടെസ്റ്റ് ചെയ്തതിന്റെ റിപ്പോര്‍ട്ടുകളാണെന്നു മനസിലായത്.

''അന്നു വൈകിട്ട് ഏട്ടനോടു ഞാന്‍ അതേക്കുറിച്ചു ചോദിച്ചു. ആദ്യം തട്ടിക്കയറിയെങ്കിലും ഒടുവില്‍ എല്ലാം ഏട്ടനെന്നോടു തുറന്നുപറഞ്ഞു.

ശിവേട്ടന്‍ കാന്‍സര്‍ ബാധിച്ചു മരിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ നിഴല്‍പോലെ നടന്ന തനിക്കും കാന്‍സര്‍ വരുമോ എന്ന് പ്രസാദേട്ടന്‍ പേടിച്ചു. അതുകൊണ്ട് തൊട്ടടുത്ത ഹോസ്പിറ്റലില്‍ പോയി പരിശോധിപ്പിച്ചു. കാന്‍സറില്ലെന്നായിരുന്നു അവിടെനിന്നു കിട്ടിയ റിപ്പോര്‍ട്ട്.

എന്നാല്‍ ഡോക്ടര്‍മാര്‍ക്കും തെറ്റുപറ്റാമല്ലോ എന്ന ധാരണയില്‍ വേറൊരിടത്തു പോയി വീണ്ടും പരിശോധിപ്പിച്ചു. അങ്ങനെ ഹോസ്പിറ്റലുകള്‍ തോറും നടന്നു. ഒരിടത്തും കാന്‍സറുണ്ടെന്നു പറഞ്ഞില്ല. പക്ഷേ തന്റെ ശരീരത്തെ കാന്‍സര്‍ ബാധിച്ചിട്ടുണ്ടെന്ന് പ്രസാദേട്ടന്‍ വിശ്വസിക്കുന്നു. എന്നെയും മക്കളെയും വിട്ടുപോകണമല്ലോ എന്നുപറഞ്ഞ് എപ്പോഴും സങ്കടപ്പെടുന്നു...''
ഇതു പറയുമ്പോള്‍ ഗീതയുടെ കണ്ണുകളും നിറഞ്ഞു.

സുഹൃത്തിന്റെ മരണശേഷം സ്വന്തം കുഞ്ഞുങ്ങളെ കൊഞ്ചിക്കാനുള്ള താല്‍പര്യംപോലും പ്രസാദിന് ഇല്ലാതായെന്നാണ് അവള്‍ പറഞ്ഞത്. കുട്ടികള്‍ അടൂത്തേക്കു ചെല്ലുമ്പോഴെല്ലാം അയാള്‍ ഒഴിഞ്ഞുമാറുമത്രേ. ലക്ഷണങ്ങള്‍ കേട്ടപ്പോള്‍ 'ഹൈപ്പോ കോണ്‍ട്രിയാസിസ്' എന്ന രോഗത്തിന് പ്രസാദ് അടിമപ്പെട്ടിരിക്കുകയാണെന്ന് എനിക്കു മനസിലായി. ഇല്ലാത്ത അസുഖം ഉണ്ടെന്ന തോന്നലാണ് ഇതിന്റെ പ്രത്യേകത.

ഭര്‍ത്താവിനെ സ്‌നേഹിക്കുന്ന ഗീതയ്ക്കും നിഷ്‌കളങ്കമായ ചിരിയോടെ അവരുടെ ബാഗില്‍നിന്നു ബിസ്‌ക്കറ്റെടുത്തു കഴിക്കുന്ന കുഞ്ഞുങ്ങള്‍ക്കും പ്രസാദിനെ തിരിച്ചുകൊടുക്കണമെന്ന് ഞാന്‍ ഉറച്ചു. അടുത്തദിവസംതന്നെ അയാളുടെ ട്രീറ്റ്‌മെന്റും തുടങ്ങി.

ആദ്യഘട്ടത്തില്‍ അസുഖത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ഇരുവരെയും പറഞ്ഞുമനസിലാക്കി. അസുഖമുണ്ടെന്ന വിചാരംകൊണ്ട് മനസിനെ ബാധിച്ച വിഷാദരോഗം മാറാന്‍ മരുന്നുകള്‍ നല്‍കി. ഒന്നര മാസംകൊണ്ട് പ്രസാദ് പുതിയൊരു മനുഷ്യനായി മാറി.

മറ്റൊരു സ്ഥലത്തേക്ക് താമസം മാറിയ അയാളും കുടംബവും ഇപ്പോള്‍ സന്തോഷത്തോടെ ജീവിക്കുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW