Friday, June 14, 2019 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 29 Mar 2018 04.03 PM

ഞങ്ങളെ വേണ്ടത്തവനെ എനിക്കും വേണ്ട, സ്വന്തം രക്തത്തെ തിരിച്ചറിയാന്‍ കഴിയാത്ത സനൂപിനെ മനസ്സില്‍ നിന്നും പടിയിറക്കാന്‍ സംഗീതയ്ക്ക് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല

''മാസം തികയാതെ ഞാന്‍ പ്രസവിച്ചു. എന്നെയോ കുഞ്ഞിനെയോ കാണാന്‍ അദ്ദേഹമോ വീട്ടുകാരോ ഒരിക്കല്‍പ്പോലും വന്നില്ല.''
uploads/news/2018/03/204753/Weeklyfamilycourt290318a.jpg

എല്ലാവരെയുംപോലെ സന്തോഷകരമായ ഒരു വിവാഹജീവിതമാണ് സംഗീതയും സ്വപ്നം കണ്ടത്. എന്നാല്‍ ഭര്‍ത്താവിനൊപ്പമുള്ള നാളുകള്‍ അവള്‍ക്ക് പേടിസ്വപ്നമായിരുന്നു. കരിനിഴല്‍ വീണ തന്റെ ജീവിതാനുഭവങ്ങള്‍ അവള്‍ പറഞ്ഞതിങ്ങനെ:

''ഞാന്‍ പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ അച്ഛന്‍ ഒരു വാഹനാപകടത്തില്‍ മരിച്ചു. അതിനുശേഷം ഒരുപാടു കഷ്ടപ്പെട്ടാണ് അമ്മ എന്നെയും രണ്ടു ചേച്ചിമാരെയും വളര്‍ത്തിയത്. സമയമായപ്പോള്‍ എല്ലാവരുടെയും സഹായത്താല്‍ ചേച്ചിമാരെ വിവാഹം കഴിപ്പിച്ചു.

ഇഷ്ടമുള്ളപ്പോഴൊക്കെ അമ്മയ്ക്കു കാണാം എന്ന വിചാരത്തില്‍ അടുത്ത പ്രദേശങ്ങളിലേക്കാണ് അവരെ കെട്ടിച്ചയച്ചത്.
അറിയാവുന്ന ഒരാളെക്കൊണ്ട് എന്നെയും വിവാഹം കഴിപ്പിക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. എന്നാല്‍ ആലോചനകളെല്ലാം ജാതകപ്പൊരുത്തത്തിന്റെ പേരില്‍ മുടങ്ങിപ്പോയി.

ആ സമയത്താണ് ഒരു ബ്രോക്കര്‍ വഴി ദുബായില്‍ ജോലിയുളള സനൂപേട്ടന്റെ ആലോചന വന്നത്. കാണാന്‍ നല്ല ചെറുപ്പക്കാരന്‍... നല്ല ജോലി... വിവാഹശേഷം എന്നെയും അദ്ദേഹത്തോടൊപ്പം കൊണ്ടുപോകുമെന്ന് വാഗ്ദാനം...

ഇതൊക്കെ കേട്ടപ്പോള്‍ എല്ലാവരും സമ്മതിച്ചു. അങ്ങനെ 15 പവന്‍ സ്വര്‍ണവും ഒരുലക്ഷം രൂപയും സ്ത്രീധനമായി തന്ന് വിവാഹം നടത്തി.

പിന്നീടാണ് സനൂപേട്ടന്റെ യഥാര്‍ത്ഥ സ്വഭാവം പുറത്തുവന്നത്. മറ്റുളളവരോടു സംസാരിക്കാന്‍ അദ്ദേഹം എന്നെ അനുവദിച്ചില്ല. എനിക്കുണ്ടായിരുന്ന ജോലിയില്‍ തുടരാനും സമ്മതിച്ചില്ല. സംസാരത്തില്‍നിന്നും പെരുമാറ്റത്തില്‍നിന്നും അദ്ദേഹം ഒരു സംശയരോഗിയാണെന്ന് എനിക്കു മനസിലായി.

വിവാഹത്തിന്റെ നാലാംനാള്‍ വിരുന്നിനുപോയി തിരികെയെത്തിയപ്പോള്‍, എന്റെ അമ്മയുടെ പേരിലുളള വീടും സ്ഥലവും അദ്ദേഹത്തിന്റെ പേരില്‍ എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു.

വീട്ടിലെ ഇളയ ആളിനാണ് കുടുംബസ്വത്തിന് അവകാശമെന്നാണ് അതിനു പറഞ്ഞ ന്യായം. ആകെയുളള ഭൂമി എഴുതിക്കൊടുത്താല്‍ അദ്ദേഹം അമ്മയെ അവിടെനിന്ന് ഇറക്കിവിടില്ലെന്ന് എന്താണുറപ്പ്?

അതുകൊണ്ട് ഞാനതിനെ ശക്തമായി എതിര്‍ത്തു. അതിന്റെ പേരില്‍ എന്നെ ഒരുപാട് ഉപദ്രവിച്ചെങ്കിലും മറ്റുളളവരുടെ മുമ്പില്‍ അദ്ദേഹത്തെ തരംതാഴ്‌ത്തേണ്ടെന്നു കരുതി ഇക്കാര്യം ഞാന്‍ ആരെയും അറിയിച്ചില്ല. എന്നെക്കാളേറെ അദ്ദേഹം സ മ്പത്തിനെയാണു സ്‌നേഹിക്കുന്നതെന്ന് എനിക്കു മനസിലായി.

ഒരിക്കല്‍ മദ്യപിച്ചെത്തിയ സനൂപേട്ടന്‍, മൃഗത്തെ എന്നപോലെ എന്നെ ശാരീരികമായി ഉപദ്രവിച്ചു. അതിനുശേഷം അദ്ദേഹത്തോടൊപ്പമുളള ഓരോ നിമിഷവും എനിക്കു ഭയമായിരുന്നു. മൂന്നുമാസത്തെ അവധികഴിഞ്ഞ് അദ്ദേഹം ഗള്‍ഫിലേക്കു മടങ്ങി.

അപ്പോഴേക്കും എന്റെയുളളില്‍ ഒരു ജീവന്‍ തുടിച്ചു തുടങ്ങിയിരുന്നു. കഴിഞ്ഞതെല്ലാം മറന്ന് ആ സന്തോഷവാര്‍ത്ത ഞാന്‍ അറിയിച്ചെങ്കിലും അദ്ദേഹത്തിന് ഭാവഭേദമൊന്നും ഉണ്ടായില്ല. ഇടയ്ക്കു ഫോണില്‍ വിളിക്കുമെങ്കിലും ഒരു ഭാര്യയെന്ന നിലയിലുള്ള സ്‌നേഹമോ പരിഗണനയോ എനിക്കു തന്നിട്ടില്ല.

ആറുമാസത്തിനുശേഷം അദ്ദേഹം വീണ്ടും നാട്ടിലെത്തി. അമ്മ തലചുറ്റി വീണതിനെത്തുടര്‍ന്ന് എനിക്കന്ന് എന്റെ വീട്ടിലേക്കു പോകേണ്ടിവന്നു. അമ്മയെ കാണാന്‍ സനൂപേട്ടന്‍ വന്നപ്പോള്‍ അവിടെ മൂത്തചേച്ചിയുടെ ഭര്‍ത്താവുമുണ്ടായിരുന്നു.

അതുകണ്ട് സനൂപേട്ടന്‍ കോപാകുലനായി. ചേച്ചിയുടെ ഭര്‍ത്താവുമായി എനിക്കു തെറ്റായ ബന്ധമുണ്ടെന്ന് എല്ലാവരുടെയും മുന്നില്‍വച്ച് അദ്ദേഹം പറഞ്ഞു. എന്റെ വയറ്റില്‍ വളരുന്ന കുഞ്ഞ് തന്റേതല്ലെന്നും വിളിച്ചുകൂവി.

സനൂപേട്ടന്‍ അങ്ങനെയൊക്കെ പറയുമെന്ന് എന്റെ വീട്ടുകാര്‍ക്ക് വിശ്വസിക്കാന്‍പോലും കഴിയുമായിരുന്നില്ല. എന്തായാലും, സ്വന്തം കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാത്ത ഭര്‍ത്താവിനെ വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. അന്നുവരെ അനുഭവിച്ച എല്ലാവിഷമതകളും വീട്ടുകാരോട് തുറന്നു പറയുകയും ചെയ്തു.

മനസ് തകര്‍ന്ന എനിക്ക്, ആ ഷോക്കില്‍ പെട്ടെന്ന് പെയിനുണ്ടായി. മാസം തികയാതെ ഞാന്‍ പ്രസവിച്ചു. എന്നെയോ കുഞ്ഞിനെയോ കാണാന്‍ അദ്ദേഹമോ വീട്ടുകാരോ ഇതിനിടെ ഒരിക്കല്‍പ്പോലും വന്നില്ല.

ഞങ്ങളെ വേണ്ടാത്ത ആ മനുഷ്യനെ എനിക്കും കുഞ്ഞിനും ഇനി വേണ്ട. എന്റെ വീട്ടുകാര്‍ തന്നയച്ച സ്വര്‍ണവും പണവും എനിക്കു തിരിച്ചുകിട്ടണം...'' ഉറച്ചസ്വരത്തില്‍ സംഗീത പറഞ്ഞു.

ഇരുകക്ഷികളുടെയും വാദം കേട്ടശേഷം സംഗീതയ്ക്ക് അവകാശപ്പെട്ട സ്വര്‍ണവും പണവും നല്‍കാന്‍ കോടതി ഉത്തരവിട്ടു.

Ads by Google
Thursday 29 Mar 2018 04.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW