Sunday, September 16, 2018 Last Updated 7 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Mar 2018 03.57 PM

ആര്‍ത്തവവിരാമത്തില്‍ പാരമ്പര്യം ഒരു ഘടകമാണോ? ശാരീരിക മാറ്റങ്ങളിലൂടെ ആര്‍ത്തവവിരാമം നേരത്തെ അറിയാന്‍ കഴിയുമോ?

''പലര്‍ക്കും സംശയങ്ങള്‍ ഡോക്ടറോടു തുറന്നു ചോദിക്കാന്‍ മടിയാണ്. അത്തരം സംശയങ്ങളെ ഒഴിവാക്കി ആകുലതകളില്ലാത്ത ആര്‍ത്തവവിരാമ ഘട്ടത്തിനായി തയാറെടുക്കാം''
uploads/news/2018/03/204443/priedsproblmsaskdr280318.jpg

ആര്‍ത്തവവിരാമത്തിന് മുമ്പും ശേഷവും സ്ത്രീകള്‍ക്ക് നിരവധി സംശയങ്ങള്‍ ഉണ്ടാകാം. പലര്‍ക്കും സംശയങ്ങള്‍ ഡോക്ടറോടു തുറന്നു ചോദിക്കാന്‍ മടിയാണ്. അത്തരം സംശയങ്ങളെ ഒഴിവാക്കി ആകുലതകളില്ലാത്ത ആര്‍ത്തവവിരാമ ഘട്ടത്തിനായി തയാറെടുക്കാം.

അമിത വിയര്‍പ്പ്


51 വയസ്. രണ്ടു മാസം മുമ്പ് ആര്‍ത്തവം നിലച്ചു. ഇപ്പോള്‍ അമിതവിയര്‍പ്പ് അനുഭവപ്പെടുന്നു. ഇത് ആര്‍ത്തവവിരാമമാണോ? ഇടയ്ക്കിടെ അടിവയറ്റില്‍ കഠിനമായ വേദന അനുഭവപ്പെടുന്നുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ വേദന അനുഭവപ്പെടുന്നത്. ആര്‍ത്തവവിരാമത്തിന്റെ മുന്നോടിയായി വേദന സ്വാഭാവികമാണോ?

------ഇന്ത്യപോലുള്ള ഒരു വികസ്വര രാജ്യത്ത് ആര്‍ത്തവവിരാമം സംഭവിക്കുന്നതിനുള്ള ശരാശരി പ്രായം 50 വയസായി കണക്കാക്കപ്പെടുന്നു. ദരിദ്ര രാജ്യങ്ങളില്‍ ഇത് 45 വയസാണ്. നിങ്ങളുടെ കാര്യത്തില്‍ ആര്‍ത്തവം നിലച്ചിട്ട് രണ്ടുമാസം മാത്രം ആയതുകൊണ്ട് ഇത് ആര്‍ത്തവവിരാമമാണെന്ന് കണക്കാക്കാന്‍ കഴിയില്ല.

തുടര്‍ച്ചയായി ഒരു വര്‍ഷംവരെ ആര്‍ത്തവം വരാതിരുന്നാല്‍ മാത്രമേ ആര്‍ത്തവവിരാമമായി കണക്കാക്കാന്‍ കഴിയൂ. എന്നാല്‍ അമിത വിയര്‍പ്പ് അനുഭവപ്പെടുന്നത് ആര്‍ത്തവവിരാമം അടുക്കാറായി എന്നതിന്റെ ലക്ഷണമാണ്. അടിവയറ്റില്‍ ഉണ്ടാകുന്ന വേദന ആര്‍ത്തവവിരാമത്തിന്റെ ലക്ഷണമല്ല. ആര്‍ത്തവവിരാമത്തിനു മുമ്പ് അടിവയറ്റില്‍ ഉണ്ടാകുന്ന വേദന സ്വാഭാവികമല്ല. അണുബാധയോ മറ്റെന്തെങ്കിലും രോഗങ്ങളോ ആയിരിക്കും ഇതിനു കാരണം. അതിനാല്‍ എന്തെങ്കിലുംരോഗങ്ങള്‍ ഉണ്ടോയെന്നു ഡോക്ടറെ കണ്ടു പരിശോധിക്കുക.

എല്ലുകള്‍ക്ക് ആര്‍ത്തവവിരാമത്തില്‍ തേയ്മാനം ഉണ്ടാകുന്നതുമൂലം ഈ സമയത്ത് നടുവേദന സ്വാഭാവികമാണ്. ശരീരത്തില്‍ കാത്സ്യത്തിന്റെ അളവ് കുറയുന്നതിനാല്‍ അസ്ഥികള്‍ക്ക് ബലക്ഷയം സംഭവിക്കുന്നതാണ് ഇതിനു കാരണം. സ്ത്രീകള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കാല്‍സ്യം ഗുളികകള്‍ 35 വയസു മുതല്‍ കഴിച്ചു തുടങ്ങുന്നതിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ പരമാവധി കുറയ്ക്കാവുന്നതാണ്.

മൂത്രത്തില്‍ കല്ലുള്ളവര്‍ കാല്‍സ്യം ഗുളികകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. മുള്ളോടെ കഴിക്കാവുന്ന മത്സ്യങ്ങളില്‍നിന്നു കാല്‍സ്യം സ്വാഭാവികമായി ലഭിക്കും.

പാരമ്പര്യഘടകം


വീട്ടമ്മയാണ്. 48 വയസ്. രണ്ടു പെണ്‍കുട്ടികളുടെ അമ്മയുമാണ്. എന്റെ അമ്മയ്ക്ക് 50 വയസില്‍ ആര്‍ത്തവവിരാമം സംഭവിച്ചു. എനിക്കും ഇതേ പ്രായത്തില്‍ ആര്‍ത്തവവിരാമം സംഭവിക്കാന്‍ സാധ്യതയുണ്ടോ? ആര്‍ത്തവവിരാമത്തില്‍ പാരമ്പര്യം ഒരു ഘടകമാണോ? ശാരീരിക മാറ്റങ്ങളിലൂടെ ആര്‍ത്തവവിരാമം നേരത്തെ അറിയാന്‍ കഴിയുമോ?

-----പാരമ്പര്യം ആര്‍ത്തവവിരാമത്തില്‍ ചെറിയ ഒരു ഘടകം മാത്രമാണ്. ഹോര്‍മോണ്‍ വ്യതിയാനമാണ് ആര്‍ത്തവവിരാമത്തിനു മുന്നോടിയായി ശരീരത്തില്‍ ആദ്യം നടക്കുന്ന പ്രക്രിയ. ആര്‍ത്തവവിരാമത്തിന് 10 വര്‍ഷംമുമ്പ് തന്നെ അതിനായുള്ള ഒരുക്കങ്ങള്‍ ശരീരത്ത് ആരംഭിക്കുന്നു. പെരിമെനോപ്പോസ് ഘട്ടമാണിത്.

പ്രമേഹം ഉള്ളര്‍, കാന്‍സര്‍ രോഗ ചികിത്സ എന്നിവയെല്ലാം ആര്‍ത്തവം നേരത്തെ നിലയ്ക്കുന്നതിനുള്ള കാരണങ്ങളാണ്. മാത്രമല്ല അമ്മ ജീവിച്ച സാമ്പത്തിക സാമൂഹ്യ ചുറ്റുപാടിലായിരിക്കില്ല മക്കള്‍ ജീവിക്കുന്നത് അതുകൊണ്ട് ഓരോരുത്തരിലും ആര്‍ത്തവവിരാമം സംഭവിക്കുന്നതില്‍ വ്യത്യാസം ഉണ്ടാകാം. ജീവിത സാഹചര്യങ്ങളാണ്് ആര്‍ത്തവവിരാമം നിര്‍ണയിക്കുന്ന മറ്റൊരു ഘടകം. പ്രത്യേകിച്ച് പോഷകാഹാരത്തിന്റെ കുറവ്.

അമിത വിയര്‍പ്പ്, ആര്‍ത്തവം വരാതിരിക്കുക, പെട്ടെന്ന് സ്വഭാവ വ്യതിയാനം, നിസാര കാര്യത്തിനുപോലും വീട്ടില്‍ വഴക്കുണ്ടാക്കുക, ഓര്‍മക്കുറവ്, ഉറക്കക്കുറവ്, അകാരണ ദേഷ്യം, ടെന്‍ഷന്‍, ഉത്കണ്ഠ, ചൂട്, മൂത്രാശയരോഗങ്ങള്‍, യോനീ വരള്‍ച്ച എന്നീ ലക്ഷണങ്ങളിലൂടെ ആര്‍ത്തവവിരാമം നേരത്തെ മനസിലാക്കാം.

ആര്‍ത്തവവിരാമം നീട്ടിവയ്ക്കാമോ?


43 വയസ്. അന്‍പതു വയസിനോട് അടുത്ത് ഏതു പ്രായത്തിലും ആര്‍ത്തവവിരാമം ഉണ്ടാകാമെന്ന് കേട്ടിട്ടുണ്ട്. ആര്‍ത്തവം നിലച്ചാല്‍ ശരീരത്തിന്റെ ഭംഗി നഷ്ടപ്പെടുമെന്നും ചര്‍മ്മം ചുക്കിച്ചുളിയുമെന്നും പറയുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ആര്‍ത്തവവിരാമം നീട്ടിവയ്ക്കാന്‍ മരുന്നുകള്‍ ഉണ്ടോ? അല്ലെങ്കില്‍ ആര്‍ത്തവവിരാമശേഷം ഈസ്ട്രജന്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍ ഉണ്ടോ?

-----50 വയസിനോടടുത്ത് ആര്‍ത്തവവിരാമം ഉണ്ടാകുമെന്ന് പറയുന്നത് ശരിയാണ്. ആര്‍ത്തവം നിലയ്ക്കുന്നതോടെ ത്വക്കിനടിയിലുള്ള കൊഴുപ്പ് കുറയുന്നതുകൊണ്ടാണ് ചര്‍മം ചുക്കിച്ചുളിയുന്നത് . ഈസ്ട്രജന്‍ തെറപ്പിയിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതാണ്. കോസ്‌മെറ്റിക് ചികിത്സയായ ബോട്ടക്‌സ് തെറപ്പിയിലൂടെ ചര്‍മ്മം ചുക്കിചുളിയുന്നത് മാറ്റാം.

ത്വക്ക് രോഗവിദഗ്ധരാണ് ഇത് ചെയ്യുന്നത്. ചര്‍മം കണ്ടാല്‍ പ്രായം തോന്നില്ലെങ്കിലും ഭാവമാറ്റങ്ങള്‍ അറിയാനുള്ള കഴിവ് ഇതിലൂടെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. മാത്രമല്ല ഇത് വളരെ ചെലവേറിയ ചികിത്സാരീതിയുമാണ്. ഈസ്ട്രജന്‍ അടങ്ങിയ ഗുളികകള്‍, ഒട്ടിക്കാവുന്ന പാച്ച്, വജനയില്‍ ഉപയോഗിക്കുന്ന ജെല്‍ എന്നിവയെല്ലാം ആര്‍ത്തവവിരാമ ഘട്ടത്തിലെ ശാരീരിക സൗന്ദര്യപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

അമിത വിയര്‍പ്പ്, ഓര്‍മ്മക്കുറവ് ഇവ കൂടുതലായി അനുഭവപ്പെടുന്നവരില്‍ ഹോര്‍മോണ്‍ ഈസ്ട്രജന്‍ തെറാപ്പി നല്‍കുന്നു. പ്രമേഹം, സ്തനാര്‍ബുദ പാരമ്പര്യമുള്ളവര്‍, രക്താതിസമ്മര്‍ദമുള്ളവര്‍ എന്നിവര്‍ക്ക് ഈസ്ട്രജനു പകരം ഫൈറ്റോ ഈസ്ട്രജനാണ് നല്‍കുന്നത്. ഈസ്ട്രജന്‍ കഴിക്കുമ്പോള്‍ രക്തത്തിന്റെ കഠിനത കൂടുന്നതിനാലാണിത്. ഫൈറ്റോ ഈസ്ട്രജന്‍ ഗുളിക രൂപത്തില്‍ കഴിക്കാം.

ഭക്ഷണക്രമീകരണത്തിലൂടെ ഈസ്ട്രജന്‍ ലഭിക്കും. നിറമുള്ള പച്ചക്കറികള്‍, ഇലക്കറികള്‍, കാച്ചില്‍, ചേമ്പ് ഇവയെല്ലാം ഹോര്‍മോണ്‍ അപര്യാപ്തത ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിക്കും.

സോയാബീന്‍ ഒരു ദിവസം 50 ഗ്രാംവച്ച് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. സോയാചംഗ്‌സ് ഇറച്ചി ഉണ്ടാക്കുന്നതില്‍ ഇട്ട് വയ്ക്കുകയോ മാംസം ഉണ്ടാക്കുന്ന രീതിയില്‍ പാകം ചെയ്‌തോ കഴിക്കുക. സോയാബീന്‍ പൗഡര്‍ പാലിലോ വെള്ളത്തിലോ ചേര്‍ത്ത് കഴിക്കാം.

ഹൃദ്രോഗ സാധ്യത


ആര്‍ത്തവം നിലച്ചിട്ട് 4 വര്‍ഷമായി. ഇപ്പോള്‍ 51 വയസ്. സ്‌കൂള്‍ അധ്യാപികയാണ്. ആര്‍ത്തവവിരാമശേഷം എനിക്ക് ഇടയ്ക്കിടെ ശ്വാസതടസവും നെഞ്ചു വേദനയും അനുഭവപ്പെടുന്നു. ആര്‍ത്തവം നിലച്ചതിനു ശേഷം ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് പറഞ്ഞുകേള്‍ക്കുന്നു. ഇതു ശരിയാണോ? ഞാന്‍ ഡോക്ടറെ കാണേണ്ടതുണ്ടോ?

-----ശ്വാസതടസവും നെഞ്ചു വേദനയും ആര്‍ത്തവവിരാമത്തിന്റെ ലക്ഷണമല്ല. അതിനാല്‍ നിങ്ങള്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം. ആര്‍ത്തവം നിലച്ചതിനു ശേഷം ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് പറയുന്നത് ശരിയാണ്.

പൊതുവേ സ്ത്രീകള്‍ക്ക് ഹൃദ്രോഗ സാധ്യത പുരുഷന്മാരേ അപേക്ഷിച്ച് കുറവാണ്. എന്നാല്‍ ആര്‍ത്തവവിരാമശേഷം സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത പുരുഷന്‍മാരുടേതിന് ഒപ്പമോ അല്ലെങ്കില്‍ അതില്‍ കൂടുതലോ ആണ്. ആര്‍ത്തവവിരാമംവരെ ഈസ്ട്രജന്‍ ഒരു രക്ഷാകവചമായി ഉള്ളതുകൊണ്ടാണിത്. പ്രമേഹം, അമിതരക്തസമ്മര്‍ദം ഇവയുള്ള സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത ഇതിലും കൂടുതലാണ്.

വിവാഹം കഴിക്കാത്ത സ്ത്രീകളില്‍


38 വയസു പ്രായം. വിവാഹിതയല്ല. വിവാഹം ഒഴിവാക്കി ജീവിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇപ്പോള്‍ ആര്‍ത്തവം ക്രമമല്ല. ആര്‍ത്തവവിരാമത്തിനു സമാനമായ ലക്ഷണങ്ങള്‍ കാണുന്നു. വിവാഹം കഴിക്കാതെ ജീവിക്കുന്ന സ്ത്രീകളില്‍ നേരത്തേ ആര്‍ത്തവം നിലയ്ക്കുന്നു എന്നു പറയുന്നു. ഇതു ശരിയാണോ? എനിക്കുള്ളത് ആര്‍ത്തവവിരാമമാണോ?

-----വിവാഹം കഴിക്കാതെ ജീവിക്കുന്നവരില്‍ ഒരു ശതമാനം പേരില്‍ മാത്രമേ 40 വയസിനുമുമ്പ് ആര്‍ത്തവവിരാമം സംഭവിക്കുന്നുള്ളൂ. ഇത് ചില ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ടെങ്കിലും ഇതിനെക്കുറിച്ച് പഠനങ്ങളൊന്നും നടന്നിട്ടില്ല. 38 വയസില്‍ ആര്‍ത്തവം ക്രമം തെറ്റുന്നത് പെരിമെനോപ്പോസ് ഘട്ടമായതിനാലാണ്.

ആര്‍ത്തവവിരാമത്തിനുമുന്നോടിയായി വരുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലമാണിത് സംഭവിക്കുന്നത്. മുപ്പതു വയസിനുശേഷം ഏതു പ്രായത്തിലും ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കാം. ആര്‍ത്തവസമാപ്തി ഘട്ടം അടുക്കുന്നതോടെ അണ്ഡാശയ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചു തുടങ്ങുകയും ആര്‍ത്തവം ക്രമേണ നിലയ്ക്കുകയും ചെയ്യുന്നു.

അണ്ഡാശയം നീക്കം ചെയ്താല്‍


41 വയസ്. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ്. മൂന്ന് വര്‍ഷം മുമ്പ് ശസ്ത്രക്രിയയിലൂടെ അണ്ഡാശയം നീക്കം ചെയ്തിരുന്നു. ആര്‍ത്തവവിരാമ ഘട്ടത്തില്‍ പല ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുമെന്ന് വായിച്ചിട്ടുണ്ട്. അണ്ഡാശയം നീക്കം ചെയ്തവരില്‍ ആര്‍ത്തവവിരാമ അസ്വസ്ഥതകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായിരിക്കുമോ? ഈ അസ്വസ്ഥതകളെ എങ്ങനെ മറികടക്കാം?

----ക്രമമായാണ് സാധാരണയായി ആര്‍ത്തവവിരാമം സംഭവിക്കുന്നത്. എന്നാല്‍ ശസ്ത്രക്രിയയിലൂടെ രണ്ട് അണ്ഡാശയവും ഗര്‍ഭപാത്രവും നീക്കം ചെയ്തവരില്‍ പെട്ടെന്ന് ആര്‍ത്തവവിരാമം സംഭവിക്കുന്നു. സര്‍ജിക്കല്‍ മെനോപ്പോസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ശസ്ത്രക്രിയയിലൂടെ ഒരു അണ്ഡാശയമേ നീക്കം ചെയ്തിട്ടുള്ളെങ്കില്‍ ഒരു അണ്ഡാശയത്തിലൂടെ ആശ്യമായ ഹോര്‍മോണ്‍ ശരീരത്തിനു ലഭിക്കുന്നു.

സാധാരണ രീതിയില്‍ ആര്‍ത്തവവിരാമം സംഭവിച്ചവരെക്കാള്‍ കഠിനമായ അസ്വസ്ഥതകള്‍ ഇവര്‍ക്ക് ഉണ്ടാകാം. അണ്ഡാശയം എടുത്തുകളയുന്നതോടെ ഈസ്ട്രജന്റെയും പ്രൊജസ്‌ട്രോണും പ്രധാന ഉറവിടം ഇല്ലാതാകുന്നു. അതിനാലാണ് ഇവരില്‍ ആര്‍ത്തവകാല അസ്വസ്ഥതകള്‍ കഠിനമാകുന്നത്. അസ്വസ്ഥതകളെ ലഘൂകരിക്കാന്‍ ഈസ്‌ട്രൊജന്‍ റീപ്ലെസ്‌മെന്റ് തെറപ്പി സഹായിക്കും.

അണ്ഡാശയം മാത്രം എടുത്തുകളയുകയും ഗര്‍ഭപാത്രം നീക്കം ചെയ്യാതിരിക്കുകയും ചെയ്യുന്നവരില്‍ ഈസ്ട്രജനൊപ്പം പ്രൊജസ്‌ട്രോണ്‍ കൂടി നല്‍കുന്ന ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറപ്പി ഫലപ്രദമാണ്. ആര്‍ത്തവവിരാമത്തിന്റെ പല അസ്വസ്ഥതകളെയും ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറപ്പി ലഘൂകരിക്കുമെങ്കിലും ചില പാര്‍ശ്വഫലങ്ങളും ഈ ചികിത്സയ്ക്കുണ്ട്. ഡീപ്പ് വെയിന്‍ത്രോംബോസിസ്, കാന്‍സര്‍ എന്നിവയുടെ പാരമ്പര്യ സാധ്യതയില്ലാത്തവരിലാണ് ഹോര്‍മോണ്‍ റീപ്ലെയ്‌സ്‌മെന്റ് തെറാപ്പി നടത്തുന്നത്. അതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഇത് ചെയ്യാവൂ.

ആര്‍ത്തവവിരാമം
തിരിച്ചറിയാന്‍


എനിക്ക് 50 വയസ്. ഉദ്യോഗസ്ഥയാണ്. 2 മാസമായി ആര്‍ത്തവം ഉണ്ടാകുന്നില്ല. അതിനു മുമ്പുള്ള മാസങ്ങളില്‍ ബ്ലീഡിംഗ് അല്പം കൂടുതലായിരുന്നു. ഇത് ആര്‍ത്തവവിരാമമായി കണകാക്കാമോ? ആര്‍ത്തവവിരാമ ഘട്ടം അവസാനിച്ചുവെന്ന് എങ്ങനെ മനസിലാക്കാം? രക്തപരിശോധനയിലൂടെ ആര്‍ത്തവവിരാമം മുന്‍കൂട്ടി മനസിലാക്കാന്‍ സാധിക്കുമോ?

------മാസമുറ ക്രമം തെറ്റുന്നതാണ് പെരിമെനോപോസ് ഘട്ടത്തിലെ പ്രധാന ലക്ഷണം. ആര്‍ത്തവ ഇടവേളകള്‍ കൂടിയും കുറഞ്ഞും വരുക, ബ്ലീഡിംഗ് കൂടുക എന്നിവയെല്ലാം ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങളാണ്. അണ്ഡോത്പാദനം കുറയുന്നതിനാല്‍ ഈസ്‌ട്രൊജന്റെയും പൊജസ്‌ട്രോണിന്റെ ഉത്പാദനം നിലയ്ക്കുന്നതാണ് ഇതിനു കാരണം. പ്രൊജസ്‌ട്രോണിന്റെ ഉത്പാദനമാണ് ആദ്യം നിലയ്ക്കുന്നത്.

ഇതിന്റെ ഫലമായി പിറ്റിയൂറ്ററിഗ്രന്ഥയില്‍നിന്നും ഹെപ്പോതലാമസില്‍നിന്നും എഫ്.എസ്.എച്ച് ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നു. രക്ത പരിശോധനയിലൂടെ എഫ്.എസ്.എച്ച് ഹോര്‍മോണിന്റെ അളവ് കണകാക്കി ആര്‍ത്തവവിരാമം നേരത്തെ അറിയാം. അള്‍ട്രാസൗണ്ട് സ്‌കാനിംഗിലൂടെ അണ്ഡാശയത്തിലുള്ള അണ്ഡത്തിന്റെ എണ്ണം മനസിലാക്കിയും ആര്‍ത്തവവിരാമം കണ്ടുപിടിക്കാം.

കടപ്പാട്: ഡോ. ജെ. വത്സലകുമാരി

Ads by Google
Ads by Google
Loading...
TRENDING NOW