Friday, March 15, 2019 Last Updated 16 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Mar 2018 07.53 PM

ഒന്നു കടിച്ചാല്‍ മതി വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാകും, രണ്ടാം ദിവസം മരണം ഉറപ്പ്, പക്ഷേ ലൈംഗിക ഉത്തേജനം ഉണ്ടാകാന്‍ ഉണക്കി പൊടിച്ചു നല്‍കും: സ്പാനിഷ് ഫ്‌ളൈ ആളു നിസാരക്കാരനല്ല

uploads/news/2018/03/204192/21.jpg

സ്പാനിഷ് ഫ്ളൈ എന്നും ബ്ലിസ്റ്റര്‍ ബീറ്റില്‍ എന്നും അറിയപ്പെടുന്ന ജീവിയെ കാണാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ ഈ ജീവി ജീവന് തന്നെ ഭീഷണിയാണെന്നാമ് വിദഗ്ദര്‍ പറയുന്നത്. ബ്ലിസ്റ്റര്‍ ബീറ്റില്‍ ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ച് വിശദീകരിക്കുകയാണ് ഇന്‍ഫോക്ലിനിക്കില്‍ ഡോ.നെല്‍സണ്‍ ജോസഫ്, ഡോ. പുരുഷോത്തമന്‍ എന്നിവര്‍ ഇന്‍ഫോ ക്ലിനിക്കിന്റെ ഫെയ്‌സ്ബുക്ക് പേജില്‍.

ഇവരുടെ കുറിപ്പ് വായിക്കാം....

''അടുക്കളയിലേക്കു വേണ്ട അല്‍ക്കുല്‍ത്തൊക്കെ വാങ്ങി പതിയെയാണ് വൈകിട്ടത്തെ പതിവ് നടത്തം. കിലോമീറ്ററിന്റെയും സമയത്തിന്റെയും നിയമമൊക്കെ അങ്ങ് മറക്കും. പൂവും കായും തളിരുമൊക്കെ നുള്ളി കിളികളുടെ കളകളാരവമൊക്കെക്കേട്ടൊരു യാത്ര...അന്നുപക്ഷേ തിരക്കു കാരണം നടത്തം മുടങ്ങി. എന്നാലൊട്ട് പട്ടിണി കിടക്കാനും വയ്യ. അതുകൊണ്ട് നടത്തം സ്‌കൂട്ടറിലാക്കി.

തിരിയെ വരുമ്പോഴേക്ക് ഇരുട്ട് വീണിരുന്നു. വഴിയോരത്തെ മഞ്ഞ വിളക്കുകള്‍ക്കു ചുറ്റിലും ചെറിയ ഒരു ജാതി ഈച്ചകള്‍. ആ നേരം ഹെല്‍മെറ്റിന്റെ മുന്നിലെ ചില്ലില്ലാതെയോ, കണ്ണട ഇല്ലാതെയോ ഇരുചക്ര വാഹനങ്ങളില്‍ പോയപ്പോളൊക്കെ ഇവ കണ്ണില്‍ പെട്ടിട്ടുണ്ട്. ചിലപ്പോ മൂക്കിലും.(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഇരുചക്രവാഹനങ്ങളിലെ യാത്രികര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധര്‍ക്കുക.)

പുറകില്‍ ഇരിക്കുന്നയാളോട് എന്തോ പറയാന്‍ വായ തുറന്നതും തൊണ്ടയില്‍ ശ്വാസനാളത്തിലേക്കു നേരെ ഒരാള്‍ ഊളിയിട്ടിറങ്ങിയതും നൊടിയിടയില്‍...ഒന്ന് ചുമച്ചു ഭാഗ്യത്തിന് അത് തിരിയെ പോന്നു. വായിലേക്കും പിന്നെ അതെ പടി ഇറങ്ങി വയറിലേക്കും പോയി. ഇത്തിരി കയ്പ്പ് ബാക്കിയായി. അതൊരു വലിയ സംഭവം ആക്കേണ്ടതില്ല.

ഒരു സംശയം, 'ഈ മിണുങ്ങി പോയ ആള്‍ എന്തെങ്കിലും കുഴപ്പം ഉണ്ടാക്കുവോ?'

'അയ്യേ, എന്തായീ പറയുന്നേ. കഞ്ഞിയില്‍ വീണ എത്ര പാറ്റയും തുള്ളനും ഒക്കെ അറിയാതെ കോരി കുടിച്ചു പോയിട്ടുണ്ട്. പണ്ടത്തെ പേര് കേട്ട കള്ളുകുടിയന്മാര്‍ ആരും കേള്‍ക്കണ്ട ഈ സംശയം. ഈച്ചയെയും വണ്ടിനേയും അരിച്ചെടുത്തു കള്ളു മാത്രം വായിലേക്ക് പോവുന്ന അരിപ്പ മീശ തന്നെ ഉണ്ടായിരുന്നു ചിലര്‍ക്ക്.'

കടന്നലുകളും തേനീച്ചയും ഒക്കെ കുത്തും. ഇത്തിരി വിഷം കുത്തിവെക്കും. ചില വലിയ വണ്ടുകള്‍ വെറുതെ കടിച്ചു വേദനിപ്പിക്കും. ഉറുമ്പുകള്‍ കടിച്ചാല്‍ ഇത്തിരി ചൊറിയും. എന്നാല്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് അറിയാതെ വയറ്റില്‍ എത്തിയിട്ട് ആര്‍ക്കും വിഷബാധ ഉണ്ടായി കേട്ടിട്ടില്ല.

വളരെ പഴയൊരു ഓര്‍മ്മ മനസ്സില്‍ എത്തിയത് കൊണ്ടാണ് ഇക്കുറി ഈ ചെറിയ കാര്യത്തില്‍ മനസ്സില്‍ ലേശം പേടി തോന്നിയത്.

പറയുന്ന കാര്യം കഥയല്ല. നടന്ന കാര്യം. അത് കൊണ്ട് തന്നെ പറയുന്ന കഥാപാത്രത്തെ ഓര്‍ക്കുന്നവര്‍ പൊതു വേദിയില്‍ വെളിപ്പെടുത്താതിരിക്കാന്‍ അപേക്ഷ. എഴുപതുകളിലാണ് സംഭവം നടക്കുന്നത്. ആ നാളുകളില്‍ ഒരധ്യാപകന്‍ ആത്മഹത്യാ ശ്രമം നടത്തിയിരിക്കുന്നു. പതിവ് രീതി ഒന്നുമല്ല.

ആരും അന്ന് വരെ കേട്ടിട്ടില്ലാത്ത ഒരു രീതിയില്‍. അന്ന് കമ്യൂണിറ്റി മെഡിസിനില്‍ എന്റമോളജി പഠിക്കണം. അതിനു മാത്രമായി സാറുണ്ട്. വേണ്ടത് തന്നെ. ഒരു പാട് രോഗങ്ങള്‍ പകര്‍ത്തുന്ന പ്രാണികളെക്കുറിച്ചു അറിവ് വേണം. അവിടെ ലാബില്‍ ഇവയുടെ ഒക്കെ നല്ലൊരു ശേഖരം ഉണ്ട്. ആ മ്യൂസിയത്തിലെ ഒരു പ്രാണിയുടെ സ്പെസിമെന്‍ എടുത്തു പൊടിച്ചു കലക്കി കുടിച്ചു.

'ബ്ലിസ്റ്റര്‍ ബീറ്റില്‍ എന്ന് വിളിക്കുന്ന സ്പാനിഷ് ഫ്ളൈ.'

രണ്ടാം ദിവസം കിഡ്നി പ്രവര്‍ത്തനരഹിതമായി. അദ്ദേഹം മരണപ്പെട്ടു. അങ്ങനെ ഒരു രീതി ആരെങ്കിലും പ്രയോഗിക്കും എന്ന് ആര് കരുതി? അത്രക്കു ഭീകരന്‍ ആയിരുന്നു എന്ന് ആരറിഞ്ഞു? അക്കാര്യം മറവിയിലേക്കു പോയി.

ഏറെ നാള്‍ കഴിഞ്ഞു പിന്നെയും കേട്ടു ബ്ലിസ്റ്റര്‍ ബീറ്റിലിനെ കുറിച്ച്.

ആഞ്ഞു പഠിച്ചു തലപെരുത്തു കഴിയുമ്പോ ഒരു വീക്കെന്‍ഡ്. ശനിയാഴ്ചകളില്‍ അല്ലെങ്കില്‍ ഒരു പരീക്ഷ ഒക്കെ കഴിയുമ്പോ രാവേറെ ചെല്ലും വരെ ഹോസ്റ്റലില്‍ ടെറസ്സില്‍ പാട്ടും ബഹളവും ആവും. ചിലപ്പോ അവിടെ തന്നെ തല ചായ്ക്കും. കാലത്തെണീറ്റു കോളേജില്‍ എത്തുമ്പോ ആവും മേലൊരു ചൊറിച്ചിലും വേദനയും. ഷര്‍ട്ട് അഴിച്ചു നോക്കുമ്പോ തീപ്പൊരി തെറിച്ചു വീണ പോലെ ആകെ പൊള്ളച്ചിരിക്കുന്നു. കാര്യമറിയാതെ ഡെര്‍മറ്റോളജി സാറിനെ കാട്ടാന്‍ ചെല്ലുമ്പോ ആണ് കാര്യം അറിയുന്നത്.

എന്തായാലും ഒരാഴ്ചത്തേക്ക് പണിയായി. അതീ പ്രാണി കടിക്കുന്നതല്ല. ഇതിന്റെ ദേഹത്തെ നീര് ശരീരത്തില്‍ കൊണ്ടാല്‍ അവിടം പോളച്ചു വരും. കേന്തറിഡിന്‍ (Cantharidin) എന്ന കൊടിയ വിഷം ആണിത്. ഒരു ഭീകരനെ കുറിച്ചാണ് പറഞ്ഞു വന്നത്. എന്നാലോ ആളെ കണ്ടാല്‍ വെറും പാവം.

ഇവയില്‍ ഒരു പാട് വകഭേദങ്ങളുണ്ട്. കുതിരകളുടെ തീറ്റയില്‍ അറിയാതെ പെട്ട് പോയി കുതിരകളുടെ മരണത്തിനു കാരണം ആവുന്നത് കൊണ്ട് ഇതിനെ മൃഗ ചികിത്സകര്‍ക്കു നേരത്തെ അറിയാം.

പണ്ടത്തെ നാട്ടു വൈദ്യത്തിലും ഇതുപയോഗിച്ചിരുന്നു. എന്തിനെന്നോ ?അല്‍പം അഡള്‍ട്സ് ഒണ്‍ലിയാണ്... ചെവിയില്‍ പറയാം.

ലൈംഗികോത്തേജനമുണ്ടാവാന്‍...ഉണക്കിപ്പൊടിച്ച് കൊടുക്കും.. ആര്‍ത്തി പിടിച്ചു ഇത്തിരി അധികമായി പോയാല്‍ ഉത്തേജനം പരലോകത്തിരുന്നാവും ഉണ്ടാവുകയെന്നേയുള്ളു.. ഒരൊറ്റ വണ്ട് മുഴുവന്‍ അകത്തു ചെന്നാല്‍ പിന്നെ ഇങ്ങോട്ടു തിരിയെ പോരില്ല. കാലപുരി പൂകും നിശ്ചയം..

വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കും. തുടര്‍ന്ന് രക്തം കലര്‍ന്ന മൂത്രം വരാന്‍ സാധ്യത, ചിലപ്പോള്‍ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായാല്‍ മൂത്രം വരാതിരിക്കാനും സാധ്യത, രക്തം കലര്‍ന്ന വയറിളക്കം ഉണ്ടാവാനും സാധ്യതയുണ്ട്, ഇതിനോടൊപ്പം ശക്തമായ വയറുവേദനയും ഉണ്ടാവാം. രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സയാണ് കൊടുക്കുന്നത്. വൃക്കകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചാല്‍ ചിലപ്പോള്‍ ഡയാലിസിസ് വേണ്ടിവരും.

ഇങ്ങനെയൊക്കെയാണെങ്കിലും ആളെ കണ്ടാല്‍ ആ സൗന്ദര്യം നോക്കി നിന്നുപോകും. അതാണ് ബ്ലിസ്റ്റര്‍ ബീറ്റില്‍. ഫോക്സ് വാഗന്‍ ബീറ്റില്‍ കാര്‍ പോലെ, നോക്കി നിന്നുപോകും...

ഇത്രയും ഓര്‍മവന്നതാണ് പെട്ടെന്ന് ഒരു പേടി വരാന്‍ കാരണം.. പേടി അസ്ഥാനത്തായിരുന്നെന്നതും അകത്തുപോയത് സുന്ദരനല്ലായിരുന്നതുകൊണ്ടും ഇപ്പൊ ഇതുപറയാന്‍ ബാക്കിയുണ്ട് ആള്...വയറുവേദനയുണ്ടായില്ല..മൂത്രത്തിനു പ്രശ്നങ്ങളുണ്ടായില്ല...ഒരു ഉറക്കം കൂടിക്കഴിഞ്ഞപ്പൊ സുഖം സ്വസ്ഥം.''

Ads by Google
Tuesday 27 Mar 2018 07.53 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW