Saturday, March 09, 2019 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Mar 2018 03.19 PM

തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല

''അണുബാധയെത്തുടര്‍ന്ന് കൈകളും കാലുകളും മുറിച്ചുമാറ്റപ്പെട്ട, ഗര്‍ഭത്തിലെ കുഞ്ഞിനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ട ശാലിനി സരസ്വതിയെന്ന പെണ്‍കുട്ടി. നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയും കൊണ്ട് തിരിച്ചുപിടിച്ച ജീവിതത്തെക്കുറിച്ച് മനസ്സുതുറക്കുന്നു...''
uploads/news/2018/03/204151/shalinisaraswathy270318b.jpg

യാത്രകളേറെ ഇഷ്ടപ്പെട്ടിരുന്ന പെണ്‍കുട്ടിയായിരുന്നു ശാലിനി സരസ്വതി. പക്ഷേ 2012 ല്‍ കംബോഡിയയിലേക്കുള്ള യാത്ര തന്റെ ജീവിതം മാറ്റി മറിക്കുമെന്ന് ശാലിനി ചിന്തിച്ചില്ല. വിവാഹവാര്‍ഷികത്തിന്റെ നാലിരിട്ടി മധുരം നുകര്‍ന്ന യാത്രയിലെപ്പോഴോ താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന് ശാലിനി തിരിച്ചറിഞ്ഞു!

പക്ഷേ ആ സന്തോഷം വളരെ പെട്ടെന്നു തന്നെ അസ്തമിച്ചു. നീണ്ടയാത്രയ്‌ക്കൊടുവില്‍ ഭര്‍ത്താവിനൊപ്പം തിരികെ നാട്ടിലെത്തിയ ശാലിനിയെ ബാധിച്ച വിട്ടുമാറാത്ത പനിയായിരുന്നു അതിനു കാരണം. ആ പനി ശാലിനിക്കായി കരുതിവച്ചത് മറ്റൊരു വിധിയായിരുന്നു.

ആരു കേട്ടാലും നെഞ്ചു പിളര്‍ന്നു പോകുന്ന അവസ്ഥകളാണ് ആ പെണ്‍കുട്ടി പിന്നീട് തരണം ചെയ്തത്. പക്ഷേ പ്രതിസന്ധികളെ തരണം ചെയ്ത് ശാലിനി പറന്നുയര്‍ന്നു, ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ... ആ കഥയിലേക്ക്...

മധുരമുള്ള ആ നാളുകള്‍


ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം കൊല്ലത്താണ്. അച്ഛനു ബംഗളൂരു ഡി. ആര്‍. ഡി. ഒ. യില്‍ ജോലിയായിരുന്നതിനാല്‍ ഞാന്‍ പിന്നീട് ബംഗളൂരുവിലേക്ക് ചേക്കേറി. പഠന ശേഷം ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലിയും കിട്ടിയതോടെ ബംഗളൂരു ജീവിതവുമായി ഞാനടുത്തു.

അക്കാലത്താണ് പ്രശാന്ത് ചൗദപ്പയെ പരിചയപ്പെട്ടത്. ഒരേ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്ന പ്രശാന്ത് എന്റെ ജീവിതപങ്കാളിയായി മാറിയത് 2008 ഫെബ്രുവരി 24 ലാണ്. വിവാഹം കഴിഞ്ഞ് കുറച്ചു നാളുകള്‍ക്കുള്ളില്‍ത്തന്നെ പരസ്പരം മനസ്സിലാക്കാനും സര്‍വ്വതും മറന്ന് പ്രണയിക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞു.

ആരും അസൂയപ്പെടുന്ന ഒരു ജീവിതമായിരുന്നു ഞങ്ങളുടേത്. പൊതുവേ യാത്ര ചെയ്യാനുള്ള എന്റെ ഇഷ്ടം പ്രശാന്തിനും വളരെ വേഗത്തില്‍ അംഗീകരിക്കാന്‍ കഴിഞ്ഞു. പക്ഷേ അങ്ങനെയൊരു യാത്ര എല്ലാം മാറ്റി മറിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും ഞാന്‍ കരുതിയിരുന്നില്ല.

2012 ഫെബ്രുവരി, കടല്‍ കടന്നൊരു വിവാഹവാര്‍ഷികയാത്രയെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചത് വളരെ പെട്ടെന്നാണ്. കംബോ ഡിയ മതിയെന്ന എന്റെ തീരുമാനം പ്രശാന്ത് സമ്മതിക്കുകയും ചെയ്തു.

പ്രണയത്തില്‍ മുങ്ങിയ ആ യാത്രക്കിടയില്‍ എപ്പോഴോ ഉണ്ടായ ഒരു തലകറക്കവും ഛര്‍ദ്ദിയും... അതെ ഞങ്ങളുടെ ജീവിതത്തില്‍ പുതിയൊരു അതിഥിയെത്താനൊരുങ്ങുന്നു. ഞാനുമൊരു അമ്മയാകാനൊരുങ്ങുന്നു... ആ തിരിച്ചറിവ് നല്‍കിയ സന്തോഷം വാക്കുകളില്‍ നിര്‍വ്വചിക്കാനാവില്ല. പക്ഷേ.....

അപ്രതീക്ഷിത ദുരന്തം


ഞങ്ങളുടെ നാലാം വിവാഹവാര്‍ഷിക യാത്രയായിരുന്നു അതെന്ന് പറഞ്ഞല്ലോ. തിരിച്ചെത്തിയ അന്നു മുതല്‍ എനിക്ക് പനി തുടങ്ങി. യാത്ര കൊണ്ടോ, അല്ലെങ്കില്‍ വരാനിരിക്കുന്ന അതിഥിയുടെ വരവറിയിച്ചുള്ള സൂചന കൊണ്ടോ ആവാമതെന്ന് ഞാനടക്കം എല്ലാവരും കരുതി. ആദ്യമൊന്നും അത് കാര്യമാക്കിയില്ല. പക്ഷേ ഓരോ ദിവസം കഴിയുന്തോറും പനിയുടെ കാഠിന്യം കൂടി വന്നു. ഒപ്പം ശരീരം മുഴുവന്‍ സഹിക്കാനാവാത്ത വേദനയും.

അസഹനീയമായ വേദന കൊണ്ട് ഞാനൊരു ഡോക്ടറെ കാണാന്‍ തീരുമാനിച്ചു. റിസള്‍ട്ടിനായി കാത്തിരിക്കുമ്പോള്‍ മനസില്‍ ആശങ്കകളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ആ ദിവസം ജീവിതത്തിലൊരിക്കലും മറക്കാനാവാത്തതായി മാറുമെന്ന് ഒരിക്കലും കരുതിയില്ല.

ലക്ഷത്തിലൊരാളെ മാത്രം ബാധിക്കുന്ന റിക്കെറ്റ്‌സിയല്‍ എന്ന ബാക്ടീരിയയാണത്രേ എന്നെ രോഗിയാക്കിയത്. ഈ അസുഖം വന്നവരില്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയവര്‍ വളരെ ചുരുക്കമാണെന്നും ഡോക്ടര്‍ അറിയിച്ചു.

നിസ്സംഗതയോടെ ഇത് കേള്‍ക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ. പക്ഷേ, ഉള്ളിലിരുന്നാരോ എനിക്ക് ആത്മവിശ്വാസം തരുന്നതുപോലെ തോന്നി. അതെ. ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചു വരും, ചുരുക്കത്തിലൊരാളായി ഞാന്‍ മാറും.

uploads/news/2018/03/204151/shalinisaraswathy270318.jpg

പതിയെ അണുബാധ ശരീരത്തിലെ ഓരോ അവയവത്തേയും ബാധിച്ചു. ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെയായിരുന്നു പിന്നീടുള്ള ദിനങ്ങള്‍. ശരീരത്തിലെ പല അവയവങ്ങളുടേയും പ്രവര്‍ത്തനത്തെ പനി ഗുരുതരമായി ബാധിച്ചു. ആദ്യം ഇടതുകൈ മുഴുവന്‍ പഴുപ്പു പടര്‍ന്നു.

കൈ മുറിച്ചു മാറ്റിയില്ലെങ്കില്‍ അത് മറ്റവയവങ്ങളേയും ബാധിച്ചു തുടങ്ങുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ജീവിതം കൈവിട്ടു പോവുകയാണോ എന്നൊരു നിമിഷം തോന്നിപ്പോയി.

എന്തു ചെയ്യണമെന്ന ചോദ്യവുമായി ഡോക്ടര്‍മാരെന്നെ നോക്കിയപ്പോള്‍ കൈ മുറിച്ചു മാറ്റണമെന്ന തീരുമാനം ഞാന്‍ മനസിലെടുത്തു കഴിഞ്ഞിരുന്നു. മറ്റൊരു മാര്‍ഗ്ഗവുമില്ലാതായപ്പോള്‍ അവര്‍ എന്റെ കൈ മുറിച്ചു മാറ്റി.

കുറച്ചു നാള്‍ കഴിഞ്ഞതോടെ വലതുകൈയിലേക്കും ബാക്ടീരിയ പടര്‍ന്നു. പഴുപ്പ് കൂടി വലതു കൈ പെട്ടെന്നൊരു ദിവസം അറ്റുപോയി. അപ്രതീക്ഷിതമായിരുന്നു ആ പ്രഹരം. ഒന്നാലോചിച്ചു നോക്കൂ, രണ്ടു കൈയുമില്ലാത്ത അവസ്ഥ!

അതിനിടയിലാണ് അണുബാധ കാലുകളിലേക്കും ബാധിക്കാനിടയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. ജീവനു ഭീഷണിയായതിനാല്‍ ഇരുകാലുകളും മുറിച്ചു മാറ്റി. ഒരു പെണ്‍കുട്ടിക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു അത്.

പകച്ചു പോയ ദിനങ്ങള്‍


കംബോഡിയന്‍ യാത്രയില്‍ എനിക്കും പ്രശാന്തിനും മനസ്സു നിറയെ ഞങ്ങളുടെ കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്‌നങ്ങളായിരുന്നു. അതുകൊണ്ടു തന്നെ അണുബാധയുണ്ടായ നാളുകളിലും ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നത് കുഞ്ഞിനു വേണ്ടി മാത്രമായിരുന്നു. പക്ഷേ അതെല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായി.

അണുബാധ തുടങ്ങിയപ്പോള്‍ തന്നെ എന്റെ കുഞ്ഞിനത് താങ്ങാനാവാതായി. പൊരുതി നിന്നെങ്കിലും ഞങ്ങളെ വിട്ടു പോവുകയല്ലാതെ കുഞ്ഞിന് മറ്റു മാര്‍ഗ്ഗങ്ങളില്ലായിരുന്നു. എല്ലാ പ്രതീക്ഷകളുടേയും ചിറകറ്റു പോയ നിമിഷങ്ങളായിരുന്നു അത്. എന്നാല്‍ എന്റെ തളര്‍ച്ചയിലും താങ്ങായത് ഭര്‍ത്താവ് പ്രശാന്തും ഞങ്ങളുടെ കുടുംബവുമായിരുന്നു. അവരുടെ പിന്തുണയില്ലായിരുന്നെങ്കില്‍...?

കൈകള്‍ മുറിച്ചു മാറ്റിയതോടെ ഞാന്‍ മാനസ്സികമായി തളര്‍ന്നു. ഇരുകാലുകളും മുറിച്ചു മാറ്റണമെന്ന് കൂടി പറഞ്ഞപ്പോള്‍ ഭൂമി പിളര്‍ന്നു പോകുന്നതു പോലെയാണ് തോന്നിയത്. ആ നിമിഷത്തെ അംഗീകരിക്കാന്‍ ഒരുപാട് സമയമെടുത്തു.

കാലുകള്‍ മുറിക്കുന്നതിന്റെ തലേന്ന് എനിക്കേറ്റവുമിഷ്ടമുള്ള പര്‍പ്പിള്‍ കളര്‍ നെയില്‍ പോളിഷ് ഞാന്‍ കാല്‍നഖങ്ങളിലിട്ടു. ഹൃദയം നുറുങ്ങുന്ന വേദനയിലായിരുന്നു ഞാനപ്പോള്‍. എങ്കിലും ജീവിതത്തിലേക്ക് തിരികെയെത്താനുള്ള തീവ്രമായ ആഗ്രഹം എന്റെ മനസ്സില്‍ അപ്പോഴുമുണ്ടായിരുന്നു...

uploads/news/2018/03/204151/shalinisaraswathy270318a.jpg

കുടുംബമെന്ന ശക്തി


എപ്പോഴും എനിക്ക് കരുത്തായി മാറിയത് പ്രശാന്ത് അടക്കമുള്ള കുടുംബമാണ്. എനിക്ക് ആത്മധൈര്യം തരാനായി അവര്‍ ഉള്ളിലുള്ള സങ്കടം മറച്ചു വച്ചു. ആ കരുത്താണ് പിന്നീടെനിക്ക് പറന്നുയരാനുള്ള ചിറകുകളായി മാറിയത്. ഇരുകാലുകളും കൈകളും നഷ്ടപ്പെട്ടപ്പോഴും ജീവിതം തിരിച്ചു പിടിക്കാനാവുമെന്നൊരു വിശ്വാസം പതിയെ എനിക്കു കിട്ടിത്തുടങ്ങി.

മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങാനും നല്ല പുസ്തകങ്ങള്‍ വായിക്കാനും, സുഹൃത്തുക്കളോട് സ്വപ്നങ്ങള്‍ പങ്കുവയ്ക്കാനും ഞാന്‍ സമയം കണ്ടെത്തി. എനിക്കു നഷ്ടപ്പെട്ട അവയവയങ്ങള്‍ക്ക് പകരമായി പ്രശാന്തിന്റെ മനസ്സവിടെ സ്ഥാനം പിടിച്ചു. അങ്ങനെയാണ് പുസ്തകമെഴുതാനും ബ്ലോഗെഴുത്തിലേക്ക് തിരിയാനും തീരുമാനിച്ചത്.

അതോടൊപ്പം മോട്ടിവേഷണല്‍ സ്പീക്കറായും ജോലി ചെയ്തു തുടങ്ങി. കൈകളും കാലുകളും ശരീരത്തില്‍ നിന്നു വേര്‍പെട്ടപ്പോഴും ജീവിക്കണമെന്നെനിക്ക് വാശിയായിരുന്നു. അതാണ് ടി.ടി.എസ് മാരത്തണിലെത്തിച്ചത്.

ഫിനിക്‌സ് പക്ഷിയായ്...


ആദ്യം കണ്ണാടിയില്‍ നോക്കുമ്പോള്‍ സഹിക്കാനാവാത്ത സങ്കടമായിരുന്നു. വീട്ടില്‍ നിന്നിറങ്ങി ലോകത്തെ അഭിമുഖീകരിക്കാന്‍ മടിയായിരുന്നു. വീട്ടുകാരുടെ പിന്തുണയും ആത്മധൈര്യവും കൊണ്ട് ഞാനതിനെ മറി കടക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് കൃത്രിമകാല്‍ എന്നതിനെ ആശ്രയിക്കാന്‍ തീരുമാനിച്ചത്. കൃത്രിമ കാലുകള്‍ കൊണ്ട് പിച്ചവച്ചു തുടങ്ങാന്‍ ഞാനേറെ ബുദ്ധിമുട്ടി.

ആ സമയത്താണ് വികലാംഗര്‍ക്കായി നടത്തുന്ന ടി.ടി.എസ് മാരത്തണിന്റെ പരിശീലകനായ അച്ചപ്പയെ പരിചയപ്പെട്ടത്. അതൊരു വഴിത്തിരിവായി. വേദന സഹിച്ച് കൃത്രിമകാലില്‍ നിന്ന് നടന്നു തുടങ്ങിയ ഞാന്‍ മണിക്കൂറുകളോളം മാരത്തണിനു വേണ്ടി പരിശീലിച്ചത് അച്ചപ്പയുടെ സഹായം കൊണ്ടാണ്. പ്രതീക്ഷിച്ചതിലും പ്രയാസമായിരുന്നു മാരത്തണ്‍. ക്ഷീണം കൊണ്ട് ഓട്ടത്തിനിടയില്‍ ഒരുപാട് തളര്‍ന്നു നിന്നിട്ടുണ്ട് ഞാന്‍.

ആദ്യത്തെ ആറു കിലോമീറ്റര്‍ പ്രയാസങ്ങളില്ലാതെ ഓടിയെങ്കിലും പിന്നീട് ബാലന്‍സ് കിട്ടാതെ വീണു പോകുമായിരുന്നു. അങ്ങനെ തളരുമ്പോള്‍ മാരത്തണില്‍ ഞാന്‍ പങ്കെടുക്കുന്ന ദൃശ്യം മനസ്സിലേക്ക് വരും. നീണ്ട പരിശീലനത്തിനൊടുവില്‍ വിധിയെ കീഴടക്കി അവസാനം ഞാന്‍ കൃത്രിമക്കാലില്‍ 10 കിലോമീറ്റര്‍ ഓടി. അങ്ങനെ ബംഗളൂരു ടി.സി.എസ്. മാരത്തണില്‍ വിജയിയായി.

പ്രചോദനമാകട്ടെ!


എന്റെ ഈ അവസ്ഥയിലൂടെ കടന്നു പോയവര്‍ അനവധിയുണ്ടാകും. വീടിന്റെ ഒരു കോണില്‍ തനിക്കിനി ഒന്നും ചെയ്യാനില്ലെന്ന തോന്നലോടെ ഒതുങ്ങിക്കൂടി ജീവിക്കുന്നവര്‍ക്കും, ഒരു പാഴ്ജന്മമായിപ്പോയെന്ന് ചിന്തിച്ച് വിഷമിക്കുന്നവര്‍ക്കും എന്റെ ജീവിതമൊരു പ്രചോദനമാകണം.

അതുകൊണ്ടു തന്നെ 2020 ല്‍ നടക്കുന്ന പാരലിംബിക്ക്സില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മത്സരിക്കണം. കൂടാതെ ഭരതനാട്യം, സാല്‍സ, കണ്ടംപററി ഡാന്‍സും പഠിക്കുന്നു. എല്ലാത്തിനും കരുത്തായി എന്റെ മറുപാതി, മൈ ബെറ്റര്‍ ഹാഫ് പ്രശാന്തുമുണ്ടല്ലോ...

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Tuesday 27 Mar 2018 03.19 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW