Monday, March 04, 2019 Last Updated 17 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 26 Mar 2018 04.21 PM

സ്വപ്‌ന വിമാനത്തില്‍ വന്ന സുന്ദരി

''വിമാനമെന്ന ചിത്രം മലയാളസിനിമയ്ക്ക് സമ്മാനിച്ച നായിക ദുര്‍ഗ്ഗ കൃഷ്ണയുടെ സ്വപ്‌നങ്ങളും സിനിമാനുഭവങ്ങളും...''
uploads/news/2018/03/203848/dhurgakrishan260318.jpg

വിമാനമെന്ന ചിത്രം കണ്ടവര്‍ ഒരിക്കലും ജാനകിയെ മറക്കില്ല. പൃഥ്വിരാജ് അവിസ്മരണീയമാക്കിയ വെങ്കിടിയെ ഏറെ സ്‌നേഹിക്കുകയും പിന്തുണ നല്‍കുകയും ചെയ്യുന്നൊരു നിഷ്‌ക്കളങ്കയായ പെണ്‍കുട്ടി.

ജാനകിയെന്ന കഥാപാത്രത്തെ വെള്ളിത്തിരയില്‍ ജനലക്ഷങ്ങള്‍ കൈയ്യടിയുടെ അകമ്പടിയോടെ സ്വീകരിച്ചു. ജാനകിയെന്ന പെണ്‍കുട്ടിക്ക് ജീവന്‍ നല്‍കിയത് ദുര്‍ഗ കൃഷ്ണയെന്ന കോഴിക്കോടുകാരിയാണ്.

വിമാനത്തിലേക്കെത്തിയത് ?


ഓഡിഷനിലൂടെയാണ് ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വിമാനത്തിലേക്ക് നായികയെ തേടുന്നുണ്ടെന്നറിഞ്ഞതോടെ കുറച്ച് ഫോട്ടോസ് അയച്ചു. ഒരുപാട് പേരുണ്ടായിരുന്നു ഓഡിഷന്. അതില്‍ നിന്നും എന്നെ തെരഞ്ഞെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതേയില്ല.

ആലോചിക്കുമ്പോള്‍ ഇപ്പോഴും അത്ഭുതമാണ്. നൃത്തരംഗത്തു നിന്നാണ് സിനിമയിലേക്കെത്തിയത്. നൃത്തമാണെനിക്ക് സിനിമയിലേക്കുള്ള വഴി കാണിച്ചു തന്നത്.

വ്യത്യസ്തമായൊരു പ്രമേയമായിരുന്നല്ലോ വിമാനത്തിന്റേത് ?


അതെ. അതാണ് ചിത്രത്തിന്റെ വിജയവും. ഇടുക്കിക്കാരനായ സജി.എം.തോമസ് എന്ന വ്യക്തിയുടെ ജീവിതത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടുള്ള സിനിമയാണിത്. നായകനോളം പ്രാധാന്യമുള്ളൊരു കഥാപാത്രമാണ് എന്റേത്. ഒരു തുടക്കക്കാരിയെന്ന നിലയ്ക്ക് എനിക്ക് കിട്ടാവുന്നതില്‍ വച്ചേറ്റവും നല്ല ചിത്രമായിരുന്നു ഇത്.

പൃഥ്വിരാജിന്റെ നായികയായപ്പോള്‍ ?


രാജുവേട്ടന്റെ നായികയായതിന്റെ ത്രില്ല് ഇപ്പോഴും മാറിയിട്ടില്ല. ആദ്യ സിനിമയായതുകൊണ്ട് എന്റെ ഭാഗത്ത് നിന്നെന്തെങ്കിലും പാളിച്ചകളുണ്ടാകുമോയെന്നൊരു പേടിയുണ്ടായിരുന്നു. പക്ഷേ രാജുവേട്ടന്റെ പിന്തുണയുണ്ടായിരുന്നതുകൊണ്ട് അതെല്ലാം മാറി.

ചേട്ടന്‍ ആദ്യ ടേക്കില്‍ തന്നെ ഡയലോഗെല്ലാം ഓകെയാക്കും. പക്ഷേ എനിക്ക് അങ്ങനെ പറ്റിയില്ല. ഞാന്‍ രണ്ടും മൂന്നും ടേക്ക് എടുത്തിട്ട് ശരിയാകാതായി വിഷമിച്ചിരിക്കുമ്പോള്‍ രാജുവേട്ടന്‍ പറയും. ദുര്‍ഗ്ഗ വിഷമിക്കേണ്ട. അടുത്ത ഷോട്ടില്‍ നന്നായി ചെയ്താല്‍ മതി. ദുര്‍ഗ്ഗയ്ക്കതിന് സാധിക്കും..എന്ന്. അതു കേള്‍ക്കുമ്പോള്‍ എന്റെ പേടിയൊക്കെ പോകും.

uploads/news/2018/03/203848/dhurgakrishan260318a.jpg

ആദ്യ ചിത്രത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ?


സത്യത്തില്‍ ഈ ചിത്രമെന്റെ ഭാഗ്യമാണ്. അഭിനയസാധ്യതയുള്ളൊരു കഥാപാത്രമാണിതിലെ ജാനകി. തുടക്കത്തില്‍ അത്രയും വലിയൊരു വേഷം കിട്ടിയതില്‍ വളരെയധികം സന്തോഷമുണ്ട്. ഇനി ചെയ്യാന്‍ പോകുന്ന സിനിമകളും കഥാപാത്രങ്ങളും മികച്ചത് തന്നെയാവണേ എന്നാണെന്റെ പ്രാര്‍ത്ഥന.

കുട്ടിക്കാലം മുതലേ നൃത്തം ഒപ്പമുണ്ടോ ?


കുട്ടിക്കാലം മുതലേ നൃത്തത്തോട് വലിയ താല്പര്യമായിരുന്നു. അതുകൊണ്ട് ഹയര്‍സെക്കന്ററിയില്‍ പഠിക്കുമ്പോള്‍ തന്നെ ഞാന്‍ ഭരതനാട്യം ഡിപ്ലോമയ്ക്ക് ചേ ര്‍ന്നു. ആയിടയ്ക്കാണ് അപ്രതീക്ഷിതമായി എനിക്കൊരപകടം ഉണ്ടായത്.

പിന്നീട് കുറച്ചുനാള്‍ നൃത്തമൊന്നും ചെയ്യാനായില്ല. അങ്ങനെ നൃത്തത്തിനും പഠനത്തിനുമിടയില്‍ ഒരു ഇടവേളയുണ്ടായപ്പോഴാണ് മോഡലിംഗില്‍ ഒരു കൈ നോക്കാമെന്ന് വിചാരിച്ചത്. അതിന് ശേഷമാണ് അഭിനയത്തിലേക്കെത്തിയത്.

കുടുംബവും സിനിമയും ?


കുടുംബത്തില്‍ സിനിമയുമായി ബന്ധമുള്ള ആരും തന്നെയില്ല. കോഴിക്കോടാണ് എന്റെ സ്വന്തം നാട്. അച്ഛന്‍ കൃഷ്ണലാല്‍ ബിസിനസ് രംഗത്താണ്. അമ്മ ജിഷ, സഹോദരന്‍ വിശ്വന്ത് കൃഷ്ണ പ്ലസ് വണ്ണിലാണ് പഠിക്കുന്നത്. സിനിമയിലെത്തിയപ്പോള്‍ അച്ഛനുമമ്മയും സഹോദരനും തന്ന പിന്തുണ വളരെ വലുതാണ്.

വിമാനത്തിലെ മറക്കാനാവാത്ത അനുഭവങ്ങള്‍?


ചിത്രത്തില്‍ രാജുവേട്ടനായിരുന്നു നല്ല കമ്പനി. അതിന് ശേഷം ഏറ്റവും അടുപ്പം തോന്നിയത് പ്രവീണ ചേച്ചിയോടാണ്. പ്രവീണ ചേച്ചിയുടെ മകളായാണ് ഞാന്‍ അഭിനയിച്ചത്. യഥാര്‍ത്ഥത്തില്‍ അതില്‍ അഭിനയിക്കുകയായിരുന്നില്ല. ജീവിക്കുകയായിരു ന്നു. ചേച്ചിയുടെ പിന്തുണ വളരെ വലുതായിരുന്നു.

ചിത്രത്തില്‍ ഞാന്‍ പ്രായമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീനുകളുമുണ്ട്. അതില്‍ അഭിനയിച്ചതിന് ശേഷം സംവിധായകന്‍ എന്റെയടുത്ത് വന്ന് അഭിനയിച്ചത് വളരെ നന്നായിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി. ഒരു അഭിനേത്രിയെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Ads by Google
Loading...
TRENDING NOW