Tuesday, July 16, 2019 Last Updated 3 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 26 Mar 2018 03.05 PM

ശിശിരകാല മേഘമിഥുന രതിപരാഗമോ...?

''അതോടെ അമ്മ മരണത്തിനു കീഴടങ്ങി. ആ സംഭവം ശ്രീദേവിയെ മാത്രമല്ല ലൊക്കേഷനിലുള്ള എല്ലാവരെയും തളര്‍ത്തി. ഷൂട്ടിങ് നിര്‍ത്തി വച്ച് അവര്‍ വീട്ടിലേക്ക് മടങ്ങി.''
uploads/news/2018/03/203832/Weeklyanubhavapacha260318a.jpg

'കന്ദന്‍ കരുണൈ' എന്ന തമിഴ്ചിത്രത്തില്‍ ബാലതാരമായാണ് ശ്രീദേവി തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. പിന്നീട് 1980 കളുടെ തുടക്കത്തില്‍ നായികവേഷം ചെയ്തുതുടങ്ങി. അഭിനയമികവുകൊണ്ട് ചുരുങ്ങിയകാലയളവിനുളളില്‍ തമിഴിലെ മുന്‍നിരനായികമാരില്‍ ഒരാളായി ശ്രീദേവിമാറി.

'ദേവരാഗ'ത്തിന്റെ കഥ പറയാനായി ഒരിക്കല്‍ സംവിധായകന്‍ ഭരതന്‍ എന്നെ അദ്ദേഹത്തിന്റെ എങ്കക്കാടുളള വീട്ടിലേക്ക് ക്ഷണിച്ചു. വീടിനുപുറകിലുളള കല്‍മണ്ഡപത്തിലിരുന്ന് അദ്ദേഹം കഥ പറഞ്ഞത് ഇന്നലെ എന്നപോലെ ഓര്‍ക്കുന്നു...

ആ കഥയിലെ 'ലക്ഷ്മി'യെന്ന കഥാപാത്രം ശ്രീദേവിയെക്കൊണ്ട് ചെയ്യിച്ചാലോ എന്ന അഭിപ്രായം ഭരതേട്ടന്‍ ആരാഞ്ഞു. ആ കഥയ്ക്ക് അനുയോജ്യയായ മറ്റൊരു നടിയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഞാനതില്‍ എതിരഭിപ്രായം പറഞ്ഞില്ല. പക്ഷേ ആ സമയത്ത് ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായി ശ്രീദേവി മാറിക്കഴിഞ്ഞിരുന്നു.

'ദേവരാഗ'ത്തിലേക്കുളള ക്ഷണം അവര്‍ നിരസിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എങ്കിലും ഭരതേട്ടന്‍ ശ്രീദേവിയുമായി സംസാരിച്ചു. മലയാള സിനിമയുടെ പരിമിതികള്‍ മനസ്സിലാക്കിക്കൊണ്ടും ഭരതേട്ടനോടുളള ബഹുമാനംകൊണ്ടും പ്രതിഫലത്തെക്കുറിച്ച് ഇരുവരുംതമ്മില്‍ ഒരു തര്‍ക്കമുണ്ടായില്ല.

ദേവരാഗത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയിലാണ് ശ്രീദേവിയുടെ അമ്മയ്ക്ക് ബ്രെയിന്‍ ട്യൂമറാണെന്നറിഞ്ഞത്. ചികിത്സയ്ക്കായി അവരെ അമേരിക്കയിലേക്കു കൊണ്ടുപോയി. ഉടന്‍ സര്‍ജറിവേണമെന്ന ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ഓപ്പറേഷനു തയാറായി.

ആ സമയം ശ്രീദേവി 'ദേവരാഗ'ത്തിന്റെ ലൊക്കേഷനിലായിരുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടെ, സര്‍ജറി ചെയ്ത ഡോക്ടര്‍ക്ക് കേസ്ഷീറ്റ് മാറിപ്പോയി. വലതുവശത്ത് ചെയ്യേണ്ട സര്‍ജറി ഇടതുവശത്തു ചെയ്തു. അതോടെ അമ്മയ്ക്ക് മരണത്തിനു കീഴടങ്ങേണ്ടി വന്നു. ആ സംഭവം ശ്രീദേവിയെ മാത്രമല്ല ലൊക്കേഷനിലുണ്ടായിരുന്ന എല്ലാവരെയും തളര്‍ത്തി. ഷൂട്ടിങ് നിര്‍ത്തി വച്ച് അവര്‍ വീട്ടിലേക്ക് മടങ്ങി.

കുറച്ചുദിവസത്തെ ഗ്യാപ്പിനുശേഷം ശ്രീദേവി വീണ്ടും ലൊക്കേഷനിലെത്തി. എത്ര കഠിനഹൃദയനും തകര്‍ന്നുപോകുന്നതാണ് അമ്മയുടെ വേര്‍പാടെങ്കിലും തന്റെ സങ്കടങ്ങള്‍ പുറത്തുകാണിക്കാതെ അവര്‍ ദേവരാഗത്തില്‍ അഭിനയിച്ചു. ഒരു കലാകാരി എന്തായിരിക്കണമെന്ന് അതോടെ എനിക്കു മനസിലായി.

ശ്രീദേവിയെപ്പോലെയുളള യഥാര്‍ത്ഥ കലാകാരികളെയാണ് അവാര്‍ഡുകള്‍ നല്‍കി ആദരിക്കേണ്ടത്. എന്നാല്‍ അര്‍ഹതപ്പെട്ട പലര്‍ക്കും പരമോന്നത അംഗീകാരങ്ങള്‍ കിട്ടാതെ പോകുന്നു എന്നതാണ് വാസ്തവം. ഇതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ശ്രീദേവിയും എഴുത്തുകാരനായ ഒ.വി. വിജയനും.

ദേവരാഗത്തിലെ ഞാനെഴുതിയ പാട്ടുകള്‍ അനശ്വരമാക്കിയത് അതിന്റെ രചനയുടെയും സംഗീതത്തിന്റെയും ആവിഷ്‌ക്കാരത്തിന്റെയും മേന്മകൊണ്ടുമാത്രമല്ല. ശ്രീദേവിയെന്ന അഭിനേത്രിയുടെ അസാധാരണമായ അഭിനയംകൊണ്ടുകൂടിയാണ്.

ശ്രീദേവിയുടെ മരണവാര്‍ത്ത മദ്രാസില്‍ നിന്നൊരാള്‍ വിളിച്ചു പറഞ്ഞു. ഞാനടക്കം ജീവിച്ചിരിക്കുന്ന പലരും മരിച്ചെന്ന ഫെയിക്‌കോളുകള്‍ വന്നിട്ടുണ്ട്. അതുകൊണ്ട് ശ്രീദേവിയുടെ മരണവും ഒരു ഫെയിക്ക് ന്യൂസായി ഞാന്‍ തളളിക്കളഞ്ഞു. പിന്നീട് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് അതു സത്യമാണെന്ന് തിരിച്ചറിഞ്ഞത്. അപ്രതീക്ഷിതമായ ആ വാര്‍ത്ത എന്നെ വല്ലാതെ വേദനിപ്പിച്ചു.

സഹപ്രവര്‍ത്തക, അഭിനേത്രി എന്നതിലുപരി ശ്രീദേവി എനിക്ക് സഹോദരി തുല്യയായിരുന്നു.
എന്റെ അമ്മയും ഭരതേട്ടനും വിട്ടുപിരിഞ്ഞപ്പോള്‍ മനസ്സിനുണ്ടായ മുറിവിന്റെ അതേ ആഘാതം തന്നെയാണ് ശ്രീദേവിയുടെ മരണവും എനിക്ക് തന്നത്.

തയ്യാറാക്കിയത്: അഞ്ജു രവി

Ads by Google
Monday 26 Mar 2018 03.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW