Friday, June 07, 2019 Last Updated 2 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 25 Mar 2018 10.49 PM

ഇമ്മിണി വല്യെരാള്‍

uploads/news/2018/03/203611/book.jpg

അര്‍ത്ഥസമ്പുഷ്‌ടമായ കുറുങ്കവിതകളിലൂടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനം കവര്‍ന്ന കുഞ്ഞുണ്ണിമാഷ്‌ വിടചൊല്ലിയിട്ട്‌ ഇന്ന്‌ 12 വര്‍ഷം പിന്നിടുന്നു. മലയാള കാവ്യരംഗത്തു വേറിട്ടൊരു ശൈലി അവതരിപ്പിച്ച കുഞ്ഞുണ്ണിമാഷ്‌, ചടുലമായ ചെറു കവിതകളിലൂടെ കൈരളിയുടെ കണ്ണിലുണ്ണിയായി. ഒരു തുള്ളിയമ്മിഞ്ഞപ്പാലിന്‍ / പരപ്പാണീയാകാശം എന്ന വരികളിലൂടെ ആകാശപ്പരപ്പോളം അര്‍ത്ഥസമ്പുഷ്‌ടമായ കാവ്യസിദ്ധിയുടെ സര്‍ഗചൈതന്യം ആരെയും ആഴത്തില്‍ സ്വാധീനിക്കുന്നതാണ്‌. ഉള്‍ക്കരുത്തുകൊണ്ട്‌ സമ്പന്നമായ കുഞ്ഞുകവിതകളിലൂടെ കുഞ്ഞുങ്ങളുടെ വിസ്‌മയമായിരുന്നു. മുതിര്‍ന്നവരുടെ കൗതുകമായിരുന്നു. എല്ലാവരോടും സ്‌നേഹവും അടുപ്പവും കാണിക്കുമ്പോഴും ഒന്നിനോടും അമിതമായ ആസക്‌തിയില്ലാതെ അദ്ദേഹം ജീവിച്ചു. ഗ്രാമഭംഗി ആസ്വദിച്ചും നാട്ടറിവും നാട്ടഴകും നാടന്‍ ശൈലികളും പാടി ആ കുഞ്ഞു മനസ്‌ ഗ്രാമത്തിലൂടെ സഞ്ചരിച്ചു. ഒരു ജാടയുമില്ലാതെ പ്രായഭേദമെനെ്യ എല്ലാവരോടും ഇടപഴകാനും സ്‌നേഹിക്കാനും അദ്ദേഹത്തിന്‌ കഴിഞ്ഞു.
ഹിമാലയം കാണുക, ആ പര്‍വ്വത ഭീമന്റെ മുന്നില്‍ ചെന്ന്‌ കൈയും കെട്ടിനിന്ന്‌ അവനെയൊന്ന്‌ നോക്കിക്കാണുക. കുഞ്ഞുണ്ണിയുടെ ജീവിതാഭിലാഷമായിരുന്നു അത്‌. മരിക്കുംമുമ്പ്‌ അദ്ദേഹം അത്‌ സാധിക്കുകയും ചെയ്‌തു. ഇതുപോലെയായിരുന്നു അദ്ദേഹത്തിന്റെ കവിതകളും കഥകളും. ആകാശം, സമുദ്രം, പര്‍വ്വതം, ആന തുടങ്ങിയ വലുപ്പമുള്ള രൂപങ്ങള്‍ അദ്ദേഹത്തിന്റെ കുഞ്ഞിക്കവിതയില്‍ എപ്പോഴും സ്‌ഥാനം പിടിച്ചിരുന്നു. കാടില്ലാത്തൊരു നാട്ടില്‍ കഴിയാന്‍ / കാടന്മാര്‍ക്കേ കഴിയൂ / കാടുവെളുത്താല്‍ / നാടുവിളര്‍ക്കും / മഴുകൊണ്ടുണ്ടായൊരു നാടിത്‌ / മഴുകൊണ്ടില്ലാതാവും. കാടിനെ നശിപ്പിക്കുന്ന മനുഷ്യനെ അതില്‍നിന്ന്‌ പിന്തിരിപ്പിക്കാന്‍ കുഞ്ഞുണ്ണിമാഷ്‌ ഈ വരികളിലൂടെ ശ്രമിച്ചു. മനുഷ്യരും ജീവജാലങ്ങളുമെല്ലാം ഈ ഭൂമിയില്‍ പാരസ്‌പര്യത്തിലൂടെ കഴിയുമ്പോള്‍ മാത്രമേ ജീവിതം പൂര്‍ണമാകുകയുള്ളൂ എന്നദ്ദേഹം വിശ്വസിച്ചു.

കുഞ്ഞുണ്ണിമാഷും കുട്ട്യോളും

കുഞ്ഞുങ്ങളോടായിരുന്നു മാഷിനേറെയിഷ്‌ടം എന്നത്‌ പ്രസിദ്ധമാണ്‌. കുഞ്ഞുണ്ണിമാഷും കുട്ട്യോളും എന്നത്‌ കേരളം സ്വീകരിച്ച ഒരു സുന്ദരോക്‌തിയാണ്‌. കുട്ടികളുടെ രചനകള്‍ക്ക്‌ പ്രോത്സാഹനം നല്‍കാന്‍വേണ്ടി മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ ആരംഭിച്ച ബാലപംക്‌തി വളരെക്കാലം സജീവമായിരുന്നു. അതില്‍ കുട്ടികളുടെ കവിതകളും കഥകളും എഡിറ്റുചെയ്യുകയും ചെറിയ ഉപദേശങ്ങള്‍ എഴുതുകയും ചെയ്‌തിരുന്നത്‌ കുട്ടേട്ടന്‍ എന്ന കുഞ്ഞുണ്ണിമാഷായിരുന്നു. കുട്ടികളുടെ സാംസ്‌കാരികാഭിവൃദ്ധിയിലൂടെ മാത്രമേ സമൂഹ നന്മയിലേക്ക്‌ നയിക്കാനാവൂ എന്നു ചിന്തിച്ചിരുന്ന മാഷ്‌, അവര്‍ക്കുവേണ്ടി നിരവധി പുസ്‌തകങ്ങള്‍ രചിച്ചു. അവയില്‍ ഉപദേശങ്ങളടങ്ങിയ മുത്തുമണികളും കഥകളും കുഞ്ഞിക്കവിതകളും നാടന്‍ പാട്ടുകളും ഉള്‍പ്പെടും. ആയിരക്കണക്കിനു പഴഞ്ചൊല്ലുകളും കടങ്കഥകളും നാടന്‍ കവിതകളും സമാഹരിക്കുക എന്നത്‌ അദ്ദേഹത്തിന്റെ വലിയൊരു ശ്രമമായിരുന്നു. കുട്ടികള്‍ക്കുവേണ്ടി ഒരു മലയാള നിഘണ്ടുതന്നെ അദ്ദേഹം തയാറാക്കി. അദ്ദേഹം എവിടെച്ചെന്നാലും കുറച്ച്‌ കോളജ്‌ കുമാരന്മാരും കുമാരിമാരും ഒപ്പമുണ്ടാകുമായിരുന്നു. ഇന്നത്തെ തലമുറയ്‌ക്ക് പഴഞ്ചന്‍ എന്നു തോന്നിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വേഷം. ഒട്ടും ആകര്‍ഷകമല്ലാത്ത കുറിയശരീരം. തേച്ചുവെടിപ്പാക്കാത്ത, കോളറില്ലാത്ത കുപ്പായവും മുക്കാല്‍ മുണ്ടും ഒരു കാലന്‍കുട- ഇതൊക്കെയായിരുന്നു ബാഹ്യമായി നാം കാണുന്ന മാഷ്‌. അതുകൊണ്ടുതന്നെ എവിടെ കുഞ്ഞു മാഷുണ്ടോ അവിടെ കുട്ട്യോളുമുണ്ട്‌. ആന പോകുന്ന പൂമരത്തിന്റെ / ചോടേ പോകുന്നതാരെടാ / ആരനുമല്ല കൂരനുമല്ല / കുഞ്ഞുണ്ണിമാഷും കുട്ട്യോളും. കുഞ്ഞിക്കണ്ണുകള്‍ക്ക്‌ അത്ഭുതവും കുഞ്ഞിച്ചെവികള്‍ക്ക്‌ അമൃതാനന്ദാനുഭൂതിയുമായിരുന്നു ആ ഗുരുശ്രേഷ്‌ഠന്‍. ഒരു വളപ്പൊട്ടുണ്ടെന്‍ കൈയില്‍ / ഒരു മയില്‍പ്പീലിയുണ്ടുള്ളില്‍ അങ്ങനെ അര്‍ത്ഥസമ്പുഷ്‌ടമായ കുറുങ്കവിതയിലൂടെ മാഷ്‌ കുട്ടികളുടെ പ്രിയപ്പെട്ടവനായി. എനിക്കു പൊക്കം കുറവാ/ണെന്നെ പൊക്കാതിരിക്കുവിന്‍... എന്നുചൊല്ലി എല്ലാവര്‍ക്കും ഒരു താക്കീതുകൂടി കവി നല്‍കി.

ചെറുകവിതകള്‍

ദാര്‍ശനികത നിറഞ്ഞുനില്‍ക്കുന്ന ഒട്ടേറെ ചെറുകവിതകള്‍ മാഷ്‌ രചിച്ചിട്ടുണ്ട്‌. കാലം കുറുക്കിയെടുപ്പതല്ലോ കല / എന്നെ പെറ്റതു ഞാന്‍തന്നെ ഇതുപോലെ വ്യംഗ്യാര്‍ത്ഥം നിറഞ്ഞ കാവ്യശകലങ്ങളെല്ലാം മാഷിന്റെ സര്‍ഗചൈതന്യം വിളിച്ചോതുന്നു. എനിക്കുണ്ടൊരു ലോകം / നിനക്കുണ്ടൊരു ലോകം / നമുക്കില്ലൊരു ലോകം വീര്യവും വീറും നിറഞ്ഞ കവിതാ മൊഴികള്‍ ആര്‍ക്കും മനഃപാഠമാക്കാനും എളുപ്പമാണ്‌. കലഹിക്കില്ല പുഷ്‌പങ്ങള്‍ / കലപില കൂട്ടും പത്രങ്ങള്‍ താഴെ പറയുന്ന വരികള്‍ ഒന്നു ശ്രദ്ധിച്ചുനോക്കൂ. കുന്നായ കുന്നിന്മേല്‍/ കൊന്നമരത്തിന്മേല്‍ / പൊന്നിന്‍ പൂത്താലി / ചാര്‍ത്തിയതാരോ / ഞാനല്ല നീയല്ലകര്‍ക്കടക്കാറല്ല / കന്നിനിലാവല്ല / മകരത്തിന്‍മഞ്ഞല്ല / മേടവിഷുവിനു കണികണ്ടുണര്‍ന്നീടാന്‍ / മീനവെയിലൊളി ചാര്‍ത്തിയതല്ലോ ? മേടമാസത്തിലെ വിഷുക്കണിയൊരുക്കുന്ന കൊന്നമരത്തെക്കുറിച്ച്‌ വര്‍ണന കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനസില്‍ ആഹ്ലാദം പകരുന്നതാണ്‌. പ്രകൃതിയിലെ ഓരോ അംശത്തെയും സ്‌നേഹിച്ച കൊച്ചുകവി, ഒരു പൂപറിക്കാന്‍ പൂച്ചെടിയെ മുഴുവന്‍ നശിപ്പിക്കുകയും ഒരു ഉണ്ണിമാങ്ങ കിട്ടാന്‍ പൂങ്കുല മുഴുവന്‍ തല്ലിക്കൊഴിക്കുകയും ചെയ്യുന്ന മനുഷ്യനെ നോക്കി അരുതെന്ന്‌ പറയുന്നു. പ്രകൃതി നമുക്ക്‌ നല്‍കുന്ന സുഖങ്ങള്‍ക്ക്‌ പകരമായി പ്രകൃതിയെ സ്‌നേഹിക്കണമെന്ന്‌ ഓര്‍മിപ്പിക്കുന്നു.

രസകരമായ മറ്റു കവിതകള്‍

ഡപ്പച്ചോറുണ്ണുക / ബേക്കറി പലഹാരം തിന്നുക / മകാരവാരിക വായിക്കുക / മനുഷ്യന്‍ ചീത്തയാവാന്‍ ഇനിയെന്തുവേണം. ഫാസ്‌റ്റ് ഫുഡിന്‌ അടിമയാവുകയും പൈങ്കിളി വാരികകള്‍ വായിക്കുകയും ചെയ്യുന്ന അലസനായ മനുഷ്യനോടാണ്‌ കവി ഈ വരികളിലൂടെ സംവദിക്കുന്നത്‌. പ്രകൃതിയില്‍ നിന്നകലുന്ന ഇന്നത്തെ മനുഷ്യനുള്ള ഒരു മുന്നറിയിപ്പുകൂടിയാണീവരികള്‍. കേരളത്തില്‍ കാണുന്ന അമിതമായ ഇംഗ്ലീഷ്‌ പ്രേമത്തെയും മാതൃഭാഷയെ താഴ്‌ത്തി കെട്ടുന്ന പ്രവണതയെയും മാഷ്‌ തന്റെ ഇത്തിരിക്കവിത എന്ന മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച്‌ വേണ്ടപോലെ പരിഹസിച്ചു. അയ്യയ്യ്യേ ! മനുഷ്യരെപ്പോലെ / കടിപിടികൂടുകയോ എന്നാണ്‌ നായ്‌ക്കളോട്‌ ചോദിക്കുന്നത്‌. ജനിക്കും നിമിഷം തൊട്ടെന്‍ മകനിംഗ്ലീഷ്‌ പഠിക്കണം / അതിനാല്‍ ഭാര്യതന്‍ പേറ/ ങ്ങിംഗ്ലണ്ടില്‍ തന്നെയാക്കി ഞാന്‍. മലയാളത്തെ തള്ളിപ്പറയുന്നവര്‍ക്ക്‌ ഇതില്‍ കൂടുതലായി ധ്വനീമധുരമായി പരിഹസിക്കുവാന്‍ മറ്റാര്‍ക്കെങ്കിലുമാകുമോ? അരമലയാളിക്കു നുറു മലയാളം / അരമലയാളിക്കു ഒരു മലയാളം / ഒരു മലയാളിക്കും മലയാളമില്ല. മലയാളത്തിന്‌ അപചയംവരുത്തുന്നവരെ ഇതില്‍ കൂടുതല്‍ ശക്‌തമായി വിമര്‍ശിക്കാന്‍ ആര്‍ക്കു കഴിയും ? ഒറ്റിക്കൊടുക്കാനാളായി / ചൂടിക്കാന്‍ മുള്‍ക്കിരീടവും / തറയ്‌ക്കാന്‍ കുരിശും / ക്രിസ്‌തുനിര്‍മാണം ക്ഷണമാമിനി. ആക്ഷേപ ഹാസ്യരൂപത്തില്‍ ഒരു ചരിത്രത്തിന്റെ പശ്‌ചാത്തലം മാഷ്‌ ചിന്തോദ്ദീപകവും ഹൃദ്യവുമായി അവതരിപ്പിക്കുന്നു.

കുഞ്ഞുണ്ണി മാഷ്‌ കണ്ട പ്രകൃതി

മനുഷ്യജീവിതത്തിന്‌ ഭീഷണിയാവുന്ന ജലമലിനീകരണവും ജലദൗര്‍ലഭ്യവും കുഞ്ഞുണ്ണിമാഷിനെ ചിന്തിപ്പിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ വരികള്‍ ശ്രദ്ധിക്കൂ. ജലം ജനം നല്ലവഴിക്കുപോയാല്‍ / ജനിക്കുമോ നല്ല ഫലങ്ങളാവഴി / നീരറ്റാല്‍ വേരറ്റു / വേരറ്റാല്‍ നരനറ്റു. ആകാശം, ഭൂമി, ജലം, വായു, അഗ്നി എന്നീ പഞ്ചഭൂതങ്ങളും ശുദ്ധമായിരിക്കണമെന്ന്‌ കുഞ്ഞുണ്ണിമാഷ്‌ ആഗ്രഹിച്ചു. പ്രകൃതിസ്‌നേഹത്തിലൂടെ മാത്രമേ മനുഷ്യന്‌ മനുഷ്യന്‍ എന്ന പേരിനര്‍ഹമാകാന്‍ കഴിയൂ എന്നദ്ദേഹം വിശ്വസിച്ചു. നീരില്ലേ ഉയിരില്ല / മഴയില്ലെങ്കില്‍ മണ്ണെന്തിന്‌ / മാനം മോളിലൊന്നുമുണ്ടാകും /താഴെ മണ്ണ്‌ കുറഞ്ഞുവരും. മണ്ണും മഴയും മാനവും ചേര്‍ന്നൊഴുകുന്ന സുന്ദരപ്രകൃതിയെ സ്വപ്‌നം കാണുന്ന കവിയെയാണ്‌ നാം ഇവിടെ കാണുന്നത്‌.
മനുഷ്യത്വം അറ്റുപോയ മനുഷ്യന്റെ ആര്‍ത്തി നിറഞ്ഞ മനസില്‍ ഭൂമിയെപ്പറ്റിയുള്ള ഓര്‍മപോലും ഇല്ലാതായി എന്ന തേങ്ങലാണ്‌ കവി ഇവിടെ നമ്മളോട്‌ പങ്കുവയ്‌ക്കുന്നത്‌. നല്ല മരം നല്ല വരം / ഒരു മരം വെട്ടിയാല്‍ ഒരു മകന്‍ പോയി, നല്ലമ്മപോയി / മരിച്ചോര്‍ക്കേ മുറിക്കാവൂ മരം. ഇത്തരത്തില്‍ മരത്തെക്കുറിച്ചുള്ള കവിതകളിലൂടെ പ്രകൃതിയെ കാക്കണം എന്ന സന്ദേശം മാഷ്‌ പണ്ടേ പറഞ്ഞതാണ്‌.
ഈ സന്ദേശവുമായി മാഷ്‌ അരനൂറ്റാണ്ടു മുമ്പ്‌ എഴുതിയ കാവ്യപുസ്‌തകമാണ്‌ വസുമതി. നമുക്ക്‌ ദാഹജലം, അന്നം, കായ്‌കനികള്‍ ഒക്കെ നല്‍കുന്ന ഭൂമി മരണം വരെ നമ്മെ കാക്കുന്ന ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കണം എന്ന സന്ദേശമാണ്‌ വസുമതി എന്ന ലഘുകാവ്യത്തില്‍ മാഷ്‌ കുട്ട്യോള്‍ക്ക്‌ നല്‍കുന്നത്‌. തൊണ്ണൂറുശ്ലോകങ്ങളുള്ള ആ അപൂര്‍വ പുസ്‌തകങ്ങളില്‍നിന്ന്‌ രണ്ടു ശ്ലോകങ്ങള്‍ ശ്രദ്ധിച്ചോളൂ കൂട്ടുകാരേ. നല്ല വൃക്ഷങ്ങള്‍ നന്നായി / നട്ടുപോറ്റണമേവരും / മക്കളെപ്പോറ്റീടും പോലെ / വൃക്ഷത്തെയുംവളര്‍ത്തണം തരിശാക്കിയിടാന്‍ പാടി / ല്ലാരും മന്നിലൊരേടവും / തരമോര്‍ത്തുള്ള ദിക്കെല്ലാം / കൃഷി ചെയ്യുവിനേവരും.

കാവ്യജീവിതം

രണ്ടാം ലോകമഹായുദ്ധം നടന്നിരുന്ന കാലത്ത്‌ അരി, തുണി മുതലായവയ്‌ക്കുണ്ടായിരുന്ന കണ്‍ട്രോളിനെ (റേഷനിങ്ങിനെ)പ്പറ്റി അന്ന്‌ ആറാംക്ലാസ്‌ വിദ്യാര്‍ഥി ആയിരുന്ന കുഞ്ഞുണ്ണി ഒരു ഓട്ടന്‍തുള്ളല്‍ രചിച്ച്‌ അരങ്ങത്ത്‌ തുള്ളിയവതരിപ്പിച്ചു. ഇത്രയധികം കുട്ടികളുമായി ഇടപഴകിയ മറ്റൊരാളെ കാണാന്‍ പ്രയാസമാണ്‌. ഫലിതം തുളുമ്പുന്ന കുട്ടിക്കവിതകള്‍, കടങ്കഥകള്‍, വാങ്‌മയ രേഖാചിത്രങ്ങള്‍, ആപ്‌തവാക്യതുല്യമായ ഈരടികള്‍, കൊച്ചു കഥകള്‍, നാടകങ്ങള്‍ എന്നിവയുടെ സമാഹാരങ്ങളായി കുഞ്ഞുണ്ണിയുടെ കവിതകള്‍, കുട്ടികവിതകള്‍, സോണ്‍സെന്‍സ്‌ കവിതകള്‍, വിത്തും മുത്തും, പുലിവാല്‌ തുടങ്ങി വിവിധ ശാഖകളിലായി ഒട്ടനവധി കൃതികള്‍ കുഞ്ഞിണ്ണിമാഷ്‌ എഴുതിവച്ചിട്ടുണ്ട്‌. ഇവയ്‌ക്ക് പുറമെ ഓണപ്പാട്ടുകള്‍, ഇരുന്നൂറ്‌ കടംകഥകള്‍, പഴഞ്ചൊല്ലുകള്‍ (2400 എണ്ണം) എന്നിവ സമ്പാദനം ചെയ്‌തിട്ടുണ്ട്‌. ശ്രീരാമകൃഷ്‌ണ പരമഹംസരുടെ അമൃതകഥകള്‍ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. അക്ഷരത്തെറ്റ്‌ എന്ന കൃതിക്ക്‌ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ചു. കദളിപ്പഴം, കളിക്കളം, ഉണ്ടയും ഉണ്ടിയും, കുറുങ്കവിതകള്‍, കുഞ്ഞുണ്ണിമാഷും കുട്ട്യോളും, അപ്പൂപ്പന്‍താടി തുടങ്ങിയവ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച രചനകളാണ്‌. നാടന്‍പാട്ട്‌, പഴഞ്ചൊല്ല്‌, കടങ്കഥ എന്നീ രൂപങ്ങളുമായി ഗാഢബന്ധമുള്ളവയാണ്‌ കുഞ്ഞുണ്ണിക്കവിതകള്‍. നാടോടി തനിമയെ വ്യക്‌തിജീവിതം കൊണ്ടെന്നപോലെ കലാജീവിതംകൊണ്ടും ആവാഹിച്ച കുഞ്ഞുണ്ണിമാഷ്‌ മലയാളത്തിലെ ആധുനിക കവിതയുടെ ജനകീയ രൂപമാകുന്നു. പ്രമുഖ എഴുത്തുകാരനായ എം.എന്‍. കാരശേരി മാഷിനെ ഇപ്രകാരമാണ്‌ വിലയിരുത്തുന്നത്‌. മാഷിന്റെ കുറുംകവിതകള്‍ കാലാതീതമായി നിലകൊള്ളുമെന്നതില്‍ തെല്ലും സംശയമില്ല.
ജീവിതരേഖ: ജനനം 1927 മേയ്‌ 10ന്‌. തൃശൂര്‍ ജില്ലയിലെ പള്ളിപ്രം ഗ്രാമം (വലപ്പാട്‌). പിതാവ്‌: ഞായപ്പിള്ളി ഇല്ലത്ത്‌ നീലകണ്‌ഠന്‍ മൂസത്‌. മാതാവ്‌: അതിയാരത്ത്‌ തേറമ്പില്‍ നാരായണിയമ്മ. കാവ്യരംഗത്ത്‌ കവിക്ക്‌ വഴികാട്ടി സംസ്‌കൃത പണ്ഡിതനും ആയുര്‍വേദ വൈദ്യനുമായ പിതാവായിരുന്നു. തൃപ്രയാര്‍ യു.പി. സ്‌കൂളിലും വലപ്പാട്‌ സെന്റ്‌സെബാസ്‌റ്റ്യന്‍ ഹൈസ്‌കൂളിലും പഠനം. പാലക്കാട്‌ അധ്യാപക പരിശീലനം കഴിഞ്ഞ്‌ 1949ല്‍ ചേളാരി ഹൈസ്‌കൂളില്‍ അധ്യാപകനായി. രാമനാട്ടുകരയില്‍ അധ്യാപകനായിരിക്കെ വിദ്വാന്‍ പരീക്ഷ പാസായി. 1953 മുതല്‍ 1982 വരെ കോഴിക്കോട്‌ രാമകൃഷ്‌ണ മിഷന്‍ സ്‌കൂളില്‍ അധ്യാപകന്‍. 1982 ല്‍ വിരമിച്ചതിനുശേഷം സാഹിത്യ രചനയില്‍ മുഴുകി. 2006 മാര്‍ച്ച്‌ 26ന്‌ അന്തരിച്ചു.

ജോസ്‌ ചന്ദനപ്പള്ളി

Ads by Google
Sunday 25 Mar 2018 10.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW