Friday, April 26, 2019 Last Updated 5 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 25 Mar 2018 07.02 AM

വയല്‍ മാത്രമല്ല, കുന്നുകളും ഇല്ലാതാകും; കീഴാറ്റൂരിലേത് റിയല്‍ എസ്‌റ്റേറ്റ് താല്‍പര്യങ്ങളും

keezhattoor

കണ്ണൂര്‍: കീഴാറ്റൂരില്‍ ദേശീയപാത െബെപ്പാസിനായി നെല്‍വയല്‍ നികത്തുന്നതിനു പിന്നില്‍ വന്‍ റിയല്‍ എസ്‌റ്റേറ്റ് താല്‍പര്യങ്ങളും. വയല്‍ ഏറ്റെടുത്ത് റോഡ് നിര്‍മിക്കാനാവശ്യമായി വരുന്ന ലോഡ് കണക്കിന് മണ്ണും അതിനുവേണ്ടി കുന്നിടിച്ചു ഭൂമി പ്ലോട്ടുകളാക്കലുമാണ് റിയല്‍ എസ്‌റ്റേറ്റ് ലോബികള്‍ക്ക് കൊയ്ത്താകുന്നത്.

വയല്‍ നികത്തി റോഡുണ്ടാക്കാന്‍ 10 ലക്ഷം ലോഡ് മണ്ണെടുക്കാന്‍ പത്തോളം കുന്നുകള്‍ ഇടിക്കണം. ഈ ഇനത്തില്‍ തന്നെ മണ്ണിന്റെ വിപണിവിലയയനുസരിച്ച് നൂറുകോടിയോളം രൂപ റിയല്‍ എസ്‌റ്റേറ്റ് മാഫിയയുടെ പോക്കറ്റിലെത്തുമെന്നാണു കണക്ക്. മിക്കവാറും വെള്ളക്കെട്ടുള്ള ഏറെ താഴ്ന്ന ഈ പ്രദേശത്ത് ഗതാഗതയോഗ്യമായ പാത തീര്‍ക്കാന്‍ സാധാരണയിലും കൂടിയ തോതില്‍ മണ്ണു വേണ്ടിവരും.

ദേശീയപാതാ െബെപ്പാസിന് ഏറ്റെടുക്കുന്ന വയല്‍ മൂന്ന് മീറ്റര്‍ ആഴത്തില്‍ കുഴിച്ച് ചുവന്ന മണ്ണിട്ടുയര്‍ത്തി ബലപ്പെടുത്തേണ്ടതുണ്ട്. മൂന്നുമീറ്റര്‍ ആഴത്തില്‍ കളിമണ്ണു കുഴിച്ചെടുക്കാന്‍ ഓട് നിര്‍മാണ കമ്പനിയുമായി സര്‍ക്കാരും സി.പി.എം. പ്രാദേശിക നേതൃത്വവും ധാരണയിലെത്തിയതായാണ് ആരോപണം. കളിമണ്ണെടുക്കുന്ന കുഴി അടക്കം, പുതുതായി നിര്‍മിക്കുന്ന ദേശീയപാത മണ്ണിട്ട് ഉയര്‍ത്താന്‍ കീഴാറ്റൂര്‍ വയലിന് സമീപം 56 ഏക്കര്‍ വരുന്ന സ്വകാര്യവ്യക്തിയുടെ കുന്നിടിച്ചു നിരത്താനുള്ള നീക്കം നടക്കുന്നതായി െബെപ്പാസിനെതിരേ സമരരംഗത്തുള്ള വയല്‍ക്കിളികള്‍ നേരത്തേ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.

ഈ മണ്ണു നീക്കിയിടത്ത് മിനി ടൗണ്‍ഷിപ്പിനു നീക്കമുണ്ടായിരുന്നതായി പറയപ്പെടുന്നു. തളിപ്പറമ്പ്-പയ്യന്നൂര്‍ ദേശീയപാതയില്‍ ചുടലയ്ക്കു കിഴക്കുഭാഗത്ത് വന്‍കിടക്കാര്‍ വാങ്ങിക്കൂട്ടിയ കുന്നുകള്‍ കീഴാറ്റൂര്‍ െബെപ്പാസിനായി ഇടിച്ചു നികത്താമെന്ന രഹസ്യധാരണയോടെയാണെന്ന ആരോപണവമുണ്ട്.

ഒന്നിലധികം അെലെന്‍മെന്റിനു സാധ്യതകള്‍ ഉണ്ടെങ്കില്‍ കുറഞ്ഞ പരിസ്ഥിതി-സാമൂഹിക ആഘാതം ഉള്ള അെലെന്മെന്റാകണം തെരഞ്ഞെടുക്കേണ്ടതെന്നാണ് നിയമം. എന്നാല്‍ കാര്യമായ പരിസ്ഥിതി പഠനത്തിന് തയറാകാതെ വയല്‍ വഴി പാത നിര്‍മിക്കാന്‍ ശാഠ്യം പിടിക്കുന്നതിനു പിന്നില്‍ ഈ റിയല്‍ എസ്‌റ്റേറ്റ് താല്‍പര്യങ്ങളാണെന്ന സംശയമാണ് ബലപ്പെടുന്നത്.

വയലിലൂടെയാണു റോഡെങ്കില്‍ വയലിനൊപ്പം കുന്നും നശിക്കുമെന്നതാണ് നിലവിലെ സ്ഥിതി. ശാസ്ത്ര സാഹിത്യ പരിഷത്തും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിലുള്ള ദേശീയപാത ഇരുഭാഗത്തും വികസിപ്പിച്ച് നാലുവരിയാക്കലാണ് പരിസ്ഥിതിയാഘാതം കുറച്ച് പാതവികസനം സാധ്യമാകാനുള്ള മാര്‍ഗമെന്നാണ് പരിഷത്തിന്റെ പഠന റിപ്പോര്‍ട്ട് പറയുന്നത്.

തളിപ്പറമ്പ് മുനിസിപ്പല്‍ പ്രദേശത്തെ ഏക വയല്‍പ്രദേശമാണ് കീഴാറ്റൂരിലെ 250 ഏക്കര്‍. കുറ്റിക്കോല്‍, കൂവോട്, കീഴാറ്റൂര്‍ പാടശേഖരസമിതികളിലായി നാനൂറിലേറെ കര്‍ഷകരാണുള്ളത്. വെള്ളക്കെട്ടുള്ളതിനാല്‍ ഒന്നാം കൃഷി എല്ലായിടത്തും സാധിക്കാറില്ല. രണ്ടാംവിള കൃഷി മൂന്നാലുവര്‍ഷമായി കൃത്യമായി ഭൂരിഭാഗം കര്‍ഷകരും ചെയ്യുന്നുണ്ട്. വയലിന് മൂന്നുഭാഗത്തും കുന്നുകളാണ്. കുന്നുകളില്‍നിന്നുള്ള മഴവെള്ളമെല്ലാം ഒഴുകിയെത്തുന്നത് ഈ വയലിലേക്കാണ്.

തളിപ്പറമ്പ് ബ്ലോക്കിലെ കുറ്റിക്കോല്‍ നീര്‍ത്തടത്തിലെ പ്രധാന ഭാഗമാണിത്. വര്‍ഷകാലത്ത് ഒരുമീറ്ററോളമെങ്കിലുമുയരത്തില്‍ മിക്കഭാഗത്തും വെള്ളം കെട്ടിനില്‍ക്കും.

ഇതിലൂടെ സംഭരിക്കുന്ന ഭൂഗര്‍ഭജലത്തിന്റെ റീച്ചാര്‍ജിങ് ആണ് ഇരുകരകളിലും കിണറുകളില്‍ വെള്ളമെത്തിക്കുന്നത്. ഇവിടെ മണ്ണിട്ടുനികത്തിയോ മറ്റുവിധത്തിലോ ഉള്ള നിര്‍മിതികള്‍ വരുന്നത് ഈ വയല്‍പ്രദേശത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുമെന്ന് പരിഷത്ത് ചൂണ്ടിക്കാട്ടുന്നു.

Ads by Google
Sunday 25 Mar 2018 07.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW