കോട്ടയം: വിവാദവിഷയങ്ങളില്‍ നിരന്തരം ഇടതുസര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം എ.ഐ.സി.സിക്കു പരാതി നല്കി. പാര്‍ട്ടിയില്‍ നിന്നും നീക്കണമെന്നുമാണ് ആവശ്യം. കോണ്‍ഗ്രസ് എതിര്‍ക്കുമ്പോഴും കഴിഞ്ഞദിവസം കോഴിക്കോട്ടു നടത്തിയ പത്രസമ്മളനത്തില്‍ മദ്യനയത്തെ ഇദ്ദേഹം പിന്തുണച്ചു. ഈ വിഷയം ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ചന്ദ്രശേഖരനെതിരേ തിരിഞ്ഞത്. കീഴാറ്റൂരില്‍ സി.പി.എമ്മിനും സര്‍ക്കാരിനുമെതിരേ നടക്കുന്ന വയല്‍ക്കിളി സമരത്തെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. വിജിലന്‍സ് കേസില്‍നിന്നു രക്ഷപ്പെടാനാണു സര്‍ക്കാരിനൊപ്പം നിലകൊള്ളുന്നതെന്നാണ് ആരോപണം. ഐ ഗ്രൂപ്പിന്റെ നോമിനിയായാണ് ഇദ്ദേഹം പ്രസിഡന്റായത്. പിന്നീട് യു.ഡി.എഫ്. സര്‍ക്കാരിനെതിരേയുണ്ടായ വിവാദങ്ങളില്‍ ഇടതുപക്ഷത്തിനൊപ്പമായിരുന്നു ചന്ദ്രശേഖര്‍ എന്നാണു മറുവിഭാഗം ചൂണ്ടിക്കാട്ടുന്നത്.
ഈ ആവശ്യങ്ങളുന്നയിച്ച് എ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസനും പരാതി നല്‍കിയതായി ഐ.എന്‍.ടി.യു.സി. അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റിയംഗം തോമസ് കല്ലാടന്‍ പറഞ്ഞു. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരേ അഴിമതി ആരോപണം ഉയര്‍ന്നപ്പോഴും കോണ്‍ഗ്രസ് നിലപാട് തളളിപ്പറഞ്ഞു. സോളാര്‍ വിവാദത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കാനുളള നീക്കവും ചന്ദ്രശേഖരന് നടത്തിയെന്നു തോമസ് കല്ലാടന്‍ ആരോപിച്ചു. നിലവിലുളള വിജിലന്‍സ് കേസുകളില്‍നിന്നു രക്ഷപ്പെടാനാണു പിണറായി സര്‍ക്കാരിനെ ചന്ദ്രശേഖരന് പ്രീണിപ്പിക്കുന്നതെന്ന് കല്ലാടന്‍ ആരോപിച്ചു. കുറച്ചുകാലമായി ഐ.എന്‍.ടി.യു.സിയില്‍ എ, ഐ. വിഭാഗങ്ങള്‍ വെവ്വേറെയാണു പ്രവര്‍ത്തിക്കുന്നത്. പുതിയ വിവാദത്തോടെ ചന്ദ്രശേഖരനെ പ്രസിഡന്റായി അംഗീകരിക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് മറുവിഭാഗം.
കെ.പി.സി.സി. അംഗം കൂടിയായ ചന്ദ്രശേഖരന്, ഐ.എന്്.ടി.യു.സി. പ്രസിഡന്റ് എന്ന നിലയില്‍ എ.ഐ.സി.സി. അംഗമായും പ്രവര്‍ത്തിക്കുന്നു. ചന്ദ്രശേഖരനെ എ തിര്‍ക്കുന്ന വിഭാഗത്തിന്റെ വിപുലമായ കണ്വന്ഷന് അടുത്തമാസം കോട്ടയത്ത് വിളിച്ചുകൂട്ടാനാണു തീരുമാനം.