Wednesday, June 26, 2019 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Saturday 24 Mar 2018 05.55 PM

ഖല്‍ബിലൊരു പന്തുകളി

വളരെ റിഫ്രഷിങ് ആയ വിഷ്വലുകളും പരിചിതമായ മനുഷ്യരും സമര്‍ഥമായ എഡിറ്റിങ്ങും വൈകാരികമായ അവതരണവും പതിവുവഴികളില്‍നിന്നു മാറിയെങ്കിലും പെര്‍ഫെക്ട് ആയ ക്‌ളൈമാക്‌സും. തിയറ്റിലിരിക്കുമ്പോള്‍ സമ്മിശ്രവികാരങ്ങളുടെ വേലിയേറ്റവും. ഇതില്‍ക്കൂടുതലെന്തെങ്കിലും വേണമോ ഇക്കാലത്ത് ഒരു സിനിമ നല്ലതെന്നു പറയാന്‍. ?
Sudani from Nigeria

കണ്ണീരും ചിരിയും കളിയും കാര്യവും സിനിമയും ജീവിതവും ഒന്നിച്ചുവരുന്ന സൃഷ്ടികള്‍ അസാധാരണമാണ്. നൈജീരിയയില്‍നിന്നുള്ള ഈ സുഡാനി അസാധാരണമാകുന്നത് അതുകൊണ്ടാണ്. ഒരേസമയം പ്രാദേശികവും ആഗോളവുമായ സിനിമ. ഒരു ദേശം പന്തുതട്ടുന്നതുപോലെയാണ് രാജ്യങ്ങള്‍ മനുഷ്യരെ തട്ടിക്കളിക്കുന്നത് എന്നു പറയുന്ന സിനിമ. സ്‌നേഹത്തെപ്പറ്റി, സ്‌നേഹനിരാസത്തെപ്പറ്റി, യുദ്ധത്തപ്പറ്റി, കുടുംബത്തെപ്പറ്റി, രാജ്യത്തെപ്പറ്റി, അതിര്‍ത്തികളെപ്പറ്റി, അഭയാര്‍ഥികളെപ്പറ്റി ഒന്നുംപറയാതെ എല്ലാം പറയുന്ന സിനിമ. നവാഗതനായ സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ അടുത്തകാലത്ത് ഇറങ്ങിയ ഏറ്റവും നല്ല വൈകാരികഅനുഭവമാകുന്നതും അതുകൊണ്ടാണ്, അതിന്റെ അന്തര്‍ലീനമായ മനുഷ്യസ്‌നേഹം കൊണ്ട്. യുക്തികൊണ്ടല്ല, ഹൃദയം കൊണ്ട് അളക്കേണ്ട അനുഭവം.

ലോകം ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടാണ്, ആ കളത്തിനുള്ളില്‍ ജീവിക്കാനുള്ള ഓട്ടത്തിനിടെ ചിലര്‍ ഓര്‍ക്കാപ്പുറത്ത് ചുവപ്പുകാര്‍ഡ് കാണേണ്ടിവരും. അവരെക്കുറിച്ചാണ് മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പശ്ചാത്തലത്തില്‍ സക്കറിയയയും മൊഹ്‌സീന്‍ പരാരിയും സൗബിന്‍ ഷാഹിറും ചേര്‍ന്ന് വൈകാരികമായ കാഴ്ചയിലൂടെ രണ്ടുമണിക്കുര്‍ കൊണ്ടു പറയുന്നത്.

മജീദ്(സൗബിന്‍ ഷാഹിര്‍) ഒരു സെവന്‍സ് ഫുട്‌ബോള്‍ ടീമിന്റെ നടത്തിപ്പുകാരനാണ്. മജീദിന്റെ ടീമിന്റെ മുഖ്യകളിക്കാരനായ നൈജീരിയക്കാരന്‍ സാമുവ( ആഫ്രിക്കന്‍ നടന്‍ സാമുവല്‍)ലിന് പരുക്കേല്‍ക്കുന്നു. തുടര്‍ന്ന് ഇരുവരും നേരിടുന്ന പ്രതിസന്ധികളാണ് സിനിമ.

Sudani from Nigeria

പശ്ചാത്തലം സെവന്‍സ് ആണെങ്കിലും ഇതൊരു സ്‌പോര്‍ട്‌സ് ഡ്രാമ അല്ല. അല്ലല്ല, ഇതൊരു ഡ്രാമയേയല്ല. മലപ്പുറത്തെ ഏതോ വീട്ടിലെത്തിയ കാഴ്ചയാണ് രണ്ടുമണിക്കൂര്‍ സിനിമ. ബാങ്കുവിളികളുടെ പശ്ചാലത്തലമില്ല, മൊയ്തീന്‍ മോഡല്‍ ഹെവിഡോസ് അറബിസംഗീതത്തിന്റെ പശ്ചാത്തലക്കൊഴുപ്പില്ല, ഒരു സ്റ്റീരിയോടൈപ്പ് സിനിമാറ്റിക് ഇസ്ലാം കാഴ്ചകളുമില്ല എന്നാല്‍ സാധാരണമനുഷ്യരെ സാധാരണമായി കാട്ടി ലോകത്തെക്കുറിച്ച് അസാധാരണമായ വൈഭവത്തോടെ സക്കറിയയും കൂട്ടരും പറയുന്നുണ്ട്.

മജീദിന്റെ ഉമ്മ ജമീലയുടെ കൂട്ടുകാരിയും അയല്‍ക്കാരിയുമായ ബീയുമ്മ പാസ്‌പോര്‍ട്ടിനെക്കുറിച്ച് പറയുന്ന ഒരു ഡയലോഗുണ്ട്. പാസ്‌പോര്‍ട്ടും അവന്റെയൊരു പത്രാസും. എന്റെ ബാപ്പാ പാസ്‌പോര്‍ട്ടില്ലാതെ കറാച്ചിയില്‍നിന്ന് എത്രതവണപോയിവന്നിരുവെന്ന്...പാസ്‌പോര്‍ട്ടും ആധാറും മനുഷ്യരുടെ സ്വത്വം നിര്‍ണയിക്കുന്നകാലത്ത് അതിരുകളേക്കുറിച്ച് അതിരുകള്‍ക്കുള്ളില്‍പെട്ടുപോകുന്ന മനുഷ്യരെക്കുറിച്ച് സംസാരിക്കുന്ന ഈ നിഷ്‌കളങ്കമായ ഉമ്മ സിനിമയുടെ പ്രമേയത്തെക്കുറിച്ചുള്ള ഏറ്റവും വലിയ സൂചകമാണ്. കൂടുതല്‍ എഴുതി രസം കളയുന്നില്ല.
പറയാന്‍ വിട്ടു, നാകയന് നായിക ഇല്ലാത്ത സിനിമയില്‍ ഈ ഉമ്മച്ചിമാരാണ് സൂപ്പര്‍ നായിമാര്‍. എന്തൊരു പ്രകടനമാണ്.? സൗബിന്റെ ഉമ്മ ജമീലയായി വേഷമിട്ട സാവിത്രി ശ്രീധരനും ബീയുമ്മയായി വേഷമിട്ട സരസ ബാലുശേരിയും മുത്താണ്, അല്ലല്ല മുത്തുച്ചിപ്പികള്‍. രണ്ടുപേരും കോഴിക്കോടും കോഴിക്കോട് ചിരന്തന തിയറ്റേഴ്‌സിന്റെ നടിമാര്‍. ഇരുവരുടേയും പ്രകടനത്തില്‍ നാടകവുമില്ല, സിനിമയുമില്ല, 100 ശതമാനം ജീവിതം. എന്തേ ഈ വഴി വരാന്‍ വൈകിയെന്ന ചോദ്യം മാത്രമാണ് ബാക്കി. ഇവര്‍ മാത്രമല്ല, ഓരോ ചെറിയ രംഗത്ത് എത്തുന്ന കഥാപാത്രങ്ങളും അമ്പരപ്പിച്ചു. അത്രയ്ക്കു പെര്‍ഫെക്ട് കാസ്റ്റിങ്ങ്. ഒരു കൊച്ചുസിനിമയിലിത്രമാത്രം അഭിനയപ്രതിഭകളോ എന്ന അത്ഭുതം ബാക്കി.
സൗബിന്‍ നല്ല നടനെന്ന് തെളിയിച്ചിട്ടുണ്ടെങ്കിലും ഒരു തമാശക്കാരന്റെ രൂപം എവിടെയോ ബാക്കിയുണ്ടായിരുന്നു. അതുമുഴുവന്‍ ഇല്ലാതാക്കുന്നതാണ് എം.വൈ.സി. ആക്കോട് എന്ന സെവന്‍സ് ക്ലബിന്റെ മാനേജര്‍ മജീദ്. ഉമ്മയുടെ രണ്ടാം കല്യാണത്തിന് ബിരിയാണിവിളമ്പേണ്ടിവന്ന, രണ്ടാനച്ഛനോട് ഒരിക്കല്‍പോലും മിണ്ടാത്ത, ഫുട്‌ബോള്‍ ഭ്രാന്തില്‍നിന്നു മോചനമില്ലാത്ത മജീദ് സൗബിന്റെ ഗംഭീരറേഞ്ചിന്റെ സാക്ഷ്യപത്രമാണ്. സൗബിന്‍ മാത്രമല്ല സുഹൃത്തുക്കളായി വേഷമിട്ടവരും സ്വഭാവികതകൊണ്ട് അമ്പരപ്പിച്ചു. സുഡാനി എന്നത് ആഫ്രിക്കക്കാര്‍ക്കു പൊതുവേ മലബാറിലെ കളിക്കമ്പക്കാര്‍ ഇട്ടുവിളിച്ച പേരാകണം. സുഡാനല്ല, നൈജീരിയയില്‍നിന്നാണെന്ന് സാമുവല്‍ പറയുമ്പോള്‍ സുഡാനി ഫ്രം നൈജീരിയ എന്നു വിളിക്കുന്ന പയ്യനതു തന്നെയാണു വിളിക്കുന്നത്. നൈജീരിയന്‍ നടനായ സാമുവല്‍ അബോള റോബിന്‍സണാണ് സ്വന്തം പേരില്‍ വേഷമിടുന്നത്. ഭാഷകളുടെ അതിര്‍വരമ്പില്ലാതെ സാമുവലും ഈ വൈകാരികക്കാഴ്ചയില്‍ എളുപ്പം ചേര്‍ന്നലിയുന്നുണ്ട്.

Sudani from Nigeria

മലബാറിന്റെ സ്വന്തം കളിയായ സെവന്‍സാണ് സിനിമയുടെ പശ്ചാത്തലത്തില്‍ നിറയുന്നതെങ്കിലും ഒരിക്കല്‍ പോലും അത് സിനിമയ്ക്കുവേണ്ടി സൃഷ്ടിച്ചെടുക്കുന്ന ഒരു കൃത്രിമകായികപ്രേമമായി മാറുന്നില്ല എന്നതുതന്നെയാണ് സിനിമയുടെ സവിശേഷത. വളരെ ജൈവികമായാണ് ചെറുപ്പക്കാരുടെ ആ ' കളിഭ്രാന്തിനെ' കൈകാര്യം ചെയ്യുന്നത്. ഒരു നാടിന്റെ സംസ്‌കാരത്തില്‍ ആ കളി എത്രമാത്രമുണ്ടെന്ന് വളരെ സൂക്ഷ്മമായി സുഡാനി പറയുന്നു. ആശുപത്രി ക്യൂവില്‍നില്‍ക്കുമ്പോള്‍ മജീദിനെ വിളിച്ചുമാറ്റി നെയ്മര്‍ ബാഴ്‌സ വിട്ടതു ശരിയാണോ എന്നു ചോദിക്കുന്ന സുഹൃത്തിന്റെ രംഗം മുതല്‍ തിരക്കേറിയ റോഡിന്റെ മറുവശം സ്‌ക്രീന്‍ വച്ചു കളി കാണുന്ന ഒറ്റ പാസിങ് ഷോട്ടില്‍ വരെ ഈ ഫുട്‌ബോള്‍ പ്രണയത്തിന്റെ സ്വഭാവികത അവതരിപ്പിച്ചിട്ടുണ്ട്. മലപ്പുറത്തെക്കുറിച്ചു പറഞ്ഞ കെ.എല്‍. 10 പത്ത് എന്ന സിനിമയുടെ സൃഷ്ടാവ് മൊഹ്‌സീന്‍ പെരാരിയാണ് സംവിധായകന്‍ സക്കറിയയുടെ രചനാപങ്കാളി. കെ.എല്‍.പത്തിന്റെ തുടര്‍ച്ചപോലെ മലപ്പുറത്തെ കേരളത്തിലെ മറ്റെവിടെങ്കിലുമുള്ള ഇടം പോലെ അടയാളപ്പെടുത്താന്‍ സിനിമയ്ക്കാകുന്നുണ്ട്. ദേശ-കാല ബോധങ്ങളെക്കുറിച്ചു യാതൊരു ധാരണയുമില്ലാത്ത സിനിമതമ്പുരാക്കാന്മാര്‍ തന്നെ ചില പ്രദേശങ്ങളെക്കുറിച്ചു സൃഷ്ടിച്ച വാര്‍പ്പുമാതൃകകള്‍ സ്വഭാവികമായ ചിരിയോടെ സക്കറിയയും കൂട്ടരും ഒരു ഫ്രീകിക്കിലൂടെ അടിച്ചുതെറിപ്പിക്കുന്നുണ്ട്. സുഡാനി ഒരു ദേശത്തെ അടയാളപ്പെടുത്തുന്നതും അങ്ങനെയാണ്. അതുകൊണ്ടുതന്നെയാണ് അതൊരു ദേശത്തിന്റെ കഥയാകുന്നതും.
മലയാളസിനിമയിലെ ഒന്നാംനമ്പര്‍ ക്യാമറാമാന്‍ ഷൈജു ഖാലിദാണ് സിനിമയുടെ നിര്‍മാതാക്കളിലൊരാള്‍. ഫുട്‌ബോള്‍ മൈതാനത്തിലും മജീദിന്റെ വീടിനുള്ളിലുമുള്ള സംഘര്‍ങ്ങളെയും ആഹ്‌ളാദങ്ങളെയും അസാധാരണമായ തീവ്രതയോടെ ഷൈജു ക്യാമറയില്‍ പകര്‍ത്തിയുണ്ട്. സിനിമയുടെ ഏറ്റവും മികച്ച സാങ്കേതികവശവും ഷൈജുവിന്റെ ക്യമറയാണ്. റെക്‌സ് വിജയനും ഷഹബാസ് അമനും ചേര്‍ന്നാണ് സംഗീതം. ഷഹബാസിന്റെ ഫുട്‌ബോള്‍ പാട്ട് ആ വരികള്‍ കൊണ്ടും ആലാപനം കൊണ്ടും ശ്രദ്ധേയം.

നവാഗതനെന്ന് ഒരിക്കലും തോന്നിപ്പിക്കാത്ത തരത്തിലാണ് സക്കറിയ സിനിമ ഒരുക്കിയിരിക്കുന്നത്. വളരെ റിഫ്രഷിങ് ആയ വിഷ്വലുകളും പരിചിതമായ മനുഷ്യരും സമര്‍ഥമായ എഡിറ്റിങ്ങും വൈകാരികമായ അവതരണവും പതിവുവഴികളില്‍നിന്നു മാറിയെങ്കിലും പെര്‍ഫെക്ട് ആയ ക്‌ളൈമാക്‌സും. തിയറ്റിലിരിക്കുമ്പോള്‍ സമ്മിശ്രവികാരങ്ങളുടെ വേലിയേറ്റവും. ഇതില്‍ക്കൂടുതലെന്തെങ്കിലും വേണമോ ഇക്കാലത്ത് ഒരു സിനിമ നല്ലതെന്നു പറയാന്‍. ?

evshibu1@gmail.com

Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Saturday 24 Mar 2018 05.55 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW