Wednesday, March 06, 2019 Last Updated 6 Min 8 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 24 Mar 2018 04.58 PM

കീഴാറ്റൂര്‍ സമരം ഹൈജാക്ക് ചെയ്യുന്നതാര് ?

സി.പി.എം പ്രവര്‍ത്തകര്‍ ആരംഭിച്ച് ഉപേക്ഷിച്ച സമരത്തെ ബി.ജെ.പിയും ആര്‍.എസ്.എസും ഏറ്റെടുക്കുകയാണ്. ഇത്തരത്തില്‍ നാടിന്റെ പല ഭാഗങ്ങളിലൂം അവര്‍ സമരങ്ങള്‍ സൃഷ്ടിക്കുകയും അതില്‍ നിന്ന് നേട്ടങ്ങള്‍ കൊയ്‌തെടുക്കുകയും ചെയ്യുന്നുവെന്നതാണ് സത്യം. അസ്വസ്ഥമായി നില്‍ക്കുന്ന ഒരു സമൂഹത്തിനിടയില്‍ പ്രതിഷേധത്തിന്റെ ഒരു തീപ്പൊരിയിട്ടാല്‍ മതി അത് ആളിക്കത്തുമെന്ന് അവര്‍ക്ക് ഉറപ്പുണ്ട്.
Keezhattoor Land issue

സമൂഹത്തെ മാറ്റിമറിക്കുന്നതില്‍ സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമുള്ള പ്രാധാന്യത്തെ തള്ളിക്കളയാനാവില്ല. ആധുനിക സമൂഹത്തിന്റെ ചരിത്രം രൂപകല്‍പ്പന നടത്തിയതുപോലും സമരങ്ങളായിരുന്നു. നവോത്ഥാനത്തില്‍ തുടങ്ങി പരിവര്‍ത്തന പ്രസ്ഥാനത്തിലൂടെ അമേരിക്കന്‍-ഫ്രഞ്ച്-റഷ്യന്‍ വിപ്ലവങ്ങളിലൂടെ അത് മാനവരാശിയെ മാറ്റിമറിച്ചത് ചരിത്രമാണ്. അതുകൊണ്ടുതന്നെ ആധുനിക കാലഘട്ടത്തില്‍ രാഷ്ട്രീയം അന്യമാകുമ്പോഴും സമരങ്ങളെ ഒഴിവാക്കാന്‍ കഴിയില്ല.

മഹാരാഷ്ട്രയിലും ഇന്ത്യയുടെ മറ്റുപല ഭാഗങ്ങളിലും സമരങ്ങള്‍ ശക്തമാകുകയാണ്. മഹാരാഷ്ട്രയിലെ കര്‍ഷമുന്നേറ്റം നാം കണ്ടതാണ്. വിജയിച്ച സമരങ്ങള്‍ ഒരുപക്ഷത്തുള്ളപ്പോള്‍ വിജയങ്ങളെ അട്ടിമറിക്കാനും സമരങ്ങള്‍ ഉപയോഗിക്കാമെന്ന് ആധുനികകാലം തെളിയിക്കുകയാണ്.

ജീവിതം ആത്മഹത്യാമുനമ്പില്‍ നില്‍ക്കുന്ന കര്‍ഷകര്‍ക്ക് സമാധാനത്തോടെ ഇന്ന് വീട്ടില്‍ ഇരിക്കാന്‍ കഴിയാത്ത അവസ്ഥ. അതുകൊണ്ട് പ്രക്ഷോഭത്തിന് അവര്‍ക്ക് തെരുവിലിറങ്ങേണ്ട സ്ഥിതിയാണ്. മഹാരാഷ്ട്രയില്‍ കണ്ടത് അതാണ്. അതിന്റെ അലയടികളാണ് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കണ്ടുവരുന്നത്. അതോടൊപ്പം പുതിയ തൊഴില്‍നിയമം തൊഴിലാളികളെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. അങ്ങനെ അസ്വസ്ഥരായ ജനവിഭാഗം തെരുവിലിറങ്ങിയാല്‍ ഏത് ഭരണകൂടവും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴും. നെഞ്ചളവ് എത്രയുണ്ടെങ്കിലും പിന്നെ അധികാരസോപാനത്തില്‍ അധികനാള്‍ വാഴാനാവില്ല. അതാണ് ഇന്ന് നടക്കുന്ന പ്രക്ഷോഭങ്ങളുടെ പ്രത്യേകത.

Keezhattoor Land issue

ഒന്നുകില്‍ ഈ സമരങ്ങളെ അടിച്ചമര്‍ത്തുക, അല്ലെങ്കില്‍ സമരത്തിനോട് മുഖം തിരിക്കുക, അല്ലെങ്കില്‍ അതിനൊപ്പം നടന്ന് സമരത്തെ നശിപ്പിക്കുക. ആദ്യത്തെ രണ്ടു നടപടികളും ഗുണത്തിനെക്കാളേറെ ദോഷമായിരിക്കും ഉണ്ടാക്കുകയെന്ന് ഭരണവര്‍ഗ്ഗത്തിനറിയാം. അതുകൊണ്ട് സമരത്തിനൊപ്പം നടന്ന് സമരത്തെ തകര്‍ക്കുകയെന്നതാണ് ഇപ്പോഴത്തെ നീക്കം. കര്‍ഷകപ്രക്ഷോഭം ശക്തമായിരിക്കുന്ന സമയത്ത് അണ്ണാഹസാരെ പുതിയ സമരവുമായി രംഗത്തിറങ്ങിയതിന് പിന്നിലെ വസ്തുതയെന്തെന്നാണ് പലരും ചികയുന്നത്. ഇന്നലെവരെ ലോക്പാലിനോടോ, കര്‍ഷകപ്രശ്‌നത്തോടോ പ്രതികരിക്കാതിരുന്ന അദ്ദേഹത്തിന്റെ ഇപ്പോഴത്തെ രംഗപ്രവേശം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആണെന്ന വാദമാണ് ഉയരുന്നിരിക്കുന്നത്. അസ്വസ്ഥരായ കര്‍ഷകരും തൊഴിലാളികളും തെരുവിലിറങ്ങുന്നത് തടഞ്ഞ് ശ്രദ്ധമുഴുവനും അണ്ണാഹസാരയില്‍ എത്തിക്കുകയെന്നതാണ് ഈ നീക്കത്തിന് പിന്നില്‍. കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയതാണ് എന്ന് സ്ഥാപിക്കുന്നതിന് അണ്ണാഹസാരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതാണ് ഇപ്പോഴും നടക്കുന്നത്. രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവരുന്ന ഒരു പ്രക്ഷോഭത്തെ അരാഷ്ട്രീയവാദത്തിലൂടെ തകര്‍ക്കുകയെന്നതാണ് തന്ത്രം. മദ്ധ്യവര്‍ഗ്ഗം കൂടുതലുള്ള ഒരു സമൂഹത്തില്‍ വിപ്ലവത്തിനുള്ള സാദ്ധ്യത കുറവാണ്. അതുകൊണ്ട് സമൂഹത്തിന്റെ താഴേത്തട്ടില്‍ നിന്നും ഉയര്‍ന്നുവരുന്ന സമരങ്ങളെ അതേ ആവശ്യം ഉന്നയിച്ച് മദ്ധ്യവര്‍ഗ്ഗ സമരത്തിലൂടെ ഇല്ലാതാക്കുകയെന്നതാണ് തന്ത്രം.

അണ്ണാഹസാരയെക്കൊണ്ട് ആ തന്ത്രം രാജ്യത്താകമാനം വളര്‍ത്തുന്നുണ്ടെങ്കില്‍ കേരളത്തില്‍ സമരങ്ങള്‍ സൃഷ്ടിച്ചാണ് രാഷ്ട്രീയത്തെ ഇല്ലായ്മചെയ്യാനുള്ള ശ്രമം നടക്കുന്നത്. അടുത്തിടെ കേരളത്തില്‍ ഉയര്‍ന്ന സമരങ്ങള്‍ ശ്രദ്ധിച്ചാല്‍ അക്കാര്യം വ്യക്തമാകും. അധികാരത്തിലായതുകൊണ്ട് സ്വന്തം ഭരണത്തിനെതിരെ ഒന്നും പ്രതികരിക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുന്ന സി.പി.എമ്മിനെ തകര്‍ക്കുകയെന്നതാണ് ഈസമരങ്ങള്‍ക്ക് പിന്നിലുള്ള ലക്ഷ്യം എന്ന ആരോപണവും ഉയരുന്നുണ്ട്.

Keezhattoor Land issue

സമരത്തിന് ആയുധമാകുന്ന പ്രധാനമായും ക്രമസമാധാന പ്രശ്‌നങ്ങളും പരിസ്ഥിതി വിഷയങ്ങളുമാണ്. ഈ സമരങ്ങളുടെയൊക്കെ നായകത്വം ശ്രദ്ധിച്ചാല്‍ അവയൊക്കെ രാഷ്ട്രീയ നേതൃത്വത്തിനായിരിക്കില്ല. അതേസമയം പിന്നില്‍ ശക്തമായ രാഷ്ട്രീയ സാന്നിദ്ധ്യവും ഉണ്ടാകും. പ്രത്യേകിച്ച് ബി.ജെ.പിയുടെ. സി.പി.എം നിലനില്‍ക്കുന്നിടത്തോളം കാലം ബി.ജെ.പിക്ക് കേരളത്തില്‍ വേരുപിടിക്കാന്‍ കഴിയില്ലെന്ന ഒരു ചിന്ത സ്വാഭാവികമായുണ്ട്. അത് ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം. ഇപ്പോള്‍ തന്നെ ബി.ജെ.പിയുടെ സ്വന്തം ശക്തിയില്‍ കൂടുതലും സി.പി.എമ്മില്‍ നിന്നും കാലാകാലങ്ങളായി ബി.ജെ.പിയിലേക്ക് ചേക്കേറിയവരാണ്. അവരുടെ വോട്ടുബാങ്ക് കൂടുതലും യു.ഡി.എഫിന്റേതായിരിക്കാം. എന്നാല്‍ അടിത്തറ സി.പി.എമ്മില്‍ നിന്നും വന്നവരാണ്. ആ വഴിയാണ് അവര്‍ ശ്രമിക്കുന്നത്.

കീഴാറ്റൂരില്‍ നടക്കുന്ന സമരം തന്നെ ഇതിന് പ്രധാന ഉദാഹരണമാണ്. സി.പി.എം പ്രവര്‍ത്തകര്‍ ആരംഭിച്ച് ഉപേക്ഷിച്ച സമരത്തെ ബി.ജെ.പിയും ആര്‍.എസ്.എസും ഏറ്റെടുക്കുകയാണ്. ഇത്തരത്തില്‍ നാടിന്റെ പല ഭാഗങ്ങളിലൂം അവര്‍ സമരങ്ങള്‍ സൃഷ്ടിക്കുകയും അതില്‍ നിന്ന് നേട്ടങ്ങള്‍ കൊയ്‌തെടുക്കുകയും ചെയ്യുന്നുവെന്നതാണ് സത്യം. അസ്വസ്ഥമായി നില്‍ക്കുന്ന ഒരു സമൂഹത്തിനിടയില്‍ പ്രതിഷേധത്തിന്റെ ഒരു തീപ്പൊരിയിട്ടാല്‍ മതി അത് ആളിക്കത്തുമെന്ന് അവര്‍ക്ക് ഉറപ്പുണ്ട്.

കേരളത്തിലെ ആദ്യ സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമോചനസമരത്തിന്റെ രീതി ഇതായിരുന്നു. അരാഷ്ട്രീയവാദികളായിരുന്നു ആ സമരത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്നത്. ആദ്യം സമൂഹത്തില്‍ അസ്വസ്ഥത വളര്‍ത്തിയശേഷം അവിടെ പ്രതിഷേധത്തിന്റെ ഒരു തീപ്പൊരി ഇട്ടുകൊടുക്കുകയായിരുന്നു. അതാണ് പിന്നീട് വിമോചനസമരമായി ആളിപ്പടര്‍ന്ന് ഒരു സര്‍ക്കാരിന്റെ പതനത്തിന് വഴിവച്ചത്. അതേതരത്തിലുള്ള തന്ത്രമാണ് ഇപ്പോള്‍ ഇവിടെ പയറ്റിക്കൊണ്ടിരിക്കുന്നത്. അന്ന് പിന്നില്‍ നിന്നും ഇതിന് ചൂട്ടുപിടിച്ചത് ഇന്ത്യ ഭരിച്ചിരുന്ന കോണ്‍ഗ്രസ് ആയിരുന്നെങ്കില്‍ ഇന്ന് അതിന് ചൂരുപകരുന്നത് രാജ്യം ഭരിക്കുന്ന ബി.ജെ.പിയാണെന്നതാണ് സത്യം.

കേരളത്തിലെ 20 ലോക്‌സഭാ സീറ്റ് ബി.ജെ.പിയെ സംബന്ധിച്ച് ഒരു പ്രശ്‌നമല്ല. എന്നാല്‍ കേരളത്തില്‍ തങ്ങള്‍ അധികാരം സ്ഥാപിച്ചുവെന്ന് ലോകത്തോട് വിളിച്ചുപറയാന്‍ കഴിഞ്ഞാല്‍ ബി.ജെ.പിക്ക് അത് മറ്റുപലതുമാണ്. രാജ്യത്തെ ഏറ്റവും പ്രബുദ്ധമായ സംസ്ഥാനമാണ് കേരളം. പ്രതിഷേധമായാലും പുതിയ നയങ്ങളായാലും ആരംഭിക്കുന്നത് കേരളത്തില്‍ നിന്നാണ്. നൂറുശതമാനം സാക്ഷരതയും ഉയര്‍ന്ന മനോനിലയുമുള്ള ഒരു സമൂഹം എന്ന നിലയില്‍ ഇവിടെ ശക്തിതെളിയിച്ചാല്‍ രാജ്യത്തെ ഏറ്റവും ആധുനികരും പ്രബുദ്ധരുമെന്നും വിലയിരുത്തുന്ന കേരളം തങ്ങളെ അംഗീകരിച്ചുവെന്നും അതുകൊണ്ട് മറ്റ് പ്രചരണങ്ങള്‍ തെറ്റാണെന്നും അവര്‍ക്ക് പ്രചരിപ്പിക്കാനാകും. അതിന് സി.പി.എം തകരണം.
ഇതുവരെസി.പി.എമ്മിനെ പ്രത്യാക്രമണത്തിലൂടെ തകര്‍ക്കാം എന്ന നിലയാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ അതിന് കഴിഞ്ഞില്ല. ആക്രമണത്തെ അതേനാണയത്തില്‍ സി.പി.എം പ്രതിരോധിച്ചപ്പോള്‍ രണ്ടുകക്ഷികളും കൊലപാതകകക്ഷികളായി. അതാണ് സമൂഹത്തിനൊപ്പം നിന്നുകൊണ്ട് അരാഷ്ട്രീയ സമരങ്ങള്‍ ഉയര്‍ത്തിവിട്ട് അതിനെ തകര്‍ക്കുകയെന്ന തന്ത്രം.

നാസി ജര്‍മ്മനി കെട്ടിപ്പെടുക്കാന്‍ ഹിറ്റ്‌ലര്‍ ഉപയോഗിച്ചത് ഈ തന്ത്രമാണ്. സോഷ്യലിസം പ്രസംഗിച്ചുകൊണ്ടുതന്നെയാണ് അദ്ദേഹം സോഷ്യലിസത്തെ തകര്‍ത്ത് ഫാസിസത്തെ വളര്‍ത്തിയത്. ഇവിടെയും സംഭവിക്കുന്നത് അതാണ്.

Ads by Google
Ads by Google
Loading...
TRENDING NOW