Thursday, June 27, 2019 Last Updated 13 Min 21 Sec ago English Edition
Todays E paper
Ads by Google
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
Saturday 24 Mar 2018 03.35 PM

ജീവനെപോലെ സ്‌നേഹിച്ച സഹോദരന് സംഭവിച്ചതറിഞ്ഞ് വിജയന് താങ്ങാനായില്ല; നാടുമുഴുവന്‍ അവനെ ഭ്രാന്തനെന്ന് വിളിച്ചപ്പോള്‍ അയാളുടെ ജീവിതത്തിന് പ്രതീക്ഷ തിരികെ നല്‍കിയത് ഡോക്ടറുടെ ആ കണ്ടെത്തലായിരുന്നു

''തങ്ങള്‍ക്കിടയിലേക്ക് ഒരാള്‍ക്കൂടി വന്നാല്‍ സഹോദരനോടുള്ള സ്‌നേഹം പകുത്തു പോകുമല്ലോ എന്നോര്‍ത്ത് വിജയന്‍ വിവാഹംപോലും വേണ്ടെന്നുവച്ചു. ''
uploads/news/2018/03/203306/Weeklymanolokam240318.jpg

സഹോദരസ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു സഹോദരന്മാരായ വിജയനും ഗോപിയും. ഗോപിയുടെ ചെറുപ്പത്തില്‍ത്തന്നെ അച്ഛനമ്മമാര്‍ നഷ്ടപ്പെട്ടതിനാല്‍ ജ്യേഷ്ഠന്‍ വിജയനായിരുന്നു അയാള്‍ക്കെല്ലാം. അവരുടെ പരസ്പരസ്‌നേഹം നാട്ടില്‍ പ്രസിദ്ധമാണ്.

തങ്ങള്‍ക്കിടയിലേക്ക് ഒരാള്‍ക്കൂടി വന്നാല്‍ സഹോദരനോടുള്ള സ്‌നേഹം പകുത്തുപോകുമല്ലോ എന്നോര്‍ത്ത് വിജയന്‍ വിവാഹംപോലും വേണ്ടെന്നുവച്ചു. അനുജനുവേണ്ടി ഗള്‍ഫില്‍ പോയെങ്കിലും അയാളുടെ മനസ് മുഴുവന്‍ നാട്ടിലാണ്. എങ്ങനെയെങ്കിലും അവധി കിട്ടി വന്ന് ഗോപിയെ കാണണമെന്നാണ് ഒഴിവുസമയങ്ങളിലെ ചിന്ത.

വിജയന്‍ നാട്ടിലെത്തുമ്പോഴെല്ലാം ഗോപിയോടൊപ്പം ഓരോരോ സ്ഥലം കാണാന്‍ പോകും. മൂന്നുമാസം കൂടുമ്പോള്‍ വരാറുള്ള വിജയന്‍ ഒരുതവണ ജോലിത്തിരക്കു കാരണം ആറുമാസം കഴിഞ്ഞാണെത്തിയത്.

അപ്പോള്‍ അനുജനെ കണ്ട് അയാള്‍ ഞെട്ടിപ്പോയി. താടിയും മുടിയും നീട്ടിവളര്‍ത്തി, ആകെ പ്രാകൃതനായി ഇരിക്കുകയായിരുന്നു ഗോപി! കുറച്ചുകാലമായി അയാള്‍ വീടിനു പുറത്തിറങ്ങാറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

അനുജന്റെ സംസാരത്തിലും പെരുമാറ്റത്തിലും അടിമുടി വ്യത്യാസങ്ങള്‍ കണ്ട് വിജയന്‍ ആകെ പകച്ചു. വീടിന്റെ ഓരോ കോണിലും ധാരാളം പാഴ്‌വസ്തുക്കള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നു!

വിജയന്‍ അതെല്ലാം എടുത്തു കളയാന്‍ തുനിഞ്ഞപ്പോള്‍ ഗോപി തടഞ്ഞു:
''കഷ്ടപ്പെട്ടു സ്വരുക്കൂട്ടിവച്ച വസ്തുക്കളെല്ലാം കളയുകയാണോ? എങ്കില്‍ എന്നെയും കളഞ്ഞേക്ക്.''
ആ പ്രതികരണം വിജയന്റെ മനസില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കി.

ക്രമേണ ഒന്നിച്ചുള്ള ഉറക്കവും ഭക്ഷണം കഴിക്കലുമൊക്കെ ഓര്‍മ്മ മാത്രമായി. പുറത്തുപോകുന്ന പതിവും ഇല്ലാതായി. വിജയന്‍ നിര്‍ബന്ധിച്ചാല്‍ ഗോപി തന്റെ മുറിയില്‍ കയറി വാതില്‍ കൊട്ടിയടയ്ക്കും. മണിക്കൂറുകള്‍ക്കുശേഷമേ പിന്നെ പുറത്തിറങ്ങൂ.

ഗോപിക്കു ഭ്രാന്താണെന്ന് ഇതിനോടകം നാടുമുഴുവന്‍ വാര്‍ത്ത പരന്നിരുന്നു.
താന്‍ പൊന്നുപോലെ വളര്‍ത്തിയ സഹോദരനെ ഇങ്ങനെ മുദ്ര കുത്തുന്നതു കേള്‍ക്കാന്‍ വിജയനു കരുത്തില്ലായിരുന്നു. അങ്ങനെയാണ് അയാള്‍ എന്റെയടുത്തെത്തിയത്.

''എന്റെ ജീവിതവും ലോകവുമെല്ലാം സഹോദരനാണു ഡോക്ടര്‍... അവനുവേണ്ടിയാ ഞാന്‍ അന്യനാട്ടില്‍ പോയി കഷ്ടപ്പെടുന്നത്. ഞാന്‍ മടങ്ങിവരാന്‍ താമസിച്ചു പോയതുകൊണ്ടാണോ അവനിങ്ങനെയായത്? അങ്ങനെയാണെങ്കില്‍ വിദേശത്തെ ജോലി ഉപേക്ഷിക്കാന്‍ ഞാന്‍ തയാറാണ്. എനിക്കവനെ വേണം ഡോക്ടര്‍...അവനില്ലെങ്കില്‍ ഞാനില്ല.''

ഇങ്ങനെ പറഞ്ഞുകൊണ്ട് വിജയന്‍ തന്റെ സങ്കടം കടിച്ചമര്‍ത്തി. സഹോദരനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അയാളുടെ അപേക്ഷ എനിക്കു തള്ളിക്കളയാനായില്ല.

പിന്നീട് ഗോപിയെയും കൂട്ടി വിജയന്‍ എന്റെയടുത്തു വന്നു. ജഡപിടിച്ച മുടിയില്‍ ചിന്താധീനനായി കൈകള്‍ തലോടുന്ന ഗോപി സ്‌കിസോഫ്രീനിയ എന്ന രോഗത്തിന് കീഴ്‌പ്പെട്ടിരുന്നു. ക്രോണിക് കണ്ടീഷനിലായിരുന്നു അയാള്‍. ഉടനടി ചികിത്സിച്ചു മാറ്റുന്നതിനേക്കാള്‍ രോഗം നിയന്ത്രിച്ചു നിര്‍ത്തുന്നതാണ് ഉചിതം.

ഈ രോഗമുള്ളവര്‍ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തമായി ചിന്തിക്കുകയും അവരുടേതു മാത്രമായ ഒരു ലോകം മെനഞ്ഞ്, അതില്‍ ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുകയും ചെയ്യും.

വിജയന്റെ പൂര്‍ണസമ്മതത്തോടെ ഗോപിയെ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കി. തുടര്‍ന്ന് ശരിയായി ഉറങ്ങുന്നതിനുള്ള മരുന്നുകളും ആന്റി സൈക്കോട്ടിക് മരുന്നുകളും നല്‍കി. ചികിത്സയുടെ രണ്ടാംഘട്ടത്തില്‍ ഗോപിയുടെ മുടിയും താടിയുമൊക്കെ എടുത്തുകളഞ്ഞു. മൂന്നുമാസം കൊണ്ട് വിജയനാവശ്യപ്പെട്ട പ്രകാരം അയാള്‍ക്ക് പ്രിയസഹോദരനെ തിരിച്ചുകിട്ടി.

Ads by Google
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
Saturday 24 Mar 2018 03.35 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW