Wednesday, June 27, 2018 Last Updated 13 Min 12 Sec ago English Edition
Todays E paper
Ads by Google
ഡോ.രമേഷ് (പ്രോജക്ട് ഡയറക്ടര്‍ കേരള സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി )
Friday 23 Mar 2018 03.02 PM

പുതിയതായി എച്ച്.ഐ.വി അണുബാധിതരുടെ എണ്ണം കേരളത്തില്‍ കുറഞ്ഞു തുടങ്ങി

HIV,  AIDS

ഇന്ന് ആഗോളതലത്തില്‍ ധാരാളം മനുഷ്യര്‍ക്ക് ആരോഗ്യ സംരക്ഷണ അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നതായി കാണുന്നു, പ്രത്യേകിച്ച് എച്ച്.ഐ.വി അണുബാധിതര്‍ക്ക്. ആരോഗ്യമേഖലയിലെ സേവനങ്ങളും മരുന്നും മാത്രമല്ല ആരോഗ്യം സംരക്ഷണ അവകാശം (Right to Health) കൊണ്ട് ഉദ്ദേശിക്കുന്നത്. നിന്ദയും വിവേചനവുമില്ലാതെ അന്തസ്സോടുകൂടി പരിഗണിക്കപ്പെടുക, ലിംഗസമത്വം, സാമൂഹ്യനീതി എന്നിവ ഉറപ്പാക്കുക, ആരോഗ്യ വിദ്യാഭ്യാസം, പോഷകാഹാരം, പൊതു ശുചിത്വം, പാര്‍പ്പിട സൗകര്യം എന്നിവ ലഭ്യമാക്കുക, തൊഴിലിടങ്ങളില്‍ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കുക എന്നിവയൊക്കെ ആരോഗ്യ സംരക്ഷണ അവകാശത്തിന്റെ പരിധിയില്‍ വരും.

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിഭാഗങ്ങളാണ് എച്ച്.ഐ.വി അണുബാധിതര്‍, ലൈംഗിക തൊഴിലാളികള്‍, ഭിന്നലിംഗക്കാര്‍, സ്വവര്‍ഗാനുരാഗികള്‍, മയക്കുമരുന്നിന് അടിമയായവര്‍, എന്നിവര്‍. ഇവരുടെ ആരോഗ്യം സംരക്ഷിക്കുവാന്‍ മനുഷ്യാവകാശ സംരക്ഷണ നിയമങ്ങളെ അടിസ്ഥാനപ്പെടുത്തികൊണ്ടുള്ള പ്രവര്‍ത്തനമാണ് നടപ്പിലാക്കേണ്ടത്. ഇത് എച്ച്.ഐ.വി യുടെ അണുവ്യാപനം തടയുവാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുവാനും സഹായിക്കും.

എച്ച്.ഐ.വി പ്രതിരോധം - ലക്ഷ്യം 2030

ആഗോളതലത്തില്‍ UNAIDS -ന്റെ ലക്ഷ്യം 2030-ഓടുകൂടി അണുബാധ ഈ ഭൂമുഖത്തുനിന്നും തുടച്ചുനീക്കുക എന്നതാണ്. ഇതിന്റെ മുന്നോടിയായി 2020-ാം ആണ്ടോടുകൂടി 90-90-90 എന്ന ലക്ഷ്യം പ്രാപ്തമാക്കുവാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. അതായത് എച്ച്.ഐ.വി അണുബാധിയുള്ള 90% ജനങ്ങളും അവര്‍ എച്ച്.ഐ.വി അണുബാധിതരാണ് എന്ന് തിരിച്ചറിയുക, എച്ച്.ഐ.വി അണുബാധിതരാണ് എന്ന് കണ്ടെത്തിയ 90% ആളുകള്‍ക്കും ആന്റി റിട്രോ വൈറല്‍ ചികിത്സ ഉറപ്പാക്കുക; ആന്റി റിട്രോ വൈറല്‍ ചികിത്സ ലഭ്യമാക്കിയിട്ടുള്ള 90% അണുബാധിതരിലും എച്ച്.ഐ.വി രോഗാണുവിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രണ വിധേയമാക്കുക.

HIV,  AIDS

ഇന്നത്തെ സാഹചര്യത്തില്‍ 3.67 കോടി ജനങ്ങളാണ് ആഗോളതലത്തില്‍ എച്ച്.ഐ.വി അണുബാധിതരായിട്ടുള്ളത് എന്ന് കണക്കാക്കപ്പെടുന്നത്. അതില്‍ 60% ജനങ്ങള്‍ക്ക് മാത്രമേ തങ്ങളുടെ എച്ച്.ഐ.വി സ്റ്റാറ്റസ് അറിയുകയുള്ളൂ. എച്ച്.ഐ.വി അണുബാധിതരായിട്ടുള്ളവരില്‍ 50% പേര്‍ മാത്രമേ ആന്റി റട്രോ വൈറല്‍ ചികിത്സ എടുക്കുന്നുള്ളൂ. ഇവരില്‍ 38% പേര്‍ക്കുമാത്രമേ അണുവിനെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടുള്ളൂ. ഈ സാഹചര്യം മാറ്റി 90-90-90 എന്ന ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള പരിശ്രമങ്ങളാണ് നടത്തേണ്ടത്.

2030-ഓടുകൂടി എച്ച്.ഐ.വി നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തിലേക്കെത്താന്‍ ‘Right to Health’ എന്ന മുദ്രാവാക്യം മുറുകെ പിടിച്ചുകൊണ്ടുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യേണ്ടത്. നിയമ നിര്‍മ്മാണ വേളകളില്‍ സാമ്പത്തിക ആസൂത്രണ വേളകളില്‍, പൊതുഭരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന സമയങ്ങളില്‍ ഒക്കെതന്നെ എച്ച്.ഐ.വി അണുബാധിതരെ പോലെ പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന സമൂഹത്തെ മുന്നില്‍ കാണേണ്ടത് അത്യാവശ്യമാണ്. ദേശീയ എയ്ഡ്‌സ് നിയന്ത്രണ ഓര്‍ഗനൈസേഷന്റെ 2015-ലെ കണക്ക് അനുസരിച്ച് ഇന്ത്യയില്‍ 21.17 ലക്ഷം എച്ച്.ഐ.വി അണുബാധിതരുണ്ട്.

രാജ്യത്തെ എച്ച്.ഐ.വി അണുബാധിതരില്‍ 39 ശതമാനം സ്ത്രീകളും, 6.54 ശതമാനം കുട്ടികളുമാണ്. നിലവില്‍ രാജ്യത്ത് 10.8 ലക്ഷം പ്രായപൂര്‍ത്തിയായവരും 0.78 ലക്ഷം കുട്ടികളും സര്‍ക്കാരിന്റെ എയ്ഡ്‌സ് നിയന്ത്രണ സംവിധാനത്തിന്റെ കീഴില്‍ ചികിത്സയിലുണ്ട്. ഇന്ത്യയില്‍ 2015-ല്‍ ഉണ്ടായിട്ടുള്ള പുതിയ എച്ച്.ഐ.വി. അണുബാധിതരുടെ എണ്ണം 86000 ആണ്. ഇതില്‍ 88% മുതിര്‍ന്നവരും 12% കുട്ടികളുമാണ്.

കേരളത്തില്‍ എച്ച്.ഐ.വി അണുബാധിതരായി 30253 പേരെ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ Adult HIV Prevalence 0.12 ശതമാനമാണ്. ഇത് ദേശീയതലത്തില്‍ 0.26 ശതമാനമാണ്.

കേരള സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ലഭ്യമാക്കുന്ന സേവനങ്ങള്‍

സംസ്ഥാനത്ത് 502 ജ്യോതിസ് കേന്ദ്രങ്ങള്‍ (ICTC) പ്രവര്‍ത്തിക്കുന്നു. ഇവിടെ എച്ച്.ഐ.വി പരിശോധനയും കൗണ്‍സിലിംഗും സൗജന്യമായി നല്‍കുകയും പരിശോധന സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. എച്ച്.ഐ.വി അണുബാധയുണ്ടെന്നു കണ്ടെത്തിയാല്‍ അവരെ കൂടുതല്‍ ചികിത്സയ്ക്കും മറ്റ് സേവനങ്ങള്‍ക്കും വേണ്ടി ഏ.ആര്‍.ടി കേന്ദ്രങ്ങളിലേക്ക് അയയ്ക്കും.

HIV,  AIDS

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും പാലക്കാട് കണ്ണൂര്‍, കൊല്ലം ജില്ലാ ആശുപത്രികളിലും, കാസര്‍ഗോഡ്, എറണാകുളം ജനറല്‍ ആശുപത്രികളിലും, ഉഷസ് കേന്ദ്രങ്ങള്‍ (ART Centres) പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ പത്തനംതിട്ട, മലപ്പുറത്തെ തിരൂര്‍, മഞ്ചേരി, വയനാട്ടിലെ മാനന്തവാടി, ഇടുക്കിയിലെ പൈനാവ്, കാഞ്ഞങ്ങാട് തുടങ്ങിയ ജില്ലാ ആശുപത്രികളിലും നെയ്യാറ്റിന്‍കര, കൊട്ടാരക്കര, പുനലൂര്‍ താലൂക്ക് ആശുപത്രികളിലും, ലിങ്ക് എ.ആര്‍.ടി. സെന്ററുകളായി ഉഷസ് ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. 2016-ലെ കണക്കനുസരിച്ച് 22005 എച്ച്.ഐ.വി അണുബാധിതരാണ് ഉഷസ് കേന്ദ്രങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്, നിലവില്‍ എ.ആര്‍.ടി ചികിത്സയിലുള്ളത് 12461 പേരാണ്.

പുലരി കേന്ദ്രങ്ങളിലൂടെ (STI Clinics) ജനനേന്ദ്രിയ രോഗങ്ങള്‍ക്കുള്ള ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നു. സംസ്ഥാനത്തെ ജില്ലാ ആശുപത്രികളിലും, പരിയാരം, കൊച്ചി സഹകരണ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോളേജുകളിലും 23 പുലരി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

എച്ച്.ഐ.വി അണുബാധാസാധ്യത കൂടുതലുള്ള പ്രത്യേക ലക്ഷ്യ ഗ്രൂപ്പുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന 60 സുരക്ഷ പദ്ധതികള്‍ (Targeted Intervention Projects) , അണുബാധാ വ്യാപനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സ്ത്രീ ലൈംഗികതൊഴിലാളികള്‍, പുരുഷ സ്വവര്‍ഗാനുരാഗികള്‍, മയക്കുമരുന്നു കുത്തിവയ്ക്കുന്നവര്‍, കുടിയേറ്റ തൊഴിലാളികള്‍, ദീര്‍ഘദൂര ട്രക്ക് ഡ്രൈവര്‍മാര്‍, ഭിന്നലിംഗക്കാര്‍ തുടങ്ങിയവര്‍ക്കിടയിലൊക്കെ എച്ച്.ഐ.വി അണുബാധാഭീഷണി ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ പരിശീലനവും സുരക്ഷപദ്ധതിയിലൂടെ നടപ്പിലാക്കിവരുന്നു.

ലക്ഷ്യ ഗ്രൂപ്പുകളില്‍പെടുന്നവര്‍ അംഗങ്ങളായുള്ള സാമൂഹ്യാധിഷ്ഠിതസംഘടനകള്‍ തന്നെയാണ് പല സുരക്ഷപദ്ധതികളും നടപ്പിലാക്കുന്നത്.
സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയോടൊപ്പം പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്ത് 172 അംഗീകൃത രക്തബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 37 എണ്ണം സര്‍ക്കാര്‍ മേഖലയിലും ബാക്കിയുള്ളവ സഹകരണ മേഖലയിലും സ്വകാര്യമേഖലയിലുമായി പ്രവര്‍ത്തിക്കുന്നു. പ്രതിവര്‍ഷം ശരാശരി 4 ലക്ഷം യൂണിറ്റ് രക്തം നമ്മുടെ സംസ്ഥാനത്ത് ആവശ്യമായി വരുന്നു. ഇത് 100% സന്നദ്ധ രക്തദാനത്തിലൂടെ സാധ്യമാക്കുവാന്‍വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

എച്ച്.ഐ.വി പോലെയുള്ള അണുബാധകള്‍ രക്തത്തിലൂടെ പകരുന്നതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഈ സാഹചര്യത്തില്‍ സുരക്ഷിത രക്തം ലഭ്യമാക്കുക എന്നത് പ്രാധാന്യമുള്ള കാര്യമാണ്. രക്തപരിശോധനയിലൂടെ മാത്രമേ എച്ച്.ഐ.വി അണുബാധ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. എച്ച്.ഐ.വി-യ്‌ക്കെതിരായ പ്രതിവസ്തു (antibody) രക്തത്തില്‍ ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്. സാധാരണഗതിയില്‍ ഈ പ്രതിവസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തുവാന്‍ മൂന്നുമാസംവരെ സമയമെടുക്കും. ഈ കാലയളവിനെ ജാലകവേള (window period) എന്നു പറയുന്നു. ആദ്യപരിശോധനയില്‍ എച്ച്.ഐ.വി അണുബാധ ഉണ്ട് എന്ന് കണ്ടെത്തുകയാണെങ്കില്‍ രണ്ടുടെസ്റ്റുകളും കൂടി ചെയ്തുനോക്കുകയും ഈ മൂന്നു പരിശോധനകളുടെയും ഫലം പോസിറ്റീവ് ആണെങ്കില്‍ ആ വ്യക്തി എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു. സംസ്ഥാനത്തെ രക്തബാങ്കുകളില്‍ റാപ്പിഡ് ടെസ്റ്റിനുപകരം കൂടുതല്‍ സൂക്ഷ്മ സംവേദനക്ഷമതയുള്ള ELISA പരിശോധനയാണ് നടത്തുന്നത്.

ഇതില്‍ രോഗാണുവിന്റെ സാന്നിദ്ധ്യം നേരിട്ട് പരിശോധിച്ച് ഉറപ്പാക്കുവാന്‍ സാധിക്കും. ഈ പരിശോധനയിലും എച്ച്.ഐ.വി ബാധിച്ച് മൂന്ന് ആഴ്ചയ്ക്ക് ശേഷമേ അണുവിന്റെ സാന്നിദ്ധ്യം കണ്ടെത്തുവാന്‍ സാധിക്കുകയുള്ളൂ. Central Drugs and Cosmetics Act പ്രകാരം എല്ലാ രക്തബാങ്കുകളിലും ELISA പരിശോധന നിര്‍ബന്ധമായും നടത്തിയിരിക്കണം. ഇത് നടത്തുന്നുവെന്ന് KSACS ഉറപ്പുവരുത്തുന്നുണ്ട്. ന്യൂക്ലിക് ആസിഡ് ടെസ്റ്റ് (NAT) എന്ന എച്ച്.ഐ.വി പരിശോധനയിലെ ജാലകവേള രണ്ട് ആഴ്ചയാണ്. നിലവില്‍ ഈ പരിശോധ എറണാകുളം ഐ.എം.എ ബ്ലഡ് ബാങ്കില്‍ നടപ്പിലാക്കിവരുന്നു. എല്ലാ സര്‍ക്കാര്‍ രക്തബാങ്കുകളിലും ഇത് നടപ്പിലാക്കുന്നതിനുവേണ്ടിയുളള ശ്രമങ്ങള്‍ നടന്നുവരുന്നു.

HIV,  AIDS

കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന റെഡ് റിബണ്‍ ക്ലബ്ബുകള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സന്നദ്ധ രക്തദാനത്തോട് ആഭിമുഖ്യം വളര്‍ത്താന്‍ സഹായിക്കുന്നുണ്ട്. കൂടാതെ ജീവിതനൈപുണ്യം കൈവരിക്കുന്നതിനും എച്ച്.ഐ.വി നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിനും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനും കോളേജ് വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളാണ് റെഡ് റിബണ്‍ ക്ലബ്ബുകള്‍ നടത്തിവരുന്നത്.

പഞ്ചായത്തുകളുടെ സഹായത്തോടെ പോഷകാഹാര വിതരണ പദ്ധതി, സര്‍ക്കാര്‍ സഹായത്തോടെ പ്രതിമാസ ധനസഹായ പദ്ധതി, സൗജന്യ ചികിത്സയും പരിശോധനകളും, സൗജന്യ പാപ്‌സ്മിയര്‍ (ഗര്‍ഭാശയ ക്യാന്‍സര്‍) പരിശോധന, “സ്‌നേഹപൂര്‍വ്വം” വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി എന്നിവ നടപ്പിലാക്കിവരുന്നു. കേരള സാമൂഹ്യസുരക്ഷാ മിഷന്റെ സഹായത്തോടെ ആശുപത്രികളില്‍ പരിചരണം ആവശ്യമായ നിരാലംബരായ എച്ച്.ഐ.വി അണുബാധിതര്‍ക്ക് കൂട്ടിരിക്കുന്നതിനായി സഹായിയെ നല്‍കുന്നതിനുള്ള ട്രീറ്റ്‌മെന്റ് കെയര്‍ ടീം രൂപീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ എല്ലാ എച്ച്.ഐ.വി അണുബാധിതരെയും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

പുതിയ എച്ച്.ഐ.വി. അണുബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നു എന്നത് നമ്മുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. എങ്കിലും നിലവില്‍ ഒരു മാസം ശരാശരി 100 പുതിയ എച്ച്.ഐ.വി. ബാധിതര്‍ ഉണ്ടാകുന്നു എന്നുള്ളത് ആശങ്കയുളവാക്കുന്നു.

അതിനാല്‍ സമഗ്രമായ പ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യ സംരക്ഷണ അവകാശം ഉറപ്പാക്കിക്കൊണ്ട് എച്ച്.ഐ.വി അണുബാധ കേരളത്തില്‍ നിന്നുതന്നെ തുടച്ചുനീക്കുവാന്‍ എല്ലാവിഭാഗം ജനങ്ങളും ഒത്തൊരുമിച്ചു നീങ്ങേണ്ടത് അത്യാവശ്യമാണ്.

എച്ച്.ഐ.വി അണുബാധിരാകുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു

ചുവടെ കാണിച്ചിരിക്കുന്ന കണക്കുകള്‍ പ്രകാരം പ്രകാരം പുതുതായി എച്ച്.ഐ.വി അണുബാധിരാകുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു എന്ന് കാണുന്നു.

HIV,  AIDS

Ads by Google

Disclaimer: This is a promoted article and the content was created in partnership with M- Mang team and not the editorial team.

ഡോ.രമേഷ് (പ്രോജക്ട് ഡയറക്ടര്‍ കേരള സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി )
Friday 23 Mar 2018 03.02 PM
Ads by Google
Loading...
TRENDING NOW