Thursday, April 25, 2019 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
കേരളമെന്ന് കേട്ടാല്‍ / ഏബ്രഹാം മാത്യു
Friday 23 Mar 2018 02.06 AM

കാട്ടുപന്നിയും വാട്ടുകപ്പയും

uploads/news/2018/03/202936/bft1.jpg

കേരളത്തില്‍ എത്ര കാട്ടുപന്നികളുണ്ട്‌?
ഒരിക്കല്‍ നിയമസഭയില്‍ ഉയര്‍ന്ന ഒരു ചോദ്യം ഇതായിരുന്നു. വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ അതീവ സൂക്ഷ്‌മതയോടെ കണക്കുണ്ടാക്കി മറുപടിപറയാന്‍ മന്ത്രിക്കു കൊടുത്തു; മന്ത്രി, സഭയില്‍ വായിച്ചു; ഒരു ലക്ഷത്തി നാല്‍പ്പത്തി.... അങ്ങനെ ഒരു കണക്ക്‌.
നാട്ടുകാരെ വനംവകുപ്പ്‌ മണ്ടന്മാരാക്കുക പതിവാണ്‌. പണ്ടേയുള്ള ശീലം; തുടരുന്നു.
പന്നിക്കണക്കു വായിച്ച വനംമന്ത്രി ഉള്ളില്‍ ചിരിച്ചുകാണും; ജനം ഇങ്ങനെയാണല്ലോ എന്നും എന്നായിരിക്കും ചിരിയുടെ ഗൂഢാര്‍ത്ഥം.

കാട്ടുപന്നിയുടെ കണക്കുചോദിച്ച്‌ എം.എല്‍.എ. ചോദ്യം എഴുതിക്കൊടുത്താല്‍ ഉത്തരം കിട്ടാന്‍ രണ്ടാഴ്‌ചയെടുക്കും. ഉദ്യോഗസ്‌ഥര്‍ക്ക്‌ ഉത്തരം തയാറാക്കാന്‍ ഒരാഴ്‌ച; ഉത്തരം കിട്ടി ബോധിച്ച്‌ മന്ത്രി, സഭയില്‍ കണക്ക്‌ പറഞ്ഞപ്പോഴേക്കും വീണ്ടും കുറെ ദിവസം; ചുരുക്കത്തില്‍ ഉത്തരത്തിന്‌ ഏതാണ്ട്‌ ഒരു മാസത്തെ പഴക്കം. ഒന്നോ രണ്ടോ വര്‍ഷം മുമ്പായിരിക്കും; എടുത്തിട്ടുണ്ടെങ്കില്‍തന്നെ വനംവകുപ്പുകാര്‍, കാട്ടുപന്നിയുടെ കണക്ക്‌ എടുത്തിട്ടുണ്ടാകുക; ഇതിനിടയ്‌ക്ക്‌ പുതിയ എത്രയോ കാട്ടുപന്നി അമ്മമാര്‍ ഉണ്ടായിക്കാണും. ഉള്‍ക്കാട്ടിലെ പന്നിക്കൂട്ടത്തിനരികില്‍നിന്നു സെന്‍സസ്‌ എടുക്കുന്ന വനംവകുപ്പുദ്യോഗസ്‌ഥര്‍! മനോഹരമായ സാങ്കല്‍പ്പിക ദൃശ്യം.
കാട്ടുപന്നികള്‍ ഉള്‍പ്പെടെ ഏതാണ്ട്‌ എല്ലാ വന്യജീവികളുടെയും എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുകഴിഞ്ഞു. സംസ്‌ഥാനത്തിന്റെ വനവിസ്‌തൃതി കുറയുന്നതായി നിത്യജീവിതത്തില്‍ കാണുന്നില്ല; 29 ശതമാനവും വനമാണ്‌. വന്യജീവി ശല്യം കാരണം തീരദേശം ഒഴികെയുള്ളിടത്തെ മുഴുവന്‍ ജനങ്ങളും ദുരിതത്തിലാണ്‌. പുലിയും ആനയും കാട്ടുപന്നിയും കുരങ്ങും ഗ്രാമദേശങ്ങളും കടന്ന്‌ നഗരയാത്രയ്‌ക്ക്‌ തയാറെടുക്കുന്നു; ഗ്രാമങ്ങള്‍ നഗരങ്ങളെ വളയാന്‍ പോകുന്നു. കൃഷിനാശം മാത്രമല്ല, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിലയ്‌ക്കാത്ത മരണം...

വന്യമൃഗശല്യം എന്നുകേട്ടാല്‍ ഉടന്‍ പ്രതികരണം:
നഷ്‌ടപരിഹാരം ഉറപ്പ്‌. ആനയും കാട്ടുപന്നിയും നശിപ്പിച്ച കൃഷിക്ക്‌ നഷ്‌ടപരിഹാരം കിട്ടണമെങ്കില്‍ നാട്ടിലെ സങ്കീര്‍ണ്ണനിയമമനുസരിച്ച്‌ കൃഷിയിടത്തിലിറങ്ങിയ ആനയും പന്നിയും എല്ലാം നഷ്‌ടമായ കര്‍ഷകനൊപ്പം കൃഷിവകുപ്പുദ്യോഗസ്‌ഥര്‍ക്കു മുന്നില്‍ ഹാജരാകണം; തെളിവു നല്‍കണം.
കേരളത്തില്‍ വര്‍ഗീയസംഘര്‍ഷങ്ങളിലോ രാഷ്‌ട്രീയസംഘട്ടനത്തിലോ കൊല്ലപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നു. പാകിസ്‌താന്‍ െസെനികരുടെ വെടിവയ്‌പില്‍ കൊല്ലപ്പെടുന്ന ഇന്ത്യന്‍ െസെനികരുടെ പേരില്‍ രാജ്യം വിലപിക്കും. ആന മനുഷ്യനെ ചവുട്ടിക്കൊന്നാല്‍ ആനക്കൊന്നും പറ്റിയില്ലല്ലോ എന്നോര്‍ത്ത്‌ മൃഗ-മര പ്രേമികള്‍ ആനന്ദിക്കും. ശത്രുരാജ്യത്താല്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍, സ്വന്തം നാട്ടിലെ മൃഗങ്ങളാല്‍ കൊല്ലപ്പെടുന്നു.

ഇതൊക്കെ മനസില്‍ വച്ചുകൊണ്ടാവണം, വനംവകുപ്പിനെക്കുറിച്ച്‌ നിയമസഭയില്‍ ചര്‍ച്ച വന്നപ്പോള്‍, മലയോര മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന ജോര്‍ജ്‌ജ്‌ എം. തോമസ്‌, സി.കെ. ശശീന്ദ്രന്‍, പി.സി. ജോര്‍ജ്‌ജ്‌ തുടങ്ങിയ എം.എല്‍.എമാര്‍ വ്യാജമൃഗസ്‌നേഹത്തെ കൊത്തിനുറുക്കി. കാട്ടുപന്നിയിറച്ചിയും വാട്ടുകപ്പയും ഒന്നാന്തരം കോമ്പിനേഷനാണെന്ന്‌ പാലായില്‍ കുടുംബവേരുകളുള്ള തിരുവമ്പാടി എം.എല്‍.എ. ജോര്‍ജ്‌ജ്‌ എം. തോമസ്‌ പറഞ്ഞു. ആവശ്യമുള്ളപ്പോള്‍, അത്യാവശ്യം വാക്കുകളില്‍ പ്രതികരിക്കുന്ന സൗമ്യനായ സി.പി.എം. നേതാവാണ്‌ ജോര്‍ജ്‌ജ്‌ എം. തോമസ്‌. മുള്ളന്‍പന്നിയുടെ രുചിയെക്കുറിച്ചും അദ്ദേഹം ചിലതു പറഞ്ഞു. വന്യമൃഗശല്യംകൊണ്ട്‌ പൊറുതിമുട്ടിയ നാട്ടുകാരുടെ ദുരിതമാണ്‌ എം.എല്‍.എയുടെ മൃഗവിരുദ്ധ ശബ്‌ദത്തില്‍ പ്രതിധ്വനിച്ചത്‌. ഇതു കേട്ടതും സഭയ്‌ക്കകത്തും പുറത്തുമുള്ള പന്നി-പട്ടി പ്രേമികള്‍ െകെകോര്‍ത്തു. ഇങ്ങനെയൊക്കെ മൃഗങ്ങളെ പറയാമോ?

വന്യമൃഗ സമ്പത്ത്‌ ക്രമാതീതമായ കൂടിയെന്നും വേണമെങ്കില്‍ ശല്യം തീര്‍ക്കാന്‍ കുറച്ചെണ്ണത്തിനെ കശാപ്പു ചെയ്യണമെന്നും മറ്റ്‌ ചില എം.എല്‍.എമാര്‍ പറഞ്ഞു. ഇതോടെ മരസ്‌നേഹികളും മതില്‍ചാടി വന്നു. പന്നിയെക്കുറിച്ചും പാമ്പിനെക്കുറിച്ചും പറഞ്ഞാല്‍ ആരു സഹിക്കും?
രണ്ടു വര്‍ഷത്തിനിടെ പലവിധ കാരണങ്ങളാല്‍ പതിമൂവായിരം പേര്‍ ആത്മഹത്യ ചെയ്‌ത, പരേതാത്മാക്കളുടെ സ്വന്തം നാടാണ്‌ കേരളം. രാഷ്‌ട്രീയസംഘട്ടനത്തില്‍ പ്രതിമാസം നാലഞ്ചുപേര്‍ വീതം കൊല്ലപ്പെടുന്നു. ദയാവധം വരുന്നമുറയ്‌ക്കു മറ്റുള്ളവരുടെ മരണപുരോഗതി അഭിമാനാര്‍ഹമാകും. പരസ്‌പരം വണ്ടിയിടിച്ച്‌ 2017ല്‍ 4131 പേര്‍ മരിച്ചു. 42,671 പേര്‍ക്ക്‌ ഗുരുതരമായി പരുക്കേറ്റു. എന്നാല്‍ പന്നികുത്തിയും പാമ്പു കടിച്ചും ആന ചവുട്ടിയും പുലി മാന്തിയും ചാവുന്നവരുടെ കണക്കുകള്‍ കൃത്യമല്ല. െധെര്യമുള്ള ചില എം.എല്‍.എമാര്‍ സത്യം തുറന്നുപറഞ്ഞപ്പോള്‍ അവര്‍ക്കെതിരേ വെട്ടുകത്തിയെടുക്കുന്നു.
ഗതിമുട്ടിയ ജനം എന്തുചെയ്യണം? പുലി ഇറങ്ങിയാല്‍ പുണരാന്‍ ചെല്ലണോ? പന്നിയിറങ്ങിയാല്‍ പമ്മിയിരിക്കണോ? പാമ്പു വന്നാല്‍ പരിഭവം പറയരുതോ? ആന ചവുട്ടിയാല്‍ അനങ്ങാതിരിക്കണോ? എല്ലാത്തരം വന്യമൃഗങ്ങളുടെയും എണ്ണം കൂടി. കര്‍ക്കശമായ വനസംരക്ഷണനിയമവും അത്യാധുനിക നിരീക്ഷണ സൗകര്യവും കാരണം മൃഗവേട്ട കുറഞ്ഞു. ഒരു വിഭാഗം പോലീസുകാരെപ്പോലെ മര്‍ദ്ദകവീരന്മാരാണ്‌ നല്ലൊരുവിഭാഗം വനംവകുപ്പുദ്യോഗസ്‌ഥര്‍. അട്ടപ്പാടിയില്‍ ആദിവാസി മധുവിനെ തല്ലിക്കൊല്ലാന്‍ കൂട്ടുനിന്നത്‌ ഇതേ വനംവകുപ്പുകാരാണ്‌. വനംവകുപ്പ്‌ രക്ഷിച്ചതുകൊണ്ട്‌ കേസില്‍ അവര്‍ പ്രതികളല്ല. ഇത്രയധികം കാട്ടുപന്നികളെയും കുരങ്ങന്മാരെയും കേരളത്തിനാവശ്യമുണ്ടോ? കുട്ടിക്കുരങ്ങന്മാരെക്കൊണ്ട്‌ ചുടുചോര വാരിക്കാന്‍ വേറെ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉള്ളപ്പോള്‍ വനത്തിലും നാട്ടിലും അവയുടെ എണ്ണം കൂട്ടുന്നതെന്തിന്‌?

കേരളത്തിലെ വനവിസ്‌തൃതിക്കും ഭൂപ്രകൃതിക്കും നിരക്കാത്തവിധം പെരുകുന്ന വന്യമൃഗങ്ങളില്‍ ഒരു പങ്കിനെ കൊല്ലണം. അവയുടെതന്നെ വര്‍ഗത്തിന്റെ സുഗമമായ നിലനില്‍പ്പിനും സുരക്ഷിതത്വത്തിനും ഒരു വിഭാഗം ജീവികളുടെ അമിതമായ ജനനനിരക്കു തടയണം. വന്യമൃഗങ്ങളുടെ എണ്ണം കാലാനുസൃതമായും നിലവിലുള്ള വനവിസ്‌തൃതിക്കനുയോജ്യമായും പുനര്‍നിര്‍ണ്ണയം നടത്തണം. വന്യമൃഗപരിപാലനനിയമം കര്‍ക്കശമായി പിന്തുടരുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ മൃഗസംഖ്യ പരസ്‌പരം ബാലന്‍സ്‌ ചെയ്യാന്‍ മൃഗവേട്ട കൃത്യമായ അനുപാതത്തില്‍ അനുവദനീയമാണ്‌. ഇവിടെയും നിയന്ത്രണവിധേയമായ മൃഗവേട്ട അനുവദിക്കണം.

കൊന്നാല്‍ പാപം തിന്നാല്‍ പോകുമെന്നുണ്ട്‌. കേരളത്തില്‍ അതിനും പറ്റില്ല. കാട്ടുപന്നിയെ പ്രത്യേക സാഹചര്യത്തില്‍ വെടിവച്ചുകൊന്നാല്‍പോലും ഇറച്ചി തിന്നാന്‍ അനുവദിക്കില്ല. മൃതദേഹം മഹസ്സര്‍ തയാറാക്കി വനംവകുപ്പ്‌ ഉദ്യോഗസ്‌ഥരുടെ സാന്നിദ്ധ്യത്തില്‍ ആഴത്തില്‍ കുഴിവെട്ടി സംസ്‌കരിക്കണം. വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ ചരമപ്രസംഗം നടത്തും; വനംമന്ത്രിയുടെ അനുശോചനപ്രസംഗം വായിക്കപ്പെടും.

അനിമല്‍ പ്ലാനറ്റില്‍ നിഷ്‌കളങ്കരായ മാന്‍കൂട്ടങ്ങളെ ചീറ്റകള്‍ ഓടിച്ചിട്ടു പിടിക്കുമ്പോള്‍ നാം ദുഃഖിക്കും ചീറ്റകളോടാവും അമര്‍ഷം. അവ പ്രകൃതിനിയമം അനുസരിക്കുന്നുവെന്നേയുള്ളൂ. അമിതമായി വര്‍ദ്ധിക്കുന്ന മാന്‍കൂട്ടങ്ങള്‍ വിപത്താകും; കാട്ടുപുല്ല്‌ മുഴുവന്‍ അത്‌ തിന്നുതീര്‍ത്താലോ? പക്ഷേ, കേരളത്തിലെ വനങ്ങളില്‍ സ്വാഭാവികമായി സംഭവിക്കേണ്ട ഇത്തരം ബാലന്‍സിങ്‌ ഉണ്ടാകുന്നില്ല. പാമ്പും പന്നിയും കാട്ടില്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകഴിഞ്ഞു; വനംവകുപ്പുകാര്‍ക്കുമാത്രം ഇക്കാര്യത്തില്‍ കൃത്യമായ ബോധമില്ല. ഒരു വിഭാഗം ഉദ്യോഗസ്‌ഥര്‍ അലസമായി സര്‍ക്കാര്‍ ഫയലില്‍ കുത്തിത്തിരിപ്പുണ്ടാക്കുന്ന കണക്കുകള്‍ അബദ്ധജഡിലമാണ്‌. വിഷപ്പാമ്പുകളും കാട്ടുപന്നികളും കുരങ്ങിന്‍കൂട്ടവും വന്‍തോതില്‍ നാട്ടിലേക്കിറങ്ങുന്നത്‌ കാട്ടില്‍ വെള്ളം കുറഞ്ഞിട്ടല്ല. എങ്കില്‍ പെരുമഴക്കാലത്ത്‌ അവ നാട്ടിലേക്കിറങ്ങേണ്ട കാര്യമില്ലല്ലോ. ക്രമാതീതമായ വര്‍ദ്ധനതന്നെ കാരണം. വിഷപ്പാമ്പിനെ തല്ലിക്കൊല്ലാന്‍ ജനത്തിനു ഭയമാണ്‌. ഭയം പാമ്പിനെയല്ല; വനംവകുപ്പിനെ, ജാമ്യമില്ലാ കേസിനെ. അതുകൊണ്ട്‌ തിരുവനന്തപുരത്തുനിന്നു വാവ സുരേഷ്‌ വരാന്‍ ജനം കാത്തുനില്‍ക്കും. വരും പിടിക്കും. പിടിച്ചവയെ വനംവകുപ്പുകാര്‍ ചാക്കില്‍കെട്ടി സല്യൂട്ട്‌ ചെയ്‌ത്‌ കൃത്യം രണ്ട്‌ കിലോമീറ്റര്‍ ദൂരെയുള്ളിടത്തു തുറന്നുവിടും. ഒരാഴ്‌ച കഴിയുമ്പം കൊണ്ടുപോയി വിട്ടവ പോയതിനെക്കാള്‍ വാശിയില്‍ തിരികെവരും. വീണ്ടും വാവ സുരേഷ്‌, വീണ്ടും വനംവകുപ്പ്‌ സല്യൂട്ട്‌...

ജനജീവിതത്തിനു ഭീഷണിയാകുന്ന വിഷപ്പാമ്പുകളെ തല്ലിക്കൊല്ലണം. നാട്ടുകാര്‍ വനത്തിലേക്ക്‌ കയറിയിട്ടല്ലല്ലോ ആക്രമിക്കപ്പെടുന്നത്‌. സ്വന്തം വീട്ടില്‍ മനഃസമാധാനത്തോടെ കിടന്നുറങ്ങാന്‍ കഴിയാത്ത നില. എത്രയോ പിച്ചുകുഞ്ഞുങ്ങള്‍ ദിനംപ്രതി പാമ്പുകടിയേറ്റു മരിക്കുന്നു. കുഞ്ഞുങ്ങളുടെ ജീവനേക്കാള്‍ വിഷപ്പാമ്പിന്‌ സംരക്ഷണം നല്‍കാനാണോ നമ്മുടെ നികുതിപ്പണത്തില്‍ ഒരുപങ്ക്‌ വനംവകുപ്പിന്‌ നല്‍കേണ്ടത്‌? പത്തു വിഷപ്പാമ്പുകളും അമ്പത്‌ കുരങ്ങന്മാരും ചത്തെന്നു വിചാരിച്ച്‌ പ്രകൃതിക്ക്‌ ഒരു കേടുംവരില്ല. പാതാളം വരെ തോണ്ടിയെടുക്കുന്ന നൂറുകണക്കിന്‌ െഹെടെക്‌ കരിങ്കല്‍ ക്വാറികള്‍ വനപ്രദേശങ്ങളെ പിടിച്ചുലയ്‌ക്കുന്നു. സര്‍ക്കാരുകള്‍ അവയ്‌ക്ക്‌ കണ്ണടച്ചും തുറന്നും െലെസന്‍സുകള്‍ പുതുക്കി നല്‍കുന്നു. നൂറുകണക്കിന്‌ ജന്തുജാലങ്ങള്‍ വെടിയും പുകയും കാരണം ക്വാറി പ്രദേശങ്ങളില്‍ ചത്തടിയുന്നു. വീട്ടില്‍ കിടന്നുറങ്ങുന്ന പിഞ്ചുകുഞ്ഞിനെ കടിക്കുന്ന വിഷപാമ്പിനെ തല്ലിക്കൊല്ലുന്നതും കൃഷി തീര്‍ത്തിട്ടും അരിശം തീരാതെ കര്‍ഷകനെക്കൂടി വകവരുത്തുന്ന കാട്ടുപന്നിയെ തട്ടുന്നതും ഇതിനേക്കാള്‍ വലിയ അപരാധമാണോ?

വിഷംതീണ്ടി മരിച്ചുപോയ നൂറുകണക്കിനു കുഞ്ഞുങ്ങള്‍ നാളെകളുടെ കെടാവിളക്കുകളായിരുന്നു. പത്തുവര്‍ഷത്തെ കണക്കെടുത്താല്‍ ആ മഹാദുരന്തത്തിന്റെ വ്യാപ്‌തി ബോധ്യമാകും. നാളെകളുടെ വിളക്കുകള്‍ ഊതിക്കെടുത്തിയിട്ട്‌ വിഷപ്പാമ്പുകളുടെയും കാട്ടുപന്നികളുടെയും ഒച്ച കേള്‍ക്കാന്‍ കൊതിച്ചിരിക്കുന്നവര്‍ മനുഷ്യരാണോ?

Ads by Google
Ads by Google
Loading...
TRENDING NOW