''ട്രെയിനില്‍ വച്ച് സഹയാത്രികന് അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ ധീരമായി നേരിട്ട്, പ്രതിയെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ധൈര്യം കാട്ടിയ സനുഷ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു...''
സിനിമയില്‍ വില്ലനെതിരെ പ്രതികരിക്കുന്ന നായികമാര്‍ പോലും ജീവിതത്തില്‍ ഒരു പ്രതിസന്ധി ഘട്ടം വന്നാല്‍ പകച്ചുനില്‍ക്കുകയാണ് പതിവ്.
സനുഷ എന്ന പെണ്പുലിയാവട്ടെ ഇതിനൊരു അപവാദവും. കേരളത്തിലെ സ്ത്രീകള്‍ക്ക് പേടിക്കാതെ പുറത്തിറങ്ങാന്‍ കഴിയില്ലെന്ന അവസ്ഥയാണിന്ന്. എത്രയെത്ര സംഭവങ്ങളുണ്ടായാലും എത്രപേര്‍ പ്രതികരിച്ചാലും ഈ ഭീതി മാറ്റമില്ലാതെ തുടരുമ്പോഴും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സനുഷ....
ആ രാത്രി....
ഫെബ്രുവരി ഒന്നിന് പ്രോഗ്രാം കഴിഞ്ഞ് മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ഞാന്‍. എസി. എ വണ്‍ കോച്ചിലായിരുന്നു യാത്ര. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ ധാരാളം സഹയാത്രികര്‍. എല്ലാവരും നല്ല ഉറക്കം. എന്റെ ശരീരത്തില്‍ ആരോ തൊടുന്നതായി തോന്നി. ഞെട്ടിയുണര്‍ന്ന ഞാന്‍ അയാളുടെ കൈ പിടിച്ചുവച്ച് ബഹളം വച്ചു. കടിക്കുകയും അടിക്കുകയും ഒക്കെ ചെയ്തു.
ഇത്രയുമൊക്കെ സംഭവിച്ചിട്ടും എല്ലാവരും മൂടിപ്പുതച്ച് അനങ്ങാതെ കിടക്കുകയാണ്. ആരും എന്തുപറ്റിയെന്നുപോലും ചോദിച്ചില്ല. ബഹളം കേട്ട് എത്തിയ തിരക്കഥാകൃത്ത് ആര്.ഉണ്ണിയും എറണാകുളത്തുള്ള രഞ്ജിത്തുമാണ് പോലീസിനെ വിളിക്കുകയും മറ്റും ചെയ്തത്. റയില്‍വേ പോലീസില്‍ വിവരം അറിയിച്ചപ്പോള്‍ തൃശൂര്‍ സ്റ്റേഷനില്‍നിന്ന് പോലീസെത്തി അയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്വയം സംരക്ഷിച്ചാല്‍ നമ്മള് സുരക്ഷിതര്‍...
കേരളത്തിലെ സ്ത്രീകള്‍ സ്വയം സംരക്ഷിക്കുകയാണെങ്കില്‍ സുരക്ഷിതര്‍ തന്നെയാണ്. അല്ലങ്കില്‍ സുരക്ഷിതരല്ല എന്നേ പറയാന്‍ കഴിയൂ. പഠനം, ആരോഗ്യം, ജോലി, രാഷ്ട്രീയം ഏത് വിഭാഗത്തിലായാലും മറ്റുള്ള നാടുകളേ അപേക്ഷിച്ച് മുന്നില്‍ത്തന്നെയാണ് കേരളം. പക്ഷേ സ്ത്രീസുരക്ഷയുടെ കാര്യം വരുമ്പോള്‍ ഒന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ നാടിന്റെ നിയമത്തെ പേടിയില്ലാത്തതുകൊണ്ടാണ് ഇങ്ങനെ. എങ്ങനെയും രക്ഷപെടാന്‍ കഴിയും എന്നൊരു വിശ്വാസം കുറ്റവാളിക്കുണ്ട്. അതുകൊണ്ടാണ് തെറ്റുകള്‍ ആവര്‍ത്തിക്കുന്നത്.
പ്രതീക്ഷിക്കാത്തത് സംഭവിക്കുമ്പോള്‍....
ഒരു പെണ്‍കുട്ടിയും രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ താന്‍ ആക്രമിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ല. അവരുടെ വീട്ടിലുള്ളവരും അങ്ങനെതന്നെയാണ് കരുതുന്നതും. എന്റെ അച്ഛനും അമ്മയും എന്നെ ധൈര്യത്തോടെയാണ് വളര്‍ത്തിയത്. പ്രതികരിക്കാനുള്ള ധൈര്യം അവര്‍ പകര്‍ന്നുതന്നതാണ്. പെട്ടെന്നങ്ങനെ സംഭവിച്ചപ്പോള്‍ ശരിക്കും ഭയന്നുപോയി എന്നുതന്നെ പറയാം.
അച്ഛനും അമ്മയും പകര്‍ന്ന ധൈര്യം...
അവര്‍ തന്ന ധൈര്യത്തിലാണ് ഞാന്‍ ഉറച്ചുനില്‍ക്കുന്നത്. ഇപ്പോള്‍ കേസ് കോടതിയിലാണ്. എന്തുവന്നാലും ഞാന്‍ മുന്നോട്ടുതന്നെ പോകും. കേസുമായി മുന്നോട്ടുപോകേണ്ടിയിരുന്നില്ല എന്ന് ആരും എന്നെ തിരുത്താന്‍ ശ്രമിച്ചിട്ടില്ല. എന്റെ ശരികളിലും എന്റെ തെറ്റുകളിലുമാണ് ഞാന്‍ ജീവിക്കുന്നത്. അതിലേക്ക് ഒരുപരിധിയില്‍ക്കൂടുതല്‍ കടന്നുവരാന്‍ ആരെയും അനുവദിക്കാറില്ല.
ഒറ്റപ്പെടുത്തുന്നത് അവര്‍തന്നെ...
വളരെ ദയനീയമാണ് നമ്മുടെ സമൂഹത്തിന്റെ അവസ്ഥ. ഒരു പെണ്‍കുട്ടി ബഹളം വയ്ക്കുന്ന സമയത്ത് ആരും ശ്രദ്ധിക്കാതെ വരുന്നത് എത്ര ക്രൂരമാണ്. സഹായത്തിനഭ്യര്ഥിച്ചാല് ഇതാണവസ്ഥയെന്നറിയാവുന്നതുകൊണ്ടാണ് ഒന്നും ആരും അറിയാതെ പോകുന്നത്. ഞാന്‍ ഒറ്റയ്ക്കായി പോകും എന്ന തോന്നലുകൊണ്ടാണ് ആരും പ്രതികരിക്കാന്‍ മുന്നോട്ട് വരാത്തതും.
ഒരാള്‍ തലചുറ്റി വീണ് ചോരയൊലിച്ച് റോഡില്‍ കിടന്നപ്പോഴും അയാളുടെ ഫോട്ടോയും വീഡിയോയും എടുക്കാന്‍ ശ്രമിച്ച സമൂഹത്തിലാണ് നമ്മള് ജീവിക്കുന്നത്. അത്രയും വൃത്തികെട്ട മനസാണ് ആളുകള്‍ക്ക്. ഇതൊക്കെ കാണുമ്പോള്‍ പേടിയാണ് തോന്നുന്നത്. ഇനിയും എന്തൊക്കെ സംഭവിക്കും എന്നോര്‍ത്ത്.
ബി പോസിറ്റീവ്....
എന്തെങ്കിലും കാര്യം വരുമ്പോള്‍ എല്ലാവരും ഫേസ്ബുക്കില്‍ കിടന്ന് ബഹളം വയ്ക്കുകയാണ്. പക്ഷേ ആവശ്യത്തിന് ഉപകരിക്കാതെ അതുകൊണ്ട് എന്താണ് പ്രയോജനം. ട്രെയിനില്‍ രാത്രി സംഭവം കഴിഞ്ഞ് പിറ്റേന്ന് രാവിലെ കുറേപേര്‍ എന്റെയടുത്ത് വന്നുപറഞ്ഞു. ഇന്നലെ ചെയ്തത് അഭിനന്ദനാര്‍ഹമാണെന്ന്. അതുകൊണ്ട് എന്ത് ഉപകാരമാണ് ഉള്ളത്.
സംഭവം നടന്നപ്പോള്‍ അവര്‍ എനിക്കുവേണ്ടി നിന്നിരുന്നെങ്കില്‍ അതിനൊരു അര്‍ഥമുണ്ട്. അതല്ലാതെ ഈ വാര്‍ത്ത വന്നപ്പോള്‍ നെഗറ്റീവായി കമന്റുകളിട്ട ആളുകളുണ്ട്. കാരണം ഒരു പെണ്ണിന് ഇങ്ങനെ ഒരു അനുഭവം വരുമ്പോള്‍ അത് കള്ളമല്ല എന്നറിഞ്ഞിട്ടുകൂടി അവളെ വാക്കുകള്‍കൊണ്ട് അപമാനിക്കുമ്പോള്‍ അവരൊക്കെ പകല്‍ മാന്യന്മാരായി നടക്കുന്നവരാണെന്നേ പറയാന്‍ കഴിയൂ. കുറച്ച് കോമണ്‍സെന്‍സും മാനസിക വളര്‍ച്ചയും ഉള്ളവര്‍ അത് പറയില്ല.
അവള്‍ക്ക് അവള്മാത്രം - ഭാഗ്യലക്ഷ്മി ( ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്)
സംഭംവം നടന്ന അന്നുതന്നെ സനുഷയെ വിളിക്കുകയും അവള് കാണിച്ച ധൈര്യത്തല് അനുമോദിക്കുകയും ചെയ്തു. സനുഷ പറഞ്ഞത് എല്ലാവരും ഉറക്കം നടിച്ച് കിടക്കുകയായിരുന്നു എന്നാണ്. അതാണ് സമൂഹം. കാരണം എന്നെയല്ലല്ലോ ആക്രമിക്കുന്നത് മറ്റാരെയോ അല്ലേ എന്ന തോന്നലാണ്. അങ്ങനെ ചിന്തിക്കുന്നിടത്തോളം കാലം ഇത്തരം ആക്രമങ്ങള്‍ പെരുകിക്കൊണ്ടേയിരിക്കും.
മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട് സമൂഹം എന്നുപറയുന്നത് ഒരു കമ്പിളിപ്പുതപ്പാണെന്ന്. അതിനുള്ളില്‍ സുരക്ഷിതനാണെന്ന് അവന് കരുതുന്നു. നാളെ ഇതേ അനുഭവം അവന്റെ ഭാര്യയ്ക്കും സഹോദരിക്കും അമ്മയ്ക്കും മകള്‍ക്കും ഉണ്ടാവാം. സൗമ്യ ട്രെയിനില്‍ ഒറ്റയ്ക്കായതുകൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്നാണ് നമ്മള് പറഞ്ഞിരുന്നത്.
ഇവിടെ സനുഷ ഒറ്റയ്ക്കല്ലായിരുന്നു എന്നിട്ട് ആരെങ്കിലും പ്രതികരിച്ചോ? ഇതെല്ലാം കഴിഞ്ഞ് ഈ നാണംകെട്ട സമൂഹം ( ട്രെയിനിലെ സഹയാത്രികര്‍)അവള് ഇറങ്ങുമ്പോള്‍ അവളെ പ്രശംസിക്കുന്നു. അവിടെ പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് ആളുകള്‍ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നത്? ഒറ്റയ്ക്ക് പോകുന്ന സൗമ്യയും, കമ്പാര്‍ട്ട്മെന്റ് നിറയെ ആളുകളുമായി സഞ്ചരിക്കുന്ന സനുഷയും എല്ലാം സമൂഹത്തില്‍ ഒരേ അവസ്ഥയില്ത്തന്നെയാണുള്ളത്.
അവിടെ ആരുണ്ടായിട്ടും കാര്യമില്ല. അവനവന് മാത്രമേ അവനവനെ സംരക്ഷിക്കാനാവൂ, എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സനുഷയ്ക്ക് സംഭവിച്ചത്. ഒരുപക്ഷേ അയാള്‍ അവളെ ഉപദ്രവിക്കുമ്പോള്‍ അവള് ഭയന്ന് ബോധംകെട്ട് വീണിരുന്നെങ്കില്‍, അയാള്‍ അവളെ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയിരുന്നെങ്കില്‍ ആരാണ് സഹായിക്കുക. ആരും സഹായിക്കില്ല.
ആര്‍ക്കോ എന്തോ സംഭവിക്കുന്നതിന് ഞാന്‍ എന്തുവേണം, എന്റെ ശരീരത്തിലോ മനസിലോ കുടുംബത്തിലോ ഇതൊന്നും കൊള്ളുന്നില്ല എന്ന തോന്നലുളളിടത്തോളം കാലം ഇവിടെ ആരും ഇവിടെ സുരക്ഷിതരല്ല. ആരൊക്കെ നമുക്ക് ചുറ്റും ഉണ്ടെങ്കിലും നിന്റെ സുരക്ഷിതത്വം നിന്റെ കൈയില്‍ മാത്രമാണ് എന്നാണ് ജീവിതം നമ്മെ പഠിപ്പിക്കുന്നത്.
അവള് ശക്തയായ പെണ്‍കുട്ടി - ദീദി ദാമോദരന്‍ (തിരക്കഥാകൃത്ത്, ഡബ്ലിയു. സി. സി അംഗം)
ഞാന്‍ കണ്ട സ്ത്രീകളില്‍ ഏറ്റവും ശക്തയാണ് സനുഷ. ആ പെണ്‍കുട്ടി അവളുടെ ഐഡന്റിറ്റി കൊണ്ട് രജിസ്റ്റര്‍ ചെയ്ത കേസാണ് അല്ലാതെ ഇത് വ്യാജമല്ല. അത്രയും ബോള്‍ഡായുള്ള സ്റ്റെപ്പാണ് ഒരു പരാതിയായി പിന്നിട്ടിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലുള്ള പല കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. അതൊക്കെ ഏതെങ്കിലും ഒരു വഴിയില്‍ വച്ച് മുതലാക്കപ്പെടുകയോ, ഇല്ലാതായിപ്പോവുകയോ ചെയ്യാറാണ് പതിവ്.
മലയാള സിനിമാ കഥകളില്‍ എപ്പോഴും സംഭവിക്കുന്നതുപോലെ ഒരു സ്ത്രീ അപമാനിക്കപ്പെട്ടാല്‍ മരണമല്ലാതെ അവളുടെ മുന്നില്‍ വേറെ വഴിയില്ല എന്നുപറയുന്ന സ്ഥലത്താണ് നമ്മുടെ കണ്മുന്നിലൂടെ ഒരു പെണ്‍കുട്ടി ജീവിക്കാന്‍ പറ്റുമെന്ന് തെളിയിച്ചുതന്നത്.
അതിജീവനത്തിന്റെ കരുത്ത് കാണിച്ചത്. വിവാഹജീവിതത്തിലേക്ക് കടന്ന് സന്തോഷവതിയായി കഴിയുകയാണ് അവളിന്ന്. സനുഷയുടെ കാര്യത്തില്‍ അവള് കേസുമായി മുന്നോട്ട് പോവുകയാണ്. അവളതിനോട് പ്രതികരിക്കുമ്പോള്‍ ബഹളം ഉണ്ടാകുന്നുണ്ടെങ്കില്‍ അതില്‍ ശരിയുണ്ടെന്ന സിഗ്നലാണ് ലഭിക്കുന്നത്. വിമണ്‍സ് ഇന്‍ സിനിമ കളക്ടീവ് (ഡബ്ലിയു. സി. സി ) ന്റെ ഒഫീഷ്യല്‍ പേജില്‍ ഇതിനെക്കുറിച്ച് എഴുതിയിരുന്നു.
ഷെറിങ്ങ് പവിത്രന്