മാറിടവും അടിവസ്ത്രങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എപ്പോള്‍ വിഷയമായാലും അതില്‍ സ്ത്രീവിമോചനം കടന്നുവരുന്നതോടെ ചൂടന്‍ ചര്‍ച്ചകളായി മാറാറുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്ത്രീകള്‍ മാറ് മറയ്ക്കാന്‍ വേണ്ടി നടത്തിയ സമരത്തെ സ്ത്രീത്വത്തിന് വേണ്ടി കേരളചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ പ്രതിഷേധമായിട്ടാണ് ചരിത്രകാരന്മാര് വിലയിരുത്തപ്പെടുന്നത്. നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സ്ഥലത്ത് അതേരീതിയിലുള്ള പുതിയൊരു പ്രതിഷേധത്തിന് കനല് തെളിയുന്നു. പക്ഷേ ഇത്തവണ മാറു തുറക്കലാണ് സമര രീതിയെന്ന് മാത്രം.
ഈ സമരം തുടങ്ങിയിരിക്കുന്നത് സാമുഹ്യ മാധ്യമങ്ങളിലാണ്. വസ്ത്രം കൊണ്ടു മറയ്ക്കാത്ത മാറിടങ്ങളുടെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്താണ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരിക്കുന്നത്. മാറിടം വിഷയമാക്കി കോഴിക്കോട് ഫാറൂഖ് കോളേജില്‍ നടന്ന ഒരു അദ്ധ്യാപകന്റെ പ്രസംഗത്തില്‍ ഉണ്ടായ പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്കില്‍ മാറു തുറക്കല്‍ സമരത്തിന്റെ പ്രചരണം തുടങ്ങിയിരിക്കുന്നത്.
സ്ത്രീകളുടെ പ്രകോപനപരമായ വസ്ത്രധാരണ രീതികളെ വിമര്‍ശിക്കാന്‍ ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ നടത്തിയ ഉപമയാണ് വന്‍ വിവാദമായത്. ശരിയായി മാറിട വസ്ത്രം ധരിക്കാത്ത സ്ത്രീകള്‍ ആള്‍ക്കാര്‍ക്ക് കാണാന്‍ തണ്ണിമത്തന് മുറിച്ച് വെച്ചിരിക്കുന്നത് പോലെയാണ് മാറിടം പ്രദര്‍ശിപ്പിക്കുന്നതെന്ന പ്രതികരണം വന്‍ വിമര്‍ശനം വിളിച്ചു വരുത്തുകയായിരുന്നു. ഇതിലുള്ള പ്രതിഷേധമായി വിദ്യാര്‍ത്ഥികള്‍ തണ്ണിമത്തന് പ്രദര്‍ശിപ്പിച്ച് കാമ്പസില്‍ പ്രതിഷേധ സമരം നടത്തുകയും ചെയ്തു. സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ തണ്ണിമത്തന് പിടിച്ച് ടോപ്ലെസ്സായി പോസും ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഫേസ്ബുക്കില്‍ ഇതുമായി ബന്ധപ്പെട്ട വിഷയം ചൂടുപിടിച്ചത് പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കാണാന്‍ തുടങ്ങിയതോടെയാണ്. അദ്ധ്യാപകന്റെ വിവാദ പരാമര്‍ശത്തെ പിന്തുണച്ച് ആരും തന്നെ രംഗത്ത് എത്തിയിട്ടില്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ വന്ന തുണിയുരിഞ്ഞുള്ള പ്രതിഷേധം സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരം പ്രതിഷേധങ്ങള്‍ കൊണ്ട് എന്താണ് ഗുണമെന്നും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രതിഷേധം സകല അതിരുകളും ലംഘിക്കുകയാണോ എന്നെല്ലാമാണ് പലരും ചോദിക്കുന്നത്.
ആള്‍ക്കാരുടെ സദാചാര പോലീസിംഗിനെതിരേയുള്ള തന്റെ പ്രതിഷേധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വ്യത്യസ്തമായി താന്‍ പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു പ്രതിഷേധ സൂചകമായി നഗ്നചിത്രം പോസ്റ്റ് ചെയ്ത ഒരാളുടെ പ്രതികരണം. ആള്‍ക്കാരുടെ ചര്ച്ചയുണ്ടാകുന്ന രീതിയില്‍ പ്രതികരിച്ചാലേ ഇത്തരം സദാചാരക്കാരെ നിലയ്ക്ക് നിര്‍ത്താനാകൂ എന്ന് അവര്‍ പറയുന്നു.
തണ്ണിമത്തന് കൊണ്ട് മാറു മറച്ച രീതിയിലുള്ള തന്റെ ചിത്രം സുഹൃത്തിനയച്ചു കൊടുക്കുകയും അവര്‍ അത് പോസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഈ പേജ് ബ്ളോക്ക് ചെയ്യപ്പെട്ടു. ഈ ഇരട്ടത്താപ്പ് മനസ്സിലായില്ലെന്നും അടുത്തിടെ മാതൃത്വവുമായി ബന്ധപ്പെട്ട് ഒരു മലയാളം മാസികയില്‍ യുവതിയുടെ മാറിട ചിത്രം പ്രത്യക്ഷപ്പെട്ടപ്പോള്‍ സ്വീകരിച്ചവര്‍ എന്തുകൊണ്ട് തങ്ങളെ എതിര്‍ക്കുന്നു എന്നും അവര്‍ ചോദിക്കുന്നു.