Saturday, April 20, 2019 Last Updated 27 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Mar 2018 04.35 PM

'ആര്‍ത്തവവിരാമം' ആയുര്‍വേദത്തില്‍

''ആര്‍ത്തവവിരാമത്തെ തുടര്‍ന്ന് ഉണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങളില്‍ ഏറ്റവും സാധാരണമായവ, ശരീരത്തിനുണ്ടാകുന്ന ചൂടുകൂടുതല്‍, അമിതമായ വിയര്‍ക്കല്‍, ശരീരത്തിന് ഭാരം കൂടുക, വയറ് ചാടുക എന്നിവയാണ്''
uploads/news/2018/03/202419/ayurvedaperiods210318a.jpg

അന്‍പത് വയസിനു മീതേ പ്രായമുള്ള ഒരു സ്ത്രീയില്‍ 12 മാസത്തേയ്ക്ക് തുടര്‍ച്ചയായി ആര്‍ത്തവം ഉണ്ടാകാതിരിക്കുന്ന അവസ്ഥയില്‍ ആര്‍ത്തവവിരാമം സ്ഥിരീകരിക്കാം .

ഈ സമയത്ത് സ്ത്രീകളുടെ അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനക്ഷമത നശിക്കുകയും അതോടൊപ്പം അവരുടെ സന്താനോല്പ്പാദനക്ഷമത ഇല്ലാതാകുകയും ചെയ്യുന്നു.

ആര്‍ത്തവവിരാമത്തെ തുടര്‍ന്ന് ഉണ്ടാകുന്ന ശാരീരിക, മാനസിക വ്യതിയാനങ്ങള്‍ പലരിലും നിര്‍ഭാഗ്യവശാല്‍ പ്രശ്‌നകാരികളായിത്തീരാറുണ്ട്. ചിലരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ഷങ്ങേളാളം നീണ്ടുനില്‍ക്കാറുമുണ്ട്.

ശരീരത്തിലുള്ള പ്രൊജസ്‌ട്രോണ്‍, ടെസ്‌റ്റോസ്റ്റിറോണ്‍, ഈസ്‌ട്രോജന്‍ എന്നീ ഹോര്‍മോണുകളുടെ അളവില്‍ വരുന്ന വ്യത്യാസങ്ങളാണ് ഈ അവസ്ഥയ്ക്കു കാരണമായിത്തീരുന്നത്.

ഇതിന്റെ ഫലമായി ആര്‍ത്തവവിരാമത്തെ തുടര്‍ന്ന് ഉണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങളില്‍ ഏറ്റവും സാധാരണമായവ, ശരീരത്തിനുണ്ടാകുന്ന ചൂടുകൂടുതല്‍, അമിതമായ വിയര്‍ക്കല്‍, ശരീരത്തിന് ഭാരം കൂടുക, വയറ് ചാടുക എന്നിവയാണ്.

മറ്റ് ബുദ്ധിമുട്ടുകള്‍


ദഹനപ്രശ്‌നങ്ങള്‍, തലവേദന, തലയ്ക്കു മന്ദത, ഹൃദയ സ്പന്ദനത്തിലെ വ്യതിയാനങ്ങള്‍, ലൈംഗിക താല്പര്യം നഷ്ടപ്പെടുക, എല്ലാത്തിനോടും താല്പര്യക്കുറവ്, ക്ഷീണം, മറവി, വായുകോപം മൂലമുണ്ടാകുന്ന വയര്‍വീര്‍പ്പ്, ഉറക്കം കുറവ്, മുടികൊഴിച്ചില്‍, സന്ധികളിലും, പേശികളിലും വേദന, അമിത വിശപ്പ്, ത്വക്കിനു ചുവപ്പു നിറം, ത്വക്കില്‍ ചുളിവുണ്ടാകുക, ചിലപ്പോള്‍ ശരീരത്തില്‍ അവിടവിടെയായി കുരുക്കള്‍ ഉണ്ടാകുക, മുതലായവയും ഇതോടൊപ്പം ഉണ്ടാകാറുണ്ട്.

ശരീരം ചെറിയ അളവിലെങ്കിലും പുരുഷഹോര്‍മോണായ ടെസേ്റ്റാസ്റ്റീറോണ്‍ ഉല്പാദിപ്പിക്കുന്നതിന്റെ ഫലമായി ചില സ്ത്രീകളില്‍ കീഴ്ത്താടിയിലും, മൂക്കിനുതാഴെയും, നെഞ്ചിലും, ചിലപ്പോള്‍ വയറിലും രോമവളര്‍ച്ച ഉണ്ടാകുന്നു .

ആര്‍ത്തവവിരാമം ആയ സ്ത്രീകളില്‍ 75 മുതല്‍ 85 വരെ ശതമാനം ആള്‍ക്കാരും ശരീരത്തിന് ഭാരം കൂടുക, വയറ് ചാടുക, എന്നീ പ്രശ്‌നങ്ങള്‍ അഭിമുഖികരിക്കുന്നവരാണ്.

അമിത വണ്ണം


അമിത വണ്ണമുള്ളവരിലും, യാതൊരുശാരീരിക പ്രവര്‍ത്തികളും ചെയ്യാത്തവരിലും ശരീരത്തിനു ചൂടുകൂടുതല്‍ ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതലാണ് .

അതുകൊണ്ടുതന്നെ ഇത്തരത്തില്‍പ്പെട്ടവര്‍ വളരെ ശ്രദ്ധാപൂര്‍വം ആഹാരനിയന്ത്രണം പാലിക്കുകയും, കൃത്യമായ വ്യായാമ രീതികള്‍ ശീലിക്കുകയും ചെയ്താല്‍ ഈ അവസ്ഥകള്‍ വരുന്നതിനുള്ള സാധ്യതയെ കുറയ്ക്കുന്നതിനും അഥവാ വരികയാണെങ്കില്‍ വരുന്നതിന്റെ തീവ്രതയെ കുറയ്ക്കുന്നതിനും സാധിക്കും .

ചിലതരം ആഹാര പദാര്‍ഥങ്ങളുടെ ഉപയോഗം ആര്‍ത്തവവിരാമകാലത്ത് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതില്‍ പ്രകടകമായ പങ്ക് വഹിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു .

മസാലകള്‍, എരിവും പുളിയും കൂടുതല്‍ ഉള്ള ആഹാരങ്ങള്‍, ആസിഡിന്റെ അംശം ചേരുന്നതായ അച്ചാറുകള്‍, കഫീന്‍ പദാര്‍ഥം കൂടുതലായി അടങ്ങിയിരിക്കുന്ന കാപ്പി മുതലായവ, ചോക്കലേറ്റുകള്‍, ആല്‍ക്കഹോളുകള്‍, സംസ്‌ക്കരിച്ചെടുത്ത വെള്ളപഞ്ചസാര, പൂരിത കൊഴുപ്പുകള്‍, എന്നിവയെല്ലാം അത്തരത്തില്‍ പെടുന്ന ചിലതരം ആഹാര പദാര്‍ഥങ്ങളാണ് എന്ന് കരുതപ്പെടുന്നു .

ഇതേപോലെ ചിലതരം ആഹാരപദാര്‍ഥങ്ങള്‍ ഇത്തരം അവസ്ഥകളില്‍ നിന്നും മോചനം നല്കുന്നതില്‍ സഹായകമായി വര്‍ത്തിക്കുന്നു. ഇരട്ടിമധുരം, പഞ്ഞപ്പുല്ലു പോലുള്ള ധാന്യങ്ങള്‍, ചേന, കാട്ടുചേന, വിറ്റാമിന്‍ ഇ എന്നിവയെല്ലാം ആ വിഭാഗത്തില്‍ പെടുന്നവയാണ് .

uploads/news/2018/03/202419/ayurvedaperiods210318a1.jpg

മാനസിക പിരിമുറുക്കം


ആര്‍ത്തവവിരാമത്തോട് അടുക്കുമ്പോഴും, ആര്‍ത്തവ വിരാമം സംഭവിച്ചു കഴിയുമ്പോഴും സ്ത്രീകളില്‍ ഭൂരിഭാഗം പേരിലും തങ്ങളുടെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ആകുലതയും അതിനെയോര്‍ത്ത് മൗനിയാകുകയും ചെയ്യുക സര്‍വസാധാരണമാണ്.

ആര്‍ത്തവ വിരാമത്തോട് അടുക്കുന്തോറും മാസമുറയില്‍ വ്യതിയാനങ്ങള്‍ മിക്കവരിലും ഉണ്ടാകുന്നുണ്ട്. ചിലസ്ത്രീകള്‍ക്ക് ഈ സമയത്തെ പ്രശ്‌നങ്ങള്‍ വളരെ ലഘുവായി മാത്രം അനുഭവപ്പെടുമ്പോള്‍ മറ്റ് സ്ത്രീകളില്‍ ഇത് വളരെ ഗൗരവകരമായിതന്നെ ബാധിക്കുന്നു.

ചിലരില്‍ അമിത രക്തസ്രാവം, ചിലരില്‍ ഒരുമാസത്തില്‍തന്നെ ഒന്നിലധികം തവണ മാസമുറ ഉണ്ടാകുക, ചിലപ്പോള്‍ ഒരു മാസമുറ കഴിഞ്ഞ് പിന്നീട് രണ്ടോ മൂന്നോമാസം വരെ ഉണ്ടാകാതിരിക്കുക എന്നിങ്ങനെ പലതരത്തിലുള്ള വ്യതിയാനങ്ങളും ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് ഉണ്ടാകാറുണ്ട്.

ഹൃദ്രോഗ സാധ്യത


സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിനു മുന്‍പ് ഹൃദ്രോഗസാധ്യത വളരെ കുറവാണ്. എന്നാല്‍ ആര്‍ത്തവവിരാമത്തിനുശേഷം ഇതിനുള്ള സാധ്യത വളരെയധികം വര്‍ധിക്കുന്നതായി കാണാം.

ഒരേ പ്രായമുള്ള സ്ത്രീകളില്‍ തന്നെ ആര്‍ത്തവവിരാമം ആകാത്തവരെക്കാള്‍ ആയവരില്‍ ഹൃദ്രോഗസാധ്യത മൂന്നു മുതല്‍ നാലുവരെ ഇരട്ടി കൂടുതലായി കാണുന്നു. ഈസ്‌ട്രോജന്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തന വൈകല്യം തന്നെയാണ് ഇതിനു പ്രധാന കാരണമായിത്തീരുന്നത്.

ആര്‍ത്തവവിരാമത്തോടുകൂടി മിക്കസ്ത്രീകളിലും അസ്ഥിക്ഷയം ഉണ്ടാകുന്നതിനും, എളുപ്പത്തില്‍ ഒടിവുകളും പൊട്ടലുകളും ഉണ്ടാകുന്നതിനും സാധ്യതകള്‍കൂടുതലാണ്. പ്രയാധിക്യവും ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഇതിനുള്ള സാധ്യതകളെ വര്‍ധിപ്പിക്കുന്നു. പക്ഷെ സ്ത്രീകള്‍ ഇതിനെക്കുറിച്ചൊന്നും അത്രയേറെ ബോധവതികളായിക്കൊള്ളെണമെന്നില്ല.

പലപ്പോഴും വളരെ വേദനയേറിയ ഒരു പൊട്ടലോ ഒടിവോ ഉണ്ടാകുമ്പോഴായിരിക്കും മിക്ക സ്ത്രീകളും അവരുടെ അസ്ഥിയുടെ അവസ്ഥയെക്കുറിച്ച് അറിയുന്നത് തന്നെ. ഇതിനുള്ള ചികില്‍സയില്‍ പ്രധാനം നേരത്തെ രോഗാവസ്ഥ കണ്ടെത്തുന്നതിനും അസ്ഥിയുടെ ആരോഗ്യം വര്‍ധിപ്പിക്കുക വഴി അസ്ഥി ക്ഷയത്തെ തടയുന്നതിനുമാണ്.

ആഹാര കാര്യത്തിലെ പ്രത്യേക നിഷ്‌കര്‍ഷ, കൃത്യമായ വ്യായാമം, കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവയടങ്ങിയ ആഹാരത്തിന്റെ ഉപയോഗം, എന്നിവ ആര്‍ത്തവവിരാമക്കാരില്‍ അസ്ഥിയെ സംരക്ഷിക്കുന്നതിനായി സ്വീകരിക്കാവുന്ന ലളിതമായ മാര്‍ഗങ്ങളാണ്.

ഭക്ഷണം തെരഞ്ഞെടുക്കുമ്പോള്‍


ആര്‍ത്തവവിരാമത്തോടനുബന്ധിച്ചുണ്ടാകുന്ന ശാരീരികവും, മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്കുന്നതില്‍ ആഹാരത്തിനുള്ള പ്രാധാന്യം ഏറെയാണ്. പ്രകൃതിദത്തമായ പദാര്‍ഥങ്ങളില്‍ നിന്നും ശരീരത്തിനാവശ്യമായ ഈസ്‌ട്രോജനെയും മറ്റും പ്രദാനം ചെയ്തുകൊണ്ടാണ് ഇത്തരം അവസ്ഥയെ തരണം ചെയ്യാന്‍ സാധിക്കുന്നത്.

സോയാബീന്‍പോലുള്ളവയുടെ ഉപയോഗം ശരീരത്തിന് ആവശ്യമായ ഈസ്‌ട്രോജനെ ആര്‍ത്തവവിരാമശേഷവും നല്കുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന എൈസോഫ്‌ളേവോണ്‍സ് എന്ന പദാര്‍ഥത്തിന് ശരീരം സ്വമേധയാ ഉത്പാദിപ്പിക്കുന്ന ഈസ്‌ട്രോജന്റെ അതേ രാസഘടനയാണുള്ളത്.

ഇവ ശരീരത്തിന് ചൂടുകൂടുക മുതലായ അവസ്ഥകളെ തരണം ചെയ്യാന്‍ ഉത്തമമാണ്. ചിലരില്‍ വിറ്റാമിന്‍ ഇ അടങ്ങിയ ആഹാരങ്ങളും ഇതേ ഫലത്തെ പ്രധാനം ചെയ്യുന്നു. ഗ്രീന്‍ ടി യുടെ ഉപയോഗം ആര്‍ത്തവവിരാമശേഷം കാലങ്ങളോളം ശരീരത്തിന് അമിതവണ്ണമുണ്ടാകാതെ കാത്തു സൂക്ഷിക്കാന്‍ സഹായിക്കുന്നു.

വിറ്റാമിന്‍ ബി, സി, മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം എന്നിവയടങ്ങിയ ആഹാരങ്ങളുടെ ഉപയോഗം ആര്‍ത്തവവിരാമത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളുടെ ഫലമായി ശരീരത്തിനുണ്ടായിരിക്കുന്ന പോഷക നഷ്ടത്തെയും ആരോഗ്യ നഷ്ടത്തെയും ഒരു പരിധിവരെ ഇല്ലായ്മ ചെയ്യുന്നതിനു സഹായകമാകുന്നു .

ആയുര്‍വേദ മരുന്നുകള്‍


ഗുളൂച്യാദി കഷായം, ബലാഗുളൂച്യാദി കഷായം, ചന്ദനാസവം, കുമാര്യാസവം, ശതാവരീഗുളം, ച്യവനപ്രാശം, എന്നിവ സേവിക്കുക, പിണ്ഡതൈലം, ഖജിതപിണ്ഡതൈലം എന്നിവ ശരീരത്തും, ഗുളൂച്യാദി തൈലം, ബലാഗുളൂച്യാദി തൈലം, മധുയഷ്ട്യാദി തൈലം, എന്നിവ തലയിലും പുരട്ടി കുളിക്കുക, ഇരട്ടിമധുരം, ചന്ദനം എന്നിവ ചതച്ചിട്ട് തിളപ്പിച്ച വെള്ളം ധാരാളം കുടിയ്ക്കുക എന്നിവ ചെയ്യുന്നതുകൊണ്ട് ആര്‍ത്തവ വിരാമത്തെ തുടര്‍ന്നുണ്ടാകുന്ന ശരീരം പുകച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് വളരെ ശമനം ലഭിക്കുന്നതാണ്.

ഈ അസ്വസ്ഥകള്‍ വളരെ കൂടുതലായി അനുഭവപ്പെടുന്നവര്‍ക്ക് പിണ്ഡതൈലം, ഖജിതപിണ്ഡ തൈലം എന്നിവ കൊണ്ട് ശരീരത്ത് പിഴിച്ചിലും ഗുളൂച്യാദി തൈലം, ബലാഗുളൂച്യാദി തൈലം, മധുയഷ്ട്യാദി തൈലം എന്നിവകൊണ്ട് തലയില്‍ ധാര ചെയ്യുന്നതും ഫലപ്രദമാണ്. അമിത വണ്ണം ഉണ്ടായാല്‍, പഞ്ച കോലകുലത്ഥാദി കഷായം, വരണാദികഷായം, വ്യോഷാചിത്രകാദി കഷായം എന്നിവയില്‍ ഏതെങ്കിലും ഒന്ന് സേവിക്കുക.

കടപ്പാട്:
ഡോ. ആര്‍. രവീന്ദ്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW