കുട്ടികള്‍ക്ക് പരീക്ഷനാളുകള് ടെന്‍ഷന്‍ നിറഞ്ഞതാണ്. എസ്.എസ്. എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാര്‍ച്ച് മാസം ടെന്‍ഷന്റെ നാളുകളാണ്.
എന്നാല്‍ കുട്ടികള്‍ നന്നായി തയ്യാറെടുക്കുകയും അധ്യാപകരും മാതാപിതാക്കളും പിന്തുണ നല്‍കുകയും ചെയ്യുമ്പോള്‍ എല്ലാ പരീക്ഷാപ്പേടിയേയും മറികടക്കാവുന്നതേയുള്ളൂ. എന്നാല്‍ അതിന് ചില തയ്യാറെടുപ്പുകള്‍ വേണമെന്നു മാത്രം.
സ്റ്റഡി ലീവ് കിട്ടുമ്പോള്‍ പഠിക്കാം എന്ന് വിചാരിച്ച് മൂന്നും നാലും പാഠഭാഗങ്ങള്‍ മാറ്റി വയ്ക്കുന്നവരും കുറവല്ല. ഇതൊക്കെ നേരത്തെ പഠിച്ചാല്‍ മറന്നു പോകും, പരീക്ഷയ്ക്ക് തൊട്ടു മുന്‍പ് വായിച്ചാലേ ഓര്‍മ്മ കിട്ടൂ.. എന്ന് വാദിക്കുന്നവരുമുണ്ട്.
യഥാര്‍ത്ഥത്തില്‍ ഇതൊന്നുമല്ല സംഭവിക്കാറ്. പരീക്ഷാത്തലേന്ന് പാഠഭാഗം വായിച്ചു തുടങ്ങുമ്പോള്‍, രണ്ട് ദിവസം മുമ്പേ ഇത് വായിച്ചിരുന്നെങ്കില്‍ എനിക്ക് നന്നായി മനസ്സിലാക്കാമായിരുന്നു എന്നായിരിക്കും തോന്നുക. അതുകൊണ്ട് സ്റ്റഡി ലീവുകള്‍ നന്നായി തന്നെ പ്രയോജനപ്പെടുത്തണം.
സ്വന്തം കുറവുകളും മെച്ചങ്ങളും അറിഞ്ഞ് ടൈംടേബിള്‍ തയാറാക്കാനാണ് ശ്രമിക്കേണ്ടത്. ടൈംടേബിള്‍ തയാറാക്കുമ്പോള്‍ ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്കും പാഠഭാഗത്തിനും കൂടുതല്‍ സമയം നല്‍കണം.
പല കുട്ടികളും പുസ്തകമെല്ലാം എടുത്ത് പഠിക്കാന്‍ ആരംഭിക്കുമ്പോള്‍ ഒന്നും മനസിലാകുന്നില്ലല്ലോാഎന്ന് പറഞ്ഞ് പഠിക്കാതിരിക്കാറുണ്ട്. ഈ തോന്നല്‍ പരാജയത്തിലേക്കായിരിക്കും നയിക്കുന്നത്. ജീവിതത്തില്‍ പ്രതികൂലസാഹചര്യങ്ങള് അനവധിയുണ്ടാകും. എന്നാല്‍ അതിനെ തരണം ചെയ്യുന്നിടത്താണ് വിജയം.
അച്ഛനമ്മമാരുടെ പ്രതീക്ഷകളൊരിക്കലും മക്കളില്‍ അടിച്ചേല്‍പ്പിക്കരുത്. മാത്രമല്ല, അനാവശ്യ മത്സരബുദ്ധി കുട്ടികളില്‍ കുത്തി നിറയ്ക്കാതിരിക്കുക.
കുട്ടികള്‍ക്ക് എന്തു വിഷയവും തുറന്നു പറയാവുന്ന രക്ഷിതാവാകുക. സഹായിക്കാന്‍ എപ്പോഴും അച്ഛനുമമ്മയുമുണ്ടാകുമെന്ന വിശ്വാസം കുട്ടിക്ക് ആത്മവിശ്വാസം നല്‍കും.
ഒറ്റ ഇരുപ്പിന് മണിക്കൂറുകളോളം പഠിക്കാതെ 30040 മിനിറ്റുകളായി ഇരുന്ന് പഠിക്കാം. ഇടയ്ക്ക് വീടിന് പുറത്തേക്കിറങ്ങി നടക്കാം, പാട്ടു കേള്‍ക്കാം, യോഗ ചെയ്യാം. ശേഷം വീ ണ്ടും പഠനത്തിലേക്ക് തിരിച്ചെത്താം.
പരീക്ഷത്തലേന്ന് പാഠഭാഗങ്ങള്‍ റിവിഷന്‍ നടത്തുക മാത്രമേ ചെയ്യാവൂ. രാത്രി എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം. ഉറങ്ങാതെയിരുന്ന് പഠിച്ചാല്‍ പിറ്റേന്ന് പരീക്ഷാഹാളിലിരുന്ന് ഉറക്കം തൂങ്ങും.
ഒപ്പം അറിയാവുന്ന പാഠഭാഗങ്ങള്‍ പോലും ഓര്‍മ്മയിലുണ്ടാവില്ല. പരീക്ഷയുടെ തലേ ദിവസം തന്നെ ഹാള്‍ ടിക്കറ്റ്, ഐഡന്റിറ്റി കാര്‍ഡ്, പേന, പെന്‍സില്‍ തുടങ്ങിയവ എടുത്തു ബാഗില്‍ വയ്ക്കണം.
ചോദ്യപേപ്പര്‍ കൈയില്‍ കിട്ടിയാല്‍ ഉത്തരക്കടലാസില്‍ ശ്രദ്ധയോടെ രജിസ്റ്റര്‍ നമ്പറും മറ്റു വിശദാംശങ്ങളും കൃത്യമായി എഴുതണം. ശേഷം ചോദ്യപേപ്പറിലെ ചോദ്യങ്ങളെല്ലാം ശ്രദ്ധയോടെ വായിച്ചു നോക്കുക. അറിയില്ലാത്ത ചോദ്യങ്ങള്‍ കണ്ട് പരിഭ്രമിക്കരുത്. പകരം അറിയാവുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എഴുതുക.
ആ ചോദ്യവുമായി ബന്ധപ്പെട്ട് ഓര്‍മ്മയില്‍ വരുന്ന പോയിന്റുകള്‍ എഴുതാം. ഈ പോയിന്റുകളെഴുതാന് ഉത്തരപേപ്പറില്‍ അല്പം സ്ഥലം വിടാം. പിന്നീട് ഓര്‍ത്തെടുക്കുന്ന ഉത്തരങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ ഇത് സഹായിക്കും.