തന്നോളം വളര്‍ന്ന മകനുമായാണ് ശ്രീകല എന്നെ കാണാന്‍ വന്നത്. ജീവിതത്തിലെ പ്രതിസന്ധികളും പ്രയാസങ്ങളും തുറന്നുപറയുമ്പോള്‍ കവിളിലേക്ക് ഇറ്റുവീഴുന്ന കണ്ണുനീര്‍ത്തുളളികള്‍ അവള് തുടയ്ക്കുന്നുണ്ടായിരുന്നു.
''ഡിഗ്രിക്കുശേഷം ഒരുപാട് കല്യാണാലോചനകള്‍ വന്നെങ്കിലും ഓരോരോ കാരണം പറഞ്ഞ് ഞാന്‍ ഒഴിഞ്ഞുമാറി. അവസാനം ഒരു മിലട്ടറി ഉദ്യോഗസ്ഥനുമായി വിവാഹം ഉറപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനമെടുത്തു. അപ്പോഴാണ് അനൂപേട്ടനെ ഇഷ്ടമാണെന്ന കാര്യം ഞാന്‍ അമ്മയോടു തുറന്നു പറഞ്ഞത്. അനൂപേട്ടന് പ്രത്യേകിച്ചു ജോലിയൊന്നുമില്ല.
എന്തുജോലിക്കും പോകുന്ന പ്രകൃതക്കാരനാണ്. പറയത്തക്ക വിദ്യാഭ്യാസവുമില്ല. അതുകൊണ്ട് ആ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു. പക്ഷേ പിന്മാറാന് ഞാന്‍ തയ്യാറായില്ല. മറ്റുളളവരുടെ കണ്ണില്‍ ഒന്നുമില്ലാത്തവനാണെങ്കിലും എനിക്കദ്ദേഹം പ്രാണനായിരുന്നു. സ്വത്തിനേക്കാളേറെ ഞാന്‍ അനൂപേട്ടനെ സ്നേഹിച്ചു.
മറ്റൊരു വിവാഹത്തിനു തയാറല്ലെന്ന് വീട്ടില്‍ ഞാന്‍ തീര്‍ത്തുപറഞ്ഞു. വീട്ടുകാര്‍ സമ്മതിക്കുംവരെ കാത്തിരിക്കാമെന്ന് അനൂപേട്ടനും ഉറപ്പുതന്നു. അതോടെ അദ്ദേഹത്തോടുളള സ്നേഹം ഇരട്ടിയായി.
ഒടുവില്‍ എന്റെ വാശിക്കു മുന്നില്‍ വീട്ടുകാര്‍ വഴങ്ങി. അങ്ങനെ ഞങ്ങളുടെ വിവാഹം നടന്നു. വീട്ടില്‍നിന്ന് ഇരുപതു പവന് സ്വര്‍ണം എനിക്കു തന്നു.
കുറച്ചുനാള്‍ ഞങ്ങള്‍ സന്തോഷത്തോടെ ജീവിച്ചു. എന്നാല്‍ ആ അന്തരീക്ഷം പെട്ടെന്നു മാറി.
ഒരുദിവസം മദ്യപിച്ചു ലെക്കുകെട്ട് അനൂപേട്ടന് വീട്ടില്‍ കയറിവന്നു. സുഹൃത്തുക്കളുമായി കൂടിയതായിരിക്കും എന്നോര്‍ത്ത് ആദ്യമൊക്കെ ഞാനതത്ര കാര്യമാക്കിയില്ല. എന്നാല്‍ ഓരോദിവസവും ഇതാവര്‍ത്തിച്ചു. ക്രമേണ മദ്യപാനം മാത്രമല്ല, ഒരുകാര്യവുമില്ലാതെ എന്നെ ഉപദ്രവിക്കുന്നതും പതിവായി.
ഇതൊന്നും ഞാന്‍ ആരെയും അറിയിച്ചില്ല. വിഷമങ്ങള്‍ ഉളളിലൊതുക്കി ചിരിച്ച മുഖവുമായി മറ്റുളളവരുടെ മുന്നില്‍ അഭിനയിച്ചു.
ഇതിനിടെ ഞാന്‍ ഗര്‍ഭിണിയായി. എല്ലാ സ്ത്രീകളെയുംപോലെ ഞാനുമപ്പോള് ഭര്‍ത്താവിന്റെ സാമീപ്യം ആഗ്രഹിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ സ്വഭാവത്തിന് യാതൊരു മാറ്റവും ഉണ്ടായില്ല.
മോന് ജനിച്ചുകഴിഞ്ഞ് ഒരിക്കല്‍പ്പോലും അവനെയൊന്ന് എടുക്കാനോ ലാളിക്കാനോ അനൂപേട്ടനു തോന്നിയിട്ടില്ല. ഇങ്ങനെയൊരു മനുഷ്യനെയാണല്ലോ സ്നേഹിച്ചതെന്നോര്ത്ത് ഞാന്‍ എന്നോടുതന്നെ പരിതപിച്ചു.
മദ്യപാനം നിര്‍ത്താന്‍ കെഞ്ചിപ്പറഞ്ഞിട്ടും ഭാര്യയെക്കാളും മകനെക്കാളുമേറെ അദ്ദേഹം ലഹരിയെ സ്നേഹിച്ചു. തിരിച്ചറിവായതോടെ 'അച്ഛന്' എന്ന വാക്കുപോലും മോന് പേടിസ്വപ്നമായി. അവനെ ഒരിക്കലും കുറ്റം പറയാനാവില്ല. വൈകുന്നേരങ്ങളില്‍ കുടിച്ചിട്ടു വന്ന് എന്നെ തല്ലുന്നതേ അവന് കണ്ടിട്ടുള്ളൂ.
ജോലിചെയ്തു കൂലി കിട്ടുന്നതിനേക്കാള്‍ മദ്യം കിട്ടുന്നതാണ് അദ്ദേഹത്തിനിഷ്ടം. അതു പലരും മുതലെടുത്തപ്പോള്‍ വീട്ടിലെ കാര്യങ്ങള്‍ ബുദ്ധിമുട്ടായി.
ഒരു കമ്പനിയില്‍ ജോലിക്കു പോയാണ് ഞാന്‍ പിന്നെ മോനെ വളര്‍ത്തിയത്. അവനിപ്പോള്‍ ഡിഗ്രിക്കു പഠിക്കുന്നു.
കഴിഞ്ഞ ദിവസം മദ്യപിച്ചുവന്ന് അനൂപേട്ടന് എന്നെ തല്ലുന്നതുകണ്ട്, മോന് അദ്ദേഹത്തിന്റെ കൈയില്‍ കയറി പിടിച്ചു. അതിന്റെ പേരില്‍ അദ്ദേഹം അവനെയും തല്ലിച്ചതച്ചു.
'ഇങ്ങനൊരച്ഛനെ എനിക്കു വേണ്ടെ'ന്ന് മോന് എന്റെ മുഖത്തുനോക്കി പറഞ്ഞു. ഇത്രയും കാലം ഞാന്‍ എല്ലാം ക്ഷമിച്ചത് എന്റെ കുഞ്ഞിനെ ഓര്‍ത്തിട്ടാണ്. ഇനി എനിക്കു വയ്യ. എത്രയും പെട്ടെന്ന് ഞങ്ങളുടെ ബന്ധം വേര്‍പെടുത്താനുളള നടപടികള്‍ സ്വീകരിക്കണം സാര്‍...''
പറഞ്ഞുതീര്‍ന്നതും ശ്രീകല പൊട്ടിക്കരഞ്ഞു.
രണ്ടുപേരെയും വിളിച്ചിരുത്തി ഒന്നിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ അതിനു തയാറായില്ല. ഇനി അയാളോടൊപ്പം ജീവിച്ചാല്‍ തനിക്കു ഭ്രാന്തുപിടിക്കുമെന്ന് ശ്രീ കല കരഞ്ഞുപറഞ്ഞു. നീണ്ടനാളത്തെ വാദത്തിനുശേഷം കോടതി ഇരുവര്‍ക്കും വിവാഹമോചനം നല്കി.