Tuesday, July 16, 2019 Last Updated 56 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Mar 2018 04.34 PM

തിരുത്തണം യുവാക്കളിലെ ഭക്ഷണശീലം

''ത്വരിതഗതിയിലുള്ള വളര്‍ച്ചയും ശരീരഘടനയില്‍ വരുന്ന മാറ്റങ്ങളും ശാരീരികവും മാനസികവുമായ ആരോഗ്യവും നിര്‍ണായകമാകുന്ന ഒരു കാലഘട്ടമാണ് കൗമാരം. ആരോഗ്യകരമായ ഒരു ഭക്ഷണശൈലി വളര്‍ത്തിയെടുക്കുവാന്‍ ഈ പ്രായത്തില്‍ ബുദ്ധിമുട്ടായിരിക്കും''
uploads/news/2018/03/202150/fodforyouth200318.jpg

ചെറുപ്പക്കാരുടെ ഭക്ഷണശൈലി ഇന്ന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ത്വരിതഗതിയിലുള്ള വളര്‍ച്ചയും ശരീരഘടനയില്‍ വരുന്ന മാറ്റങ്ങളും ശാരീരികവും മാനസികവുമായ ആരോഗ്യവും നിര്‍ണായകമാകുന്ന ഒരു കാലഘട്ടമാണ് കൗമാരം. ആരോഗ്യകരമായ ഒരു ഭക്ഷണശൈലി വളര്‍ത്തിയെടുക്കുവാന്‍ ഈ പ്രായത്തില്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ആരോഗ്യകരമായ ശരീരത്തിന് ഇത് അത്യന്താപേക്ഷിതമാണ്.

ഇന്ന് കൂടുതലായി കണ്ടുവരുന്ന ടൈപ്പ് 2 പ്രമേഹം, വിളര്‍ച്ച, ദുര്‍മേദസ്, ഹൃദ്രോഗം, സ്‌ട്രോക്ക്, രക്താതിസമ്മര്‍ദം മുതലായവയുടെ മൂലകാരണവും ഒരു പരിധിവരെ ചെറുപ്പക്കാരുടെ അനാരോഗ്യകരമായ ഭക്ഷണശൈലിയാണ്.

വിറ്റാമിനുകള്‍


യൗവനാരംഭത്തില്‍ ലിംഗഭേദമന്യേ അന്നജം, മാംസം, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ കൂടുതല്‍ അടങ്ങിയ ഭക്ഷണക്രമമാണ് വളര്‍ത്തിയെടുക്കേണ്ടത്. എന്നാല്‍ കൊഴുപ്പ് കുറഞ്ഞ ഭക്ഷണരീതിക്ക് പ്രാധാന്യം നല്‍കുകയും വേണം.

പെണ്‍കുട്ടികളുടെ ഭക്ഷണക്രമം പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന ഒന്നാണ്. ഭാവിയില്‍ അമ്മമാരാകേണ്ട ഇവര്‍ ശരീരത്തില്‍ ആവശ്യാനുസരണം ഇരുമ്പും, കാല്‍സ്യവും സംഭരിക്കേണ്ട കാലഘട്ടം. ആര്‍ത്തവാരംഭത്തോടെ ശരീരത്തില്‍ കാല്‍സ്യത്തിന്റെ ആഗീരണം കൂടിയ അളവില്‍ നടക്കുന്നു.

അതിനാല്‍ പാല്‍, പാലുല്പന്നങ്ങള്‍, മുട്ട, പയര്‍വര്‍ഗങ്ങള്‍, ഇലക്കറികള്‍ മുതലായവ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. എന്നാല്‍ ആധുനിക യുവത്വം പാലും പാലുല്പന്നങ്ങളും മാറ്റിനിര്‍ത്തി പകരം, കോളകളും അതുപോലെയുള്ള പാനീയങ്ങളും ശീലമാക്കുന്നത് ഒരു ഫാഷനായി മാറിക്കഴിഞ്ഞു.

എല്ലിന്റെ വളര്‍ച്ച ത്വരിതഗതിയില്‍ നടക്കുന്ന യൗവന കാലത്ത് ഇത്തരം പാനീയങ്ങള്‍ ശരീരത്തിന് ദോഷകരമാണ്. അസ്ഥികള്‍ക്ക് തേയ്മാനവും അനുബന്ധപ്രശ്‌നങ്ങളും വളരെ ചെറുപ്പത്തില്‍തന്നെ പിടിപെടാന്‍ ഇത് കാരണമാകുന്നു.

ഈ പ്രായത്തില്‍ ശരീരത്തില്‍ ഇരുമ്പിന്റെ ആവശ്യകതയും വളരെ കൂടുതലാണ്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്. ആര്‍ത്തവപ്രക്രിയയിലൂടെ പുറംതള്ളപ്പെടുന്ന രക്തത്തിന്റെ നഷ്ടം പരിഹരിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ പോഷകസമൃദ്ധമായ ഭക്ഷണക്രമം ഒഴിവാക്കാനാവാത്തതും.

മാനസിക സമ്മര്‍ദവും ഭക്ഷണശൈലിയും


കൗമാരകാലഘട്ടത്തില്‍ ശാരീരികവും മാനസികവുമായ നിരവധി സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെടുന്നത് സ്വാഭാവികമാണ്. ഇത് ഭക്ഷണശൈലിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയേക്കാം.

ഇതിനുപുറമേ ഉദ്യോഗസ്ഥരായ മാതാപിതാക്കള്‍ക്ക് വന്നുപെടുന്ന തിരക്കുകള്‍, മാതാപിതാക്കളുടെ സ്ഥലമാറ്റത്തിനനുസരിച്ച് സ്‌കൂള്‍ മാറുമ്പോള്‍ സ്‌കൂള്‍ സമയങ്ങളില്‍ വരുന്ന മാറ്റം എന്നിവയും കുട്ടികളുടെ ഭക്ഷണശീലങ്ങളെ അനിയന്ത്രിതമായി ബാധിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഭക്ഷണശൈലിയില്‍ ശ്രദ്ധിക്കേണ്ട ചില ഘടകങ്ങള്‍ താഴെ ചേര്‍ക്കുന്നു.

സ്‌നാക്കിംഗ്


രാവിലെയും ഉച്ചയ്ക്കും വൈകിട്ടും എന്ന ക്രമത്തില്‍ സന്തുലിതമായ ഒരു ഭക്ഷണക്രമം ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. എപ്പോഴും പുതുമകള്‍ ഇഷ്ടപ്പെടുന്നവരാണ് ചെറുപ്പക്കാര്‍. അതിനാല്‍ ഇവര്‍ക്ക് വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന വ്യത്യസ്തമായ സാന്റ്‌വിച്ചുകള്‍ ഉണ്ടാക്കി കൊടുക്കുക.

പലതരം ഫില്ലിങ്ങോടുകൂടിയ സാന്റ്‌വിച്ച്, ബര്‍ഗര്‍, ചപ്പാത്തി റോള്‍സ്, റെഡിമെയ്ഡ് പിസാ ബേസ് ഇവ ഉപയോഗിച്ച് വ്യത്യസ്തങ്ങളായ ഫില്ലിംങ്ങുകളും, ചെറിയ അളവില്‍ ചീസും ചേര്‍ത്ത് നല്‍കാവുന്നതാണ്. പോഷകസമൃദ്ധമായ വിഭവങ്ങള്‍ ഫില്ലിങ്ങിനായി തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

പച്ചക്കറികള്‍ ചെറുതായി അരിഞ്ഞു ചേര്‍ത്തു തയാറാക്കുന്ന ചോറ്, വിവിധങ്ങളായ ഉപ്പുമാവുകള്‍ എന്നിവയ്ക്കും യൗവനകാലഘട്ടത്തിലെ ഭക്ഷണക്രമത്തില്‍ പ്രാധാന്യം നല്‍കണം. ഇതിനു പുറമേ വീട്ടില്‍ തയാറാക്കുന്ന ജൂസുകള്‍, ചെറിയ കഷണങ്ങളാക്കിയ പഴവര്‍ഗങ്ങള്‍ ഇവ ഇടസമയങ്ങളില്‍ കഴിക്കണം.

ഡയറ്റിങ്ങ്


യുവത്വം ശരീരഭാരം ക്രമത്തിലധികം കുറയ്ക്കാനുള്ള കഠിന പരിശ്രമത്തിലാണ്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ഉണ്ടാകുന്ന ശരീരഘടനയിലെ മാറ്റങ്ങള്‍മൂലം കൊഴുപ്പ് ശേഖരിക്കുന്ന കലകള്‍ കൂടുതലായി ശരീരത്തു ഉല്പാദിപ്പിക്കപ്പെടുന്നു. താരതമ്യേന പെണ്‍കുട്ടികളിലാണ് ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നത്.

ഇതു നിയന്ത്രിക്കാന്‍ അവര്‍ കണ്ടെത്തുന്ന എളുപ്പവഴി ഏതെങ്കിലും സമയത്തെ ഭക്ഷണം ഒഴിവാക്കുകയാണ്. അല്ലെങ്കില്‍ ഒരു സമയത്തെ ഭക്ഷണം ഉപേക്ഷിച്ച് അടുത്തതവണ കഴിക്കുമ്പോള്‍ രണ്ടുതവണത്തേതും കൂടി ഒന്നിച്ച് കഴിക്കുന്നു.

എന്നാല്‍ സമയാസമയങ്ങളില്‍ ഭക്ഷണം അളവ് കുറച്ച് കഴിക്കുകയാണു ശരിയായ രീതി. ഇത് ശരീരത്തിന് ഉണര്‍വും ഉന്മേഷവും പകര്‍ന്നു നല്‍കും. അല്ലാതെ ഭക്ഷണം പാടേ ഉപേക്ഷിക്കുന്നത് പലതരം രോഗങ്ങള്‍ക്ക് കാരണമായിത്തീരും.

ക്ഷീണം ഒഴിവാക്കാനായി പാടമാറ്റിയ പാല്, മോര്, മുട്ടയുടെ വെള്ള എന്നിവ നിയന്ത്രിതമായ അളവില്‍ ഉള്‍പ്പെടുത്തുക. എന്നാല്‍ പഴവര്‍ഗങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താവുന്നതാണ്. ഇതിനൊപ്പം യോഗപോലെയുള്ള വ്യായാമമുറകളും ശീലിക്കുക.

ഫാസ്റ്റ്ഫുഡ്


താല്‍ക്കാലിക വിശപ്പടക്കാന്‍ മാത്രമായിരിക്കും പലരും ആദ്യം ഫാസ്റ്റ്ഫുഡ് ആശ്രയിക്കുന്നത്. എന്നാല്‍ ലഹരി ഉപയോഗിക്കുന്നതുപോലെ പിന്നീട് അതിന് അടിമപ്പെടുന്ന അവസ്ഥയിലെത്തുന്നു. ഫാസ്റ്റ്ഫുഡ് സംസ്‌കാരം ശരീരത്തിന്റെ ഓജസും ആരോഗ്യവും പെട്ടെന്നു തകര്‍ത്തുകളഞ്ഞേക്കാം. ഇതില്‍ അടങ്ങിയിരിക്കുന്ന പൂരിതകൊഴുപ്പുകളും ഊര്‍ജ്ജവും ശരീരത്തില്‍ ചീത്ത കൊഴുപ്പിന്റെ ഉല്‍പ്പാദനം കൂട്ടുന്നു.

ഇത് കരള്‍ രോഗങ്ങള്‍, ഹൃദ്രോഗം, ദുര്‍മ്മേദസ്, ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചില്‍ എന്നിവയില്‍ തുടങ്ങി ആമാശയത്തിലും കുടലിലുമുണ്ടാകുന്ന അള്‍സറിനുവരെ കാരണമായിത്തീരും. ഇതിനു പുറമേ മണത്തിനും രുചിക്കും വേണ്ടി ചേര്‍ക്കുന്ന കൃത്രിമ നിറങ്ങളും മറ്റു ചേരുവകളും കാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ക്ക് വഴിതെളിക്കുന്നു.

ബ്രോയിലര്‍ ചിക്കന്‍ നിത്യേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ആരോഗ്യകരമല്ല. ഇത് ഹോര്‍മോണ്‍വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു. വീട്ടില്‍ തയാറാക്കാന്‍ കഴിയാത്ത വിഭവങ്ങള്‍ മാസത്തില്‍ ഒരിക്കല്‍ പുറത്തുപോയി കഴിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ആര്‍ഭാടംപോലെ ആഴ്ചയില്‍ രണ്ടുംമൂന്നും പ്രാവിശ്യം പുറത്തുപോയി കഴിക്കുന്നത് ഒഴിവാക്കുക.

കടപ്പാട്:
സ്വപ്ന രാജീവ്, ഡയറ്റീഷന്‍

Ads by Google
Tuesday 20 Mar 2018 04.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW