Tuesday, July 16, 2019 Last Updated 6 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Mar 2018 03.48 PM

എന്നെ ഏറെ വേദനിപ്പിച്ച സിനിമയാണ് 'കിങ് ലെയര്‍' പാഴ്‌ച്ചെലവുകള്‍ ഉണ്ടാക്കിയ സിനിമ - ഔസേപ്പച്ചന്‍

uploads/news/2018/03/202141/CiniINWOuseppachan200319.jpg

നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെ നിര്‍മ്മാതാവിന്റെ മേലങ്കിയണിഞ്ഞ ഔസേപ്പച്ചന്‍ വാളക്കുഴി കഴിഞ്ഞ 34 വര്‍ഷത്തിനിടയില്‍ 38 സിനിമകളാണ് നിര്‍മ്മിച്ചത്.

സിനിമയില്‍ ഓരോ കാലത്തും ഉണ്ടാവുന്ന പുതിയ ചെറുപ്പക്കാരുടെ പരീക്ഷണങ്ങളെ മനസ്സറിഞ്ഞ് പ്രോത്സാഹിപ്പിക്കാന്‍ ഔസേപ്പച്ചന് യാതൊരു മടിയുമില്ല. മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് പിറവി നല്‍കിയതില്‍ ആഹ്‌ളാദിക്കുമ്പോഴും പ്രതിഭാധനരായ പുതുമുഖ താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിലും മുന്നിലാണ്.

സിനിമയില്‍ ഇന്നും ലൈവായി നിലകൊള്ളുന്ന നിര്‍മ്മാതാവാണ് ഔസേപ്പച്ചന്‍ വാളക്കുഴി. 38-ാമത്തെ ചിത്രമാണ് ഒരു അഡാര്‍ ലൗ.

ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായ തൃശൂര്‍ മണ്ണുത്തിയിലെ ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ ഞങ്ങളെത്തുമ്പോള്‍ ഔസേപ്പച്ചനും കുടുംബവും സെറ്റിലുണ്ടായിരുന്നു. സിനിമാമംഗളത്തിന്റെ വായനക്കാരുമായി നിര്‍മ്മാതാവ് ഔസേപ്പച്ചന്‍ സംസാരിക്കുന്നു.

? പുതിയ ചിത്രമായ ഒരു അഡാര്‍ ലൗവിനെക്കുറിച്ച്...


ഠ കഥയുടെ പ്രത്യേകതയും ഒമറെന്ന സംവിധായകനിലുള്ള വിശ്വാസവുമാണ് ഒരു അഡാര്‍ ലൗ എന്ന സിനിമ നിര്‍മ്മിക്കാന്‍ എനിക്ക് പ്രചോദനമായത്. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് തുടങ്ങിയ ചിത്രങ്ങളിലെ യുവാക്കളുടെ മനസ്സറിഞ്ഞ് കഥ പറയയാനുള്ള ഒമറിന്റെ കഴിവ് ശ്രദ്ധേയമാണ്.

ഷാന്‍ റഹ്മാന്‍ വ്യത്യസ്തമായ രീതിയില്‍ സംഗീതം പകരുന്ന പത്തു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ഒരു മ്യൂസിക്കല്‍ കോമഡി സിനിമയെന്ന ടൈറ്റിലാണ് ഒരു അഡാര്‍ ലൗവിന് അനുയോജ്യമാവുക. ഒരുപാട് പ്രതീക്ഷയുള്ള ഈ സിനിമ കേരളത്തിലെ മുഴുവന്‍ തിയേറ്ററുകളിലും റിലീസ് ചെയ്യാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

? പുതുമുഖങ്ങളെ മാത്രം കേന്ദ്രീകരിച്ച് സിനിമയെടുക്കുന്നത് റിസ്‌കല്ലേ...


ഠ അതെ. റിസ്‌ക് തന്നെയാണ്. നമ്മുടെ നിര്‍മ്മാതാക്കള്‍ റിസ്‌കെടുത്താല്‍ പുതുമുഖങ്ങളെ മെയിന്‍ സ്ട്രീമിലേക്ക് കൊണ്ടുവരാന്‍ കഴിയും. പുതിയ താരങ്ങളെ സിനിമയിലേക്ക് കൊണ്ടുവരാന്‍ തമിഴിലെ നിര്‍മ്മാതാക്കള്‍ ശ്രമിച്ചതിന്റെ ഫലമായി അവിടെ മുപ്പതും മുപ്പത്തിയഞ്ചും പുതുമുഖ താരങ്ങള്‍ വളര്‍ന്നുവന്നിട്ടുണ്ട്.

തമിഴില്‍ വ്യത്യസ്തമായ കഥകള്‍ക്കനുസരിച്ച് ആരെ വേണമെങ്കിലും അഭിനയിപ്പിക്കാന്‍ യാതൊരുവിധ പ്രയാസവുമില്ല. നമ്മുടെ മലയാളത്തില്‍ വിരലിലെണ്ണാവുന്ന താരങ്ങളെ കേന്ദ്രീകരിച്ചു മാത്രമാണ് സിനിമ മുന്നോട്ടുപോകുന്നത്. ഇതിനൊരു മാറ്റമുണ്ടാകാന്‍ പുതുമുഖങ്ങളുടെ സിനിമകളെടുക്കാന്‍ നിര്‍മ്മാതാക്കള്‍ മുന്നോട്ടു വരേണ്ടതുണ്ട്.

? താങ്കള്‍ തുടക്കം മുതല്‍ക്കേ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നോ...


ഠ സംശയമെന്താ. കഴിവുള്ളവര്‍ക്ക് അവസരം നല്‍കുകയെന്നത് എന്റെ രീതിയാണ്. അങ്ങനെയാണ് നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെ നദിയാ മൊയ്തുവിനെയും സാന്ത്വനത്തിലൂടെ വിഷ്ണുവര്‍ദ്ധനന്റെ ഭാര്യ ഭാരതിയെയും കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടിയിലൂടെ കാവേരിയെയും സാഗരം സാക്ഷിയിലൂടെ സുകന്യയെയും മലയാളത്തിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു. റാംജി റാവു സ്പീക്കിങ്ങിലൂടെ ഫാസിലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സിദ്ധിഖ് ലാലിനെ പരിചയപ്പെടുത്താന്‍ കഴിഞ്ഞു.

ഈ ചിത്രത്തില്‍ ഫാസില്‍ അവതരിപ്പിക്കുന്ന സിദ്ധിഖ് ലാലെന്ന ടൈറ്റിലോടെയാണ് റാംജി റാവു സ്പീക്കിങ്ങ് എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ഇപ്പോള്‍ ഒമര്‍ സംവിധാനം ചെയ്യുന്ന 'ഒരു അഡാര്‍ ലൗ'വിലും പുതുമുഖങ്ങളെയാണ് കേന്ദ്രീകരിക്കുന്നത്.

? മലയാളസിനിമയെ എങ്ങനെയാണ് താങ്കള്‍ വിലയിരുത്തുന്നത്.


ഠ ആദ്യകാലത്ത് കഥാതന്തുവിന് വളരെയേറെ പ്രാധാന്യമുണ്ടായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ആ രീതിക്ക് മാറ്റം വന്നു. പ്രേക്ഷകരുടെ ആസ്വാദന രീതിയിലും വ്യത്യാസം വന്നിട്ടുണ്ട്. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടപ്പെടണമെന്നില്ല. സിനിമയിലേക്ക് ഇപ്പോള്‍ വന്നിട്ടുള്ള ചെറുപ്പക്കാരില്‍ ഭൂരിഭാഗവും വിദ്യാഭ്യാസമുള്ളവരാണ്.

പഠനത്തിലും കലയിലും ശോഭിച്ചവര്‍ സിനിമയിലേക്ക് കടന്നുവരുന്നത് ഏറെ ആഹ്‌ളാദകരം തന്നെയാണ്. പുതിയ ചിത്രമായ ഒരു അഡാര്‍ ലൗവിന്റെ ഓഡിഷന്‍ തൃശൂരില്‍ നടന്നപ്പോള്‍ മൂവായിരത്തിലധികം ആണ്‍കുട്ടികള്‍ പങ്കെടുത്തത് ഞങ്ങളെയൊക്കെ അത്ഭുതപ്പെടുത്തി. അവരൊക്കെ പഠനവും കലയും ഒരുമിച്ച് കൊണ്ടുപോകുന്നവരാണ്.

uploads/news/2018/03/202141/CiniINWOuseppachan200319a.jpg

? സിനിമ നിര്‍മ്മിച്ച് കുത്തുപാളയെടുക്കുന്ന നിര്‍മ്മാതാക്കളുടെ എണ്ണം ഒട്ടും കുറഞ്ഞിട്ടില്ലല്ലോ...


ഠ സിനിമയെക്കുറിച്ച് അറിവില്ലാത്ത ധാരാളം പേര്‍ സിനിമ നിര്‍മ്മിക്കാനായി എത്താറുണ്ട്. പണവും പ്രശസ്തിയുമാണ് ഇവരുടെ ലക്ഷ്യം. നടന്മാരുടെയും നടിമാരുടെയും ഒപ്പം നിന്ന് ഫോട്ടോയെടുക്കുകയാണ് ഇവരുടെ മറ്റൊരു ഹോബി.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇവര്‍ക്ക് ഗൈഡ്‌ലൈന്‍ നല്‍കാറുണ്ടെങ്കിലും അതൊന്നും ഇത്തരക്കാര്‍ മുഖവിലയ്‌ക്കെടുക്കാറില്ല. നിര്‍മ്മിക്കാന്‍ പോകുന്ന സിനിമയുടെ കഥപോലും അറിയാത്തവരുണ്ട്. യഥാര്‍ത്ഥത്തില്‍ പ്രൊഡ്യൂസര്‍ കലാകാരന്മാരായിരിക്കണം. എങ്കില്‍ മാത്രമേ നല്ല സിനിമകള്‍ ഉണ്ടാവുകയുള്ളു.

? സിനിമാ നിര്‍മ്മാണ ജീവിതത്തില്‍ നിരാശപ്പെടുത്തിയ അനുഭവം...


ഠ ഇന്‍ഡസ്ട്രിയില്‍ ലൈവായി നില്‍ക്കുന്ന ആളാണ് ഞാന്‍. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, റാജിറാവു സ്പീക്കിങ്ങ്, വര്‍ഷം 16, സാന്ത്വനം, സാഗരം സാക്ഷി ഉള്‍പ്പെടെയുള്ള ഹിറ്റ് സിനിമകള്‍ മലയാളത്തിന് നല്‍കാന്‍കഴിഞ്ഞ നിര്‍മ്മാതാവെന്ന പേര് എനിക്ക് അഭിമാനം പകരുന്നു.

എന്നെ ഏറെ വേദനിപ്പിച്ച സിനിമയാണ് 'കിങ് ലെയര്‍.' ഇത്രയും വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ അനാവശ്യമായി പാഴ്‌ച്ചെലവുണ്ടാക്കിയ സിനിമയായി കിങ്‌ലെയര്‍ മാറി. സിനിമയുടെ നല്ല സിറ്റ്വേഷന് അനുസൃതമായി പണം എത്ര വേണമെങ്കിലും മുടക്കാന്‍ യാതൊരു മടിയുമില്ലാത്ത ആളാണ് ഞാന്‍.

പക്ഷേ കിങ്‌ലെയര്‍ എന്റെ പ്രതീക്ഷ തെറ്റിച്ചു. ഒരുവര്‍ഷം ചെലവഴിക്കേണ്ട പണം മൂന്നുമാസംകൊണ്ട് കിങ്‌ലെയര്‍ സിനിമയിലൂടെ ചെലവഴിക്കേണ്ടി വന്നു. അനാവശ്യ ചെലവുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കിങ്‌ലെയര്‍ എന്റെ നല്ല സിനിമകളിലൊന്നാണ്.

? താങ്കളുടെ പുതിയ സിനിമാസങ്കല്പത്തെക്കുറിച്ച്...


ഠ മലയാളത്തില്‍ സിനിമയെക്കുറിച്ച് നല്ല വിവരമുള്ള ചെറുപ്പക്കാരായ ടെക്‌നീഷ്യന്മാരും യുവതാരങ്ങളുമുണ്ട്. ഇവരുടെ കൈയില്‍ മലയാളസിനിമയുടെ ഭാവിസുരക്ഷിതമാണ്. ഇനി ചെറുപ്പക്കാരായ പ്രതിഭകള്‍ക്കു സഹായകമായ സിനിമകളില്‍ ശ്രദ്ധിക്കാന്‍ ഉദ്ദേശിക്കുന്നു.

? കുടുംബത്തെക്കുറിച്ച്...


ഠ ഭാര്യ മിനി. മൂത്ത മകന്‍ ഈപ്പന്‍ ഓസ്‌ട്രേലിയയില്‍നിന്ന് എം.ടെക് പൂര്‍ത്തിയാക്കിയ ശേഷം അവിടെയുള്ള ഐ.ടി. കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. രണ്ടാമത്തെ മകന്‍ മാത്യു രാജഗിരി എഞ്ചിനീയറിംഗ് കോളജിലും മൂന്നാമത്തെ മകന്‍ തോമസ് എറണാകുളം ഗ്ലോബല്‍ സ്‌കൂളില്‍ പ്ലസ്ടുവിനും പഠിക്കുന്നു.

-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: പ്രഭ കൊടുവായൂര്‍

Ads by Google
Ads by Google
Loading...
TRENDING NOW