Monday, March 04, 2019 Last Updated 17 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Mar 2018 03.27 PM

അല്‍പ്പം ആശങ്കയുണ്ടെങ്കിലും... പ്രിയ വാര്യരുടെ അമ്മയും അച്ഛനും മനസു തുറക്കുന്നു

പ്രസിദ്ധിക്കൊപ്പം പ്രിയയ്‌ക്കെതിരായ ചില വിവാദങ്ങളും വന്നു കഴിഞ്ഞു. അല്‍പ്പം ആശങ്കയിലായെങ്കിലും മനസ്സു തുറന്ന് സംസാരിക്കുകയാണ് അമ്മ പ്രീതയും അച്ഛന്‍ പ്രകാശ് വാര്യരും...
priya warrier

''ആഗോള ഓണ്‍ലൈന്‍ മാധ്യമങ്ങളായ യൂട്യൂബിലും, ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും എന്തിന് ഗൂഗിളില്‍ വരെ വൈറലായി,ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടര്‍ന്ന വ്യക്തിയായി ചരിത്രത്തിലിടം നേടിയ പ്രിയ വാര്യര്‍ എന്ന മലയാളിപ്പെണ്‍കൊടിയെപ്പറ്റി അച്ഛനും അമ്മയും...''

കണ്ണടച്ചു തുറക്കുന്നതിനിടെ താരമായിത്തീരുക! അതിശയോക്തിയല്ല, പ്രിയ പ്രകാശ് വാര്യരെന്ന ടീനേജൂകാരിയുടെ താരപ്രഭാവത്തിലേക്കുള്ള ഉദിച്ചുയരല്‍ അക്ഷരാര്‍ത്ഥത്തില്‍ അത്തരമൊന്നുതന്നെയാണ്.

കണ്‍പുരിക ചലനത്തിലൂടെ ഇന്റര്‍നെറ്റിലൂടെ താരമാകുക, 20 സെക്കന്‍ഡ് ക്ലിപ്പിലൂടെ ലോകമറിയുക, ഒരു ദിവസം കൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ 2.3 മില്ല്യണ്‍ ഫോളോവേഴ്‌സിനെ കിട്ടുന്ന ലോകത്തെ മൂന്നാമത്തെ സെലിബ്രിറ്റിയാകുക. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും പുറമേ പാകിസ്ഥാനിലും ഈജിപ്തിലും വരെ താരപദവി ലഭിക്കുക.

ദേശീയ മാധ്യമങ്ങളിലൊക്കെ വാര്‍ത്തകള്‍ വരിക, ദീപിക പദുകോണ്‍, മൗനി റോയി, സണ്ണി ലിയോണ്‍ എന്നിവര്‍ക്കൊപ്പം ഗൂഗിളില്‍ ഏറ്റവുമധികം തിരയപ്പെട്ട വ്യക്തിയായിത്തീരുക...
ഇങ്ങനെ നീളുന്നു പ്രിയാ പ്രകാശ് വാര്യരുടെ ബഹുമതികള്‍.

ഒമര്‍ ലുലുവിന്റെ ചിത്രീകരണത്തിലിരിക്കുന്ന ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഒറ്റ ഗാനരംഗത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ തൃശൂരുകാരി പ്രിയ പ്രകാശ് വാര്യര്‍.

പ്രസിദ്ധിക്കൊപ്പം പ്രിയയ്‌ക്കെതിരായ ചില വിവാദങ്ങളും വന്നു കഴിഞ്ഞു. അല്‍പ്പം ആശങ്കയിലായെങ്കിലും മനസ്സു തുറന്ന് സംസാരിക്കുകയാണ് അമ്മ പ്രീതയും അച്ഛന്‍ പ്രകാശ് വാര്യരും...

മകള്‍ സെലിബ്രിറ്റിയായ ശേഷം വിവാദങ്ങളും വരുന്നുണ്ടല്ലോ ?


പ്രീത : - സത്യത്തില്‍ അതൊരു പേടി തന്നെയാണ്. സെലിബ്രിറ്റി ഇമേജോ പ്രശസ്തിയോ ഒന്നും ചിന്തിച്ചല്ല സിനിമയില്‍ അഭിനയിക്കാന്‍ അവളെ കൂട്ടി പോയത്. പെട്ടെന്നു തന്നെ അവളഭിനയിച്ച സീനുകള്‍ ഹിറ്റായി. അതില്‍ സന്തോഷിച്ചിരുന്നപ്പോഴാണ് വിവാദം... അതിന്റെ പേടി ഇപ്പോഴും മനസ്സില്‍ നിന്ന് പോയിട്ടില്ല.

സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഗോസിപ്പുകള്‍ ഉണ്ടാകുമെന്ന് കേട്ടിട്ടുണ്ട്. സത്യത്തില്‍ അവളൊരു അഭിനേത്രിയായിട്ടു കൂടെയില്ല, ആദ്യ ചുവട് വയ്ക്കാന്‍ പോകുന്നതേയുള്ളു. അതുകൊണ്ട് ഒന്നിനെക്കുറിച്ചും ചിന്തിച്ചു തുടങ്ങിയിരുന്നില്ല. എങ്കിലും ഒരു മാപ്പിളപ്പാട്ടിന്റെ പേരില്‍ ഇത്രയും വലിയൊരു വിവാദമുണ്ടാകുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല.

പ്രകാശ്: - മാണിക്യ മലരായ പഴയ മാപ്പിളപ്പാട്ടാണെന്ന് അറിയാം. പക്ഷേ അതിന്റെ അര്‍ത്ഥമൊന്നും അറിയില്ലായിരുന്നു. ഏകദേശം 40 വര്‍ഷം മുമ്പിറങ്ങിയ ഈ പാട്ടിന്റെ പേരില്‍ അന്നൊന്നും പ്രശ്‌നങ്ങളില്ലായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴുമുണ്ടാവില്ലെന്ന് തോന്നി.

വളരെ പെട്ടെന്നാണ് അവളെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. അതിനു പിന്നാലെ വിവാദവും വന്നു. എന്നു കരുതി ഞങ്ങള്‍ക്കിതുവരെ നേരിട്ട് ഭീഷണിയോ ഫോണ്‍കോളുകളോ പേടിപ്പെടുത്തുന്ന അനുഭവങ്ങളോ നേരിടേണ്ടി വന്നിട്ടില്ല.

ഞങ്ങള്‍ ഇതിനൊന്നും പോയിട്ടില്ല. ഇതുവരെ നേരിട്ട് പ്രശ്‌നങ്ങളുണ്ടായിട്ടില്ല. മാത്രവുമല്ല, ഒമര്‍ ലുലു അടക്കമുള്ള പലരും പിന്തുണയും തന്നു. നിങ്ങളൊന്നിലും ഇടപെടേണ്ട, എല്ലാം ഞങ്ങള്‍ നോക്കിക്കോളാം.എന്നു പറഞ്ഞു. അതൊക്കെക്കൊണ്ട് വലിയ പേടിയില്ല.

priya warrier

വിവാദം സ്വാതന്ത്ര്യത്തെ ബാധിച്ചതായി തോന്നുന്നുണ്ടോ ?


പ്രീത : - പൂര്‍ണ്ണമായും ഇല്ലെന്ന് പറയാനാവില്ല. കാരണം ആദ്യമായിട്ടാണ് അവള്‍ ഹോസ്റ്റലില്‍ നില്‍ക്കുന്നത്. അത് നിവൃത്തികേടു കൊണ്ടാണ്. ഫോണ്‍വിളികളും മറ്റുമായി ആകെപ്പാടെ വല്ലാത്തൊരു അന്തരീക്ഷമായിരുന്നു വീട്ടില്‍.

അതില്‍ നിന്നൊക്കെയൊരു മാറ്റം ആവശ്യമാണെന്ന് തോന്നി. അങ്ങനെയാണ് ഹോസ്റ്റലില്‍ ആക്കിയത്. ആരെയും കാണാന്‍ സമ്മതിക്കേണ്ട എന്ന് ഒമര്‍ സാറും പറഞ്ഞിട്ടുണ്ട്. കാണാനെത്തുന്നവര്‍ എങ്ങനെയുള്ളവരാണെന്ന് നമുക്കറിയില്ലല്ലോ.

ഒരു സങ്കടമുള്ളത് അവള്‍ക്കിപ്പോള്‍ പഴയതു പോലെ ഫ്രണ്ട്‌സിനൊപ്പം കറങ്ങി നടക്കാനൊന്നും പറ്റുന്നില്ല. കൂളായി നടന്നു പോയിരുന്ന കുട്ടിയായിരുന്നല്ലോ. അതിനൊരു തടസ്സം വന്നതില്‍ സങ്കടമുണ്ട്. എങ്കിലും അവളിപ്പോഴും നല്ല ആക്ടീവാണ്. ഒരു അമ്മയായതു കൊണ്ട് കൂടുതല്‍ ടെന്‍ഷനുണ്ടാകുമല്ലോ. അത്രേയുള്ളു.

മാതാപിതാക്കളെന്ന നിലയില്‍ ടെന്‍ഷനും പേടിയും ?


പ്രകാശ് : - അവളുടെ ഫോട്ടോയും മറ്റും കൂടുതല്‍ ഫോളോ ചെയ്യുന്നത് ആണ്‍കുട്ടികളാണ്. അതൊക്കെ ഇന്നത്തെ തലമുറയുടെ ജീവിതത്തിന്റെ ഭാഗമാണ്. അവളിപ്പോഴും ഞങ്ങളുടെ പഴയ കുട്ടി തന്നെയാണ്. എനിക്കതിന്റെ പേരില്‍ ടെന്‍ഷനോ പേടിയോ ഒന്നുമില്ല. കാരണം അവളെ ഞങ്ങള്‍ക്കറിയാമല്ലോ.

കുടുംബത്തില്‍ നിന്നുള്ള പിന്തുണ ?


പ്രീത : - ഒട്ടുമിക്ക ആളുകളും പിന്തുണ തരുന്നുണ്ട്. കൂടുതല്‍ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായം വരാറില്ലേ. എല്ലാവരുടെയും ഇഷ്ടം കൂടുതല്‍ നോക്കാറില്ല.

ഏറ്റവും അടുപ്പമുള്ളവരും സഹോദരങ്ങളും അച്ഛനും അമ്മയുമൊക്കെ നല്ല പിന്തുണയാണ്. അതുമാത്രവുമല്ല നല്ലതായി ആലോചിച്ച് സിനിമ തെരഞ്ഞെടുക്കാനാണ് ഇഷ്ടം. പഠനം കഴിഞ്ഞിട്ട് മാത്രമേ അതിനെക്കുറിച്ച് കൂടുതലായി ചിന്തിക്കുന്നുള്ളു.

പ്രിയയുടെ ഇഷ്ടങ്ങള്‍ ?


പ്രീത : - അവള്‍ യാത്ര ചെയ്യുന്നത് വളരെ കുറവാണ്. ഫ്രണ്ട്‌സിനൊപ്പമൊക്കെ പുറത്തു പോകുന്നത് ഇഷ്ടമാണ്. ഭക്ഷണമാണെങ്കിലും പുറത്തു പോയി കഴിക്കുന്നത് അപൂര്‍വ്വമാണ്. എന്റെ വെജിറ്റബിള്‍ ബിരിയാണിയാണ് അവള്‍ക്കിഷ്ടം.

അവള്‍ വിമലാ കോളജില്‍ പഠിക്കുന്നതിനിടയിലാണ് മോഡലിംഗും ഫാഷന്‍ ഷോയുമൊക്കെ ചെയ്തത്. മോഡേണ്‍ വേഷമോ നാടന്‍ വേഷമോ അവള്‍ക്കിഷ്ടമുള്ള വേഷം ധരിക്കാറുണ്ട്. വലിയ നിര്‍ബന്ധങ്ങളോ നിബന്ധനകളോ ഒന്നും ഞങ്ങള്‍ വച്ചിട്ടില്ല.

ആവശ്യത്തിന് സ്വാതന്ത്ര്യം കൊടുത്താണ് അവളെ വളര്‍ത്തിയത്. പ്രിയ ജനിച്ചത് മുംബൈയിലാണെങ്കിലും അവളുടെ കെ.ജി ആയപ്പോഴേക്കും ഞങ്ങളിവിടേക്കെത്തി. മകന്‍ പ്രസിദ്ധിനും അവളുടെ കാര്യത്തില്‍ വലിയ സന്തോഷമുണ്ട്.

priya warrier

ഏറ്റവും അഭിമാനം തോന്നിയ നിമിഷം?


പ്രകാശ് : - ഞാന്‍ സെന്‍ട്രല്‍ എക്‌സൈസിലാണ് ജോലി ചെയ്യുന്നത്. അവള്‍ അഭിനയിക്കുന്നു എന്നു ചിലര്‍ക്കൊക്കെ അറിയാമായിരുന്നു. എന്നാലും ഞാനതിന് കൂടുതല്‍ പബ്ലിസിറ്റിയൊന്നും കൊടുത്തിരുന്നില്ല. വൈറലായ വീഡിയോ പോലും ഏതോ ഒരു കുട്ടിയുടേത് എന്ന രീതിയില്‍ പലരും എനിക്കയച്ചു തന്നിട്ടുണ്ട്.

ഇപ്പോള്‍ പലരും വന്ന് പ്രിയയുടെ അച്ഛനല്ലേ? എന്നു ചോദിക്കുന്നു. ഏതൊരച്ഛനെയും പോലെ അഭിമാനമുണ്ട്. അവളുടെ ഇഷ്ടങ്ങള്‍ക്ക് ഒരിക്കലും ഞങ്ങള്‍ എതിര് പറഞ്ഞിട്ടില്ല. അവളിപ്പോള്‍ ഫസ്റ്റ് ഇയര്‍ ബികോമിനു പഠിക്കുകയാണ്. സിനിമയും പഠനവും ഒരുപോലെ കൊണ്ടു പോകാന്‍ പറ്റുമെങ്കില്‍ രണ്ടും ചെയ്യട്ടേ.

മോള്‍ക്ക് കലാവാസന ചെറുപ്പം മുതലുണ്ടായിരുന്നോ?


പ്രീത : - കുഞ്ഞുനാള്‍ മുതലേ അവള്‍ക്ക് പാട്ടും ഡാന്‍സും ഇഷ്ടമായിരുന്നു. ഞങ്ങളത് വലിയ കാര്യമായെടുത്തിരുന്നില്ല. ആദ്യം താമസിച്ചിരുന്ന ഫ്‌ളാറ്റിനടുത്ത് പാട്ടു പഠിപ്പിക്കുന്ന മീനാക്ഷി എന്ന മാമിയാണ് അവളുടെ സംഗീത വാസന ശരിക്കും അറിഞ്ഞത്.

ഞങ്ങളുടെ തൊട്ടടുത്ത് ഫ്‌ളാറ്റില്‍ പ്രിയയെക്കാള്‍ ഒരു വയസ്സിന് ഇളപ്പമുള്ള ഒരു കുട്ടി വിദ്യാരംഭത്തിന് മാമിയുടെ അടുത്ത് പാട്ട് പഠിക്കാന്‍ തീരുമാനിച്ചു. അക്കൂട്ടത്തില്‍ പ്രിയയെ കൂടി വിടാന്‍ ആ കുട്ടിയുടെ അമ്മ പറഞ്ഞപ്പോള്‍ ഞാന്‍ വിട്ടു. ഞങ്ങള്‍ താമസിച്ചിരുന്ന ബില്‍ഡിംഗില്‍ തന്നെയായിരുന്നു ക്ലാസ്.

പ്രിയ പഠിക്കാന്‍ പോയി രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ പ്രിയയുടെ ഉള്ളില്‍ സംഗീതവാസനയുണ്ടെന്ന് മാമി പറഞ്ഞു. കര്‍ണാട്ടിക് സംഗീതത്തിന്റെ ബേസ് എല്ലാം പഠിപ്പിച്ചത് മാമിയാണ്. ആത്മാര്‍ത്ഥമായി സംഗീതം പഠിപ്പിച്ചിരുന്ന മാമി സത്യത്തില്‍ ദക്ഷിണ എന്ന നിലയില്‍ 50 രൂപ മാത്രമായിരുന്നു ഫീസായി വാങ്ങിയിരുന്നത്.

അഞ്ചാം ക്ലാസില്‍ വച്ചാണ് പ്രിയയെ ഡാന്‍സ് പഠിപ്പിക്കാന്‍ തീരുമാനിച്ചത്. ഫ്‌ളാറ്റില്‍ വന്നു കുറെ കുട്ടികളെ പഠിപ്പിക്കാനായിരുന്നു എല്ലാവരും കൂടി തീരുമാനിച്ചത്.

കുട്ടികള്‍ പിരിഞ്ഞു പോയതോടെ മാഷുമാരും വരാതെയായി. തുടങ്ങി വച്ച നൃത്തം മുടക്കാന്‍ ഇഷ്ടമില്ലാതിരുന്നതു കൊണ്ട് ബാലാജി കലാഭവനിലെ വെങ്കിടേശ് എന്ന മാഷ് പഠിപ്പിച്ചു. മോഹിനിയാട്ടവും ഭരതനാട്യവുമൊക്കെ അവള്‍ അരങ്ങേറ്റവും നടത്തിയിട്ടുണ്ട്.

അഭിനയവാസന അന്നുമുണ്ടായിരുന്നോ?


പ്രീത :- അഭിനയിക്കാന്‍ അവള്‍ക്കെന്നും ഇഷ്ടമായിരുന്നു. കുഞ്ഞുനാളില്‍ കണ്ണാടിക്കു മുന്‍പില്‍ നിന്ന് അഭിനയിക്കുമായിരുന്നു. എല്ലാ ഭാഷകളിലുമുള്ള സിനിമകളും കാണുമായിരുന്നു. പണ്ടുമുതലേ ദീപിക പദുക്കോണിനെയായിരുന്നു ഇഷ്ടം.

സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവലിലൊക്കെ സമ്മാനം കിട്ടിയിട്ടുണ്ട്. മോഡലിംഗും അവള്‍ക്കിഷ്ടമായിരുന്നു. ബ്യൂട്ടി പെഗനന്റ് ഷോയിലുമൊക്കെ അവള്‍ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് അവള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഹ്രസ്വചിത്രങ്ങള്‍ ചെയ്തത്.

ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലുമൊക്കെ അതു പോസ്റ്റും ചെയ്തു. പിന്നീടാണ് ചങ്ക്‌സിന്റെ ഒഡിഷനു പോയത്. അതില്‍ സെലക്ടാവുകയും ചെയ്തു. ആ സമയത്ത് പ്ലസ് ടൂ പരീക്ഷയായതുകൊണ്ടു വേണ്ടെന്നു വച്ചു. അന്നു തന്നെ ഒമര്‍ ലുലു സാര്‍ അടുത്ത സിനിമയുടെ കാര്യം പറഞ്ഞിരുന്നു.

priya warrier

ഒരു അഡാര്‍ ലവ്വില്‍ പ്രധാന കഥാപാത്രമായത്?


പ്രകാശ് : - ചങ്ക്‌സിന്റെ ഒഡിഷന് ഞാനാണ് പോയത്. ഇതിന് അവളുടെ അമ്മയും. ഒഡിഷന്‍ കഴിഞ്ഞ് രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് ഒമര്‍ ലുലു സാര്‍ വിളിച്ചത്. ഒരു ചെറിയ സീനില്‍ മാത്രമേയുള്ളു, താത്പര്യമുണ്ടോയെന്ന് ചോദിച്ചു. അവള്‍ സമ്മതം പറഞ്ഞു. ആ ഒരു സീന്‍ ക്ലിക്കായതു കൊണ്ടാണ് പിന്നീട് അവളുടെ സീനുകള്‍ കൂട്ടി തിരക്കഥയില്‍ മാറ്റം വരുത്തിയത്.

പ്രീത :- കാസ്റ്റിംഗ് കോള്‍ വന്നിട്ടാണ് ഒഡിഷന് പോയത്. സെല്‍ഫ് ഇന്‍ട്രോ വീഡിയോ ഒരു മിനിറ്റും, ഡബ്‌സ്മാഷും ചെയ്ത് വാട്‌സ് അപ്പില്‍ അയച്ചു കൊടുക്കാന്‍ പറഞ്ഞു. അവളുടെ അനിയന്‍ പ്രസിദ്ധാണ് ഡബ്‌സ്മാഷ് റെക്കോര്‍ഡ് ചെയ്തത്. മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ വിടമാട്ടൈ.... സീനായിരുന്നു ചെയ്ത് അയച്ചത്.

ആണ്‍കുട്ടികള്‍ തന്നെ 3000 പേരുണ്ടായിരുന്നു, അതു കുറയ്ക്കാന്‍ വേണ്ടിയാണ് ഇങ്ങനെ വാട്ട്‌സ്അപ്പ് വീഡിയോ അയയ്ക്കാന്‍ പറഞ്ഞത്. ചങ്ക്‌സിന്റെ ഓഡിഷന്‍ റിയാലിറ്റി ഷോ പോലെ കാണാമായിരുന്നു. പക്ഷേ ഇതിന്റേത് അങ്ങനെയായിരുന്നില്ല. തിരിച്ചെത്തിക്കഴിഞ്ഞപ്പോള്‍ കോള്‍ വന്നു. അഭിനയിച്ചതൊന്നും കുഴപ്പമില്ല, പക്ഷേ ആളിനിത്തിരി പരിഭ്രമം ഉണ്ട്. ഒമര്‍ ലുലു സാര്‍ പറഞ്ഞു.

അവള്‍ക്ക് സത്യത്തില്‍ പരിഭ്രമത്തെക്കാളുപരി ചിരിയാണ് വന്നത്. എന്തു പറഞ്ഞാലും കൗണ്ടര്‍ പറയുന്ന ഒരാളവിടെയുണ്ടായിരുന്നു എന്നവള്‍ പറഞ്ഞിരുന്നു. അതുകൊണ്ടാണ് കൂടുതല്‍ ചിരിച്ചത്. വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു ഞങ്ങള്‍ക്ക്. പക്ഷേ സെലക്ടായെന്ന് പിന്നീട് പറഞ്ഞു.

സത്യത്തില്‍ അന്നത് എടുത്തുപറയത്തക്ക വേഷമൊന്നുമല്ലായിരുന്നു. ഹീറോയിന്റെ സുഹൃത്തിന്റെ വേഷമാണെന്ന് പിന്നീടാണ് ഒമര്‍ ലുലു സാര്‍ പറഞ്ഞത്. പാട്ടിലൂടെ പുറത്തു വന്ന രംഗങ്ങള്‍ ഒമര്‍ സാറിന്റെ നിര്‍ദ്ദേശപ്രകാശം അവള്‍ ചെയ്തതാണ്. അതിന്റെ ഫുള്‍ ക്രെഡിറ്റ് അദ്ദേഹത്തിനാണ്.

പ്രശസ്തി തേടി വന്നപ്പോള്‍ ?


ഒരുപാട് സന്തോഷം തോന്നി. സത്യത്തില്‍ ആ പാട്ട് റിലീസാകുന്നതിന് ഒരു ദിവസം മുന്‍പാണ് അവള്‍ ട്വിറ്ററില്‍ പോലും ആക്ടീവായത്. ഇപ്പോള്‍ ഒരുപാട് ഫോളോവേഴ്‌സ് ഉണ്ട്. പതിനെട്ടു വയസ്സിനിടയില്‍ അവള്‍ ഇത്രയും പെട്ടെന്ന് പ്രശസ്തയാകുമെന്ന് ഞങ്ങള്‍ ചിന്തിച്ചിട്ടു കൂടെയില്ല.

അവള്‍ക്കെപ്പോഴും സിനിമയില്‍ അഭിനയിക്കാന്‍ വളരെ ഇഷ്ടമായിരുന്നു. ആ ഇഷ്ടം വഴി തന്നെ ഇങ്ങനെയൊരു പ്രശസ്തിയുണ്ടായതില്‍ വലിയ സന്തോഷമുണ്ട്. വിവാദങ്ങളൊക്കെ വരുമ്പോള്‍ അല്‍പ്പം ടെന്‍ഷനുണ്ടെങ്കിലും ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകുമെന്ന വിശ്വാസമുണ്ട്.

ലക്ഷ്മി ബിനീഷ്

Ads by Google
Tuesday 20 Mar 2018 03.27 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW