Wednesday, April 24, 2019 Last Updated 2 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Mar 2018 03.11 PM

കുഞ്ഞ് കരയുമ്പോള്‍ ശ്വാസം കിട്ടാതെ വളരെ നേരം വായ തുറന്നിരിക്കും. എന്താണ് ഇതിനു കാരണം? ഹൃദയസംബന്ധമായ പ്രശ്‌നമാവാന്‍ സാധ്യതയുണ്ടോ?

കുട്ടികളുടെ ആരോഗ്യം
uploads/news/2018/03/202132/asdrkidscar200318.jpg

കാലില്‍ മരവിപ്പും വേദനയും


എന്റെ മകനു വേണ്ടിയാണ് കത്ത്. കുട്ടിക്ക് 4 വയസ്. ഇടയ്ക്കിടെ കാലില്‍ മുഴുവനായും മരവിപ്പും വേദനയും അനുഭവപ്പെടുകയും കാല്‍ കോച്ചിപ്പോവുകയും ചെയ്യുന്നു. പത്തുമിനിട്ടോളം നന്നായി തടവുമ്പോള്‍ കുറയുന്നു. എന്താണ് ഇതിനു കാരണം? ഇത് രോഗമാണോ?
------ നിഷ ജോഷി ,പാല

പറഞ്ഞിരിക്കുന്ന ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ കുഞ്ഞിന് ചലന വൈകല്യം (ഡിസ്‌റ്റോണിയ) ആണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ശരീരത്തില്‍ ലവണാംശം കുറയുന്നതുകൊണ്ടും ശരീരത്തി ല്‍ കോച്ചിപ്പിടുത്തം സംഭവിക്കാനിടയുണ്ട്.

കുട്ടിയെ നേരിട്ടു കണ്ടാല്‍ മാത്രമേ ശരിയായ രോഗനിര്‍ണയം സാധ്യമാവുകയുള്ളു. അതിനാല്‍ കുട്ടിയെ അടുത്തുള്ള കുട്ടികളുടെ ഡോക്ടറെ കാണിച്ച് പരിശോധന നടത്തണം. ഞരമ്പു സംബന്ധമായ പ്രശ്‌നമായതിനാല്‍ ന്യൂറോളജിസ്റ്റിനെ കൂടി കാണിക്കേണ്ടിവന്നേക്കാം. രക്തപരിശോധനയിലൂടെ രോഗ നിര്‍ണയം സാധ്യമാവും.

കരയുമ്പോള്‍ ശ്വാസം നിലയ്ക്കുന്നു


ഒമ്പതു മാസം പ്രായമായ കുട്ടിക്കുവേണ്ടിയാണ് ഈ കത്ത്. ആറുമാസം പ്രായമായതു മുതല്‍ മിക്ക സമയത്തും അവന്‍ കരയുമ്പോള്‍ ശ്വാസം കിട്ടാതെ വളരെ നേരം വായ തുറന്നിരിക്കും. എന്താണ് ഇതിനു കാരണം? ഹൃദയസംബന്ധമായ പ്രശ്‌നമാവാന്‍ സാധ്യതയുണ്ടോ?
------- വിധുലാല്‍ ,പാലക്കാട്

ഒമ്പതു മാസം പ്രായമുള്ള കുട്ടി കരഞ്ഞ് ശ്വാസം പിടിച്ചു നിര്‍ത്തുന്ന അവസ്ഥയ്ക്ക് ബ്രത്ത് ഹോള്‍ഡിംഗ് സ്‌പെല്‍ എന്നാണ് പറയുന്നത്. ഇതൊരു സ്വഭാവ വൈകല്യമാണ്. ചില കുട്ടികള്‍
വാശിപിടിച്ച് കരയുമ്പോഴാണ് ഇത്തരത്തില്‍ ശ്വാസം കിട്ടാത്ത അവസ്ഥയുണ്ടാകുന്നത്. ഇതിന് ഹൃദയസംബന്ധമായ അസുഖങ്ങളുമായി ബന്ധമില്ല.

എങ്കിലും കുഞ്ഞിനെ ഡോക്ടറെ കാണിച്ച് പരിശോധിച്ച് തകരാര്‍ ഒന്നുമില്ലെന്ന് ഉറപ്പിക്കുക. കുട്ടിക്ക് വാശി കൂടുതലുള്ളതായാണ് കാണുന്നത്. ഇത് സ്വഭാവ വൈകല്യത്തിന്റെ ഭാഗമാണ്.

വാശിപിടിച്ചു കരയുമ്പോള്‍ ശ്വാസം നിലച്ചുപോകുന്നത് ഒഴിവാക്കാന്‍ കുട്ടി ആവശ്യപ്പെടുന്നതെന്തും സാധിച്ചു കൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കും. ഇതിനു പകരമായി കുഞ്ഞിന്റെ ശരീരത്തില്‍ തട്ടിയോ നുള്ളിയോ ചെറുതായി വേദനിപ്പിച്ചാല്‍ സ്വഭാവം നിയന്ത്രിക്കാനാവും.

കരഞ്ഞ് ഏറെനേരം ശ്വാസം തടസപ്പെട്ടാല്‍ ശരീരത്തിന് നീലനിറം ഉണ്ടാവുകയും അപസ്മാരത്തിന് കാരണമാവുകയും ബോധക്ഷയം സംഭവിക്കാനും സാധ്യതയുണ്ട്. കുഞ്ഞിനെ അത്തരമൊരു അവസ്ഥയിലേക്ക് വിടാതെ അവന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കണം.

ദേഹത്ത് തട്ടുകയോ ചെറുതായി നുള്ളുകയോ ചെയ്താല്‍ കുഞ്ഞിന്റെ ശ്രദ്ധതിരിയും. ശ്വാസം പിടിച്ചുള്ള കരിച്ചില്‍ അവസാനിപ്പിക്കുകയും ചെയ്തുകൊള്ളും. ഡോക്ടറെ കാണിച്ച് രക്തക്കുറവിന്റെ തകരാര്‍ ഇല്ലെന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്.

കൈ കാലുകള്‍ക്ക് വണ്ണം കുറവ്


മകനു വേണ്ടിയാണ് കത്ത്. 8 വയസ്. ആവശ്യത്തിന് പൊക്കമുണ്ട്. പക്ഷേ കൈകാലുകള്‍ക്ക് വണ്ണം കുറവാണ്. അതേസമയം വയറും നെഞ്ചും പുറത്തേക്കു തള്ളിനില്‍ക്കുന്നു. കാരണം എന്ത്? പരിഹാരമാര്‍ഗമുണ്ടോ?
------- നിസാര്‍ ,കണ്ണൂര്‍

കുഞ്ഞിന്റെ തൂക്കം എത്രയാണെന്ന് കത്തില്‍ നിന്നും വ്യക്തമല്ല. എട്ടുവയസുള്ള കുട്ടിക്ക് 24 - 25 കിലോഗ്രാം തൂക്കവും 125 - 126 സെന്റീ മീറ്റര്‍ ഉയരവുമാണ് വേണ്ടത്. ആവശ്യത്തിന് തൂക്കം ഉണ്ടെങ്കില്‍ കുഞ്ഞിന് അസുഖമാകാനുള്ള സാധ്യത കുറവാണ്.

കൈകാലുകള്‍ മാത്രം വണ്ണം കുറഞ്ഞിരിക്കുന്നത് ശരീരപ്രകൃതിയാവാം. ഉയരത്തിന് അനുസരിച്ചുള്ള തൂക്കം കുട്ടിക്ക് ഉണ്ടെങ്കില്‍ ഭയപ്പെടേണ്ടതില്ല. എട്ടുവയസല്ലേ ആയിട്ടുള്ളൂ. കൗമാരമാകുന്നതോടെ ശാരീരിക വളര്‍ച്ച ആരംഭിച്ച് ഇപ്പോഴുള്ള കുറവുകള്‍ പരിഹരിക്കപ്പെടും. നിലവില്‍ വളര്‍ച്ചാ സംബന്ധമായ തകരാര്‍ എന്തെങ്കിലും ഉണ്ടോ എന്നറിയാന്‍ ഡോക്ടറെ കാണുക.

ആര്‍ത്തവസമയത്ത് ഗുളികയുടെ ഉപയോഗം


എന്റെ മകള്‍ക്ക് 13 വയസ്. ആര്‍ത്തവസമയത്ത് അതികഠിനമായ വേദന അനുഭവപ്പെടുമ്പോള്‍ മെഫ്താല്‍ സ്പാസ് എന്ന ഗുളിക ദിവസവും രണ്ടെണ്ണം വരെ നല്‍കാറുണ്ട്. ഈ മരുന്ന് ഇങ്ങനെ കഴിക്കുന്നതു കൊണ്ടു കുഴപ്പമുണ്ടോ? ഇതിനു പകരം മറ്റെന്തെിങ്കിലും മരുന്നുകള്‍ ലഭ്യമാണോ?
------- ക്രിസ്റ്റി ,കൊച്ചി

ആര്‍ത്തവം ആരംഭിച്ച് രണ്ടുമൂന്നു വര്‍ഷങ്ങളില്‍ അണ്ഡവിസര്‍ജനം നടക്കാത്തതുകൊണ്ട് വേദന അനുഭവപ്പെടാറുണ്ട്. അസഹനീയമായ വേദനയുണ്ടെങ്കില്‍ മാത്രം മെഫ്താല്‍ സ്പാസ് പോലുള്ള ഗുളികകള്‍ വളരെ മിതമായ തോതില്‍ കഴിക്കുന്നതുകൊണ്ട് തെറ്റില്ല. ആര്‍ത്തവം ക്രമമാവുകയും കുട്ടിക്ക് ശാരീരിക പക്വത കൈവരികയും ചെയ്യുന്നതോടെ വേദന കുറയും.

ചില കുട്ടികളില്‍ ആര്‍ത്തവത്തോടുബന്ധിച്ച ദിവസങ്ങളില്‍ കഠിനമായ വയറുവേദന അനുഭവപ്പെടുകയും സ്‌കൂളില്‍ പോകാന്‍ കഴിയാതെ വരികയും ചെയ്യാറുണ്ട്. അങ്ങനെയുള്ള കുട്ടികള്‍ക്ക് ആര്‍ത്തവ ദിവസത്തിന്റെ തുടക്കത്തില്‍, രക്തസ്രാവം ആരംഭിക്കുന്നതിനു മുമ്പ് വേദനയുണ്ടാകും.

ആ സമയത്ത് ഗുളിക കൊടുത്തുതുടങ്ങിയാല്‍ വേദനയ്ക്ക് ശമനം കൂടുതല്‍ ലഭിക്കാറുണ്ട്. ആര്‍ത്തവദിനങ്ങളില്‍ ശാരീരിക ശുചിത്വം പാലിക്കണം. ഇത്തരം കാര്യങ്ങളെക്കുറിച്ച് അമ്മ കുട്ടിക്ക് പറഞ്ഞുകൊടുക്കണം.

ചരിഞ്ഞു കിടന്ന് ഉറങ്ങുന്നത് ശീലമായാല്‍


കുട്ടിക്ക് 1 വയസ്. അവന്‍ വശത്തേയ്ക്കു ചരിഞ്ഞുകിടന്നാണ് ഉറങ്ങുന്നത്. നേരെ കിടത്തിയാലും കുട്ടി ചരിഞ്ഞുതന്നെ കിടക്കും. പതിവായി കുഞ്ഞ് ഇങ്ങനെ ചരിഞ്ഞു കിടന്നുറങ്ങുന്നതുകൊണ്ട് ദോഷമുണ്ടോ? കുഞ്ഞിന്റെ ആരോഗ്യത്തില്‍ കിടപ്പിന്റെ രീതിക്ക് പ്രാധാന്യമുണ്ടോ?
--------മേബിള്‍ ,ചങ്ങനാശേരി

കുഞ്ഞ് ചരിഞ്ഞു കിടന്ന് ഉറങ്ങുന്നത് രോഗലക്ഷണമായി കരുതാനാവില്ല. കുഞ്ഞിന്റെ ശാരീരിക വളര്‍ച്ചയെക്കുറിച്ചും നടക്കാന്‍ തുടങ്ങിയതിനെക്കുറിച്ചും കൂടി അറിയാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇതില്‍ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നമുണ്ടോ എന്ന് കണ്ടെത്താനാവുകയുള്ളു.

കുട്ടികളാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും ഓരോരുത്തര്‍ക്കും കിടക്കുന്ന രീതി വ്യത്യസ്തമായിരിക്കും. ഓരോരുത്തരും യോജിക്കുന്ന രീതിയിലാണ് കിടക്കുന്നത്. അതിനാല്‍ കുഞ്ഞിന്റെ കിടക്കുന്ന രീതിയ്ക്ക് വലിയ പ്രാധാന്യമൊന്നുമില്ല. അതേസമയം ആറുമാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ കമിഴ്ത്തി കിടത്തി ശീലിക്കാതിരിക്കുന്നതാണ് നല്ലത്.

ഡോ. സുരേഷ് എസ്. വടക്കേടം
അസിസ്റ്റന്റ് പ്രൊഫസര്‍,
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്,
മെഡിക്കല്‍ കോളജ്, കോട്ടയം

Ads by Google
Ads by Google
Loading...
TRENDING NOW