Friday, July 05, 2019 Last Updated 14 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 19 Mar 2018 04.11 PM

ക്യാപ്ടന്‍ സിനിമ വി.പി. സത്യനുള്ള ട്രൈബ്യൂട്ട്

uploads/news/2018/03/201832/CiniINWCaptian190318.jpg

ക്യാപ്ടന്‍ എന്ന സിനിമയുടെ ആദ്യ ഷോ കഴിഞ്ഞതു മുതല്‍ സംവിധായകന്‍ ജി.പ്രജേഷ് സെന്നിന്റെ ഫോണിന് വിശ്രമമില്ല. ഓരോ ഷോ കഴിയുമ്പോഴും വിളിക്കുന്നവരുടെ എണ്ണം കൂടുന്നു. പ്രജേഷിന്റെ പരിചയക്കാരും ബന്ധുക്കളും മാത്രമല്ല. വി.പി. സത്യന്‍ എന്ന ഫുട്‌ബോളറെ അറിയാവുന്ന ആളുകള്‍.

അദ്ദേഹത്തിന്റെ ബന്ധുക്കള്‍, നല്ലൊരു സിനിമ കണ്ടതില്‍ സംതൃപ്തരായ പ്രേക്ഷകര്‍. അങ്ങനെയങ്ങനെ എത്രയോ പേര്‍. ചിത്രത്തെപ്പറ്റിയുള്ള അവരുടെ നല്ലവാക്കുകള്‍ക്ക് മുന്നില്‍ പ്രജേഷ് വിനയത്തോടെ നന്ദിയോതുന്നു. 'അഞ്ചു വര്‍ഷം നീണ്ട യത്‌നമാണ് ക്യാപ്ടന്‍. അതെല്ലാവര്‍ക്കും ഇഷ്ടമായി എന്നറിയുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം' പ്രജേഷ് പറയുന്നു.

കാല്‍പ്പന്തുകളിയെ അത്രകണ്ട് സ്‌നേഹിച്ച വി.പി സത്യന്‍ എന്ന ലെജന്‍ഡറി ഫുട്‌ബോളര്‍ക്ക് ലഭിച്ച ഏറ്റവും വലിയ ആദരവാണ് ക്യാപ്ടന്‍ എന്ന ചിത്രം. ഇന്ത്യന്‍ ഫുട്‌ബോളില്‍ സമാനതകളില്ലാത്ത നേട്ടംകൈവരിച്ചിട്ടും വാഴ്ത്തപ്പെടാതെ പോയ ഒരു ഹീറോയാണ് വി.പി. സത്യന്‍.

അതില്‍ മനംനൊന്ത് അകാലത്തില്‍ ജീവിതം അവസാനിപ്പിച്ചയാള്‍. അദ്ദേഹത്തിന്റെ ജീവിത വ്യഥകളുടെയും സങ്കടങ്ങളുടെയും പോരാട്ട വീര്യത്തിന്റെയും കഥയാണ് ക്യാപ്ടന്റെ പ്രമേയം.

പത്ര പ്രവര്‍ത്തനത്തില്‍നിന്നും ചലച്ചിത്രത്തിലേക്ക് വഴിമാറിയ പ്രജേഷ്‌സെന്നിന്റെ കന്നിച്ചിത്രമാണിത്. ആദ്യ ചിത്രം തന്നെ ഒരു നെഗറ്റിവ് റിവ്യു പോലുമുണ്ടാകാത്ത മെച്ചപ്പെട്ടൊരു കലാസൃഷ്ടിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട് പ്രജേഷിന്. മലയാളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ബയോപിക്ചര്‍ കൂടിയാണ് ക്യാപ്റ്റന്‍.

പക്ഷേ ഒരു ഫുട്‌ബോളറുടെ വീരഗാഥകളല്ല, മറിച്ച് അയാളുടെ ജീവിത സങ്കടങ്ങളുടെ നേര്‍ചിത്രമാണ് ക്യാപ്ടന്‍ എന്ന സിനിമ. 'പത്ര പ്രവര്‍ത്തകനായിരുന്ന കാലഘട്ടത്തില്‍, വി.പി.സത്യന്റെ അകാലമരണത്തെ അടിസ്ഥാനമാക്കി താന്‍ ജോലി ചെയ്തിരുന്ന മാഗസിന് വേണ്ടി ഒരു ഫീച്ചര്‍ തയ്യാറാക്കാന്‍ സത്യന്റെ ഭാര്യ അനിതയുമായി നടത്തിയ ഒരഭിമുഖത്തില്‍ നിന്നാണ് ഈ സിനിമയുടെ ഇതിവൃത്തം പ്രജേഷിന്റെ മനസ്സില്‍ മുളപൊട്ടുന്നത്.

uploads/news/2018/03/201832/CiniINWCaptian190318a.jpg

വി.പി. സത്യന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരു ഫീച്ചറാണ് ആദ്യം തയ്യാറാക്കിയത്. അത് ഒരു ഫീച്ചറിലൊതുങ്ങിപ്പോകരുത് എന്നെനിക്കുണ്ടായിരുന്നുഅതിനാല്‍ അദ്ദേഹത്തെപ്പറ്റി ഒരു പുസ്തകം കൂടി രചിക്കാനായി ഞാന്‍ കുറേ റിസര്‍ച്ച് നടത്തി.

അങ്ങനെ കുറേ കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോഴാണ് ആ ജീവിത ഒരു പുസ്തകത്തിലും ഒതുക്കേണ്ടതല്ല മറിച്ച് ഒരു ചലച്ചിത്രമാക്കപ്പെടേണ്ടതു കൂടിയാണ് എന്ന് എനിക്ക് തോന്നിയത്.
അങ്ങനെയാണ് ഈ ചിത്രം ജനിക്കുന്നത്.' ക്യാപ്ടന്‍ എന്ന സിനിമ സംവിധാനം ചെയ്യാനിടയായ സാഹചര്യത്തെപ്പറ്റി പ്രജേഷ് വിവരിക്കുന്നു.

'ക്യാപ്ടന്‍ കണ്ട സത്യേട്ടന്റെ ബന്ധുക്കളും സഹകളിക്കാരും വലിയ സന്തോഷത്തിലാണ്. പലരും എന്നെ വിളിച്ചിരുന്നു. 12 വര്‍ഷം മുമ്പ് ജീവഅവസാനിപ്പിച്ച ഒരാള്‍. അങ്ങനെയൊരാള്‍ ജീവന്‍ വച്ച് തിരിച്ചു വന്നപോലെ എന്നാണ് സത്യേട്ടന്റെ ബന്ധുക്കള്‍ പറഞ്ഞത്.

ഇത്രയേറെ പ്രതിസന്ധികള്‍ക്കിടയിലാണ് സത്യന്‍ കളിക്കളത്തിലിറങ്ങി നേട്ടം കൊയ്തത് എന്ന് പലരും തിരിച്ചറിഞ്ഞത് ഇപ്പോഴാണ്. അദ്ദേഹത്തിന് അന്നു നല്‍കാന്‍ മടിച്ച കയ്യടി ഇപ്പോള്‍ നല്‍കുന്നു എന്ന് കുറ്റബോധത്തോടെ പറഞ്ഞവരുമുണ്ട്.'

മുന്‍ മാതൃകകളില്ലാത്ത ഒരു സ്‌പോര്‍ട്‌സ് ബയോ പിക്

? ക്യാപ്ടന്‍ മലയാളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ബയോ പിക് ആണ്. അത് വിജയിച്ചു നില്‍ക്കുന്ന ഒരു കളിക്കാരന്റെ കഥയല്ല. അവഗണനയില്‍ മനംനൊന്ത് ജീവിതത്തില്‍നിന്നുതന്നെ സ്വയം പിന്മാറുന്ന ഒരാളുടെ കഥയാണ്. കാണികളുടെ മനസ്സില്‍ ഒരു സ്‌പോര്‍ട്‌സ് സിനിമയുടെ ത്രില്ലല്ല, മറിച്ച് വല്ലാത്തൊരു നൊമ്പരമാണ് ഈ ചിത്രം ഉളവാക്കുന്നത്. കൂടാതെ, വി.പി. സത്യനെന്ന കളിക്കാരനെ കേരളം മറന്നുതുടങ്ങുന്ന ഒരു ഘട്ടത്തിലാണ് ഈ ചിത്രവുമായി താങ്കളെത്തുന്നത്. കന്നിച്ചിത്രത്തിനായി റിസ്‌കി എന്നു പറയാവുന്ന ഈ പ്രമേയം തന്നെ സ്വീകരിക്കാന്‍ തോന്നിയതെങ്ങനെയാണ്.


ഠ വി.പി. സത്യന്‍ എന്ന കായികതാരത്തെപ്പറ്റി ഞാന്‍ നടത്തിയ റിസര്‍ച്ചില്‍ എനിക്ക് മനസ്സിലായ ഒരു കാര്യം സത്യനെന്ന കളിക്കാരനെപ്പറ്റിയോ വ്യക്തിയെപ്പറ്റിയോ കളിക്കളത്തില്‍ ഇറങ്ങാന്‍ അദ്ദേഹം സഹിച്ച യാതനകളെപ്പറ്റിയോ മലയാളി സമൂഹത്തിനേറെയൊന്നും അറിയില്ല എന്നതാണ്. ആ ജീവിതം അനാവരണം ചെയ്യുക എന്നതാണ് ഈ ചിത്രത്തിലൂടെ ഞാന്‍ ഉദ്ദേശിച്ചത്. ജയിച്ചുനില്‍ക്കുന്ന ഒരാളുടെ കഥയല്ലിത്. പക്ഷേ ആ ജീവിതത്തില്‍ ഒട്ടേറെ ധര്‍മ്മസങ്കടങ്ങളും അവഗണനകളും പോരാട്ടവും ധീരതയും പ്രണയവും ഒക്കെയുണ്ട്. ഞാനന്വേഷിച്ചത് അതിന്റെ ചലച്ചിത്രസാധ്യതയാണ്. വി.പി സത്യന്‍ എന്ന ഫുട്‌ബോളര്‍ക്ക് നല്‍കിയ ഒരു ട്രൈബ്യൂട്ടാണ് ഈ ചിത്രം. ഒപ്പം ജയസൂര്യ എന്ന നടന്റെ ഡെഡിക്കേഷന്‍ കൂടിയാണ് ഈ സിനിമ. സത്യനെന്ന കഥാപാത്രമാകാന്‍ ജയസൂര്യ സമ്മതിച്ചില്ലായിരുന്നെങ്കില്‍ ഈ സിനിമതന്നെ ഉണ്ടാകില്ലായിരുന്നു.

തോറ്റു പോയൊരാളുടെ കഥ

? സാധാരണയായി സിനിമകളിലെ നായകന്മാര്‍ ക്ലൈമാക്‌സിലെങ്കിലുംജയിച്ചുനില്‍ക്കുന്നവരാണ്. പക്ഷേ ഇതിലെ നായകന്‍ നിരന്തരം അവഗണനയേറ്റ് വാങ്ങി വിഷാദരോഗം പിടിപെട്ട് സ്വയംഹത്യ നടത്തുന്നയാളാണ്. ഇത്തരം വിഷയം തന്നെ സിനിമയില്‍ ഒരു റിസ്‌കല്ലേ ?


ഠ തീര്‍ച്ചയായും. സിനിമയുടെ പാരമ്പര്യ രീതിയനുസരിച്ച് നോക്കിയാല്‍ വലിയ റിസ്‌കാണ്. ഒരു സെക്കന്റ് മാറിയാല്‍, ഒന്നു വ്യതിചലിച്ചാല്‍ ഫ്‌ളോപ്പായിപ്പോകുന്ന സബ്ജക്ട്. എങ്കിലും ഞാനീ വിഷയം സെലക്ട് ചെയ്തതിന് ഒരു കാരണമുണ്ട്. ജീവിതത്തില്‍ തോറ്റുപോയവര്‍ക്കും ഒരു കഥയുണ്ടാകുമല്ലോ. തോറ്റുപോയെങ്കിലുംജയിക്കാന്‍ അവര്‍ നടത്തിയ ഒരു ശ്രമം കാണും. അതവതരിപ്പിക്കുക. അതാണ് ഞാനീ ചിത്രത്തില്‍ ചെയ്തത്. പലരും മറന്നുപോയൊരാളെ റിക്രിയേറ്റ് ചെയ്യുക. അതില്‍ ഒരു ക്യൂരിയോസിറ്റിയില്ലേ.

ബയോപിക്‌ന്റെ റിസ്‌ക്

? നമുക്കിടയില്‍ അടുത്തകാലം വരെ ജീവിച്ചൊരാള്‍. അയാളെ കണ്ടഅനുഭവിച്ചവരുമായ ഒട്ടേറെപ്പേര്‍, അദ്ദേഹത്തിന്റെ ഭാര്യയും മകളുമുള്‍പ്പെടെ ഇന്നുമുണ്ട്. അങ്ങനൊരാളെ പ്രധാന കഥാപാത്രമാക്കി സിനിമ ചെയ്യുന്നതു തന്നെ പ്രയാസമല്ലേ.


ഠ പലരുടെയും ഓര്‍മയില്‍ ഇപ്പോഴും ഉള്ളൊരാളെ റിക്രിയേറ്റ് ചെയ്യുക പ്രയാസം. അയാളുടെ മാനറിസം, ബോഡി ലാംഗ്വേജ്, സംസാരരീതി, അതുമായൊക്കെ നീതിപുലര്‍ത്തേണ്ടി വരും. അതിനുമപ്പുറം അയാളുമായി ബന്ധപ്പെട്ടവരുടെ അനുഭവങ്ങള്‍ സത്യസന്ധമായി ചിത്രീകരിക്കണം. അതിനുവേണ്ടി ഗഹനമായ പഠനംതന്നെ വേണ്ടിവന്നിരുന്നു.

? കഥാനായകന്‍ സ്‌പോര്‍ട്‌സ് താരമാകുമ്പോള്‍ അദ്ദേഹവുമായി ബന്ധപ്പെട്ട ഗെയിമുകള്‍കൂടി റിക്രിയേറ്റ് ചെയ്യണ്ടേ?


ഠ തീര്‍ച്ചയായും. സത്യേട്ടന്റെ കഥ സിനിമയാക്കുന്നതിലെ വലിയൊരു റിസ്‌ക് അതാണ്. അദ്ദേഹം കളിച്ച ഗെയിമുകളുടെ വീഡിയോ ഫൂട്ടേജ് പോലും ലഭ്യമല്ല. ഇന്റര്‍വ്യൂസിന്റെ വീഡിയോ ഇല്ല. അതിനാല്‍ വലിയ വെല്ലുവിളി തന്നെയായിരുന്നു മുന്നിലുണ്ടായത്.
uploads/news/2018/03/201832/CiniINWCaptian190318c.jpg

വി.പി സത്യനായി ജയസുര്യ

? നായകനായി ജയസൂര്യയെ കാസ്റ്റ് ചെയ്തത്


ഠ സിദ്ധിഖ് സാറിന്റെ ഫുക്രിയില്‍ ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു. അതിലെ നായകന്‍ ജയസൂര്യയായിരുന്നു. ആ സമയത്താണ് ഞാനീ പ്രമേയത്തെപ്പറ്റി പറയുന്നത്. കഥ കേട്ടപ്പോള്‍തന്നെ അദ്ദേഹം സമ്മതിച്ചു. ഇതിലെ നായകനാകാന്‍ അദ്ദേഹം കുറേ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. സത്യേട്ടനെയൊ അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ കളിയോ ജയസൂര്യ കണ്ടിട്ടില്ല. അദ്ദേഹത്തിന് ഫുട്ബാള്‍ കളിയും അറിയില്ല. പക്ഷേ ഈ ചിത്രത്തിനായി അദ്ദേഹം മൂന്ന് മാസത്തോളം കളി പരിശീലിച്ചു. മൂന്നോളം ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടാന്‍ ശരീര വലിപ്പം കൂട്ടുകയും കുറക്കുകയും ചെയ്തു. മറ്റൊരാള്‍ക്കും ആ കഥാപാത്രമാകാന്‍ പറ്റില്ലെന്ന് തോന്നുംവിധം ഒരു പകര്‍ന്നാട്ടംതന്നെ അദ്ദേഹം നടത്തി. കാണാത്ത ഒരാളെ റിക്രിയേറ്റ് ചെയ്യുക വലിയ പ്രയാസമാണ് എന്നിട്ടും ആ ബോഡി ലാംഗ്വേജും സംസാരശൈലിയുമൊക്കെ കൃത്യമായി അദ്ദേഹത്തിന് ഫോളോ ചെയ്യാനായി.

? ജയസൂര്യയുടെ മകന്‍ ആദിയാണ് ചിത്രത്തില്‍ സത്യന്റെ ബാല്യം അവതരിപ്പിച്ചത്.


ഠ അതെയതെ. ഈ കഥാപാത്രമാകാന്‍ ജയസുര്യ ഫുട്‌ബോള്‍ പരിശീലിക്കാന്‍ പോകുമ്പോള്‍ ആദിയും കൂടെ പോകുമായിരുന്നു. ആദിക്ക് നന്നായി ഫുട്‌ബോളുമറിയാം. കഥാപാത്രത്തിന്റെ പ്രായത്തിനും കറക്ടാണ്. അങ്ങനെ കാസ്റ്റ് ചെയ്തതാണ്. ആദി അത് നന്നായി ചെയ്തു.

റിയല്‍ ലൈഫ് കാരക്‌ടേര്‍സ്

? ചിത്രത്തില്‍ മമ്മൂട്ടി, വി.ആര്‍. സുധീഷ് തുടങ്ങിയവര്‍ അവരായിത്തന്നെ ഇതില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.


ഠ ഉവ്വ്. സത്യേട്ടന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ മമ്മൂക്കയുമായുണ്ടായ ഒരു കണ്ടുമുട്ടലിന്റെ ഒരെപ്പിസോഡുണ്ട്. അത് മമ്മൂക്കയെ വച്ചു തന്നെ റിക്രിയേറ്റ് ചെയ്തതാണ്. വി.ആര്‍. സുധീഷിന്റെയും അതുപോലെ തന്നെ.

കെ. കരുണാകരന്‍

? ചിത്രത്തില്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനെ ഗ്ലോറിഫൈ ചെയ്‌തോ.


ഠ അങ്ങനെയല്ല. ഫുട്‌ബോളിനെ അതിയായി സ്‌നേഹിച്ച ഭരണാധികാരിയാണദ്ദേഹം. സത്യേട്ടന്റെ നേതൃത്വത്തില്‍ കേരളം സന്തോഷ് ട്രോഫി നേടുന്നത് കെ. കരുണാകരന്‍ നല്‍കിയ പ്രോത്സാഹനം കൊണ്ടു കൂടിയാണ്. ഫുട്‌ബോള്‍ കളിക്കായി കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയം തുടങ്ങാനും മുന്‍കൈ എടുത്തത് അദ്ദേഹമാണ്.

ഫിക്ഷനും റിയാലിറ്റിയും

? ഇതൊരു ബയോ പിക് ആണ്. അപ്പോള്‍ കുറേ റിയല്‍ കാരക്ടറുകളും ഫിക്ഷനല്‍ കാരക്ടറുകളും ചിത്രത്തില്‍ വന്നിട്ടുണ്ടാകാം. അവ തരംതിരിക്കാമോ


ഠ രണ്ടു തരത്തിലുള്ള കഥാപാത്രങ്ങളുമുണ്ട്. സിദ്ധിക് അവതരിപ്പിച്ച മൈതാനം ഞാന്‍ ഫിക്ഷനലായി കൂട്ടിച്ചേര്‍ത്തതാണ്. എല്ലാ കഥാപാത്രങ്ങളെയും പക്ഷേ ഇപ്പോള്‍ തരംതിരിച്ചു പറയുന്നത് കാണികളെ അലോസരപ്പെടുത്തും. അതിനാല്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. ബയോ പിക് എടുക്കുന്ന എല്ലാവരും തന്നെ ഇങ്ങനെ ഫിക്ഷണല്‍ കാരക്ടറുകളെ സൃഷ്ടിക്കാറുണ്ട്. ആ സ്വാതന്ത്ര്യം ഞാനും ഉപയോ ഗിച്ചിട്ടുണ്ട്.
uploads/news/2018/03/201832/CiniINWCaptian190318b.jpg

? ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രങ്ങള്‍, ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍, കോച്ച് എന്നിവരൊക്കെ റിയലാണോ.


ഠ അതെ. പല സ്‌പോര്‍ട്‌സ് താരങ്ങളുടെയും ജീവിതത്തില്‍ കോച്ചുമാരും സെലക്ഷന്‍ ടീമും ഒക്കെ വില്ലന്മാരാകാറുണ്ട്. സത്യേട്ടന്റെ ജീവിതത്തിലും ഉണ്ടായിരുന്നു അങ്ങനെ ഈഗോയുള്ള ചിലര്‍.

? ക്രിക്കറ്റിന്റെ മുന്നില്‍ ഫുട്‌ബോള്‍ നിറം കെടുന്നതായി താങ്കള്‍ ചിത്രീകരിച്ചിരിക്കുന്നു.


ഠ അതൊരു റിയാലിറ്റിയാണ്. ഇന്ത്യയില്‍. ക്രിക്കറ്റ് താരങ്ങള്‍ക്ക് കിട്ടുന്ന പരിഗണനയോ പ്രതിഫലമോ ഒന്നും മറ്റ് ഒരു ഗെയിമിലുള്ളവര്‍ക്കും കിട്ടാറില്ലല്ലോ.

? ഒരു കളി മൈതാനത്തേക്കിറങ്ങുന്ന മനോനിലയിലാണ് ക്‌ളൈമാക്‌സില്‍ സത്യന്‍ സ്വയംഹത്യക്കായി തീവണ്ടിക്കു മുന്നിലേക്കിറങ്ങുന്നത്.


ഠ അദ്ദേഹത്തിന്റെ മരണം ഇപ്പോഴും ഒരു ദുരൂഹതയാണ്. അതുകൊണ്ടുതന്നെഅതെങ്ങനെ ചിത്രീകരിക്കും എന്നത് വലിയൊരു പ്രശ്‌നമായിരുന്നു. എങ്കിലും ആത്മഹത്യ ചെയ്യുമെന്ന കത്തൊക്കെ എഴുതി വച്ചതിനാല്‍ ആത്മഹത്യ ചെയ്തുവെന്ന രീതിയില്‍ തന്നെ ചിത്രീകരിക്കുകയായിരുന്നു. അതിനെ കുറച്ച് ഡ്രമാറ്റിക്കാക്കി മാറ്റി എന്നു മാത്രം.

സിദ്ധിഖിന്റെ ശിഷ്യന്‍

? സംവിധായകന്‍ സിദ്ധിഖിന്റെ ശിഷ്യനായിരുന്നു താങ്കള്‍. റാംജിറാവു മുതല്‍ ഫുക്രിവരെ സിദ്ധിഖിന്റെ എല്ലാ സിനിമകളും നര്‍മത്തിലൂടെ ട്രീറ്റ് ചെയ്തവയാണ്. പക്ഷേ താങ്കള്‍ ഗുരുവിന്റെ വഴിയില്‍നിന്ന് മാറിനടന്നു. ക്യാപ്ടന്‍ ഒറ്റ ഹ്യൂമര്‍ സീന്‍ പോലുമില്ലാതെയാണ് ചിത്രീകരിച്ചത്.

ഠ ഈ സബ്ജക്ട് ഒട്ടും ഹ്യൂമറസല്ല എന്നതാണ് അതിനൊരു കാരണം. ഇതൊരു ഫുട്‌ബോള്‍ കളിക്കാരന്റെ ആത്മനൊമ്പരമാണ്. രചനയുടെ സമയത്ത് ഒരു ഹ്യൂമര്‍ ട്രാക്ക് കൊണ്ടുവരാന്‍ എനിക്കായില്ല. പിന്നെ സിദ്ധിഖ് സാറിന്റെയത്ര പ്രതിഭാശാലിയല്ല ഞാന്‍. അദ്ദേഹത്തിന്റെ സിനിമ മിക്കതും പലരുടെയും സങ്കടങ്ങളും വേദനകളും തന്നെയാണ് പകര്‍ത്തിയത്. പക്ഷേ അത് ഇമോഷനല്‍ കോമഡിയായി, തമാശയുടെ രീതിയില്‍ അവതരിപ്പിക്കാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ടായിരുന്നു. ആ സ്‌കില്‍ എനിക്കില്ല. കഥ പറയുന്ന ആ രീതിയിലാണ് ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസം. പക്ഷേ സിനിമ എന്തെന്ന് ഞാന്‍ പഠിച്ചത് അദ്ദേഹത്തില്‍ നിന്നാണ്.

ഉണ്ണിക്കൃഷ്ണന്‍ ശ്രീകണ്ഠപുരം

Ads by Google
Monday 19 Mar 2018 04.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW