Thursday, September 13, 2018 Last Updated 13 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 19 Mar 2018 03.32 PM

കള്ളും ചാരായവും കോഴിയും മുട്ടയും വഴിപാടായി നല്‍കിയാല്‍ കളഞ്ഞു പോയ സാധനങ്ങള്‍ തിരിച്ചുകിട്ടുമെന്നു വിശ്വാസം: ആലപ്പുഴയിലെ ഒരു അപൂര്‍വ ക്ഷേത്രത്തെക്കുറിച്ച്

uploads/news/2018/03/201824/7.jpg

കളഞ്ഞു പോയ വസ്തുക്കള്‍ തിരികെ കിട്ടാന്‍ വഴിപാട് നടത്തുന്ന ക്ഷേത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ? ആലപ്പുഴ ജില്ലയിലെ മറ്റം ആഞ്ഞിലിപ്രയിലെ മഹാദേവക്ഷേത്രത്തില്‍ മുട്ട വഴിപാടായി നല്‍കിയാല്‍ കളഞ്ഞുപോയ വസ്തുകള്‍ തിരികെ ലഭിക്കുമെന്നാണ് വിശ്വാസം. പ്രതിഷ്ഠകളായ മഹാദേവന്റെയോ അപ്പൂപ്പന്റെയോ നടയ്ക്ക് മുട്ട വഴിപാടായി നേര്‍ന്ന് കളഞ്ഞുപോയ വസ്തുകള്‍ തിരികെ കിട്ടിയ നിരവധിപ്പേരുണ്ട്.

മുട്ട മാത്രമല്ല ക്ഷേത്രത്തിലെ വഴിപാട്. കാര്യസാധ്യത്തിനായി കള്ളും ചാരായവും കോഴിയും സമര്‍പ്പിക്കാം. വര്‍ഷങ്ങള്‍ പഴക്കമുള്ള ക്ഷേത്രത്തില്‍ പുലയസമുദായത്തില്‍പ്പെട്ടവരാണ് പൂജനടത്തുന്നത്. വെളളിപ്പിച്ചാത്തിയും നാരായവുമാണ് മറ്റൊരു വഴിപാട്. 15 കരക്കാര്‍ ചേര്‍ന്നാണ് ക്ഷേത്രത്തില്‍ ഉത്സവം നടത്തുന്നത്. കുംഭമാസത്തിലെ അശ്വതിയാണ് ഉല്‍സവനാള്‍. വഴിപാട് നേര്‍ന്നിട്ട് ചെയ്തില്ലെങ്കില്‍ മഹാദേവന്‍ വീട്ടില്‍ വന്ന് സൂചനകള്‍ തരും എന്നാണ് പഴമക്കാര്‍ പറയുന്ന വിശ്വാസം.

ക്ഷേത്രത്തെക്കുറിച്ചുള്ള കഥയിങ്ങനെ :

പാലയ്ക്കല്‍ അപ്പൂപ്പന്‍ എന്നു പേരായ യോഗി ആഞ്ഞിലിപ്രയില്‍ ജീവിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ ദേവിയുടെ ഭക്തനായിരുന്ന അദ്ദേഹം പ്രതിഷ്ഠിച്ചതാണ് ക്ഷേത്രമെന്നാണ് വിശ്വാസം. കൊടുങ്ങല്ലൂരെ സന്ദര്‍ശനവേളയിലൊരിക്കല്‍ ദേവിയുടെ കണക്കപ്പിള്ളയെന്ന് അറിയപ്പെട്ടിരുന്ന തമ്പുരാന്‍ മൂര്‍ത്തിയോട് കൂടെ വരുന്നോ എന്ന് ചോദിച്ചു.

uploads/news/2018/03/201824/8.jpg

തമ്പുരാന്‍ മന്ദഹസിക്കുകയല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. അപ്പൂപ്പന്‍ തിരികെ വള്ളത്തില്‍ മറ്റത്തേക്ക് തിരിച്ചു. കായലിലൂടെയുളള യാത്രാ മദ്ധ്യേ വിജനമായ പാതിരാമണലില്‍ എത്തിയപ്പോള്‍ വളളം മണല്‍കൂനയില്‍ ഇടിച്ചു നില്‍ക്കുന്നതുപോലെ നിന്നു. ആ സമയത്ത് അപ്പൂപ്പന്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ വളളത്തിന്റെ അണിയത്ത് അദൃശ്യനായൊരാള്‍ ഇരിക്കുന്നതും അശരീരി കേള്‍ക്കുകയും ചെയ്തു. 'ഞാന്‍ നിന്നോടൊപ്പം വരികയാണ്, എന്നും ഞാന്‍ നിന്നോടൊപ്പം കാണും' എന്നും പറഞ്ഞ തമ്പുരാന്‍ അപ്പൂപ്പനോടൊപ്പം മറ്റത്ത് എത്തി. പരുത്തിക്കാട്ടില്‍ കുടുംബക്കാര്‍ ഇഷ്ടദാനമായി നല്‍കിയ മണ്‍കൂനയില്‍ ഒരു കല്‍വിളക്ക് സ്ഥാപിച്ച് തമ്പുരാനെ പ്രതിഷ്ഠിക്കുകയും ചെയ്തു. മറുത്തച്ചികാവ് എന്നായിരുന്നു ക്ഷേത്രത്തിന്റെ ആദ്യ നാമം. 1979ല്‍ പ്രശ്‌നംവച്ചതിനെ തുടര്‍ന്ന് മഹാദേവന്റെ സാന്നിധ്യം ഉണ്ടെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് വലിയക്ഷേത്രമായി പൊളിച്ചുപണിയുകയായിരുന്നു.

Ads by Google
Monday 19 Mar 2018 03.32 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW