Friday, April 19, 2019 Last Updated 3 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 19 Mar 2018 03.29 PM

രചന ; അറുമുഖന്‍ ആലാപനം; കലാഭവന്‍ മണി

uploads/news/2018/03/201821/Weeklyarumukahanmani190318.jpg

''കലാഭവന്‍ മണിക്കു വേണ്ടി മണ്ണിന്റെ മണമുള്ള നാടന്‍പാട്ടുകള്‍ രചിച്ച അറുമുഖന്‍ വെങ്കിടങ്ങ് എന്ന പച്ചയായ മനുഷ്യന്റെ ജീവിതനേര്‍ക്കാഴ്ചകള്‍...''

''ചാലക്കുടി ചന്തയ്ക്കു പോകു
മ്പോള്‍...
ചന്ദനച്ചോപ്പുള്ള
മീന്‍കാരിപ്പെണ്ണിനെ കണ്ടേ ഞാന്‍...
ചെമ്പല്ലി കരിമീന്‍ ചെമ്മീനേ...
പെണ്ണിന്റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ..''.

കേരളക്കര ഇന്നും നെഞ്ചോടുചേര്‍ക്കുന്ന ഈ നാടന്‍പാട്ട് നമുക്ക് സമ്മാനിച്ച ചാലക്കുടിക്കാരന്‍ ചങ്ങാതി ഓര്‍മയായിട്ട് രണ്ടുവര്‍ഷം.
കഷ്ടപ്പാടുകളോടും യാതനകളോടും പടവെട്ടി ജീവിച്ചുവളര്‍ന്നതുകൊണ്ടാകാം, അദ്ദേഹം യഥാര്‍ത്ഥജീവിതത്തില്‍ അഭിനയിക്കാന്‍ മറന്നുപോയി.

ഓട്ടോ ഡ്രൈവറില്‍ നിന്ന് മിമിക്രിയിലേക്കും അവിടെ നിന്ന് ക്യാമറയുടെ വെള്ളിവെളിച്ചത്തിലേക്കും യാത്ര ചെയ്ത കലാഭവന്‍ മണി എന്ന ബഹുമുഖ പ്രതിഭയെ ഒരു നിമിഷമെങ്കിലും ഓര്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല.

സിനിമ, മിമിക്രി തുടങ്ങിയ തട്ടകങ്ങളില്‍ ഒതുങ്ങാത്ത കലാഭവന്‍ മണി നാടന്‍ പാട്ടുകള്‍ക്ക് കേരളത്തില്‍ ഉണ്ടാക്കിത്തന്ന ഡിമാന്‍ഡ് വലുതാണ്. ഓരോ പാട്ടുകള്‍ പാടുമ്പോഴും അതിന്
പിന്നിലൊളിപ്പിച്ചുവച്ച കഥകള്‍ അദ്ദേഹം മാലോകര്‍ കേള്‍ക്കെ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.

രംഗബോധമില്ലാത്ത കോമാളി എന്ന വിശേഷണം അന്വര്‍ത്ഥമാക്കുംവിധം മരണം മണി എന്ന നന്മ നിറഞ്ഞ കലാകാരനെ തട്ടിയെടുത്തപ്പോള്‍ ചാലക്കുടിക്കാര്‍ക്കു മാത്രമല്ല, എണ്ണമറ്റ ആരാധകര്‍ക്കും അത് തീരാനൊമ്പരമായി.

നാടന്‍പാട്ടുകളുടെ തമ്പുരാന്‍ മരണപ്പെട്ട വിവരം അറിഞ്ഞ് കോടാനുകോടി ആരാധകര്‍ ചാലക്കുടിയിലേക്ക് ഒഴുകിയെത്തി. അക്കൂട്ടത്തില്‍ തൃശൂര്‍ വെങ്കിടങ്ങ് സ്വദേശിയായ അറുമുഖനും ഉണ്ടായിരുന്നു.

uploads/news/2018/03/201821/Weeklyarumukahanmani190318b.jpg

ഈ പേര് മലയാളികള്‍ക്ക് സുപരിചിതമാകാന്‍ കുറച്ച് കാലം വേണ്ടിവന്നു. കലാഭവന്‍ മണിയില്‍ നിന്നും ഉയര്‍ന്നുകേട്ട നാടന്‍പാട്ടിന്റെ ഓരോ ഈരടികളും ജന്മമെടുത്തത് അറുമുഖന്‍ വെങ്കിടങ്ങിന്റെ തൂലികയില്‍ നിന്നുമാണ്.

മണി ഇല്ലാതായതോടെ അദ്ദേഹത്തിന് പാടാനായി മാറ്റിവച്ച പാട്ടുകള്‍ ഇന്ന് നാഥനില്ലാതെ അറുമുഖന്റെ പാട്ടുപുസ്തകത്തില്‍ അവ
ശേഷിക്കുന്നു.

കണ്‍മുമ്പില്‍ കാണുന്ന തെറ്റുകളോട് ചെറുപ്പം മുതല്‍ പ്രതികരിക്കുന്ന വ്യക്തിയായിരുന്നു അറുമുഖന്‍. സത്യങ്ങള്‍ തുറന്നുപറയാന്‍ മനസ്സ് വെമ്പിയതുകൊണ്ടാകാം ഫ്രീലാന്‍സറായി പത്രപ്രവര്‍ത്തനത്തില്‍ തുടക്കമിട്ടത്. സമൂഹത്തിലെ അധഃസ്ഥിതവര്‍ഗ്ഗങ്ങളുടെ ഉന്നമനത്തിനായി എഴുതിത്തുടങ്ങി.

വായനയിലും എഴുത്തിലും പ്രാഗല്ത്ഭ്യം ഇല്ലാത്ത മനുഷ്യര്‍ ഉണ്ടായിരുന്ന സമയത്ത് പറയേണ്ട കാര്യങ്ങള്‍ പാട്ടുകളിലൂടെ പറഞ്ഞാല്‍ നല്ലതായിരിക്കും എന്ന തോന്നലാണ് അറുമുഖനെ ഗാനരചയിതാവാക്കിയത്.

''പകലു മുഴുവന്‍
പണിയെടുത്ത്
കിട്ടണ കാശിന്
കള്ളും കുടിച്ച്
എന്റെ മോളെ
കഷ്ടത്തിലാക്കല്ലേ വേലായുധാ...''

ഈ പാട്ട് എഴുതുമ്പോള്‍ അന്ന് കുടുംബത്തെ പോറ്റാന്‍ താല്‍പര്യം കാട്ടാതെ സദാസമയവും കുടിച്ച് കുടുംബത്തിന്റെ സമാധാനം തകര്‍ക്കുന്ന ധാരാളം വേലായുധന്മാര്‍ ഉണ്ടായിരുന്നു.

അറുമുഖന്റെ ഓരോ പാട്ടിലും പരാമര്‍ശിച്ചിട്ടുള്ള കഥയും കഥാപാത്രങ്ങളും യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്തതായിരുന്നു. പാട്ടുകളെഴുതി ഓഡിയോ കാസറ്റ് കമ്പനികളുടെ പക്കല്‍ ഏല്പിക്കും. അവര്‍ മുഖാന്തിരമാണ് കലാഭവന്‍മണി ഈ പാട്ടുകള്‍ ശ്രദ്ധിക്കുന്നതും നാടന്‍ പാട്ടുകളില്‍ അരങ്ങേറ്റം കുറിക്കുന്നതും.

തൃശ്ശൂര്‍ പ്രൈവറ്റ് സ്റ്റാന്‍ഡില്‍ നിന്നും കാഞ്ഞാണി - ചാവക്കാട് റൂട്ടിലോടുന്ന ബസില്‍ കയറി 15 രൂപ കൊടുത്താല്‍ കരുവന്തല അമ്പലത്തിന് മുന്നില്‍ ഇറങ്ങാം. അവിടെ നിന്ന് കുറച്ചുദൂരം നടന്ന് ഇടവഴി കടന്നുചെല്ലുന്നത് പണി പൂര്‍ത്തിയാകാത്ത, സിമന്റ് കട്ടകള്‍ കെട്ടിയ ഒരു വീടിന് മുന്നിലാണ്.

ബാങ്കില്‍ നിന്ന് ലോണെടുത്തതും പഞ്ചായത്തില്‍ നിന്ന് കിട്ടിയതുമായ പണം കൊണ്ട് വീട് നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ട് ഒരു കൊല്ലം കഴിഞ്ഞു. അതുവരെ അറുമുഖന്‍ താമസിച്ചത് സൗകര്യങ്ങള്‍ തീരെയില്ലാത്ത ഒരു ഷെഡ്ഡിലായിരുന്നു.

പട്ടാളക്കാരന്റെ മകനായി ജനിച്ച അറുമുഖന്‍ ജീവിതം തുടങ്ങിയപ്പോള്‍ ഒരുപാട് കഷ്ടതകളും യാതനകളും അനുഭവിക്കേണ്ടിവന്നു. കല്ലുവെട്ടാനും കല്ലുചുമക്കാനും മറ്റും പോയാണ് തന്റെ മക്കളുടെ വിദ്യാഭ്യാസവും വിവാഹവും നടത്തിയത്.

uploads/news/2018/03/201821/Weeklyarumukahanmani190318a.jpg
* അറുമുഖന്‍ കുടുംബാംഗങ്ങളോടൊപ്പം

ഓരോ സ്ഥലങ്ങളില്‍ യാത്ര ചെയ്യുമ്പോഴും കണ്ണിലുടക്കുന്ന കാഴ്ചകള്‍ മനസില്‍ കരുതിവയ്ക്കും. അതേക്കുറിച്ച് മാത്രമാണ് പിന്നീടുള്ള ചിന്ത.

പുലര്‍ച്ചെ എഴുന്നേറ്റ് എഴുതാനായി പേപ്പറെടുക്കുമ്പോള്‍ മനസില്‍ സൂക്ഷിച്ച കാര്യങ്ങള്‍ വരികളായി പേനയില്‍ നിന്നും ഉതിര്‍ന്നുവീഴും.

ആ വരികളാണ് പില്‍ക്കാലത്ത് കലാഭവന്‍ മണിയുടെ ശബ്ദത്തില്‍ ലോകമെമ്പാടും ഏറ്റുപാടിയത്. തന്റെ പാട്ടുകള്‍ ജനങ്ങള്‍ ആഘോഷമാക്കുമ്പോള്‍ അതൊക്കെ കണ്ട് സന്തോഷിക്കുകയായിരുന്നു ഈ മനുഷ്യന്‍.

പാട്ടുകള്‍ എന്തുകൊണ്ട് സ്വയം പാടിയില്ല എന്നുചോദിച്ചാല്‍ അറുമുഖന്റെ മറുപടി ഇങ്ങനെയായിരുന്നു:

''മണിക്ക് പകരം ഞാന്‍ തന്നെ പാടിയിരുന്നെങ്കില്‍ എന്റെ പാട്ടുകള്‍ക്ക് ഇത്രത്തോളം അംഗീകാരം കിട്ടുകയില്ലായിരുന്നു. എഴുതിക്കൊടുക്കുന്ന പാട്ടുകളിലെ ചില വാക്കുകള്‍ മാറ്റി പരീക്ഷിക്കാന്‍ ഒരിക്കലും മണി മുതിര്‍ന്നിരുന്നില്ല.

ഓരോ പാട്ടുകള്‍ പാടി സ്റ്റുഡിയോയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴും മണി എന്നോട് പറയുന്ന ഒരു ഡയലോഗുണ്ട്,
'എന്റെ അറുമുഖന്‍ ചേട്ടാ, ഈ പാട്ടിലെ ഓരോ വരികള്‍ക്കും എന്റെ ജീവിതവുമായി വളരെയേറെ ബന്ധമുണ്ടല്ലോ, ഇതെങ്ങനെ കണ്ടുപിടിച്ചു' എന്ന്...''.

കലാഭവന്‍ മണിയെന്ന നടനേക്കാള്‍ അറുമുഖന്‍ സ്‌നേഹിച്ചത് അദ്ദേഹത്തിലെ കലാകാരനെയാണ്. നാടന്‍പാട്ടുകളുടെ ഉസ്താദ് എന്ന് കലാഭവന്‍ മണി അറിയപ്പെട്ടപ്പോള്‍ അതിന് കാരണക്കാരനായത് വെങ്കിടങ്ങ് സ്വദേശി അറുമുഖനാണ്.

പാടാന്‍ ബാക്കിവച്ച നാടന്‍ പാട്ടുകള്‍ കാണാതെ മരണമില്ലാത്ത ലോകത്തേക്ക് യാത്രയായ കലാഭവന്‍ മണിക്ക് മുന്നില്‍ തന്റെ നന്ദി പറയുമ്പോള്‍ അദ്ദേഹത്തിന്റെ ചിരിയുടെ മണികിലുക്കവും നാടന്‍ പാട്ടിന്റെ മണിനാദവും ചാലക്കുടിക്കാരുടെ ഉള്ളില്‍ ഇപ്പോഴും തിരതല്ലുന്നു...

ദേവിന റെജി
ഫോട്ടോ: സ്വാമിനാഥന്‍, തൃശൂര്‍

Ads by Google
Ads by Google
Loading...
TRENDING NOW