Wednesday, July 10, 2019 Last Updated 18 Min 44 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Sunday 18 Mar 2018 03.59 PM

പരീക്ഷണങ്ങളുടെ പൂമരം

സിനിമ എന്ന മാധ്യമത്തെ, അല്ലെങ്കില്‍ അതിത്രനാളും പറഞ്ഞ കഥയുടെ കാഴ്ച എന്ന ശീലത്തെ ഒന്നു മറന്നുനോക്കിയിട്ടു വിലയിരുത്താന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടനയും കൗശലവും കരവിരുതും എബ്രിഡ് ഷൈന്റെ മൂന്നാം സിനിമ പൂമരത്തിനുണ്ട്. എന്നാല്‍ കണ്ടുശീലിച്ച സിനിമ കാണാന്‍ തിയറ്ററില്‍ പോകുന്ന ഒരാളെ തൃപ്തിപ്പെടുത്താന്‍ പോന്ന പലതും ഇല്ലതാനും. പൂമരം കഥയുടെ കാഴ്ചയല്ല, കാഴ്ചയുടെ കഥയാണ്.
uploads/news/2018/03/201556/6.jpg

ഒടുവില്‍ പൂമരം പൂത്തു. പൂത്തത് പുഷ്പജാലമോ പുതിയ കാഴ്ചയോ അതോ വെറും മായക്കാഴ്ചയോ എന്ന സംശയമാണു ബാക്കി.

സിനിമ എന്ന മാധ്യമത്തെ, അല്ലെങ്കില്‍ അതിത്രനാളും പറഞ്ഞ കഥയുടെ കാഴ്ച എന്ന ശീലത്തെ ഒന്നു മറന്നുനോക്കിയിട്ടു വിലയിരുത്താന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടനയും കൗശലവും കരവിരുതും എബ്രിഡ് ഷൈന്റെ മൂന്നാം സിനിമ പൂമരത്തിനുണ്ട്. എന്നാല്‍ കണ്ടുശീലിച്ച സിനിമ കാണാന്‍ തിയറ്ററില്‍ പോകുന്ന ഒരാളെ തൃപ്തിപ്പെടുത്താന്‍ പോന്ന പലതും ഇല്ലതാനും. പൂമരം കഥയുടെ കാഴ്ചയല്ല, കാഴ്ചയുടെ കഥയാണ്. ഒറ്റവരിയില്‍ പറഞ്ഞാല്‍ ഒരു സര്‍വകലാശാല യുവജനോത്സവത്തിന്റെ തല്‍സമയ വിവരണമാണ് സിനിമ. സര്‍വകലാശാല യുവജനോത്സവത്തെ അതിന്റെ എല്ലാ നിറത്തോടെയും ഗുണത്തോടെയും ചുറുചുറുക്കോടെയും പുന:സൃഷ്ടിക്കുന്നതില്‍ അമ്പരപ്പിക്കുന്ന വൈഭവം എബ്രിഡ് ഷൈന്‍ എന്ന ഹിറ്റ് സംവിധായകന്‍ പൂമരത്തിലൂടെ കാഴ്ചവയ്ക്കുന്നുണ്ട്. ഒരു കലോത്സവത്തിനിടയിലെവിടെയോ വച്ച കാമറ പോലെ, അല്ലെങ്കില്‍ ആ കലോത്സവപ്പറമ്പിലെവിടെയോ അലഞ്ഞുതിരിഞ്ഞുനടക്കുന്ന ആസ്വാദകനെപ്പോലെ, അല്ലെങ്കില്‍ ഒരു ടെലിവിഷന്‍ ഫുട്ടേജ് പോലെ അനുഭവപ്പെടുന്ന സിനിമ റിയലിസ്റ്റിക്കാണ്. ആ റിയലിസത്തിനപ്പുറം, വേദിയ്ക്കും വേദിയിലേക്കുള്ള വഴിക്കും മത്സരാര്‍ഥികളുടെ തയാറെടുപ്പുകള്‍ക്കും അപ്പുറം ജീവിതമില്ല സിനിമയില്‍. ഇടംപിടിച്ച ജീവിതക്കാഴ്ചകള്‍ക്ക് ജീവനുമില്ല.

തിരക്കഥാരഹിതമായ സിനിമയാണ് പൂമരം. 2016ലെ മഹാത്മാ സര്‍വകലാശാല(ഗാന്ധി ഒഴിവാക്കിയതാണ്) യുവജനോത്സവത്തില്‍ മഹാരാജാ കോളജും സെന്റ് ട്രീസായും( ഈ കോളജുകള്‍ ആ കോളജുകള്‍ തന്നെ) തമ്മില്‍ കാലങ്ങളായുള്ള മത്സരപ്പോരാട്ടമാണു സിനിമയുടെ പശ്ചാത്തലം. ഒരു വീഡിയോ ആല്‍ബം എന്ന പോലെയാണ് ചിത്രീകരണം. കോളജ് കലാ ജീവിതവുമായി, യുവജനോത്സവക്കാഴ്ചകളുമായി ബന്ധമുള്ളവര്‍ക്ക് എളുപ്പത്തില്‍ റിലേറ്റ് ചെയ്യാവുന്ന, ഒരോര്‍മക്കുളിര്‍ സമ്മാനിക്കുന്ന കാഴ്ചയാണ് എബ്രിഡ് ഷൈന്‍ ഒരുക്കുന്നത്. ഒരു കലോത്സവത്തെ യഥാതഥമായി ബിഗ്‌സ്‌ക്രീനില്‍ അണിയിച്ചൊരുക്കുക എന്നതാണ് ഷൈന്റെ ലക്ഷ്യമെങ്കില്‍ അതില്‍ നൂറുശതമാനം വിജയിച്ചിട്ടുണ്ട്. അതുപക്ഷേ ഒരു കലോത്സവ ഡോക്യൂമെന്ററിയായിപ്പോയി എന്ന തോന്നലിലാണ് സിനിമ എന്ന രീതിയിലുള്ള ആസ്വാദനം മുന്‍പു പറഞ്ഞതുപോലെ പ്രശ്‌നഭരിതവും പ്രയാസഭരിതവുമാകുന്നത്. 1983, ആക്ഷന്‍ ഹീറോ ബിജു -എന്നീ രണ്ടു വലിയ ഹിറ്റുകളാണ് ഫോട്ടോഗ്രഫര്‍ എന്ന നിലയില്‍ ശ്രദ്ധേയനായിരുന്ന എബ്രിഡ് ഷൈന്റെ മുന്‍സിനിമകള്‍. ഈ രണ്ടു സിനിമകള്‍ ജനപ്രിയമായ ഒരുപാടു ഘടകങ്ങള്‍ കൂട്ടിയിണക്കിയതായിരുന്നുവെങ്കിലും അവയുടെ ആഖ്യാനഘടന ശ്രദ്ധിക്കേണ്ടതാണ്. പരമ്പരാഗത ജനപ്രിയ സിനിമയുടെ ഫോര്‍മുലയില്‍ കാണുന്ന നായകവിജയമോ ഉദ്വേഗഭരിതമായ ക്‌ളൈമാക്‌സോ, നാടകീയതയോ ഒന്നുമില്ലാതെ, ക്രിക്കറ്റ് എന്ന കളിയെ മുന്‍നിര്‍ത്തി എഴുപതുകളിലെ യുവാക്കളുടെ നൊസ്റ്റാള്‍ജിയയെ പുന:സൃഷ്ടിച്ച, ഏറെക്കുറെ റിയലിസ്റ്റിക്കായ സന്ദര്‍ഭങ്ങളുടെ എന്നാല്‍ അതേസമയം തന്നെ സിനിമാറ്റിക്കായ വിഷ്വലുകളുടെ സമര്‍ഥമായ സന്നിവേശവും സങ്കലനവുമായിരുന്നു 1983.

uploads/news/2018/03/201556/5.jpg

ആക്ഷന്‍ ഹീറോ ബിജുവാകട്ടെ കേന്ദ്രീകൃതമായ പ്രമേയമില്ലാതെയുള്ള പരീക്ഷണമായിരുന്നു. ഒരു പോലീസ് ഇന്‍സ്‌പെക്ടറുടെ ഒരുമാസത്തെ ഔദ്യോഗിക, വ്യക്തി ജീവിതം എന്ന വീക്ഷണത്തില്‍നിന്നുകൊണ്ടു നര്‍മരസത്തിലൂന്നിനിന്നുകൊണ്ട് ഒരു പോലീസ് സ്‌റ്റോറി. 'ഹ്യൂമന്‍ ഇന്ററസ്റ്റിങ്' എന്ന ആംഗിള്‍ സിനിമയ്ക്കുണ്ട്. പോലീസിനെപ്പറ്റിയുള്ള വീരാരാധനയുള്ള പൊതുകാഴ്ചപ്പാടില്‍നിന്നുകൊണ്ടുതന്നെ ജനപ്രിയ സിനിമയിലെ പോലീസ് കഥ പറച്ചിലിനെ പൊളിച്ചെഴുതിയ ആ സിനിമ ശ്രദ്ധിക്കപ്പെട്ടു. തമ്മില്‍ ബന്ധമില്ലാത്ത സംഭവങ്ങള്‍ കൊണ്ട് ആദ്യാവസാന പൊരുത്തമുള്ള ഒരു നല്ല എന്റര്‍ടെയ്‌നര്‍ സൃഷ്ടിക്കാന്‍ ഷൈനു കഴിഞ്ഞിരുന്നു. അത് ജനപ്രിയ സിനിമയുടെ അസാധാരണമായ ക്രാഫ്ടുള്ള ഒരു സംവിധായകന്റെ മികവുകൊണ്ട് സംഭവിച്ചതാണെന്നു തര്‍ക്കമില്ല, ഷൈന്‍ സ്വീകരിച്ചിരിക്കുന്ന റിയലിസം എന്നു തോന്നുന്ന ആഖ്യാനശൈലി വളരെ കൗശലമുള്ളതാണെങ്കിലും. അത്തരത്തിലുള്ള ബിജു നല്‍കിയ കരുത്തിലാണ് കഥയോ തിരശീലയ്ക്കുള്ള കഥയോ ഇല്ലാതെ ഒരു ദൃശ്യപദ്ധതി മാത്രമുള്ള പൂമരം ഇത്ര വലിയ കാന്‍വാസില്‍, താരനിരകളുടെ പിന്തുണയില്ലാതെ, തന്റെ മാത്രം വഴിയിലൂടെ ഷൈന്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇവിടെയും ഷൈന്റെ ക്രാഫ്ട് വിജയിക്കുന്നുണ്ട്. പത്തുമിനിട്ടില്‍ കൂടുതല്‍ കണ്ടിരിക്കാന്‍ സാധ്യയില്ലാത്ത ഒരു വിഷ്വല്‍ ഡോക്യൂമെന്ററിയായിരിക്കും ഒരു സര്‍വകലാശാല കലോത്സവത്തിന്റേത്. അതിനെ 152 മിനിട്ടും സാകൂതത്തോടെ നോക്കിയിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മാജിക് ഷൈന്‍ ഒരുക്കിയ ഫ്രെയിമുകള്‍ക്കുണ്ട്.

ഇതുപൂര്‍ണമായും സംവിധായകന്റെ സിനിമയാണ്. വളരെ 'റാന്‍ഡം' എന്നുവിശേഷിപ്പിക്കേണ്ട പരസ്പരബന്ധിതമല്ലാത്ത ആയിരക്കണക്കിന് വിഷ്വലുകളെ തുടര്‍ച്ചയോടെ, മികവോടെ അവതരിപ്പിച്ച ആ വിഷ്വല്‍ സെന്‍സ് അംഗീകരിക്കേണ്ടതുണ്ട്. അതും നിറയെ പുതുമുഖങ്ങള്‍. അതേസമയം കഥാരഹിതമായ ആവിഷ്‌കാരപദ്ധതി. എന്നിട്ടും ലക്ഷ്യമിട്ട കാഴ്ച കാന്‍വാസില്‍ പകര്‍ത്തി. (അതു സ്വീകാര്യമാണോ എന്നതു വേറെ ചോദ്യം. ) ഏതാണ്ടൊരു ആള്‍ക്കൂട്ടമാണ് സിനിമയിലെ കഥാപാത്രങ്ങള്‍. ആ ആള്‍ക്കൂട്ടത്തിലെ മുഖ്യകഥാപാത്രങ്ങളിലൊന്നാണ് ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം. എന്നാല്‍ ഒരു താരപുത്രന്റെ ലോഞ്ചിങ്ങിന്റെ ലക്ഷണങ്ങളൊന്നുമില്ല. മൃദുഭാഷിയായ ഒരു കോളജ് യൂണിയന്‍ ചെയര്‍മാന്‍.(പാടി അഭിനയിക്കുന്നതിലെ കാളിദാസിന്റെ മികവ് ശ്രദ്ധിക്കേണ്ടതുണ്ട്. ഹിന്ദിയിലെ രണ്‍ബീര്‍ കപൂറിന്റെ റോക്ക്‌സ്റ്റാറിനെ ഓര്‍മിപ്പിക്കുന്നു) മാത്രമല്ല പ്രകടനപരമായും മുന്നില്‍നില്‍ക്കുന്നത് മുഖ്യവേഷങ്ങളിലൊന്നുചെയ്യുന്ന പെണ്‍കുട്ടിയാണ്. സെന്റ് ട്രീസാ കോളജിന്റെ ചെയര്‍പേഴ്‌സണ്‍ ഐറിനെ അവതരിപ്പിച്ച പുതുമുഖം നീത പിള്ള. വളരെയധികം എനര്‍ജറ്റിക്കായ, ആത്മവിശ്വാസത്തോടെ പെരുമാറുന്ന ഒരു കോളജ് വിദ്യാര്‍ഥിനിയെ വളരെ സ്വഭാവികവും ആകര്‍ഷകവുമായി അവതരിപ്പിച്ചിട്ടുണ്ട് ഈ എന്‍.ആര്‍.ഐ. പെണ്‍കുട്ടി. ഈ മുഖ്യകഥാപാത്രങ്ങള്‍ തമ്മില്‍ പരസ്പരം ഒന്നു മിണ്ടുന്നുപോലുമില്ല സിനിമയില്‍. ഒരു പ്രണയത്തിന്റെ സാധ്യത പോലും തിരയുന്നുമില്ല. ഒരു ക്യാമ്പസ് സിനിമയ്‌ക്കോ യുവജനോത്സവ സിനിമയ്‌ക്കോ വേണ്ട ഒന്നുംതന്നെ ഒരിടത്തും ഒളിച്ചും തെളിച്ചും കടത്താന്‍ സിനിമ ശ്രമിക്കുന്നുമില്ല. എങ്കിലും കാമ്പസിന്റെ സര്‍ഗാത്മകതയെ കലോത്സവത്തിന്റെ പശ്ചാത്തലത്തില്‍ കൊണ്ടുവരാന്‍ സിനിമ ശ്രമിക്കുന്നുണ്ട്.

uploads/news/2018/03/201556/4.jpg

നീണ്ടുപോകുന്ന നന്ദിപ്രകാശനത്തോടെയും ടൈറ്റില്‍ ക്രെഡിറ്റ് വിവരണത്തോടെയും തുടങ്ങുന്ന സിനിമയ്ക്ക് ആദ്യസീന്‍ മുതല്‍ അവസാനസീന്‍ വരെ ഒരു മന്ദതാളവുമുണ്ട്. ആ താളം മിക്കയിടത്തും ആസ്വാദ്യകരമാണ്. സര്‍വകലാശാല യുവജനോത്സവമാണ് പ്രതിപാദിക്കുന്നത് എന്ന് ആദ്യസീനിലേ വ്യക്തമാക്കുന്നുണ്ട്. മഹാരാജാ കോളജിലെ യൂണിയന്‍ ചെയര്‍മാനായ ഗൗതമന്‍ ശില്‍പിയായ പിതാവിനോട് കാലാന്തരങ്ങളിലുള്ള കലയോടുള്ള കാഴ്ചപ്പാടിനെപ്പറ്റി പറഞ്ഞുകൊണ്ട് അല്‍പം ഫിലോസഫിക്കല്‍ ഭാരത്തിലാണു തുടങ്ങുന്നത്. ( മൈക്കല്‍ ആഞ്ചലോയിലും ഡാവിഞ്ചിയിലും തുടങ്ങിയ ഈ ഭാരം ക്‌ളൈമാക്‌സിനോടടുക്കുമ്പോള്‍ പോലീസ് സ്‌റ്റേഷനിലെ ഹെന്റി തോറെയെക്കുറിച്ചുള്ള പരാമര്‍ശത്തിലെത്തുമ്പോള്‍ വെറും തത്വചിന്താ ജാഡയാകുന്നുണ്ട്, ഏറെക്കുറെ അസ്ഥാനത്തുള്ള പ്രയോഗം) അവിടെ നിന്ന് ഗൗതമന്‍ നേരിട്ട് കലോത്സവതയാറെടുപ്പകളിലേക്കു കടക്കുന്നു. മറുഭാഗത്ത് ഐറിന്‍ എന്ന ചെയര്‍പേഴ്‌സണ്‍ കിരീടം നിലനിര്‍ത്താന്‍ സംഘാംഗങ്ങളെ പ്രചോദിപ്പിക്കുന്നു.( ഐറിന്‍ ആയി എത്തുന്ന നീത പിള്ളയുടെ ഈ രംഗങ്ങളിലെ പ്രകടനം എടുത്തുപറയേണ്ടതാണ്). കേള്‍ക്കുമ്പോള്‍ വിരസമെന്നു തോന്നാമെങ്കിലും വളരെ എന്‍ഗേജിങ് ആയാണ് ഈ രംഗങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നാല്‍ ഇരുകൂട്ടരും കലോത്സവവേദിയിലേക്കെത്തുന്നതോടെ ആ ട്രാക്ക് മുറിയുന്നു. മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ മുതല്‍ റിസല്‍ട്ട് വരെയുള്ള സംഭവങ്ങളുടെ ദീര്‍ഘവിവരണവും ആവര്‍ത്തനവുമാണ് പിന്നീട്. തിരുവാതിര മുതല്‍ കഥാപ്രസംഗം വരെയുള്ള സ്‌റ്റേജ് മത്സരങ്ങള്‍ അഞ്ചുമിനിട്ട് വീതം കൊണ്ടുപോകുന്നു. ഈയൊരു 'കാന്‍ഡിഡ് കാമറ'ക്കാഴ്ചയില്‍(അഭിനയിക്കാത്ത ദൃശ്യങ്ങളെന്നു വായിക്കുക) സിനിമ എന്ന ഘടകം പൂമരത്തില്‍നിന്ന് എപ്പോഴോഅപ്രത്യക്ഷമാകുന്നു.

കൗതുകം കുറയുകയും വിരസത ഏറുകയും ചെയ്യുന്നു. ഒടുവില്‍ ഇതുമായി ഒരു ബന്ധവുമില്ലാത്ത ക്‌ളൈമാക്‌സിലേയ്‌ക്കെത്തി വീണ്ടും ആകര്‍ഷണീയമാക്കി പൂമരം അവസാനിക്കുന്നു. ക്‌ളൈമാക്‌സിലെ ബുദ്ധ ഇന്‍സ്റ്റലേഷന്‍ വളരെ ആകര്‍ഷണീയമാണ്. ഒരുപക്ഷേ ഗംഭീരമായ ഒരു ഷോര്‍ട്ട് ഫിലിമിന് പറ്റിയ തീം. ഒരു കാമ്പസ് സിനിമയായി പൂമരത്തെ വിലയിരുത്താന്‍ പറ്റില്ല. കാമ്പസിനകത്തെ സര്‍ഗാത്മകതയുമായും കാണാന്‍ പറ്റില്ല. കാമ്പസിനകത്തല്ല, പുറത്ത് യുവജനോത്സവവേദിയിലാണ് പൂമരം പടരുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രീയവും പ്രണയവും സംഘര്‍ഷവും ഉള്ള പതിവ് കാമ്പസ് സിനിമയ്ക്ക് ഇടമില്ല. പതിവു കാമ്പസ് കാഴ്ചകളെന്നല്ല, പതിവ് സിനിമാക്കാഴ്ചകളെല്ലാം അപ്രത്യക്ഷവുമാണ്. ആക്ഷന്‍ ഹീറോ ബിജുവിലേത് ഒരു പോലീസ് സ്‌റ്റേഷന്റെ ഉപരിപ്ലവമായ കാഴ്ചയാണെങ്കില്‍ ഇവിടെ ഒരു യൂത്ത്‌ഫെസ്റ്റിവലിലെ ആണെന്നു മാത്രം. എഡിറ്റിങ് ടേബിളില്‍ സൃഷ്ടിച്ചെടുത്ത സിനിമ എന്നുവേണം പൂമരത്തെ മനസിലാക്കിയെടുക്കാന്‍. എങ്കിലും വെട്ടിമാറ്റേണ്ട ദൃശ്യങ്ങളെ അതു തൊട്ടിട്ടുമില്ല. പ്രത്യേകിച്ച് ആക്ഷന്‍ ഹീറോ ബിജുവിന്റെ ആവര്‍ത്തനമായ പോലീസ് സ്‌റ്റേഷന്‍ കാഴ്ചകള്‍. ബിജുവില്‍ മനുഷ്യാവകാശപ്രവര്‍ത്തകരെ പരിഹസിച്ചതിനു കേട്ട വിമര്‍ശനങ്ങള്‍ കൊണ്ടാവണം അവരെ ഒന്നുകൂടി പരിഹസിക്കാന്‍ ചില രംഗങ്ങള്‍ ഏച്ചുകെട്ടിയിട്ടുണ്ട് പൂമരത്തില്‍. ( അതോ നിര്‍മാതാവിന്റെ കാമിയോ അപ്പിയറന്‍സിനോ?). ട്രാന്‍സ്‌ജെന്‍ഡറുകളെയും നൃത്തഅധ്യാപകരെയും ചിത്രീകരിച്ച് രീതിക്കും ഷൈന്‍ പഴി കേള്‍ക്കാന്‍ ഇടയുണ്ട്.

uploads/news/2018/03/201556/3.jpg

പാട്ടുകള്‍ സിനിമയിലെ ഏറ്റവും പ്രധാനഘടകമാണ്. ചിത്രീകരണം തുടങ്ങിയപ്പോഴേ ഏറെ ഹിറ്റായ ഞാനും ഞാനുമെന്റാളും എത്തിയപ്പോള്‍ അസ്ഥാനത്തായി. ഗോപീസുന്ദറിന്റെ ക്‌ളൈമാക്‌സ് പാട്ട് ഒരു പ്രത്യേക മൂഡ് സൃഷ്ടിക്കുന്നതാണ്. ജ്ഞാനം സുബ്രഹ്മണ്യത്തിന്റെ ക്യാമറയാണ് സിനിമയുടെ ശരീരം. സൗണ്ട് ഡിസൈന്‍, സിങ്ക് സൗണ്ട്, കലാസംവിധാനം എന്നുവേണ്ട സാങ്കേതികമേഖലകളിലും സിനിമ ഒന്നാംതരമാണ്.

ഒരു വരി ഇങ്ങനെ എഴുതണമെന്ന് ഒരു കവിയോടും ആവശ്യപ്പെടാനാവില്ല. ഒരു സിനിമ ഇങ്ങനെയേ എടുക്കാവൂ എന്ന് ഒരു സംവിധായകനോടും. എന്നാല്‍ അതുപോലെ തന്നെയാണ് ആസ്വാദകനോട് എങ്ങനെ ആസ്വദിക്കണമെന്ന് ആര്‍ക്കും നിര്‍ബന്ധിക്കാനാവില്ല എന്ന സത്യവും. എന്നാല്‍ സര്‍ഗാത്മകതയ്ക്കും ആസ്വാദനത്തിനുമിടയില്‍ ഒരു സന്തുലിതാവസ്ഥ സൃഷ്ടിക്കാത്ത എല്ലാ സൃഷ്ടികളും നിരാകരിക്കപ്പെട്ട ചരിത്രമേയുള്ളു. എങ്കിലും പൂമരങ്ങള്‍ പൂക്കട്ടെ, കാണുന്നവര്‍ കാണട്ടെ.

evshibu1@gmail.com

Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Sunday 18 Mar 2018 03.59 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW