Friday, June 14, 2019 Last Updated 4 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 18 Mar 2018 02.07 AM

തീയമ്പുപോലെ വാക്കുകള്‍

uploads/news/2018/03/201509/re6.jpg

എനിക്കു വളരെ പരിചയമുള്ള ഒരു യുവാവിന്റെ ഭാര്യ പെട്ടെന്ന്‌ മരിച്ചു. ഏഴു വയസും അതില്‍ താഴെയും പ്രായമുള്ള നാലു കുഞ്ഞുങ്ങളെ ഭര്‍ത്താവിന്റെ കരങ്ങളില്‍ ഏല്‍പ്പിച്ചിട്ടാണ്‌ ആ യുവതി കടന്നുപോയത്‌. ലൈന്‍ബസില്‍ ജോലിനോക്കുന്ന പിതാവ്‌ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ബുദ്ധിമുട്ടി. മറ്റുള്ളവരുടെ നിര്‍ബന്ധം ഏറിയപ്പോള്‍ ഇയാള്‍ പുനര്‍വിവാഹം ചെയ്‌തു. രണ്ടാം ഭാര്യ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ ഈ നാലുമക്കളെയും അവര്‍ക്ക്‌ ജനിച്ച കുഞ്ഞിനോടൊപ്പം വളര്‍ത്തി. നല്ല വിദ്യാഭ്യാസം നല്‍കി. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ആ ഗൃഹനാഥന്‍ ഒരു വാഹനാപകടത്തില്‍ മരിച്ചു. ദിവസങ്ങള്‍ കഴിഞ്ഞതോടെ ആ കുടുംബത്തിലെ അന്തരീക്ഷം പാടെ മാറി. അസൂയാലുക്കളായ ചില അയല്‍ക്കാര്‍ ഏഷണി കൊടുത്തതിന്റെ ഫലമായി മാതാവിനെ മൂത്തനാലു മക്കളും വെറുക്കാന്‍ തുടങ്ങി. അവരുടെ സ്‌ഥലവും വീടും ഈ അമ്മ വിട്ടുകൊടുക്കില്ല എന്നാണ്‌ അയല്‍പക്കക്കാര്‍ മക്കളെ പറഞ്ഞു ധരിപ്പിച്ചത്‌. അധികം താമസിയാതെ അവരെ വളര്‍ത്തി പ്രാപ്‌തരാക്കിയ മാതാവ്‌ ആ വസ്‌തുവിന്റെ കോണില്‍ ഒരു കുടിലുണ്ടാക്കി അവിടേക്ക്‌ മാറേണ്ടതായി വന്നു. ഇതുപോലുള്ള തെറ്റിദ്ധാരണയും അതിന്റെ അനന്തരഫലങ്ങളും ജീവിതം നശിപ്പിക്കുന്നതും നിരാശയുടെ പടുകുഴിയിലേക്ക്‌ തള്ളുന്നതുമാണ്‌.
ബൈബിളില്‍ ദാവീദിനോട്‌ ശൗലിന്‌ തോന്നിയ അസൂയ ഇങ്ങനെ എഴുതിയിരിക്കുന്നു: സ്‌ത്രീകള്‍ വാദ്യഘോഷത്തോടെ ഗാന-പ്രതിഗാനമായി ശൗല്‍ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു പാടി. ഈ വാക്ക്‌ അവന്‌ അനിഷ്‌ടമായി. അവര്‍ ദാവീദിന്‌ പതിനായിരം കൊടുത്തു; എനിക്ക്‌ ആയിരം മാത്രമേ തന്നുള്ളൂ; ഇനി രാജത്വമല്ലാതെ അവനു കിട്ടുവാന്‍ എന്തുണ്ടെന്ന്‌ അവന്‍ പറഞ്ഞു. അന്നു മുതല്‍ ശൗലിന്‌ ദാവീദിനോട്‌ കണ്ണുകടി തുടങ്ങി. ഇതാ ശൗല്‍ എന്നു പറയുന്നതായ ഇസ്രായേല്‍ രാജാവ്‌ പേടിച്ചരണ്ട്‌ വീട്ടില്‍ കയറി ഇരിക്കുകയാണ്‌. ശത്രുക്കള്‍വന്ന്‌ ഈ ആളെ വെല്ലുവിളിക്കുകയാ. വാടാ ഞാന്‍ നിന്നെ കാണിച്ചു തരാം എന്ന്‌. ആകപ്പാടെ ബഹളമാ. ഇയാള്‍ക്ക്‌ യുദ്ധം ചെയ്യുവാന്‍ ധൈര്യമില്ല.
ആ സമയത്താണ്‌ ബാലനായ ദാവീദ്‌ വന്ന്‌ രാജാവേ ഞാന്‍ ചെന്ന്‌ ആ മല്ലനോടു യുദ്ധം ചെയ്യാം എന്നു പറയുന്നത്‌. രാജാവിന്റെ അനുവാദം ദാവീദിനു കിട്ടുന്നു. ദാവീദ്‌ ചെന്ന്‌ യുദ്ധം ചെയ്‌ത് മല്ലനെ കൊല്ലുകയാണ്‌. അങ്ങനെ അവന്‍ ജയം വരിക്കുന്നു. അതിലൂടെ രാജ്യം സ്വാതന്ത്ര്യവും സമാധാനവും കൈവരിക്കുകയാണ്‌.
ഇതു കേട്ടമാത്രയില്‍ രാജ്യത്തിലെ സ്‌ത്രീകള്‍ സന്തോഷത്താല്‍ നിറഞ്ഞ്‌ പാട്ട്‌ ആരംഭിക്കുന്നു. ഇവര്‍ പറയുന്നത്‌: 'ശൗല്‍ ആയിരത്തെ കൊന്നു; ദാവീദോ പതിനായിരത്തെ കൊന്നു' എന്നാണ്‌. ഇതു കേട്ട ശൗല്‍ രാജാവ്‌ അസൂയും മനഃപ്രയാസവും കൊണ്ട്‌ നിറഞ്ഞ്‌ ദാവീദിനെ വീക്ഷിച്ചു.
ഇവിടെ ദാവീദിനെ ഇസ്രായേലിനു രാജാവായി ദൈവം തമ്പുരാന്‍ അഭിഷേകം ചെയ്‌തതാണ്‌. പ്രവാചകനായ ശമുവേല്‍ ദൈവത്തിന്റെ വചനപ്രകാരം ഭാവിയില്‍ രാജാവാകേണ്ട ഈ ദാവീദിനെ അഭിഷേകം ചെയ്‌തിരിക്കയാണ്‌. എന്നാല്‍ ശൗല്‍ ദൈവത്തോട്‌ അനുസരണക്കേട്‌ കാണിച്ചു എന്നു മാത്രമല്ല ദൈവത്തിന്റെ സാന്നിധ്യം നഷ്‌ടപ്പെടുത്തി മുമ്പോട്ട്‌ നീങ്ങുന്നു. പക്ഷെ ദാവീദ്‌ ചെയ്യേണ്ടത്‌ അവന്‍ ചെയ്‌തു- സഹായിച്ചു, സ്‌നേഹിച്ചു തന്റെ ജനത്തെയും രാജാവിനെയും അവന്‍ സ്‌നേഹിച്ചു അവന്റെ ജീവിതം തന്നെ അവന്‍ ഏല്‍പിച്ചുകൊടുത്തു.
നിസ്വാര്‍ത്ഥമായി തന്റെ ജീവിതം മറ്റുള്ളവരുടെ നന്മയ്‌ക്കുവേണ്ടി ദാവീദ്‌ ഏല്‍പ്പിച്ചു കൊടുത്തു. എന്നാല്‍ അവനു കിട്ടിയത്‌ മുഴുവന്‍ തെറ്റിദ്ധാരണയാണ്‌.
നിങ്ങള്‍ക്ക്‌ ഇതുപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ? നിങ്ങളുടെ വീടിനെ, മക്കളെ, അയല്‍പക്കക്കാരെ, ബന്ധുക്കളെ നിങ്ങള്‍ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചു. നിങ്ങളുടെ സമയവും പണവും അതിനുവേണ്ടി ചെലവഴിച്ചു. നിങ്ങള്‍ക്കു അവസാനം ലഭിക്കുന്നതോ തെറ്റിദ്ധാരണ. ഇതു നമ്മളെ പഠിപ്പിക്കുന്നത്‌ നാം തെറ്റിദ്ധരിക്കപ്പെടുമ്പോള്‍ ഒന്നും ചെയ്യുവാന്‍ കഴിയാതെ, എന്തു പറഞ്ഞാലും വേദന ഉണ്ടാകത്തക്കവണ്ണം നിസ്സഹായവസ്‌ഥയില്‍ നാം എത്തിച്ചേരുന്നു എന്നാണ്‌. നാം തെറ്റിദ്ധരിക്കപ്പെടുവാന്‍ സ്വയം രക്ഷ പ്രാപിക്കാന്‍ കഴിയാതെ ഏകനായി വേദന അംഗീകരിക്കേണ്ട, അനുഭവിക്കേണ്ട ഒരു സാഹചര്യത്തില്‍ നാം എത്തിച്ചേരുന്നു.
ഈ കാരണത്താലാണ്‌ ദാവീദ്‌ സങ്കീര്‍ത്തനങ്ങളില്‍ യഹോവേ എന്റെ ദൈവമേ എന്റെ അവസ്‌ഥയെ നീ അറിയേണമേ; ശത്രുവിന്റെ കരങ്ങളില്‍ നിന്നും എന്നെ വിടുവിക്കേണമേ; തീയമ്പുപോലെ അവരുടെ വാക്കുകള്‍ എന്റെ നേരെ അയയ്‌ക്കുന്നു; നിരപരാധിയായ എന്നെ അവര്‍ വേട്ടയാടുന്നു; എന്റെ ദൈവമേ നീ എന്നെ സഹായിക്കേണമേ എന്നു നിലവിളിച്ചു പറയുന്നത്‌.
നിങ്ങള്‍ ഇന്നു തെറ്റിദ്ധരിക്കപ്പെട്ട വ്യക്‌തി ആണോ? അച്ചന്‍, ഓഫീസില്‍ ജോലിചെയ്യുന്ന സ്‌നേഹിതന്‍, ഡോക്‌ടര്‍, നേഴ്‌സ് എന്നിങ്ങനെ നിങ്ങള്‍ ഏതു തുറയില്‍ ജീവിക്കുന്ന വ്യക്‌തി ആയിരുന്നാലും ചെയ്‌തതും പറഞ്ഞതുമായ കാര്യങ്ങള്‍ കേട്ടും ശ്രദ്ധിച്ചും ആളുകള്‍ നിങ്ങളെ തെറ്റിദ്ധരിച്ചിട്ടുണ്ടോ?
എങ്കില്‍ ദാവീദിനെപ്പോലെ ദൈവസന്നിധിയില്‍ കടന്നുവന്ന്‌ നിങ്ങളുടെ ഹൃദയത്തിന്റെ അവസ്‌ഥയെ ദൈവത്തോട്‌ പങ്കിടുക. ആദി മുതല്‍ അന്ത്യം വരെ ഒന്നുമില്ലായ്‌മയില്‍ നിന്നും സകലത്തെയും ഉളവാക്കാന്‍ കഴിയുന്ന ദൈവം, ശത്രുവിനെ മിത്രമാക്കാന്‍ കഴിയുന്ന ദൈവം നിങ്ങളെ സഹായിക്കും.

Ads by Google
Sunday 18 Mar 2018 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW