Saturday, February 09, 2019 Last Updated 3 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 17 Mar 2018 03.48 PM

ഗര്‍ഭകാലം സുന്ദരമാക്കാം....

uploads/news/2018/03/201291/pregncyhiltips170318.jpg

ഗര്‍ഭിണിയാകുന്നതോടെ ശരീരത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും സംശയത്തോടെയാണ് പെണ്‍കുട്ടികള്‍ നോക്കിക്കാണുന്നത്. നിസാരകാര്യങ്ങള്‍ക്കുപോലും ഡോക്ടറുടെ അടുത്തേക്കോടുന്നവരാണ് അധികവും. സംശയങ്ങളും പേടിയും ഒഴിവാക്കി ഗര്‍ഭകാലം ആസ്വദിക്കാം. ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കേണ്ട 55 കാര്യങ്ങളിതാ...

1. 280 ദിവസമാണ് ഗര്‍ഭകാലം. മാസമുറ കൃത്യമായി വരുന്നവരില്‍ അവസാന മാസമുറ തുടങ്ങിയ തീയതി മുതല്‍ 9 മാസവും 7 ദിവസവും കൂട്ടിയാല്‍ പ്രസവത്തീയതി ലഭിക്കും.

2. ഗര്‍ഭിണി ഏതെങ്കിലും അസുഖത്തിന് മരുന്നുകള്‍ കഴിക്കുന്നയാളോ പുകവലിക്കുന്ന ശീലമുള്ളയാളോ അംഗവൈകല്യം, ബുദ്ധിമാന്ദ്യം, തുടങ്ങിയ കുടുംബ ചരിത്രമുളളവരോ ആണെങ്കില്‍ അക്കാര്യം തുടക്കത്തില്‍ത്തന്നെ ഡോക്ടറെ അറിയിക്കേണ്ടതാണ്.

3. ഭൂരിഭാഗം സ്ത്രീകളിലും ഗര്‍ഭകാലത്ത് ഓക്കാനവും ഛര്‍ദിയും കണ്ടുവരുന്നുണ്ട്. ഗ്യാസ്ട്രബിള്‍, എരിച്ചില്‍, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ടാവാറുണ്ട്. ഇക്കാര്യത്തില്‍ ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിച്ച് ഭക്ഷണത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. ധാരാളം വെള്ളം കുടിക്കുന്നതും പതിവാക്കുക.

4. അനിയന്ത്രിതമായ ഛര്‍ദ്ദി ശമിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. അതുപോലെ ആഹാരം ഒന്നിച്ച് കഴിക്കാതെ പല തവണയായി കഴിക്കുന്നതാണ് ഉത്തമം.

5. കുഞ്ഞ് വളരുന്നതിന് അനുസരിച്ച് വയറിന്റെ വലുപ്പവും കൂടിവരും. അതിനാല്‍ അയഞ്ഞ വസ്ത്രങ്ങള്‍ വേണം ധരിക്കാന്‍.

6. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതും രണ്ടു നേരം കുളിക്കുന്നതും വിയര്‍പ്പില്‍ നിന്ന് മോചനം നല്‍കും.

7. ടെറ്റനസ് അണു ബാധയുണ്ടാകാതിരിക്കാന്‍ 2 കുത്തിവയ്പ്പുകള്‍ 46 ആഴ്ച ഇടവിട്ട് എടുക്കേണ്ടതാണ്.

8. ആദ്യത്തെ 12 ആഴ്ച ഫോളിക് ആസിഡ് ഗുളിക കഴിക്കേണ്ടത് അത്യാവശ്യമാണ്.

9. 18, 20 ആഴ്ചയിലാണ് അംഗവൈകല്യങ്ങള്‍ ഉണ്ടോ എന്നറിയാനുള്ള സ്‌കാന്‍ ചെയ്യുന്നത്.

10. ഭൂരിഭാഗം സ്ത്രീകളിലും ഗര്‍ഭിണിയായി ആദ്യ ഘട്ടങ്ങളില്‍ ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടാകാം, ആദ്യത്തെ രണ്ട് മാസം കഴിയുമ്പോള്‍ ഓക്കാനവും ഛര്‍ദ്ദിയും കുറഞ്ഞുതുടങ്ങും. ആ സമയത്ത് അയണ്‍, കാത്സ്യം, വൈറ്റമിന്‍ ഗുളികകള്‍ കഴിച്ചുതുടങ്ങാം.

11. പ്രസവകാലത്ത് 10 മുതല്‍ 12 കിലോഗ്രാം ഭാരം അമ്മയ്ക്കു കൂടുന്നു. ശരീരത്തിന്റെ തൂക്കം അമിതമായി വര്‍ദ്ധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശരീരഭാരം അമിതമായി കൂടിയാല്‍ പ്രസവശേഷം തടി കുറയ്ക്കാന്‍ ബുദ്ധിമുട്ടായിരിക്കും.

12. ആഴ്ചയാകുമ്പോള്‍ ഗര്‍ഭസമയത്തുണ്ടാകുന്ന പ്രമേഹം ഉണ്ടോ എന്നറിയാനുള്ള പരിശോധന നടത്തുന്നു. രക്തത്തില്‍ ഗ്‌ളൂക്കോസിന്റെ അളവു കൂടുതലാണെങ്കില്‍ ആഹാരക്രമീകരണം, വ്യായാമം ഇവയിലൂടെ ഇത് നിയന്ത്രിക്കാവുന്നതാണ്. എന്നിട്ടും ഗ്‌ളൂക്കോസിന്റെ അളവ് കുറഞ്ഞില്ലെങ്കില്‍ ഇന്‍സുലിന്‍ എടുക്കേണ്ടിവരും. അങ്ങനെ ചെയ്തില്ലെങ്കില്‍ കുഞ്ഞിന് അമിത ശരീര വളര്‍ച്ച, ജനനശേഷമുള്ള ശ്വാസതടസ്സം, ഫിറ്റ്‌സ്, മഞ്ഞപ്പിത്തം ഇവയൊക്കെ ഉണ്ടാവാനിടയുണ്ട്.

13. അടിക്കടി മൂത്രമൊഴിക്കുന്നത് ഗര്‍ഭകാലത്തിന്റെ പ്രത്യേകതയാണ്. ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. എപ്പോഴും മൂത്രമൊഴിക്കാന്‍ തോന്നും എന്നുകരുതി വെള്ളം കുടിക്കുന്നത് കുറയ്ക്കരുത്.

14. രണ്ടാംമാസമാകുമ്പോള്‍ മൂത്രമൊഴിക്കുന്ന ഇടവേളകള്‍ കുറഞ്ഞുവരും. ഒരു ദിവസം 16 മുതല്‍ 18 ഗ്ലാസ് വെള്ളംവരെ കുടിക്കണം.

15. ശരീരത്തിന് ആയാസമുണ്ടാക്കുന്ന യാത്രകള്‍ പരമാവധി ഒഴിവാക്കേണ്ടതാണ്. ഓട്ടോറിക്ഷയിലും സ്‌കൂട്ടറിലുമുള്ള യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.

16. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞാല്‍ ആദ്യത്തെ മൂന്നു മാസവും അവസാന മാസവും ശാരീരിക ബന്ധം ഒഴിവാക്കണം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതുമൂലം രോഗസംക്രമണം നടക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇങ്ങനെ പറയുന്നത്.

uploads/news/2018/03/201291/pregncyhiltips170318a.jpg

17. പുറത്തുനിന്നും ഭക്ഷണങ്ങള്‍ വാങ്ങി കഴിക്കുന്ന ശീലം പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടതാണ്.

18. ഗര്‍ഭകാലത്ത് മലബന്ധം ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ മലബന്ധം കൂടുതലായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ വിവരം ഡോക്ടറെ ധരിപ്പിക്കേണ്ടതാണ്.

19. നെഞ്ചെരിച്ചില്‍ ഒഴിവാക്കുന്നതിന് രാത്രി ഭക്ഷണം നേരത്തെയാക്കുകയും അച്ചാറുകളും മറ്റും ഒഴിവാക്കുകയുംവേണം.

20. ഗ്യാസ്ട്രബിള്‍ ഉള്ളവര്‍ ഗ്യാസ് ഉണ്ടാകാന്‍ സാധ്യതയുള്ള ഭക്ഷണ സാധനങ്ങള്‍ കഴിക്കരുത്. വയറില്‍ ഗ്യാസ്‌കെട്ടിനിന്നാല്‍ ഛര്‍ദിയും വയറു വേദനയുമുണ്ടാകും.

21. മധുര പലഹാരങ്ങള്‍ കഴിക്കുന്നശീലം ഗര്‍ഭകാലത്ത് കുറച്ചുകൊണ്ടുവരേണ്ടതാണ്.

22. സ്തനങ്ങളുടെ മാറ്റങ്ങള്‍ രണ്ടാം മാസം മുതല്‍ വ്യക്തമായിത്തുടങ്ങും. സ്തനങ്ങള്‍ തടിച്ചു തുടങ്ങുകയും ചെറിയ തോതില്‍ വേദന അനുഭവപ്പെടുകയും ചെയ്യും. സ്തനത്തില്‍ നേരിയ സ്പര്‍ശം പോലും ചില സ്ത്രീകളില്‍ വേദനയുണ്ടാക്കും.

23. മുലക്കണ്ണുകള്‍ക്കു ചുറ്റുമുള്ള കറുത്ത നിറത്തിലുള്ള വൃത്തം കൂടുതല്‍ ഇരുണ്ട നിറമാവുകയും ചര്‍മം കൂടുതല്‍ മാര്‍ദവമേറിയതാവുകയും ചെയ്യുന്നു. തുടര്‍ന്ന് മുലക്കണ്ണുകള്‍ക്കു ചുറ്റും ചെറിയ കുരുക്കള്‍ രൂപപ്പെടുന്നു.

24. അവസാന ഘട്ടങ്ങളിലെത്തുമ്പോള്‍ സ്തനങ്ങളിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിക്കുന്നതിനാല്‍ നീലഞരമ്പുകള്‍ തെളിഞ്ഞുവരുന്നു. കുഞ്ഞിന് മുലയൂട്ടുന്നതിന് അമ്മയുടെ സ്തനങ്ങള്‍ പാകമാകുന്നതിന്റെ ലക്ഷണമാണിത്.

25. ഗര്‍ഭിണികള്‍ ഹീലുള്ള ചെരുപ്പ് ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. ഹീല്‍ ചെരുപ്പിന്റെ ഉപയോഗം പ്രസവശേഷം വിട്ടുമാറാത്ത നടുവേദനയ്ക്കും കാരണമായേക്കാം.

26. ഗര്‍ഭകാലത്ത് രക്തവും മൂത്രവും പരിശോധിച്ച് ഗര്‍ഭിണിയുടെ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ്, പഞ്ചസാരയുടെ അളവ് എന്നിവ സാധാരണ നിലയിലാണോ എന്നും മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളില്ലെന്നും സ്ഥിതീകരിക്കണം.

27. ചില സ്ത്രീകളില്‍ ഗര്‍ഭകാലത്ത് മൂക്കില്‍ നിന്നും വെള്ളം ഒലിക്കുന്നതായി കാണാറുണ്ട്. ഇത് മൂന്നു മാസം കഴിയുന്നതോടെ തനിയേ മാറും.

28. ഓഫീസ് ജോലി ചെയ്യുന്നവര്‍ ദീര്‍ഘനേരം ഒരേയിരുപ്പിരുന്ന് ജോലി ചെയ്യരുത്. ഒരു മണിക്കൂര്‍ ഇടവിട്ട് അല്‍പം നടക്കുന്നത് ഉത്തമമാണ്.

29. ഭാരമുള്ള വസ്തുക്കള്‍ എടുക്കുക, വെള്ളം കോരുക തുടങ്ങിയ ജോലികള്‍ ചെയ്യുന്നതില്‍ നിന്നും വിട്ടു നില്‍ക്കുക. അതുപോലെ കുനിഞ്ഞു നിന്നുള്ള ജോലികള്‍ ചെയ്യരുത്.

30. വിശ്രമിക്കുമ്പോള്‍ കാലുകള്‍ ഉയര്‍ത്തി വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കസേരയില്‍ ഇരിക്കുമ്പോള്‍ മുന്നില്‍ ഒരു ചെറിയ സ്റ്റൂളോ മറ്റോ വച്ച് കാലുകള്‍ അതിനുമുകളില്‍ വയ്ക്കാവുന്നതാണ്. കാലുകള്‍ തൂക്കിയിട്ട് ഇരിക്കരുത്.

31. കട്ടിലില്‍ നിന്നും മറ്റും പെട്ടെന്ന് ചാടി എഴുന്നേല്‍ക്കാതിരിക്കുക. അങ്ങനെ എഴുന്നേല്‍ക്കുമ്പോള്‍ വയറിന് ആയാസമുണ്ടാവുകയും കുഞ്ഞിന് അത് ദോഷം ചെയ്യുകയും ചെയ്യും. അതിനാല്‍ സാവകാശം സമയമെടുത്ത് വേണം എഴുന്നേല്‍ക്കാന്‍. ആദ്യം കൈ കുത്തി പിന്നീട് ചരിഞ്ഞു എഴുന്നേല്‍ക്കുക.

32. ഗര്‍ഭിണി ഉറക്കളയ്ക്കുന്നത് ഒഴിവാക്കണം. ഉറങ്ങാതിരിക്കുന്നത് ശരീരത്തിന് ക്ഷീണം ഉണ്ടാകുന്നതോടൊപ്പം കുഞ്ഞിന്റെ ആരോഗ്യത്തേയും ബാധിക്കും.

33. ഗര്‍ഭിണിയായിരിക്കുമ്പോള്‍ വയറിലെ ചര്‍മ്മം വലിയുന്നതുകൊണ്ട് പ്രസവശേഷം വയറില്‍ വെളുത്തനിറത്തിലുള്ള വരകള്‍ ഉണ്ടാവാനിടയുണ്ട്. എണ്ണ ചെറുതായി ചൂടാക്കി പതിവായി തേക്കുന്നത് ഇത്തരത്തിലുണ്ടാകുന്ന വരകളുടെ നിറം മങ്ങാന്‍ സഹായിക്കും.

34. ഗര്‍ഭിണികള്‍ നടത്തം ഒരു ശീലമാക്കുക. രാവിലെയും വൈകിട്ടും മുറ്റത്ത് അല്‍പനേരം നടക്കുന്നത് ശരീരത്തിന് നല്ല വ്യായാമമാണ്. ശരീരത്തിലെ മുഴുവന്‍ മസിലുകളും ആരോഗ്യത്തോടെയിരിക്കാന്‍ ഇത് സഹായിക്കും.

35. ഗര്‍ഭാവസ്ഥയില്‍ മോണയില്‍ ചെറിയ തോതില്‍ രക്തം പൊടിയാന്‍ സാധ്യതയുണ്ട്. അങ്ങനെവന്നാല്‍ ഭയപ്പെടേണ്ടതില്ല. പക്ഷേ രക്തസ്രാവം അമിതമാണെങ്കില്‍ ഡോക്ടറുടെ സേവനം തേടണം.

36. ഗര്‍ഭകാലത്തുണ്ടാവുന്ന ചെറിയ രോഗങ്ങള്‍ക്കെല്ലാം മരുന്നു കഴിക്കുന്ന ശീലം നന്നല്ല. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മരുന്നുകഴിക്കാന്‍ ശ്രദ്ധിക്കുക.

37. ഗര്‍ഭകാലത്ത് ചിലരില്‍ മുടികൊഴിച്ചില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതില്‍ ആശങ്കപ്പെടാനില്ല.

38. ഗര്‍ഭിണിയായി ആറാം മാസവും ഗര്‍ഭസ്ഥശിശുവിന് ചലനം അനുഭവപ്പെടുന്നില്ലെങ്കില്‍ ഡോക്ടറെ വിവരം ധരിപ്പിക്കേണ്ടതാണ്.

39. ഗര്‍ഭകാലത്ത് ഉറക്കമില്ലായ്മ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. അങ്ങനെയുള്ളവര്‍ കിടക്കുമ്പോള്‍ വയറിനുതാഴെ തലയിണ വച്ചു കിടന്നു നോക്കുക. അല്ലെങ്കില്‍ കാലുകള്‍ക്കിടയില്‍ തലയിണ വച്ചുകിടന്നും നോക്കാം. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്.

uploads/news/2018/03/201291/pregncyhiltips170318c.jpg

40. ഗര്‍ഭകാലത്ത് ദന്ത രോഗങ്ങള്‍ കൂടുതലായി കണ്ടു വരുന്നു. അതിനാല്‍ പല്ല് വൃത്തിയായി സൂക്ഷിക്കുക. ഗര്‍ഭിണി ദിവസവും രാവിലെ പല്ലു തേയ്ക്കണം. രാത്രി ഭക്ഷണത്തിനു ശേഷവും പല്ലുതേയ്ക്കണം.

41. ആറാം മാസത്തിലും യോനിയില്‍ നിന്നും രക്തസ്രാവം ഉണ്ടാകുന്നുവെങ്കില്‍ ഡോക്ടറെ സമീപിക്കണം. പ്ലാസന്റെയുടെ തകരാറും അണുബാധയുമൊക്കെ രക്തസ്രാവത്തിന് കാരണമാകാം

42. കൂടുതല്‍ വായു സഞ്ചാരമുള്ള മുറി ഗര്‍ഭിണിക്ക് നല്‍കുക. അടച്ചുമൂടിയ മുറി ഗര്‍ഭിണി ഉപയോഗിക്കരുത്.

43. ഗര്‍ഭിണികള്‍ അധികം ഉയരമില്ലാത്ത കട്ടില്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. കട്ടിലില്‍ ഇരുന്നാല്‍ കാല്‍ തറയില്‍ ചവിട്ടാന്‍ കഴിയണം.

44. യോനി ഭാഗം വൃത്തിയായി സൂക്ഷിക്കണം. കോട്ടണ്‍ അടിവസ്ത്രങ്ങള്‍ വേണം ഉപയോഗിക്കാന്‍. യോനീഭാഗം ഷേവ് ചെയ്യുന്നത് യോനീ സ്രവവും മറ്റും കെട്ടിക്കിടന്ന് ദുര്‍ഗന്ധമുണ്ടാകാതിരിക്കാന്‍ സഹായിക്കും.

45. ഗര്‍ഭിണികള്‍ക്ക് പുറംവേദന അനുഭവപ്പെടാം. ഇതിനായി ചെറുചൂടില്‍ പുറത്ത് ആവി പിടിക്കുന്നത് നല്ലതാണ്.

46. മനസിന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ചെയ്യുകയും കേള്‍ക്കുകയും വേണം. നല്ല പുസ്തകങ്ങള്‍ വായിക്കുന്നതും മനസിന് സന്തോഷം നല്‍കും.

47. കാല്‍സ്യം കൂടുതല്‍ കിട്ടുന്ന ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണം.

48. ചിലസമയത്ത് അടിവയറില്‍ കടുത്ത വേദന അനുഭവപ്പെടാം. ഇത് പ്രസവ വേദനയാണെന്ന് തെറ്റിദ്ധരിച്ച് ആശുപത്രിയിലേക്ക് ഓടേണ്ടതില്ല. ഗര്‍ഭപാത്രത്തിന് പെട്ടെന്നുണ്ടാകുന്ന സങ്കോചവികാസമാണ് ഇത്തരം വേദനയായി മാറുന്നത്. ഈ വേദന അല്‍പസമയത്തിനുള്ളില്‍ മാറും.ഡോക്ടറെ

49. ഒന്‍പതാം മാസത്തില്‍ ഉറക്കക്കുറവ് അനുഭവപ്പെടുന്നത് സാധാരണമാണ്്. ഉറക്കം ലഭിക്കുന്നതിനായി ചിലര്‍ ഉറക്കഗുളികകള്‍ കഴിക്കാറുണ്ട്. അങ്ങനെചെയ്യുന്നത് ദോഷമുണ്ടാക്കും.

50. ഗര്‍ഭാവസ്ഥയുടെ അവസാന നാളുകളില്‍ കാലില്‍ നീരുവരുന്നത് സാധാരണമാണ്. നീരുവരുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദം കൊണ്ടാണെങ്കില്‍ ഉടനേ ഡോക്ടറെ കാണിക്കണം.

51. ഗര്‍ഭിണികള്‍ പോഷകസമൃദ്ധവും സമീകൃതവുമായ ഭക്ഷണം കഴിക്കേണ്ടതാണ്. ഈ സമയത്ത് കൂടുതല്‍ പ്രോട്ടീന്‍ ആവശ്യമാണ്. ദിവസം രണ്ടുഗ്ലാസ് പാലെങ്കിലും കുടിക്കുക. അതുപോലെ മീന്‍, മുട്ട, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവ ധാരാളം കഴിക്കണം.

52. സാധാരണയായി ആദ്യത്തെ 28 ആഴ്ച വരെ മാസംതോറും ചെക്കപ്പ് വേണം. അതു കഴിഞ്ഞ് 36 ആഴ്ചവരെ രണ്ടാഴ്ചയിലൊരിക്കല്‍. ഇതിനുശേഷം ആഴ്ചയിലൊരിക്കല്‍ ഡോക്ടറെ കണ്ടാല്‍ മതി.

53. രക്തസ്രാവം, തലവേദന, കാഴ്ച മങ്ങല്‍, മൂത്രക്കുറവ്, കാലിലെ അമിതമായ നീര്‍ക്കെട്ട് , വയറുവേദന, കുട്ടിയുടെ അനക്കം കുറയുക, മൂത്രത്തില്‍ പഴുപ്പ്, നേരത്തെ വെള്ളം പൊട്ടിപോകുക തുടങ്ങിയ അവസ്ഥകള്‍ ഉണ്ടായാലും ഉടന്‍തന്നെ ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിക്കേണ്ടതാണ്.

54. ഗര്‍ഭകാലത്ത് വ്യായാമം ചെയ്യുന്നതുകൊണ്ടും പല പ്രയോജനങ്ങളുണ്ട്. വ്യായാമം ചെയ്യുന്നതിലൂടെ സിസേറിയന്റെ തോതു കുറയ്ക്കാ ന്‍ സാധിക്കുന്നു.

55. ഗര്‍ഭിണിയായി രണ്ടാംമാസം മുതല്‍ ചിലരില്‍ മസിലുകള്‍ക്ക് വലിച്ചിലും പിടുത്തവും വരാറുണ്ട്. കാല്‍സ്യം ഗുളികകള്‍ കഴിച്ചാല്‍ ഇതൊരു പരിധിവരെ മാറും.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW