Sunday, September 09, 2018 Last Updated 26 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 16 Mar 2018 04.47 PM

വൈറ്റമിന്‍ ബി 3 യുടെ ഗുണങ്ങളും പ്രവര്‍ത്തനങ്ങളും

''ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്ന വൈറ്റമിനാണ് ബി 3. നയാസിന്‍ എന്നറിയപ്പെടുന്ന വൈറ്റമിന്‍ ബി 3 ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നു''
uploads/news/2018/03/200994/helthnewsvitmin3160318.jpg

ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് വൈറ്റമിനുകള്‍ കൂടിയേ തീരൂ. ശരീരത്തിനാവശ്യമായ ഓരോ വൈറ്റമിനുകളുടെയും ഗുണങ്ങള്‍ വ്യത്യസ്തമായിരിക്കും. ഓരോ വൈറ്റമിനുകളും നല്‍കുന്ന ഗുണങ്ങള്‍ക്കൊപ്പം വൈറ്റമിനുകളുടെ അഭാവം മൂലമുണ്ടാകുന്ന രോഗസാധ്യതകളെക്കുറിച്ചും തിരിച്ചറിയേണ്ടതാണ്.

ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്ന വൈറ്റമിനാണ് ബി3. നയാസിന്‍ എന്നറിയപ്പെടുന്ന വൈറ്റമിന്‍ ബി 3 ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നു.

ചര്‍മ്മം, ദഹനം, മാനസികാരോഗ്യം തുടങ്ങി ശരീരത്തിലെ ഇരുനൂറോളം എന്‍സൈമുകളുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നത് വൈറ്റമിന്‍ ബി 3 ആണ്. വൈറ്റമിന്‍ ബി കോംപ്ലക്‌സ് എന്ന് അറിയപ്പെടുന്നവയിലെ ഒരു പ്രധാന അംഗമാണ് വൈറ്റമിന്‍ ബി 3 അഥവാ നയാസിന്‍.

ഇതില്‍ അടങ്ങിയിരിക്കുന്ന പദാര്‍ഥങ്ങള്‍ ഉള്‍പ്പെടുത്തി നിക്കോട്ടിനാമൈഡ് എന്നും നിയാസിനാമെഡ് എന്നും നിക്കോട്ടിനിക്ക് ആസിഡ് എന്നും ബി 3 യെ നാമകരണം ചെയ്തിരിക്കുന്നു.

വൈറ്റമിന്‍ ബി 3 യുടെ ഗുണങ്ങള്‍


നാം കഴിക്കുന്ന ഭക്ഷണത്തെ ഉപാപചയ പ്രവര്‍ത്തനങ്ങളിലൂടെ ഗ്ലൂക്കോസ് ആക്കി മാറ്റി ഊര്‍ജം ഉത്പാദിപ്പിക്കുന്നതിനു ബി 3 വളരെയധികം സഹായിക്കുന്നുണ്ട്. എച്ച്ഡിഎല്‍ കൊളസ്‌ട്രോളിനെ ഉത്പാദിപ്പിക്കുകയും അവയെ നിലനിര്‍ത്തി ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നതും വൈറ്റമിന്‍ ബി 3 ആണ്.

കൂടാതെ നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നതിലൂടെയും ചുവന്ന രക്താണുക്കളുടെ പ്രവര്‍ത്തന ക്ഷമതയെ വര്‍ധിപ്പിക്കുന്നതിലൂടെയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും വൈറ്റമിന്‍ ബി 3 ലൂടെ സാധിക്കും. ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍, ടെസ്‌റ്റോസ്റ്റിറോണ്‍, ഇന്‍സുലിന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ ഉത്പാദനത്തിന് സഹായിക്കുന്നതും വൈറ്റമിന്‍ ബി3 തന്നെ.

എന്‍എഡി, എന്‍എഡിപി എന്നീ കോ - എന്‍സൈമുകളായിട്ടാണ് ശരീരത്തിലെ പല പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളിലും വൈറ്റമിന്‍ ബി 3 ഭാഗമാകുന്നത്. അതോടൊപ്പം ആമാശയ ഗ്രന്ഥികളുടെ ഉത്പാദനത്തെ വര്‍ധിപ്പിക്കുന്നതിനും ഈ വൈറ്റമിന്‍ സഹായിക്കുന്നു.

ഇപ്രകാരം വലുതും ചെറുതുമായ പല ഗുണങ്ങളും ശരീരത്തിന് പ്രദാനം ചെയ്യുന്ന ഒന്നാണ് വൈറ്റമിന്‍ ബി 3. നയാസിന്‍ കുട്ടികളില്‍ 8 മുതല്‍ 13 മില്ലി ഗ്രാം വരെയും മുതിര്‍ന്നവരില്‍ 14 മുതല്‍ 18 മില്ലി ഗ്രാം വരെയുമാണ് ഓരോ ദിവസവും കണക്കാക്കപ്പെടുന്നത്.

രോഗലക്ഷണമാകുമ്പോള്‍


ശരീരത്തില്‍ ഏറെ നാളുകളായി ബി 3 യുടെ അഭാവം അനുഭവപ്പെടുമ്പോള്‍ ഉണ്ടാകുന്ന രോഗമാണ് പെല്ലാഗ്ര. 3 ഡിസീസ് എന്നും ഇതിനെ പറയാറുണ്ട്. ത്വക്ക്, നാഡീവ്യവസ്ഥ, ദഹനപ്രക്രിയ, മ്യൂക്കസ് മെമ്പ്രേന്‍സ് (ശ്ലേഷ്മപാളി), മൂക്ക്, കണ്ണുകള്‍ എന്നിവയെ പെല്ലാഗ്ര ബാധിക്കാനിടയുണ്ട്.

ശരീരത്തില്‍ പലയിടങ്ങളിലായി മുറിവ് കാണപ്പെടുന്നത് പെല്ലാഗ്രയുടെ ലക്ഷണമായി കണക്കാക്കാം. ബട്ടര്‍ഫ്‌ളൈയുടെ ആകൃതിയില്‍ മുഖത്തും കഴുത്തിലും മുറിവുകള്‍ കാണപ്പെടുന്നത് പെല്ലാഗ്രയുടെ തുടക്കമാണ്.

അമിതമായി വെയിലേറ്റതിനുശേഷമായിരിക്കും ശരീരത്തില്‍ ഇത്തരം മുറിവുകള്‍ കാണപ്പെടുക. ഇതോടൊപ്പം വായില്‍ വേദനയും നീര്‍വീക്കവും അനുഭവപ്പെടുക, ചിലരില്‍ നാക്കിനു ചുവപ്പ് നിറവും നീര്‍വീക്കവും കാണപ്പെടാനും ഇടയുണ്ട്.

uploads/news/2018/03/200994/helthnewsvitmin3160318a.jpg

വയര്‍ എരിച്ചില്‍, നെഞ്ച് വേദന, തൊണ്ട വേദന എന്നിവയും പെല്ലാഗ്രയുടെ രോഗലക്ഷണമായി അനുഭവപ്പെടും. ദഹനപ്രക്രിയയിലുണ്ടാകുന്ന തടസങ്ങള്‍, ഛര്‍ദി, വയറിളക്കം എന്നിവയും സാധാരണയായി പെല്ലാഗ്രയുടെ ഭാഗമായി ഉണ്ടാകാറുണ്ട്.

ശാരീരിക അസ്വസ്ഥതകള്‍ കൂടാതെ മാനസികാരോഗ്യ പ്രശ്‌നങ്ങളും പെല്ലാഗ്ര രോഗലക്ഷണവുമായി ബന്ധപ്പെട്ട് പ്രകടമകാറുണ്ട്. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത രീതിയില്‍ പെരുമാറുന്ന അവസ്ഥ, ഉത്കണ്ഠ, ഓര്‍മക്കുറവ്, വിഷാദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും ഉണ്ടാകാം.

ത്വക്ക് രോഗങ്ങള്‍, ദഹനപ്രക്രിയയില്‍ അസന്തുലിതാവസ്ഥ, വായില്‍ പുണ്ണ്, അമിത ക്ഷീണം, മസിലുകളുടെ പ്രവര്‍ത്തന ക്ഷമത കുറയുക, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, മാനസിക പിരിമുറുക്കം എന്നിവ പ്രകടമായാല്‍ പെല്ലാഗ്ര രോഗലക്ഷണമായി കണക്കാക്കാം.

വൈറ്റമിന്‍ ബി 3 യുടെ അഭാവം ഗുരുതരമല്ലാത്ത സാഹചര്യങ്ങളിലും ചില ലക്ഷണങ്ങളിലൂടെ ഇവ തിരിച്ചറിയാനാകും. അതായത് പെല്ലാഗ്ര രോഗലക്ഷണം കൂടാതെയും ചില ലക്ഷണങ്ങള്‍ ഉണ്ടാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബി 3 യുടെ കുറവ് ത്വക്ക്, നാഡീവ്യവസ്ഥ, ദഹനപ്രക്രിയ എന്നിവയിലുണ്ടാകുന്ന മാറ്റങ്ങളിലൂടെ മനസിലാക്കാനാകും.

അതായത് ദേഹത്ത് ചുവന്ന പാടുകള്‍, തലവേദന, അമിത വണ്ണം, അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദഹന പ്രശ്‌നങ്ങള്‍, രക്്തയോട്ടം കുറയുക, ഉത്കണ്ഠ, വിഷാദം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. ഒന്നും ചിന്തിക്കാനോ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനോ കഴിയാത്ത അവസ്ഥ തുടങ്ങിയവയും വൈറ്റമിന്‍ ബി 3 യുടെ അഭാവം മൂലം ഉണ്ടാകാറുണ്ട്.

അഭാവമുണ്ടായാല്‍


ഭക്ഷണത്തിലൂടെ വൈറ്റമിന്‍ ബി 3 യുടെ അഭാവം പരിഹരിക്കുകയെന്നതാണ് പ്രധാനം. പ്രാഥമികമായി വൈറ്റമിന്‍ ബി 3 അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ് തന്നെയാണ് ബി 3 യുടെ അഭാവത്തിന് കാരണം.

വൈറ്റമിന്‍ ബി 3 യുടെ കുറവ് ഭക്ഷണത്തിലൂടെ ഒരു പരിധി വരെ പരിഹരിക്കാനാകും. വൈറ്റമിന്‍ ബി 3 യുടെ അഭാവം അനുഭവപ്പെട്ടാല്‍ അവ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എത്രയും വേഗം സ്വീകരിക്കുക.

തുടക്കത്തില്‍ തന്നെ വൈറ്റമിന്‍ ബി 3 യുടെ കുറവുകള്‍ പരിഹരിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകും. വൈറ്റമിന്‍ ബി 3 അടങ്ങിയ ഭക്ഷണം കഴിക്കുന്നതു കൂടാതെ മെഡിസിന്റെ സഹായത്തോടെയും വൈറ്റമിന്‍ ബി 3 യുടെ കുറവ് പരിഹരിക്കുന്നതാണ് ഉത്തമം. വൈറ്റമിന്‍ ബി 3 യുടെ അഭാവം കൂടാതെ മറ്റ് വൈററമിനുകളുടെ കുറവുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്.

ബി 3 അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍


1. അരി, ഗോതമ്പ്, ബാര്‍ലി, ചോളം, തുടങ്ങിയ ധാന്യങ്ങള്‍ (തവിടോട് കൂടിയത് വളരെ നല്ലത്)
2. കടല, ഗ്രീന്‍പീസ്, സോയാ ബീന്‍, വന്‍പയര്‍,

3. സെലറി, താമരത്തണ്ട്, കാരറ്റില, ബീറ്റ് റൂട്ട്, ഉരുളക്കിഴങ്ങ്, കാരറ്റ്, ബ്രൊക്കോളി
4. നിലക്കടല, ബദാം, കശുവണ്ടി, പിസ്ത

5. പാഷന്‍ ഫ്രൂട്ട്, പഴുത്ത മാങ്ങ, ഈന്തപ്പഴം, കസ്റ്റാര്‍ഡ് ആപ്പിള്‍
6. പശുവിന്‍ പാല്‍, ചീസ്, മുട്ട

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


മദ്യം, ലഹരി വസ്തുക്കള്‍, ഉറക്കഗുളിക മുതലായവയുടെ ഉപയോഗം ബി3 യുടെ ഉപാപചയ പ്രവര്‍ത്തനങ്ങളെ നശിപ്പിക്കുന്നവയാണ്. അതുകൊണ്ട് ഇവയുടെ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുക. ബി3 സപ്ലിമെന്റ് എടുക്കേണ്ട അവസ്ഥ ഉണ്ടാകാതെ ചെറുപ്പം മുതല്‍ തന്നെ ബി3 അടങ്ങിയ പദാര്‍ഥങ്ങള്‍ ദൈനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബി 3 അഭാവം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാകും. ബി 3 ശരീരത്തില്‍ വളരെയധികം ഉണ്ടായാല്‍ അത് കരളിനു ദോഷം ചെയ്യുമെന്നതിനാല്‍ ബി3 യുടെ അളവ് അധികമാകാതെ ശ്രദ്ധിക്കുകയും വേണം.

അഞ്ജന ജോര്‍ജ്
ഡയറ്റിഷന്‍, സെന്റ് ജോസഫസ് മിഷന്‍ ഹോസ്പിറ്റല്‍
അഞ്ചല്‍, കൊല്ലം

തയാറാക്കിയത് :
നീതു സാറാ ഫിലിപ്പ്

Ads by Google
Ads by Google
Loading...
TRENDING NOW