Tuesday, June 11, 2019 Last Updated 1 Min 19 Sec ago English Edition
Todays E paper
Ads by Google
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
Friday 16 Mar 2018 04.03 PM

ബുദ്ധിമാന്ദ്യത്തെ മനസ്സിലാക്കൂ.. കുട്ടികളെ വളരാന്‍ അനുവദിക്കൂ... മകന്റെ കാര്യത്തില്‍ മോളമ്മ എടുത്ത തീരുമാനം അവനെ ഉത്തമ മകനാക്കി

uploads/news/2018/03/200980/Weeklymanolokam160318.jpg

മക്കളെ വിദ്യാസമ്പന്നരാക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ നിരവധിയുണ്ട്. എത്രത്തോളം കഷ്ടപ്പെട്ടിട്ടാണെങ്കിലും അവര്‍ മക്കളെ പഠിപ്പിക്കും. എന്നാല്‍ മക്കള്‍ പലപ്പോഴും അവരുടെ മനസ് കാണാന്‍ ശ്രമിക്കാറില്ല എന്നതാണു യാഥാര്‍ത്ഥ്യം.

എന്നാല്‍ എന്റെയടുത്തു വന്ന മോളമ്മയുടെയും മകന്റെയും കഥ ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്.
രാവിലെ 11 മണിയോടെയാണ് മോളമ്മ കണ്‍സള്‍ട്ടിങ് റൂമിലേക്കു കയറിവന്നത്. എനിക്കഭിമുഖമായി സീറ്റിലിരുന്നയുടന്‍ അവര്‍ സംസാരിക്കാന്‍ തുടങ്ങി:

''ഡോക്ടര്‍, ഞാന്‍ ആലപ്പുഴയില്‍ നിന്നാണു വരുന്നത്. എന്റെകൂടെ മകനുമുണ്ട്. അവന്‍ പുറത്തിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷമായിട്ടും എനിക്കു കുട്ടികള്‍ ഉണ്ടായിരുന്നില്ല.

ഭര്‍ത്താവ് ജോണിച്ചായന്‍ ഓട്ടോഡ്രൈവറാണ്. ഞങ്ങള്‍ ഒരുപാട് നേര്‍ച്ചകളും വഴിപാടുകളും നടത്തി. ഒടുവില്‍ ദൈവം തന്ന പൊന്നുംകുടമാണ് എന്റെ മോന്‍. അരുണ്‍ എന്നാണവന്റെ പേര്.

അവന്‍ ആവശ്യപ്പെടുന്നതെല്ലാം ഇച്ചായന്‍ വാങ്ങിെക്കാടുക്കും. ടൗണിലെ ഏറ്റവും നല്ല സ്‌കൂളിലാണു പഠിപ്പിക്കുന്നത്. പക്ഷേ പഠനത്തില്‍ അവന് തീരെ താല്‍പ്പര്യമില്ല. കുരുത്തക്കേടാണെങ്കില്‍ പറയുകയും വേണ്ട. തൊട്ടടുത്തുള്ള കടയില്‍ പോയി എന്തെങ്കിലും സാധനം വാങ്ങിച്ചോണ്ടു വരാന്‍ പറഞ്ഞാല്‍ തിരിഞ്ഞോടും. ചെറിയ കുട്ടികളുമായിട്ടാണ് അവനു ചങ്ങാത്തം.

കുസൃതി കാണിക്കുമ്പോള്‍ ഒന്നു ശകാരിക്കാന്‍പോലും ഞങ്ങള്‍ക്കു കഴിയാറില്ല. അങ്ങനെ ചെയ്താല്‍ തല ഭിത്തിയില്‍ ഇടിപ്പിച്ച് അവന്‍ ദേഷ്യംതീര്‍ക്കും. അതു കാണാന്‍ വയ്യാത്തതുകൊണ്ട് എന്തുചെയ്താലും ഞങ്ങള്‍ മിണ്ടില്ല.

ഒമ്പതാംക്ലാസ് വരെ ഓള്‍പ്രമോഷനായതുകൊണ്ട് ഒരുവിധത്തില്‍ തട്ടിയും മുട്ടിയും ജയിച്ചു. ഇപ്പോള്‍ അവന്‍ പത്താംക്ലാസിലാണ്. കഴിഞ്ഞദിവസം പ്രിന്‍സിപ്പല്‍ ഞങ്ങളെ സ്‌കൂളിലേക്ക് വിളിപ്പിച്ചിട്ടുണ്ടായിരുന്നു. നൂറു ശതമാനം വിജയം പ്രതീക്ഷിക്കുന്ന സ്‌കൂളാണെന്നും അരുണ്‍ പരീക്ഷയെഴുതിയാല്‍ വിജയശതമാനം കുറയുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഞങ്ങള്‍ എന്തു ചെയ്യണമെന്ന് ജോണിച്ചായന്‍ ചോദിച്ചപ്പോള്‍ 'മകന്റെ ടി.സി വാങ്ങി പൊയ്‌ക്കോ' എന്നായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടി.

ഞങ്ങള്‍ ഒരുപാട് പറഞ്ഞുനോക്കിയെങ്കിലും സ്‌കൂള്‍ അധികൃതര്‍ വഴങ്ങിയില്ല. എന്റെ മകന് മറ്റുകുട്ടികളെപ്പോലെ ബുദ്ധിവളര്‍ച്ചയില്ലാത്തത് ഞങ്ങളുടെയോ അവന്റെയോ കുറ്റമാണോ ഡോക്ടര്‍?''
ഇങ്ങനെ ചോദിച്ച് മോളമ്മ വിങ്ങിപ്പൊട്ടി.

അവര്‍ പറഞ്ഞുനിര്‍ത്തിയപ്പോഴാണ് മകനു ബുദ്ധിവളര്‍ച്ചയില്ലെന്ന കാര്യം മനസിലായത്. ഞാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍, പുറത്ത് അലക്ഷ്യമായി ഇരുന്ന മകനെ പിടിച്ചുകൊണ്ട് മോളമ്മ റൂമിലേക്കു വന്നു.

അരുണിന്റെ മുന്നില്‍വച്ച് അവനു യാതൊരു അസുഖവുമില്ലെന്ന് മോളമ്മയോടു ഞാന്‍ പറഞ്ഞു.
പിന്നെ ബുദ്ധിവളര്‍ച്ചയില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് മറ്റു കുട്ടികളെപ്പോലെ പഠിക്കാന്‍ സാധിക്കില്ലെന്നും അവരുടെ മനസ് ദ്രുതഗതിയില്‍ സഞ്ചരിക്കില്ലെന്നും മോളമ്മയോടു മാത്രമായി പറഞ്ഞുമനസിലാക്കി.

ബുദ്ധിമാന്ദ്യം ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ അരുണിനെപ്പോലെയുള്ള കുട്ടികളെ ദൈനംദിന കാര്യങ്ങളില്‍ പ്രാപ്തനാക്കാന്‍ മാര്‍ഗങ്ങളുണ്ട്. അവര്‍ക്കുവേണ്ടിയുള്ള സ്‌പെഷ്യല്‍ സ്‌കൂളുകളും നമ്മുടെ നാട്ടിലുണ്ട്.

ഇക്കാര്യങ്ങള്‍ അറിയിച്ചപ്പോള്‍ മോളമ്മ തന്റെ ഭര്‍ത്താവിനെ മൊബൈലില്‍ വിളിച്ച് വിവരം പറഞ്ഞു.

തുടര്‍ന്ന് രണ്ടുപേരുടെയും അനുവാദത്തോടെ അരുണിന് ആന്റിസൈക്കോട്ടിക് മരുന്നുകള്‍ നല്‍കാന്‍ തുടങ്ങി. ക്രമേണ അവന്‍ പ്രായോഗികമായ കാര്യങ്ങളില്‍ പ്രാപ്തനായി. കുറച്ചുനാളത്തെ ട്രീറ്റ്‌മെന്റിനുശേഷം വീട്ടിലേക്കും പോയി.

കുറച്ചുദിവസം മുമ്പ് ഞാനവന്റെ വീട്ടിലേക്കു വിളിച്ചപ്പോള്‍ മോളമ്മയാണു ഫോണെടുത്തത്.

''മോനിപ്പോള്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്കു പോയിരിക്കുകയാ... അവന്റെ കാര്യങ്ങളൊക്കെ അവന്‍ തന്നെ ചെയ്യുന്നുണ്ട്. അവരുടെ സ്‌കൂളിലും അവന്‍ തന്നെയാ മിടുക്കന്‍. ഒരുപാട് നന്ദിയുണ്ട് ഡോക്ടറേ...''

അവര്‍ സന്തോഷത്തോടെ പറഞ്ഞു.

Ads by Google
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
Friday 16 Mar 2018 04.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW