''വാരിവലിച്ച് എന്തൊക്കെയോ കുത്തി നിറയ്ക്കാതെ ആവശ്യമുള്ള സാധനങ്ങള്‍ മാത്രം മേക്കപ്പ് ബോക്സില്‍ ഉള്‍പ്പെടുത്താം. ''
'രണ്ടോ മൂന്നോ മേക്കപ്പ് ബോക്സ് കൈയിലുണ്ട്. പാര്‍ട്ടിയെത്തുമ്പോള്‍ അതില്‍ നിന്ന് എന്തെങ്കിലുമൊക്കെ മുഖത്തു വാരിപ്പൂശും'. ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യാത്ത സുന്ദരിമാരുണ്ടോ? മുഖക്കുരുവും മറ്റ് ചര്‍മ്മരോഗങ്ങളും അലട്ടാന്‍ തുടങ്ങുമ്പോഴാണ് പ്രശ്നം ഗുരുതരമാണെന്ന് തിരിച്ചറിയുന്നത്.
അതുകൊണ്ട് തന്നെ മേക്കപ്പ് ബോക്സില്‍ അനുയോജ്യമായ മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തി ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാം.
സണ്‍സ്ക്രീന്‍
കാലാവസ്ഥ ഏതായാലും മേക്കപ്പ് ബോക്സില്‍ സണ്‍സ്ക്രീന്‍ ലോഷന്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്. ഓരോരുത്തരുടെയും ചര്‍മ്മത്തിന് ഇണങ്ങുന്ന സണ്‍സ്ക്രീന്‍ ലോഷന്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. വേനല്‍ക്കാലത്ത് പുറത്തിറങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പ് സണ്‍സ്ക്രീന്‍ ലോഷന്‍ പുരട്ടണം. സണ്‍സ്ക്രീന്‍ ലോഷന്‍ പുരട്ടിയല്ലോ, ഇനി കൂടുതല്‍ വെയില് കൊള്ളാമെന്ന ചിന്തയും വേണ്ട.
ബ്ലഷര്‍
പീച്ച്, പിങ്ക്, പ്ലം, ലൈറ്റ് ബ്രോണ്‍സ് എന്നീ കളറുകളിലുള്ള ബ്ലഷ് ഉപയോഗിക്കുന്നതാണ് നല്ലത്. ഇരുണ്ട നിറമുള്ളവര്‍ക്ക് പിങ്കും വെളുത്തവര്‍ക്ക് ലൈറ്റ് ബ്രോണ്‍സ് കളര്‍ ബ്ലഷുമാണ് അനുയോജ്യം. മൂക്കിന് ചുറ്റും കണ്ണുകള്‍ക്കു താഴെയും ബ്ലഷര്‍ അപ്ലൈ ചെയ്യരുത്.
ലിപ്സ്റ്റിക്
ലിപ്ഗ്ലോസും ലിപ്ബാമുമാണ് ഇന്നത്തെ ട്രെന്‍ഡ്. പകല്‍ സമയങ്ങളിലെ മേക്കപ്പിന് ലിപ്ഗ്ലോസും രാത്രിയില്‍ ഡാര്‍ക്ക് /മീഡിയം ലിപ്സ്റ്റിക്കും ഉപയോഗിക്കാം. ലിപ്സ്റ്റിക്കിന്റെ നിറം മങ്ങുമ്പോള്‍ ഇടയ്ക്കിടെ ലിപ്ഗ്ലോസ് ഉപയോഗിക്കാം.
ഫൗണ്ടേഷന്
മേക്കപ്പ് ബോക്സില്‍ അത്യാവശ്യം വേണ്ട ഒന്നാണ് ഫൗണ്ടേഷന്. ഇത് മുഖക്കുരുവിന്റെ പാടുകള്‍ മറച്ച് ചര്‍മ്മത്തിന്റെ ടോണ്‍ ഒരുപോലെയാക്കാനാണിത്. വ്യത്യസ്ത ബ്രാന്‍ഡുകളിലുള്ള ഫൗണ്ടേഷനുകളുണ്ട്. അതില്‍ ചര്‍മ്മത്തിന് ഇണങ്ങുന്നവ തെരഞ്ഞെടുക്കുക.
കോംപാക്ട്
ചര്‍മ്മത്തിലെ എണ്ണമയമകറ്റാനുള്ളതാണ് കോംപാക്ട് പൗഡര്‍. അതില്‍ത്തന്നെ പല ഷേഡുകളുണ്ട്. കവിളുകളുടെ നിറത്തിലുള്ള കോംപാക്ട് ഉപയോഗിക്കുന്നതാണ് നല്ലത്. മുഖത്ത് പാടുവരാത്ത രീതിയില്‍ കോംപാക്ട് ഉപയോഗിക്കാം.
ഐഷാഡോ
കണ്ണുകളെ ഹൈലൈറ്റ് ചെയ്ത് സുന്ദരമാക്കാന്‍ ഐഷാഡോ ഉപയോഗിക്കാം. സ്മോക്കി ഐ മേക്കപ്പാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. കണ്ണുകള്‍ ഹൈലൈറ്റ് ചെയ്യാന്‍ സില്‍വര്‍ ലൈറ്റ് സ്ലേറ്റ് കളര്‍ ഐലൈനര്‍ കൊടുക്കാം. പകല്‍ സമയത്ത് ഇളം നിറങ്ങളും വൈകുന്നേരങ്ങളിലും രാത്രിയിലും തിളക്കമുള്ള കടുംനിറങ്ങളിലുള്ള ഐഷാഡോ ഉപയോഗിക്കാം.
മസ്ക്കാര, ഐലൈനര്‍
മുഖത്തിന്റെ ആകൃതി മനസിലാക്കി അതിനനുസൃതമായി കണ്ണെഴുതണം. ധരിക്കുന്ന വസ്ത്രത്തിന് ചേരുന്ന നിറത്തിലുള്ള ഐലൈനര്‍ ഉപയോഗിക്കുന്നത് കണ്ണുകളുടെ ആകര്‍ഷണീയത കൂട്ടും. കാജലോ ലൈനറോ ഉപയോഗിച്ചശേഷം കണ്ണുകളില്‍ മസ്ക്കാര പുരട്ടാം. നൈറ്റ് പാര്‍ട്ടികള്‍ക്ക് പോകുമ്പോള്‍ ഗ്ലിറ്ററുള്ള കളര്‍ഫുള്‍ മസ്ക്കാര ഇടാം. ഗുണമേന്മയുള്ള മസ്ക്കാര തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
മേക്കപ്പ് ചെയ്യുമ്പോള്‍
1. മേക്കപ്പ് ചെയ്യുന്നതിന് മുമ്പ് മുഖം വൃത്തിയാക്കാന്‍ ഫേസ് വാഷോ ക്ലെന്‍സറോ ഉപയോഗിക്കാം. അതിനു ശേഷം ടോണര്‍ ഉപയോഗിക്കുക. വരണ്ട ചര്‍മ്മത്തിനു ടോണറിന്റെ ആവശ്യമില്ല.
2. എണ്ണമയമുളള ചര്‍മ്മത്തില്‍ ആദ്യം വരണ്ട പ്രൈമര്‍ ഉപയോഗിക്കുക. വരണ്ട ചര്‍മ്മമാണെങ്കില്‍ ക്രീം രൂപത്തിലുളള പ്രൈമര്‍ ഉപയോഗിക്കാം. അതിനു ശേഷം ഫൗണ്ടേഷന് പുരട്ടുക.
3. സ്കിന്‍ ടോണ്‍ അനുസരിച്ചുളള ഫൗണ്ടേഷന് കൃത്യമായി തെരഞ്ഞെടുക്കണം. കൈത്തണ്ടയുടെ ഏറ്റവും നിറമുളള ഭാഗത്തു പുരട്ടിയാണു ചര്‍മ്മത്തിനു ചേരുന്ന ഫൗണ്ടേഷന് തെരഞ്ഞെടുക്കേണ്ടത്.
4. ഫൗണ്ടേഷന് ബ്രഷ് ഉപയോഗിച്ചു മുഖത്തു ഫൗണ്ടേഷന് പുരട്ടുന്നതാണു നല്ലത്. അതല്ലെങ്കില്‍ വിരല്‍ കൊണ്ട് ഫൗണ്ടേഷന് മുഖത്തു കുത്തുകളായിടുക. അതു കഴിഞ്ഞു വൃത്താകൃതിയില്‍ നന്നായി മുഖത്തു തേച്ചു പിടിപ്പിക്കുക.
5. ഇരുണ്ട ചര്‍മ്മമുളളവര്‍ ആദ്യം കടുംമഞ്ഞ ടോണുളള ഫൗണ്ടേഷന് അല്പമെടുത്ത് ബേസായി പുരട്ടിയ ശേഷം മേക്കപ്പ് ചെയ്യുക. ഇങ്ങനെ ചെയ്താല്‍ മേക്കപ്പ് ചെയ്തു കുറച്ചു സമയത്തിനുളളില്‍ ഡള്‍ ലുക്ക് തോന്നിക്കുന്നത് ഒഴിവാക്കാം.
6. കൂടുതല്‍ ഫൗണ്ടേഷന് പുരട്ടി വെളുക്കാന്‍ ശ്രമിക്കരുത്. ചര്‍മ്മത്തിന്റെ നിറത്തിനു യോജിച്ച ഫൗണ്ടേഷന് അല്പം മാത്രം പുരട്ടി സ്വാഭാവികത നിലനിര്‍ത്തുക.
7. ലിപ് ഗ്ലോസ് ചുണ്ടുകളിലാകെ പുരട്ടരുത്. മദ്ധ്യഭാഗത്ത് അല്പം പുരട്ടി ചുണ്ടുകള്‍കൊണ്ട് വശങ്ങളിലേക്ക് പടര്‍ത്തിയാല്‍ മതി.
8. തിളക്കമുളള ഐ ഷാഡോ ഉപയോഗിക്കുമ്പോള്‍ ഒരു കോട്ട് ഐ പ്രൈമര്‍ കൊടുക്കുക. കണ്ണിനു മുകളില്‍ ഐഷാഡോ പടര്‍ന്ന് വൃത്തികേടാകാതിരിക്കാനാണിത്.
9. ചെറിയ കണ്ണുകളുള്ളവര്‍ മീഡിയം മേക്കപ്പ് ഉപയോഗിക്കുക. കടുത്ത നിറങ്ങള്‍ ഒഴിവാക്കുക. കണ്പോളകള്ക്ക് മുകളില്‍ മങ്ങിയ ഷേയ്ഡും പുരികത്തിന് താഴെ ഡാര്‍ക്ക് ഷെയ്ഡും ഉപയോഗിക്കുക.
10. വലിയ കണ്ണുകളുള്ളവര്‍ കണ്പീലിയോട് ചേര്‍ന്ന ഭാഗത്ത് ഡാര്‍ക്ക് ഷേഡും പുരികത്തോട് ചേര്‍ന്ന് വരുന്ന ഭാഗത്ത് ലൈറ്റ് ഷേഡും ഉപയോഗിക്കുക.
അശ്വതി അശോക്