Saturday, June 22, 2019 Last Updated 48 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 15 Mar 2018 03.54 PM

മുടി വളരാന്‍ എങ്ങോട്ടും ഓടണ്ട....

''മുടികൊഴിച്ചില്‍ മാറാനും മുടി തഴച്ചുവളരാനും ആയുര്‍വേദത്തില്‍ ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. പാര്‍ശ്വഫലങ്ങളില്ലാതെ വീട്ടില്‍ത്തന്നെ ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത''
uploads/news/2018/03/200690/Weeklyhaircareing140318.jpg

മലയാളിയുടെ സൗന്ദര്യസങ്കല്‍പ്പത്തില്‍ മുടിക്ക് വളരെയധികം പ്രാധാന്യമുണ്ട്. നീണ്ടുകറുത്ത് ഇടതൂര്‍ന്ന കാര്‍കൂന്തല്‍ ഏതുപ്രായക്കാര്‍ക്കും ഇഷ്ടമാണ്.

എന്നാല്‍ മുടികൊഴിച്ചില്‍ പലരുടെയും ഉറക്കം കെടുത്തുന്ന പ്രശ്‌നമാണ്. ടിവി ചാനലുകളില്‍ കേശസംരക്ഷണവുമായി ബന്ധപ്പെട്ടുളള പരസ്യങ്ങള്‍ ഏറെയുണ്ടെങ്കിലും മുടിയെ ചുറ്റിപ്പറ്റിയുളള ആശങ്കകള്‍ക്ക് കുറവൊന്നും കാണുന്നില്ല. ഇതിനര്‍ത്ഥം അവയൊന്നും മുടിയെ സംരക്ഷിക്കാന്‍ ഫലപ്രദമാകുന്നില്ല എന്നല്ലേ?

ഒരു മനുഷ്യന്റെ തലയില്‍ ശരാശരി ഒരു ലക്ഷത്തിലേറെ മുടിയിഴകളുണ്ട്. അവയില്‍ അമ്പതോ നൂറോ ദിവസേന കൊഴിഞ്ഞാല്‍ സ്വാഭാവികമെന്നു കരുതാം. എന്നാല്‍ അതില്‍ കൂടുതല്‍ പൊഴിയുന്നുണ്ടെങ്കില്‍ ഗൗരവമായി കണ്ട് പ്രതിവിധി തേടേണ്ടതാണ്.

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ചിലതരം പനികള്‍, മരുന്നുകളുടെ പാര്‍ശ്വഫലം, ത്വക്ക് രോഗങ്ങള്‍, ഭയം തുടങ്ങി പല കാരണങ്ങള്‍കൊണ്ടും തലമുടി കൊഴിയാം. ചില ലക്ഷണങ്ങളിലൂടെയും രക്തപരിശോധനയിലൂടെയും രോഗനിര്‍ണയം നടത്താവുന്നതാണ്. തുടര്‍ന്ന് രോഗഹേതു കണ്ടുപിടിച്ച് ചികിത്സിക്കുകയാണ് ആദ്യപടിയായി ചെയ്യേണ്ടത്. അതിനുശേഷമേ ബാഹ്യമായി ചെയ്യുന്ന ട്രീറ്റ്‌മെന്റ് ഫലവത്താകൂ.

തലമുടി തഴച്ചു വളരാന്‍ ആയുര്‍വേദ വഴികള്‍


മുടി തഴച്ചുവളരുന്നതിനായി എന്തൊക്കെ ചെയ്യാനും സ്ത്രീകള്‍ തയ്യാറാണ്. പക്ഷേ, ചിലര്‍ എന്തുചെയ്താലും തലമുടി ഒട്ടും വളരുകയുമില്ല. മുടികൊഴിച്ചിലാണ് മിക്കവരും നേരിടുന്ന പ്രശ്‌നം.

താരന്‍, കായ്, കുളിക്കാന്‍ ഉപയോഗിക്കുന്ന ജലത്തിന്റെ അശുദ്ധി, ടെന്‍ഷന്‍, ക്ലോറിന്‍ അടങ്ങിയ വെള്ളം ഇതെല്ലാം മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളാണ്. എന്നാല്‍ ഇതു തടയാനുള്ള വഴികള്‍ വീട്ടില്‍ത്തന്നെയുണ്ട്.

മുടി വൃത്തിയായി സൂക്ഷിക്കുക എന്നതാണ് മുടികൊഴിച്ചില്‍ തടയാന്‍ ഏറ്റവും നല്ല മാര്‍ഗം. നനഞ്ഞ തലമുടി ശക്തിയായി ചീകരുത്. കഴിവതും മുടി തനിയെ ഉണങ്ങാന്‍ അനുവദിക്കുക. ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് മുടിയില്‍നിന്ന് അകത്തിപ്പിടിക്കാന്‍ ശ്രദ്ധിക്കണം. മുടി വല്ലാതെ മുറുക്കിക്കെട്ടുകയും ചെയ്യരുത്. റബര്‍ബാന്‍ഡ് ഉപയോഗിച്ചു കെട്ടുന്നത് മുടി പൊട്ടാനിടയാക്കും.

ആയുര്‍വേദം മുടികൊഴിച്ചിലിന് പല പരിഹാരമാര്‍ഗങ്ങളും നിര്‍ദ്ദേശിക്കുന്നുണ്ട്. മുടി കൊഴിയുന്നതിനു മാത്രമല്ല, നന്നായി വളരുന്നതിനും.

1. മുടി വളരാന്‍ നെല്ലിക്ക അത്യുത്തമമാണ്. അരച്ചെടുത്ത ഉണക്കനെല്ലിക്കയില്‍ തൈര് ചേര്‍ത്തു തലയോട്ടിയിലും മുടിയിലും തേച്ചാല്‍ മുടി തഴച്ചുവളരും. നെല്ലിക്കാജ്യൂസ് തലയില്‍ പുരട്ടുന്നതും നല്ലതാണ്. ആഴ്ചയില്‍ ഒരിക്കല്‍ ഇതുചെയ്യാം. എന്നാല്‍ ആ സമയത്ത് ഷാംപൂ ഉപയോഗിക്കരുത്.
2. കയ്യൂന്നി ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് എണ്ണ കാച്ചി തേക്കുന്നതും ചെമ്പരത്തിപ്പൂവ്, കറിവേപ്പില, തുളസി, കയ്യൂന്നി ഇവ ചേര്‍ത്തുകാച്ചിയ എണ്ണ ഉപയോഗിക്കുന്നതും വളരെ നല്ലതാണ്.

3. ആര്യവേപ്പ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്. ഒരുപിടി ആര്യവേപ്പില പറിച്ച് വെള്ളത്തിലിട്ടു തിളപ്പിച്ചശേഷം തണുപ്പിക്കുക. കുളി കഴിഞ്ഞ് ഈ വെള്ളംകൊണ്ട് തല കഴുകുന്നത് മുടി വളരാന്‍ സഹായിക്കും. ആര്യവേപ്പില അരച്ച് തലയില്‍ പുരട്ടുന്നതും നല്ലതാണ്. താരനുള്ള മികച്ച പ്രതിവിധി കൂടിയാണ് ആര്യവേപ്പില.
4. ബ്രഹ്മി പൗഡര്‍, നെല്ലിക്കാപ്പൊടി, അശ്വഗന്ധ പൗഡര്‍ എന്നിവ തുല്യ അളവിലെടുത്ത് തൈരില്‍ കലക്കി മുടിയില്‍ പുരട്ടുക. അര മണിക്കൂറിനുശേഷം കഴുകിക്കളയാം.

uploads/news/2018/03/200690/Weeklyhaircareing140318a.jpg

5. ഉലുവ വെള്ളത്തിലിട്ടു കുതിര്‍ന്നശേഷം തേക്കുന്നതും തൈരില്‍ കലക്കി തേക്കുന്നതും മുടി വളരാന്‍ ഏറെ സഹായിക്കും.
6. കറിവേപ്പില അരച്ചിട്ട് കാച്ചിയെടുക്കുന്ന എണ്ണ നര തടയാനും തലമുടി കറുക്കാനും വളരാനും ഉത്തമമാണ്. അതുപോലെ ഒന്നുരണ്ടു തുള്ളി പനിനീര്‍ ചേര്‍ത്ത വെള്ളംകൊണ്ട് തല കഴുകുന്നതും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കും.

7. അരക്കപ്പ് കറ്റാര്‍വാഴ ജെല്‍, മൂന്നു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, രണ്ടു ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തി മുടിയില്‍ തേക്കുക. അര മണിക്കൂറിനുശേഷം ഇത് കഴുകിക്കളയാം. മുടിയുടെ സമൃദ്ധിക്ക് ഏറെ ഫലപ്രദമാണിത്.
8. ഉണങ്ങിയ നെല്ലിക്കാപ്പൊടി ഒരു രാത്രി ലോഹപാത്രത്തില്‍ വെളളത്തിലിട്ടതിനു ശേഷം പിറ്റേന്ന് അരച്ച് തലയില്‍ തേക്കുക. അല്‍പ്പസമയം കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുടി വളരുന്നതിനോടൊപ്പം അകാലനരയ്ക്കും നല്ലതാണ്.

9. തലയില്‍ എണ്ണ പുരട്ടാത്തതാണ് മുടികൊഴിച്ചിലിന് ഒരു പ്രധാന കാരണം. നമ്മുടെ മുത്തശിമാര്‍ പറയുന്നതുപോലെ ദിവസവും എണ്ണതേച്ചു കുളിക്കുന്നത് വളരെ നല്ലതാണ്.
10. ആവണക്കെണ്ണയാണ് മുടികൊഴിച്ചിലിന് മറ്റൊരു പരിഹാരം. ആവണക്കെണ്ണ തേനില്‍ ചേര്‍ത്ത് മുടിയില്‍ നന്നായി മസാജ് ചെയ്യുക. ആഴ്ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്യാം.
11. ഇവയെല്ലാം വീട്ടില്‍ത്തന്നെ ചെയ്യാവുന്ന പൊടിക്കൈകളാണ്. ഇതുകൊണ്ട് ഫലം കാണുന്നില്ലെങ്കില്‍ നിങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നമെന്താണെന്നു കണ്ടുപിടിക്കാന്‍ ഒരു ഡോക്ടറെ സമീപിക്കുക.

ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കു...


മുടി സംരക്ഷിക്കാന്‍ ദിവസവും എണ്ണപുരട്ടുകയും ഷാംപൂ ഉപയോഗിക്കുകയും മാത്രം ചെയ്താല്‍പ്പോരാ. നിങ്ങള്‍ എന്തു കഴിക്കുന്നു എന്നതിനും ഇക്കാര്യത്തില്‍ ഏറെ പ്രാധാന്യമുണ്ട്.

ധാരാളം പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. അയണിന്റെ കുറവും മുടികൊഴിച്ചിലിനു കാരണമായേക്കാം. അതിനാല്‍ ഇനി പറയുന്നവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

1. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പോ കാലത്തോ ഇളം ചൂടുള്ള പാല്‍ കുടിക്കുന്നത് എല്ലുകളുടെ മാത്രമല്ല, മുടിയുടെയും ആരോഗ്യത്തിന് ഗുണം ചെയ്യും. തൈര്, വെണ്ണ തുടങ്ങിയ പാല്‍ ഉല്‍പ്പന്നങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കുക.
2. പഴങ്ങളും പച്ചക്കറികളുമാണ് മറ്റൊരു പ്രധാന ആഹാരം. ചീര, കോളിഫ്‌ളവര്‍, കാബേജ്, തക്കാളി, കൈതച്ചക്ക, ആപ്പിള്‍ തുടങ്ങിയവ മുടിക്ക് ഏറെ ഗുണപ്രദമാണ്.

3. ആന്റി ഓക്‌സിഡന്റുകളുടെ മറ്റൊരു മുഖ്യസ്രോതസാണ് ഗ്രീന്‍ ടീ. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും മുടിക്ക് പോഷണം നല്‍കുകയും ചെയ്യും.
4. പത്തുഗ്ലാസ് വെള്ളമെങ്കിലും ദിവസേന കുടിക്കാന്‍ മറക്കരുത്. ദിവസേന തേങ്ങാവെള്ളം കുടിക്കുന്നതും നല്ലതാണ്.
5. വറുത്തതും പോഷകാംശം കുറഞ്ഞതുമായ ഭക്ഷണം ഒഴിവാക്കുക. മധുരം ധാരാളം അടങ്ങിയ ആഹാരങ്ങളും പാടില്ല.

6. മുളപ്പിച്ച പയര്‍, കടല, പാല്‍, ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍ ഇവ ഭക്ഷണത്തിലുള്‍പ്പെടുത്തുക.
7. നെല്ലിക്ക നിത്യവും കഴിക്കാം. കയ്യോന്നി ഉണക്കിയത്, നെല്ലിക്ക, എളള് ഇവ ഒന്നിച്ചുപൊടിച്ച് ഒരുസ്പൂണ്‍ വീതം ദിവസവും രണ്ടുനേരം കഴിക്കുന്നതു നല്ലതാണ്. പരമാവധി ഒരുമാസം കഴിക്കാം.

താരന്‍ മാറ്റാന്‍


1. തേങ്ങാപ്പാലില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് തലയില്‍ പുരട്ടി പത്തുമിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.
2. ചെറുപയര്‍പൊടി താളിയായി ഉപയോഗിച്ച് കുളിക്കുന്നത് മുടിയിലെ താരന്‍ മാറുന്നതിനും ശരീരകാന്തിക്കും ഗുണപ്രദമാണ്.
3. കടുക് അരച്ച് തലയില്‍ പുരട്ടി കുളിക്കുക.
4. പാളയംകോടന്‍ പഴം ഇടിച്ച് കുഴമ്പുരൂപത്തിലാക്കി തലയില്‍ തേച്ചുപിടിപ്പിച്ച് പത്തുമിനിറ്റിനു ശേഷം കുളിക്കുക.
5. രണ്ടു ടേബിള്‍സ്പൂണ്‍ ഉലുവ ഒരു കപ്പ് വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക. ഇങ്ങനെ 12 മണിക്കൂര്‍ വരെ കുതിര്‍ത്തശേഷം അരച്ച് പേസ്റ്റ് രൂപത്തിലാക്കണം. ഇതിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍കൂടി ചേര്‍ത്ത് തലയില്‍ പുരട്ടി, 20 മിനിറ്റിനുശേഷം കഴുകുക.

കടപ്പാട്:
ചിത്ര രാജന്‍
അല്‍-മര്‍ജാന്‍ ആയുര്‍വേദിക് സെന്റര്‍ അജ്മാന്‍, യു.എ.ഇ


തയ്യാറാക്കിയത് - അഞ്ജു രവി

Ads by Google
Thursday 15 Mar 2018 03.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW