ആര്‍ത്തവം വൈകുന്നു
എന്റെ മകള്‍ക്ക് 13 വയസ്. കുട്ടിക്ക് ഇതുവരെ ആര്‍ത്തവം ആരംഭിച്ചിട്ടില്ല. എന്നാല്‍ ഗുഹ്യഭാഗത്ത് രോമവളര്‍ച്ചയുണ്ട്. സ്തനവളര്‍ച്ചയും ആരംഭിച്ചു. എന്തുകൊണ്ടാണ് ആര്‍ത്തവം വൈകുന്നത്. കുട്ടിയെ ഡോക്ടറെ കാണിച്ച് പരിശോധനകള്‍ നടത്തേണ്ടതുണ്ടോ?
രാധിക ,ചെന്നൈ
പെണ്‍കുട്ടികള്‍ക്ക് രോമവളര്‍ച്ചയും സ്തനവളര്‍ച്ചയും തുടങ്ങി ഒന്ന് - ഒന്നര വര്‍ഷത്തിനുള്ളില്‍ ആര്‍ത്തവം ആരംഭിക്കും. 15 വയസായിട്ടും കുട്ടിക്ക് ആര്‍ത്തവം ആരംഭിച്ചിട്ടില്ലെങ്കില്‍ എത്രയും വേഗം ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധനകള്‍ നടത്തണം.
കോപ്പര്‍ ടി സുരക്ഷിതമോ?
ഞാനൊരു കോളജ് വിദ്യാര്‍ഥിയാണ്. 21 വയസ്. രണ്ടു മാസം കഴിഞ്ഞ് എന്റെ വിവാഹമാണ്. വിവാഹ ശേഷം രണ്ടു വര്‍ഷം കഴിഞ്ഞുമതി ഗര്‍ഭധാരണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്നാല്‍ ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമല്ലെന്ന് പലയിടങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. അപ്പോഴാണ് കോപ്പര്‍ ടിയെക്കുറിച്ച് ചിന്തിച്ചത്. ഇത് ഫലപ്രദമായ ഗര്‍ഭനിരോധന മാര്‍ഗമാണോ? ഇതിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ? കോപ്പര്‍ ടി സ്വയം ഉപയോഗിക്കാമോ? ഡോക്ടറുടെ സഹായം ആവശ്യമായി വരുമോ? കൂടുതല്‍ അറിയാന്‍ താല്പര്യമുണ്ട്.
എസ്.എസ്. എം ,ചെങ്ങന്നൂര്‍
മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷത്തേക്ക് ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നതുകൊണ്ട് വലിയ ദോഷങ്ങളൊന്നുമില്ല. ഇത് കൃത്യമായി കഴിച്ചാല്‍ 100 ശതമാനം ഫലപ്രദമായ മാര്‍ഗമാണ്. കോപ്പര്‍ ടി 99 ശതമാനം ഫലപ്രദമായ ഗര്‍ഭനിരോധന മാര്‍ഗമാണ്. ഡോക്ടറെ കണ്ട് പരിശോധനയ്ക്ക് ശേഷം ഒ.പിയില്‍ വച്ച് ഡോക്ടര്‍ തന്നെ ഗര്‍ഭപാത്രത്തിനുള്ളില്‍ കോപ്പര്‍ ടി നിക്ഷേപിക്കുന്നു. ഗര്‍ഭനിരോധനത്തിനുള്ള ഓരോ മാര്‍ഗത്തിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഡോക്ടറെ നേരില്‍ കണ്ട് സംസാരിച്ച് അനുയോജ്യമായ ഗര്‍ഭനിരോധന മാര്‍ഗം തെരഞ്ഞെടുക്കുന്നതാണ് ഉചിതം.
ഗര്‍ഭധാരണം വൈകിയാല്‍ കുഞ്ഞിന് തകരാര്‍ ഉണ്ടാകുമോ?
എനിക്ക് 36 വയസ്. ഭര്‍ത്താവിന് 41. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് നാലു മാസമായി. ഞങ്ങള്‍ക്ക് ഉടന്‍ കുഞ്ഞിനെ വേണമെന്നാണ് ആഗ്രഹം. ബന്ധുക്കളും അതിനായി നിര്‍ബന്ധിക്കുന്നു. മുപ്പത്തഞ്ചു വയസിനു ശേഷമുള്ള ഗര്‍ഭധാരണം സങ്കീര്‍ണതകള്‍ നിറഞ്ഞതായിരിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. കുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള ശാരീരിക വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ ഞങ്ങള്‍ കണ്ട രണ്ടു ഡോക്ടര്‍മാരും ചൂണ്ടിക്കാണിച്ചു. പ്രായം അതിക്രമിക്കുന്നതിനൊപ്പം ആരോഗ്യവാനായ കുഞ്ഞിനെ ലഭിക്കാന്‍ സാധ്യത കുറവാണോ? ഞങ്ങള്‍ക്ക് ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുമോ? അതിനായി എന്താണ് ചെയ്യേണ്ടത്?
ദിവ്യ സി നായര്‍, കളമശേരി
സ്ത്രീകള്‍ക്ക് പ്രായം കൂടുന്നതിനനുസരിച്ച് അണ്ഡോല്പാദനശേഷി കുറയുന്നുണ്ട്. കൂടാതെ ജനിതക തകരാറുള്ള കുട്ടികള്‍ ജനിക്കാനുള്ള സാധ്യതയും കൂടുന്നു. എങ്കിലും സാധാരണ രീതിയിലുള്ള ഗര്‍ഭധാരണവും ആരോഗ്യമുള്ള കുഞ്ഞിന്റെ ജനനവും സാധ്യമാണ്. ആറുമാസം ശ്രമിച്ചിട്ടും കുഞ്ഞുണ്ടാകുന്നില്ലെങ്കില്‍ ഒരു ഫെര്‍ട്ടിലിറ്റി സ്പെഷലിസ്റ്റിന്റെ സഹായം തേടണം. അതുപോലെ ഗര്‍ഭം ധരിച്ചതിന് ശേഷം കുഞ്ഞിന് ജനിതകമായ തകരാര്‍ എന്തെങ്കിലും ഉണ്ടോയെന്ന് ഉറപ്പുവരുത്താനുള്ള സ്കാനിംഗുകളും ടെസ്റ്റുകളും നടത്തുന്നതും ഉചിതമാണ്.
യോനിയില്‍ ബീജം നശിക്കുന്നു
ഇരുപത്തിനാലു വയസുള്ള വീട്ടമ്മയാണ് ഞാന്‍. എന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷമായി. ഭര്‍ത്താവിന് 32 വയസ്. ഞങ്ങള്‍ക്ക് ഇതുവരെ കുട്ടികള്‍ ഉണ്ടായിട്ടില്ല. സ്വാഭാവികമായ ഗര്ഭധാരണത്തോടാണ് താല്പര്യം. ഭര്‍ത്താവിന്റെ ബീജം എന്റെ യോനിയിലെത്തുമ്പോള് നശിച്ചുപോകുന്ന അവസ്ഥയാണെന്ന് ഡോക്ടര്‍ പറയുന്നു. എന്താണ് ഇതിനു കാരണം? ഈ പ്രശ്നത്തിന് പരിഹാരമുണ്ടോ? ഞങ്ങള്‍ക്ക് കുഞ്ഞിനെ ലഭിക്കുമോ?
സ്നേഹ ,മംഗലാപുരം
ചിലര്‍ക്ക് ബീജത്തിനെതിരായുള്ള ആന്റിബോഡികള്‍ യോനീസ്രവത്തിലുണ്ടാകാം. ഇങ്ങനെ ബീജം നശിക്കാം. ബീജത്തിന്റെ നിലവാരക്കുറവുകൊണ്ടും അനക്കമില്ലാത്ത ബീജങ്ങളുണ്ടാകാം. ഐ.യു.ഐ (ഇന്‍ട്രായൂട്ടറൈന്‍ ഇന്സെമിനേഷന്) പോലുള്ള ചികിത്സാ രീതികള്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായേക്കാം. നിങ്ങള്‍ എത്രയും വേഗം ഒരു ഫെര്ട്ടിലിസ്റ്റിന്റെ സഹായം തേടുന്നതാണ് ഉചിതം.
രണ്ടാമത് ഗര്‍ഭധാരണം വൈകുന്നു
എനിക്ക് 30 വയസ്. അധ്യാപികയാണ്. വിവാഹം കഴിഞ്ഞിട്ട് 9 വര്‍ഷം. ഒരു കുട്ടിയുണ്ട്. ഏഴ്വയസ്. ഇനിയും ഒരു കുട്ടികൂടി വേണമെന്നുണ്ട്. എന്നാല്‍ എത്ര ശ്രമിച്ചിട്ടും അതിന് കഴിയുന്നില്ല. ഭര്‍ത്താവിന് 45 വയസുണ്ട്. ഞങ്ങള്‍ക്ക് ഇരുവര്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ല. സാമാന്യം തടിച്ച ശരീരപ്രകൃതമാണ് എനിക്ക്. അനായാസം ആദ്യ കുഞ്ഞിനെ ലഭിച്ച ഞങ്ങള്‍ക്ക് രണ്ടാമത്തെ കുഞ്ഞിനെ ലഭിക്കാത്തത് എന്തുകൊണ്ടാണ്?
സെലിന്, തൊട്ടില്‍പ്പാലം
കൃത്യമായി മാസമുറ വരുന്നയാളാണെങ്കില്‍ ട്യൂബില്‍ ഏതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ചറിയുന്നത് ഉചിതമായിരിക്കും. ഒരു വര്‍ഷത്തില്‍ കൂടുതലായി നിങ്ങള്‍ കുഞ്ഞിനു വേണ്ടി ശ്രമിക്കാന്‍ തുടങ്ങിയെങ്കില്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്‍സള്‍ട്ട് ചെയ്ത് ആവശ്യമുള്ള പരിശോധനകള്‍ നടത്തണം.
ഡോ. ദിവ്യ ജോസ്
കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്
സൈമര്‍ ഹോസ്പിറ്റല്‍, കൊച്ചി