അര്‍ച്ചന പത്മിനി ഒരു ഫെമിനിസ്റ്റാണ്. സ്ത്രീ സമൂഹം നേരിടുന്ന പ്രശ്നങ്ങളുടെ കാരണങ്ങളാണ് അര്‍ച്ചന കണ്ടെത്തുന്നത്. പ്രശ്നങ്ങളെ കണ്ടില്ലെന്നു നടിക്കാതെ അതിനെ മനസ്സിലാക്കി നേരിടാനുള്ള ശ്രമത്തിലാണവര്‍.
പ്രതാപ് ജോസഫ് സംവിധാനം നിര്‍വ്വഹിച്ച രണ്ടു പേര് ചുംബിക്കുമ്പോള്‍, ഈ വര്‍ഷം ഐ.എഫ്.എഫ്.കെ യില്‍ രജത ചകോരം പുരസ്കാരം ലഭിച്ച ഏദന്‍ തുടങ്ങിയ സിനിമകളുടെ സഹ സംവിധായികയായും അവള്‍ക്കൊപ്പം, രണ്ടു പേര് ചുംബിക്കുമ്പോള്‍, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്ത അര്ച്ചനപത്മിനി, ലക്ഷ്യങ്ങളും ആഗ്രഹങ്ങളും മാത്രമല്ല പങ്കുവയ്ക്കേണ്ടത് എന്നുകൂടി ഒര്മ്മപ്പെടുത്തുന്ന ഹാഷ് ടാഗുകളും സ്ത്രീ വിരുദ്ധതയുടെ കാരണങ്ങളും പരിഹാരങ്ങളും, ചൂണ്ടിക്കാണിക്കുന്നു.
എറണാകുളം മഹാരാജാസ് കോളജില്‍ പി.ജി പഠിക്കുമ്പോള്‍ തന്നെ, ഇതിനുശേഷം എന്തു ചെയ്യണമെന്നുള്ള ധാരണ എനിക്കുണ്ടായിരുന്നു. പിന്നീട് തീയേറ്റര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കുമ്പോഴും ഉയര്‍ന്ന വെല്ലുവിളികളെ നേരിടാന്‍ കഴിഞ്ഞത് അത്തരത്തില്‍ രൂപപ്പെട്ട ലക്ഷ്യബോധവും അതിലൂടെ ലഭിച്ച ആത്മവിശ്വാസവുമാണ്.
മലപ്പുറത്തെ മഞ്ചേരി എന്ന ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക് ഇത്തരം തീരുമാനങ്ങളെടുക്കാന്‍ കരുത്ത് നല്‍കിയത് സ്വതന്ത്രമായ ചിന്തകളും വായനയുമാണ്. അതിന്റെ ഭാഗമായിട്ടാണ് സിനിമയെ പറ്റി പഠിക്കുന്നതും സ്വതന്ത്രസിനിമകളുടെ ഭാഗമായതും തീയേറ്റര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കുന്നതുമെല്ലാം.
പെണ്‍കുട്ടികള്‍ വളരുന്ന കാലം മുതല്‍ ഒരുപാട് അലിഖിത നിയമങ്ങളുണ്ടാകുന്നു. എന്ത് പറയണം, എന്ത് ചെയ്യണമെന്നെല്ലാം ആരൊക്കെയോ തീരുമാനിക്കുന്നു. ഇതിലും ഭീകരമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളല്ലാതെ ഒരു വിഭാഗം കൂടിയുണ്ട്. ഭിന്നലിംഗക്കാര്‍. അവരുടെ അവസ്ഥയെക്കുറിച്ച് സംസാരിക്കാന്‍പോലും ആരും തയാറാകുന്നില്ല. സ്ത്രീക്കും പുരുഷനുമിടയില്‍ പതിനഞ്ചോളം വിഭാഗങ്ങളുണ്ടെന്നാണ് പുതിയ കണ്ടെ ത്തല്. അവരെല്ലാം മനുഷ്യരാണ്. പക്ഷേ ഇതൊന്നും പുരുഷബോധമുള്ളവര്ക്ക് മനസ്സിലാക്കാന്‍ കഴിയില്ല.
പുരുഷന്മാര്ക്ക് മാത്രമല്ല അത്തരം ബോധമുള്ളത്. വട്ടപ്പൊട്ടും കണ്ണടയും പൊക്കിക്കെട്ടിയ മുടിയുമുണ്ടെങ്കില്‍ ബുദ്ധിജീവിയാകാമെന്നു പറഞ്ഞ്, തുറന്നിടപെടുന്ന സ്ത്രീകളെ സോഷ്യല്‍മീഡിയയില്‍ കളിയാക്കാന്‍ ശ്രമിച്ച ആ സ്ത്രീ സുഹൃത്തിനും പുരുഷബോധമാണ്..
ലോകമെമ്പാടും തരംഗമായിക്കൊണ്ടിരി ക്കുന്ന ഓണ്‍ലൈന്‍ കാമ്പയിനാണ് മീ ടൂ ഹാഷ് ടാഗ് (#me too) സ്ത്രീകള്‍ക്കു നേരെയുണ്ടായ അതിക്രമങ്ങള്‍ സ്വയം തുറന്നു പറഞ്ഞ് അതിന്റെ ഭീകരത സമൂഹത്തിനെ ബോധ്യപ്പെടുത്തുന്നതാണ് മി ടൂ കാമ്പയിന്. പല തരത്തിലുള്ള സാമൂഹിക പ്രശ്നങ്ങളോട് നവമാധ്യമങ്ങള്‍ ഹാഷ് ടാഗുകള്‍ വഴി ഐക്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിനേക്കാളേറെ വേഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നു പോലും ലക്ഷക്കണക്കിനാളുകളാണ് മീ ടൂ ഹാഷ് ടാഗിനു പിന്തുണയറിയിച്ച് അനുഭവങ്ങള്‍ പങ്കുവച്ചത്.
ജീവിതത്തില്‍ ഏതെങ്കിലും ഘട്ടത്തില്‍ അതിക്രമത്തിന് വിധേയരായവര്‍ മി ടൂ എന്ന് പ്രതികരിക്കണമെന്നുള്ള നിര്‍ദ്ദേശമാണ് ലോകജനത ഏറ്റെടുത്തത്. അതില്‍ മാധ്യമ പ്രവര്‍ത്തകരും സിനിമാ പ്രവര്‍ത്തകരും സാധാരണക്കാരുംവരെ പങ്കാളികളായി.
അതിക്രമങ്ങള്‍ നടന്നാല്‍ ഭയന്നിട്ടോ നാണക്കേട് ഓര്‍ത്തിട്ടോ പുറത്തു പറയാന്‍ മടിക്കുകയും ഒത്തു തീര്‍പ്പിലൂടെ മൂടി വയ്ക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ കു റച്ചല്ല. പല സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയായിരിക്കും സ്ത്രീകള്‍ ഇതെല്ലാം മൂടിവയ്ക്കേണ്ടി വരുന്നത്. എന്നാല്‍ അത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെടാതെ തുറന്നുപറയാന്‍ ഒരു വേദിയാവുകയാണ് മി ടൂ കാമ്പയിന്.
എപ്പോഴെങ്കിലും അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെട്ട സ്ത്രീകളോട് നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ക്യാമ്പയിന്റെ ഉദ്ദേശം. സ്ത്രീ സമൂഹ ത്തിനൊപ്പം പുരുഷന്മാരും ഹാഷ് ടാഗ് പിന്തുണ നല്‍കുന്നുണ്ട്.
നടിമാരായ പാര്‍വതിയും, റിമ കല്ലിങ്ക ലും, സജിത മഠത്തിലുമുള്പ്പെടെയുള്ളവ രും ക്യാമ്പയിനിന്റെ ഭാഗമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു രംഗത്തെത്തിയിട്ടുണ്ട്. പലരും തങ്ങള്‍ക്കു നേരിട്ട അതിക്രമങ്ങ ളും അതിലൂടെ കടന്നു പോയ വഴികളും മാനസികാവസ്ഥയുമെല്ലാം കുറിച്ചു. ഫെയ്സ്ബുക്കില്‍ ഹാഷ് ടാ ഗോടെ കുറിച്ചു..
ഭൂരിഭാഗം സ്ത്രീകള്‍ക്കും സന്തോഷങ്ങളും സങ്കടങ്ങളും പ്രശ്നങ്ങളുമൊന്നും പ്രകടിപ്പിക്കാനോ പങ്കുവയ്ക്കാനോ കഴിയുന്നില്ല. അല്ലെങ്കില്‍ അതൊന്നും മനസ്സിലാക്കാനുള്ള പരിസരം അവര്‍ക്കില്ല. അങ്ങനെയുള്ളവരുടെ ഇടയിലാണ് സമൂഹമാധ്യങ്ങള്‍ കടന്നു ചെല്ലുന്നത്. നമ്മുടെ ചുറ്റുപാടുകളുടെ മറ്റൊരു പതിപ്പാണ് ഫെയ്സ്ബുക്കുള്പ്പെടെ യുള്ള സോഷ്യ ല്‍മീഡിയ. ഇന്ന് ഫെയ്സ്ബുക്കിനെ ഒഴിവാക്കിയാല്‍ ലോകത്തെ ഒഴിവാക്കുന്ന പോലെയാണ്. അത്രയേറെ പ്രാധാന്യമാണവയ്ക്ക്.
പെണ്‍കുട്ടികള്‍ ഒന്നും മിണ്ടാന്‍ പാടില്ലെന്ന് ഒരു അദൃശ്യശക്തിയുടെ നിയന്ത്രണം എപ്പോഴുമുണ്ട്. അവരിലേക്കാണ് മീ ടൂ പോലുള്ള ഹാഷ് ടാഗുകള്‍ എത്തുന്നത്. അത് ഒരു ഓളമാണ്.
പലതരത്തി ലുള്ള ചൂഷണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരയായ ഒരു സ്ത്രീയോ പെണ്‍കുട്ടിയോ തുറന്നു പറയുമ്പോള്‍ ആയിരക്കണക്കിന് സ്ത്രീകള്‍ക്കാണ് അവരുടെ പ്രശ്നങ്ങള്‍ തുറന്നു പറയാനുള്ള ധൈര്യം ലഭിക്കുന്നത്. സ്ത്രീകള്‍ക്കിടയില്‍ ഒരു കൂട്ടായ്മയുടെ അഭാവവും പ്രശ്നങ്ങളെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിക്കുന്നു..
വീട്ടിലോ ജോലിസ്ഥലത്തോ പൊതുവിടങ്ങളിലോ തനിക്കു നേരെ അക്രമമോ അവഗണനയോ നേരിടേണ്ടി വരുമ്പോള്‍ എന്തിന് മൂടി വയ്ക്കണം? നമ്മളെ പോലെ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ വേറെയുണ്ടന്നറിയുമ്പോള് തന്റെ പ്രശ്നങ്ങളും തുറന്ന് പറയാന്‍ അവര്‍ തയാറാകും.
പ്രശ്നങ്ങളും തടസ്സങ്ങളും തുറന്നു പറയുമ്പോഴുണ്ടാകുന്ന ഗുണങ്ങള്‍ ചെറുതല്ല. നാളെ ഒരു പ്രശ്നം വരുമ്പോള്‍ അതിനെ നേരിടാനുള്ള ആത്മധൈര്യമാണ് ഇത്തരം കാമ്പയിനുകള്‍ നല്‍കുന്നത്.
കൊച്ചിയില്‍ നടി അക്രമിക്കപെട്ട സം ഭവത്തില്‍ അത് തുറന്നു പറയാന്‍ അവര്‍ കാണിച്ച ധൈര്യമാണ് പ്രധാനം. അങ്ങനെ തുറന്നു പറഞ്ഞതിലൂടെ ഒരുപട് സത്രീകള്‍ക്ക് പ്രശ്നങ്ങള്‍ തുറന്നു പറയാനുള്ള ഊര്‍ജ്ജം ലഭിച്ചിട്ടുണ്ട്. പാര്വ്വതിയുള്പ്പെടുന്ന അഭിനേതാക്കള്‍ മലയാള സിനിയ്ക്കകത്തെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിക്കുന്നു എന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. ഇത്തരം പറച്ചിലുകളഅഅ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും
സ്ത്രീകള്‍ മുഖ്യധാരയിലേക്ക് വരുന്ന തിനെയും പൊതുസമൂഹത്തിനു മുന്നില്‍ സംസാരിക്കുന്നതിനെയും എതിര്‍ക്കുന്ന ഒരു വിഭാഗമുണ്ട്. ആ എതിര്‍പ്പിനു പിന്നില്‍ സ്ത്രീകളോടുള്ള ദേഷ്യമോ വൈരാഗ്യമോ ആണെന്ന് ഞാന്‍ കരുതുന്നില്ല. മറിച്ച് ഭയമാണ്. ഒരു സ്ത്രീക്കു പറയാനുള്ള കാര്യങ്ങള്‍,അവളുടെ പ്രശ്നങ്ങള്‍, സ്വാതന്ത്ര്യം, ഇതൊക്കെ ഓരോ സ്ത്രീയും മനസ്സു തുറന്നൊന്നു സംസാരിച്ചാല്‍ പൊളിയുന്ന ചില്ലുകൂടാണ് കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്നത്തെ സമൂഹം.
സ്ത്രീ സംസാരിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് സമൂഹം സ്ത്രീയെ പരമാവധി പിന്നിലാക്കാന്‍ ശ്രമിക്കുന്നത്. അവര്‍ മിണ്ടാതിരിക്കുന്നതു കൊണ്ടാണ് എല്ലാം വളരെ സമാധാനത്തില്‍ കടന്നു പോകുന്നത്. പക്ഷേ ഈ പ്രശ്നങ്ങള്‍ അനിവാര്യമാണ്.
അടുക്കളപ്പണി ചെയ്യാന്‍ മാത്രം വിധിക്കപ്പെട്ട വിഭാഗമല്ല സ്ത്രീ. അവരുടെ അവകാശങ്ങളും സ്വാതന്ത്യവുമെല്ലാം മനസ്സിലാക്കുമ്പോള്‍ അതിനെ അംഗീ കരിക്കാന്‍ പുരുഷമേധാവിത്തത്തില്‍ വിശ്വസിക്കുന്നവര്‍ക്കു കഴിയില്ല. അവിടെയാണ് പ്രശ്നം. ദമ്പതികളില്‍ ഭാര്യയുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിലപാടുക ളുമെല്ലാം മാത്രം മൂടിവച്ച് എന്തിനാണ് ജീവിക്കുന്നത്?
കാലങ്ങളായി സ്വയം ചൂഷണത്തിനിരയായി എല്ലാം സഹിച്ചു കൊണ്ടുള്ള ജീവിതത്തില്‍ സന്തോഷമെന്തെന്നറിഞ്ഞിട്ടുണ്ടാകുമോ? ബഹുഭൂരി പക്ഷം സ്ത്രീകളും ഇതേപ്പറ്റി ബോധമില്ലാ ത്തവരാണ്. ഭര്‍ത്താവിന്റെയും കുട്ടിളു ടെയും കാര്യങ്ങള്‍ നോക്കി അടുക്കളയില്‍ തന്നെ കഴിയേണ്ടവരാണ് സ്ത്രീകള്‍ എന്നാണ് സമൂഹം ഇന്നും പെണ്‍കുട്ടി കളെ പഠിപ്പിക്കുന്നത്.
സ്ത്രീ, പുരുഷന് എന്ന ചിന്ത മാറി മനുഷ്യന് എന്ന ബോധമുണ്ടാവണമെങ്കില്‍ വീടിന്റെ നാലു ചുമരുകള്‍ വിട്ട് ലോകത്തെ അറിയണം. അത് യാത്ര ചെയ്തും വായിച്ചും മാത്രമേ സാധ്യമാകൂ. അതിനു ശേഷമാണ് സംസാരിക്കുക എന്ന തലത്തിലേക്ക് എത്തുന്നത്. രണ്ട് വ്യക്തികള്‍ സംസാരിക്കുമ്പോള്‍ അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്.
സംസാരിക്കുന്നയാളിനെ കേള്‍ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മറിച്ച് അസഭ്യം പറഞ്ഞും കൈയൂക്കുകളുമായാണ് സംസാരിക്കുന്നതെങ്കില്‍ അവര്‍ പറയുന്നതില്‍ കാര്യമില്ലെന്നു വേണം മനസ്സിലാക്കാന്‍. എല്ലാവര്ക്കും പരസ്പരം ആരോഗ്യകരമായി വിമര്‍ശിക്കാനും ഇടപെടാനും പറ്റുന്ന സാഹചര്യമുണ്ടാകണം..
സ്ത്രീയെ സംബന്ധിച്ച് താന്‍ ആര്‍ക്കെങ്കിലും അടിമപ്പെടുന്നുണ്ടോ എന്നൊരു ചോദ്യമാണ് സ്വയം ചോദിക്കേണ്ടത്. ഞാന്‍ പെണ്‍കുട്ടിയാണ് അല്ലെങ്കില്‍ ആണ്‍കുട്ടിയാണ് എന്ന ബോധത്തെക്കാളുപരി മനുഷ്യന് എന്നുള്ള ബോധമാണ് വരേണ്ടത്. ആണും പെണ്ണുമല്ലാത്ത എത്രയോ പേര് ഇന്ന് സമൂഹത്തിലുണ്ട്. അങ്ങനെയുള്ള വേര്‍തിരിവാണ് ഇന്നത്തെ പല പ്രശ്നങ്ങള്‍ക്കും പിന്നില്‍.
ചെറിയ ക്ലാസ്സുകളിലെ കുട്ടികളിലാണ് ഇനി പ്രതീക്ഷ. അവരെ പരിശീലിപ്പിക്കണം. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും രണ്ട് ഭാഗത്തിരുത്തുന്നതു മുതലുള്ള കാര്യങ്ങള്‍ പോലും മാറ്റണം. അത്തരം മാറ്റങ്ങളുണ്ടായാല്‍ സ്ത്രീ കള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ ഒരു പരിധി വരെ തടയാനാകും.
പിന്നീട് പെണ്‍കുട്ടികള്‍ക്കും ആണ് കുട്ടികള്‍ക്കും ഇടയിലുള്ള അകലം കുറയണം. അപ്പുറത്തുള്ളത് എന്തോ അത്ഭുത ജീവിയായിട്ടാണ് പലപ്പോഴും തോന്നുന്നത്.
കൗമാരത്തിലും കോളജ് ജീവിതത്തി നിടയിലും ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധങ്ങളോ പ്രണയങ്ങളോ ഉണ്ടാകുന്നില്ല. അത്തരം സന്ദര്ഭങ്ങളുണ്ടാകാതെ മനസ്സിലുള്ള എല്ലാ സമ്മര്‍ദ്ദങ്ങളും ഒരു അവസരത്തില്‍ പ്രകടിപ്പിക്കുമ്പോഴാണ് അനാരോഗ്യകരമായ പലതും സമൂഹത്തിലുണ്ടാകുന്നത്.
പരസ്പരം മനസ്സിലാക്കാ നും അറിയാനുമുള്ള സമയവും സാവകാശവും എല്ലാവര്ക്കും കൊടുക്കുക. മുന്നിലിരിക്കുന്നത് തന്നെ പോലയൊരു മനുഷ്യന് മാത്രമാണെന്നും ശാരീരികമാ യുള്ള വ്യത്യാസങ്ങളുടെ അടിസ്ഥാന ത്തില്‍ മാറ്റി നിര്‍ത്താന്‍ പാടില്ലന്നുമുള്ള ബോധം വളര്‍ന്നു വരുന്ന തലമുറയെ ങ്കിലും ലഭിക്കണം.
ചിന്തകളെ നിയന്ത്രിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. സ്വതന്ത്രമായി ചിന്തിയ്ക്കാനും സ്വയം മനസ്സിലാക്കാനും സാധിക്കണം. തന്റെ ഭാര്യ അടിമായായി ട്ടാണോ കാണുന്നത്, അവളുടെ ആഗ്രഹ ങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും തടസ്സം നില്‍ക്കാറുണ്ടോ എന്നൊരു ചിന്ത പുരു ഷനുണ്ടാകണം അത് ഒരു ദിവസം കൊണ്ടോ ഒരു പ്രസംഗം കൊണ്ടോ കുറച്ചു ക്ലാസ്സുകള്‍ കൊണ്ടോ മാറില്ല. ഉണ്ടാകണമെന്നില്ല.അതിനു നിരന്തരമായ ഇടപെടുലുകള്‍ ആവശ്യമാണ്.