Tuesday, December 11, 2018 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 08.01 AM

അങ്കമാലി-എറണാകുളം അതിരൂപത ഭൂമിയിടപാട് ; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു ; വിളിച്ചുവരുത്തി ചോദ്യംചെയ്‌തേക്കില്ല

uploads/news/2018/03/200295/george-alanchery.jpg

കൊച്ചി: സിറോ മലബാര്‍ സഭയിലെ അങ്കമാലി-എറണാകുളം അതിരൂപതയില്‍ നടന്ന ഭൂമിയിടപാടില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. കര്‍ദിനാള്‍ അടക്കമുള്ള നാലു പ്രതികള്‍ സഭയുടെ കണ്ണായ ഭൂമി വിലകുറച്ചു വിറ്റ് സഭയ്ക്കു നഷ്ടമുണ്ടാക്കിയെന്നാണ് എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം കര്‍ദിനാളിനെ പോലീസ് സ്‌റ്റേഷനിലേക്കു വിളിച്ചുവരുത്തി ചോദ്യംചെയ്യാനിടയില്ല. കര്‍ദിനാളിനു പുറമേ അതിരൂപതയുടെ സാമ്പത്തികകാര്യ വിഭാഗം മുന്‍ തലവന്‍ ഫാ.ജോഷി പുതുവ, ആര്‍ച്ച് ബിഷപ് ഹൗസിലെ വികാരി ജനറാള്‍ ഫാ. സെബാസ്റ്റിയന്‍ വടക്കുമ്പാടന്‍, വസ്തുവില്‍പനയുടെ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരെ പ്രതിചേര്‍ത്താണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജാമ്യമില്ലാ വകുപ്പുകളാണു പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കുറ്റകരമായ ഗൂഢാലോചനയ്ക്കു സെക്ഷന്‍ 120 ബി പ്രകാരവും വിശ്വാസവഞ്ചന, ചതി എന്നിവയ്ക്ക് ഐ.പി.സി. 406, 415 എന്നീ വകുപ്പുകള്‍ പ്രകാരവുമാണു കേസെടുത്തിരിക്കുന്നത്. തട്ടിപ്പു നടത്തിയതിന് ഐ.പി.സി. 354-ാം വകുപ്പും ചുമത്തി.

എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. അനന്തലാല്‍ തയാറാക്കിയ എഫ്.ഐ.ആര്‍. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. 27.15 കോടി വില നിശ്ചയിച്ചിരുന്ന സഭാഭൂമി കേവലം 13.51 കോടി രൂപയ്ക്കു വിറ്റെന്ന ചേര്‍ത്തല സ്വദേശിയും സഭാംഗവുമായി െഷെന്‍ വര്‍ഗീസ് നല്‍കിയ പരാതിയിലാണ് എഫ്.ഐ.ആര്‍. കര്‍ദിനാളും ആരോപണവിധേയരായ ഫാ. ജോഷി പുതുവ, ഫാ. മാത്യൂ വടക്കുമ്പാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ െഹെക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരേ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുകയാണ്.

കേസെടുക്കാന്‍ സിംഗിള്‍ ബെഞ്ച് ജഡ്ജി ബി. കെമാല്‍ പാഷയായിരുന്നു ഉത്തരവിട്ടത്. ഈ ഉത്തരവ് റദ്ദാക്കാനാണു ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. പോലീസ് തുടര്‍നടപടികളെടുക്കുന്നതു തല്‍ക്കാലം അവസാനിപ്പിച്ചിരിക്കുകയാണ്. എഫ്.ഐ.ആര്‍. പ്രകാരം പോലീസ് കേസുമായി മുന്നോട്ടുപോകണമെങ്കില്‍ പ്രതികളെ ചോദ്യംചെയ്യണം. കുറ്റം ചെയ്തതിനു തെളിവുകള്‍ കണ്ടെത്താനായാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു പോലീസിനു നീങ്ങേണ്ടിവരും. പോലീസ് െഹെക്കോടതിയില്‍ ഇക്കാര്യങ്ങളെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണു സാധ്യത.

അതിനിടെ, സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേയുള്ള അപ്പീല്‍ കേള്‍ക്കുന്നതു െഹെക്കോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനു വെള്ളിയാഴ്ചയെ ഹാജരാവാനാകൂവെന്ന അപേക്ഷയെത്തുടര്‍ന്നാണിത്. മാര്‍ ആലഞ്ചേരി, ഫാ. സെബാസ്റ്റിയന്‍ വടക്കുമ്പാടന്‍ എന്നിവരുടെ അപ്പീലാണു ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.

വിശ്വാസവഞ്ചന നടത്തിയും സഭയ്ക്ക് അന്യായമായ നഷ്ടം വരണമെന്ന ലക്ഷ്യത്തോടെയും പ്രതികള്‍ ഗൂഢാലോചന നടത്തിയാണ് അഞ്ചിടത്തെ 301.76 സെന്റ് 36 പ്ലോട്ടുകളായി വിറ്റതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. െഷെന്റെ പരാതിക്കു പുറമേ െഹെക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിലാണു കേസെടുത്തിരിക്കുന്നതെന്നും എസ്.ഐ. നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി പരാതിക്കാരനായ െഷെന്‍ വര്‍ഗീസിന്റെ മൊഴി രേഖപ്പെടുത്തി.

Ads by Google
Wednesday 14 Mar 2018 08.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW