Tuesday, September 18, 2018 Last Updated 14 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 07.17 AM

ന്യൂനമര്‍ദം കേരള തീരത്തേക്ക്‌ ചുഴലിക്കാറ്റിനു സാധ്യത അതീവ ജാഗ്രത ; കാറ്റിന് വേഗത 65 കി.മീ. ആകും, രണ്ടുദിവസം ശക്തമായ മഴ

uploads/news/2018/03/200290/rain.jpg

തിരുവനന്തപുരം: കന്യാകുമാരിക്കു തെക്ക്‌ ശ്രീലങ്കയ്‌ക്കു പടിഞ്ഞാറായി രൂപപ്പെട്ട ന്യൂനമര്‍ദം തിരുവനന്തപുരത്തിനു മൂന്നൂറു കിലോമീറ്റര്‍ അടുത്തുവരെയെത്തി. അതിതീവ്ര ന്യൂനമര്‍ദമായി മാറാനും ചുഴലിക്കാറ്റടിക്കാനും സാധ്യതയുള്ളതിനാല്‍ സംസ്‌ഥാനത്ത്‌ അതീവജാഗ്രതാ നിര്‍ദേശം. കേരളതീരത്തുനിന്ന്‌ ഒരാളും മത്സ്യബന്ധനത്തിനു പോകരുതെന്നു ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്‌.

ന്യൂനമര്‍ദം വടക്കു പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച്‌ 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്നാണു കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. കടലില്‍ കാറ്റിന്റെ വേഗത 65 കിലോമീറ്ററിനു മുകളിലെത്തും. തിരമാലകള്‍ 2.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരും. ലക്ഷദ്വീപിലുള്‍പ്പെടെ കനത്ത വിനാശത്തിനു സാധ്യതയുണ്ട്‌.

തെക്കന്‍ കേരളത്തില്‍ രണ്ടുദിവസം ശക്‌തമായ മഴയുണ്ടാകും. എല്ലാ ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ കലക്‌ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. ചീഫ്‌ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനുശേഷമാണ്‌ ജാഗ്രതാനിര്‍ദേശം. മുന്നറിയിപ്പ്‌ നാളെവരെ പ്രാബല്യത്തിലുണ്ടാകും. അടിയന്തരഘട്ടം നേരിടാന്‍ പോലീസ്‌ സേന സജ്‌ജമാണെന്നു സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ഭയപ്പെടേണ്ട കാര്യമില്ലെന്ന്‌ തിരുവനന്തപുരം കാലാവസ്‌ഥാ കേന്ദ്രം ഡയറക്‌ടര്‍ എസ്‌. സുദേവന്‍ പറഞ്ഞു. എന്നാല്‍, ന്യൂനമര്‍ദത്തിന്റെ ഗതിമാറുന്നതനുസരിച്ചു കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചീഫ്‌ സെക്രട്ടറി ആവശ്യപ്പെട്ടതനുസരിച്ച്‌ ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു ബറ്റാലിയന്‍ കൂടി തൃശൂരിലെത്തും. കോയമ്പത്തൂരിലെ ആര്‍ക്കോണത്തുനിന്നാണ്‌ 45 പേരടങ്ങുന്ന സംഘമെത്തുന്നത്‌. കര, വ്യോമ, നാവിക സേനകളോടു ഫിഷറീസ്‌ വകുപ്പ്‌ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്‌. കടലില്‍പോയിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ക്കു കഴിയുന്ന രീതിയിലെല്ലാം സന്ദേശം നല്‍കിയിട്ടുണ്ടെന്നും ഫിഷറീസ്‌ വകുപ്പ്‌ അറിയിച്ചു.
ബേപ്പൂര്‍ തുറമുഖത്തുനിന്നു ലക്ഷദ്വീപിലേക്ക്‌ ഇന്നലെ പുറപ്പെടേണ്ടിയിരുന്ന രണ്ട്‌ ഉരുക്കളുടെയും ഇന്നു പുറപ്പെടേണ്ട യാത്രാക്കപ്പലിന്റെയും യാത്ര റദ്ദാക്കി. വൈപ്പിന്‍ ഫിഷറീസ്‌ സ്‌റ്റേഷനില്‍ 48 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നുപ്രവര്‍ത്തിക്കും. ഫോണ്‍: 0484-2502768, 9496007037, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌: 9446091185.

തീവ്ര ന്യൂനമര്‍ദം എന്നാല്‍....

ചുഴലിക്കറ്റിനു (സൈക്ലോണ്‍) തൊട്ടുമുമ്പുള്ള ഘട്ടമാണ്‌ തീവ്ര ന്യൂനമര്‍ദം. ഇതിന്റെ ഫലമായി കന്യാകുമാരിയിലും ലക്ഷദ്വീപിലും തീരത്ത്‌ ചുഴലിസമാനമായ കാറ്റുവീശും. ശക്‌തമായ മഴയുണ്ടാകും. ലോ പ്രഷര്‍, ഡിപ്രഷന്‍, ഡീപ്പ്‌ ഡിപ്രഷന്‍, സൈക്ലോണ്‍, സിവിയര്‍ സൈക്ലോണ്‍, വെരി സിവിയര്‍ സൈക്ലോണ്‍, സൂപ്പര്‍ സൈക്ലോണ്‍ എന്നിങ്ങനെ ഏഴു ഘട്ടങ്ങളാണ്‌ ചുഴലിക്കാറ്റിനുള്ളത്‌. ഇപ്പോഴത്തെ ന്യൂനമര്‍ദം മൂന്നാം ഘട്ടം വരെയെത്താന്‍ സാധ്യതയുള്ളതിനാല്‍ കടല്‍ പ്രക്ഷുബ്‌ധമാകും. കരയില്‍ സാമാന്യം നല്ല മഴയ്‌ക്കും സാധ്യതയുണ്ട്‌.

Ads by Google
Wednesday 14 Mar 2018 07.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW