Monday, December 10, 2018 Last Updated 1 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.47 AM

ഛത്തീസ്‌ഗഡില്‍ മാവോയിസ്‌റ്റ് ആക്രമണം ഒമ്പത്‌ സി.ആര്‍.പി.എഫ്‌. ജവാന്മാര്‍ക്ക്‌ വീരമൃത്യു

uploads/news/2018/03/200247/1.jpg

സുഖ്‌മ: ഛത്തീസ്‌ഗഡിലെ സുഖ്‌മയില്‍ സി.ആര്‍.പി.എഫ്‌. വാഹനം സ്‌ഫോടനത്തില്‍ തകര്‍ത്തു മാവോയിസ്‌റ്റുകള്‍ നടത്തിയ മിന്നലാക്രമണത്തില്‍ അസി. സബ്‌ ഇന്‍സ്‌പെക്‌ടര്‍ ഉള്‍പ്പെടെ ഒമ്പതു ജവാന്‍മാര്‍ക്കു വീരമൃത്യു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നുപേര്‍ക്കു പരുക്ക്‌.
തലസ്‌ഥാനമായ റായ്‌പുരില്‍നിന്ന്‌ 500 കിലോമീറ്റര്‍ അകലെ സുഖ്‌മയിലെ കിസ്‌തറമില്‍ ഇന്നലെ ഉച്ചയ്‌ക്ക്‌ 12.30 നാണ്‌ ആക്രമണം. 212 സി.ആര്‍.പി.എഫ്‌. ബറ്റാലിയന്റെ പട്രോളിങ്‌ സംഘത്തെയാണു മാവോയിസ്‌റ്റുകള്‍ ലക്ഷ്യംവച്ചത്‌. കിസ്‌തറമില്‍നിന്നു പുതുതായി തുറന്ന പലോഡിയിലെ സൈനിക പോസ്‌റ്റിലേക്കുള്ള യാത്രാമധ്യേ ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന കുഴിബോംബ്‌ വേധ വാഹനം(എം.പി.വി) ഐ.ഇ.ഡി. ഉപയോഗിച്ച്‌ തകര്‍ക്കുകയായിരുന്നു. നിര്‍മാണം പുരോഗമിക്കുന്ന പാതയില്‍ 50 കിലോയോളം സ്‌ഫോടകവസ്‌തുക്കള്‍ ഒളിപ്പിച്ചായിരുന്നു മിന്നലാക്രമണം.
ഉഗ്രസ്‌ഫോടനത്തില്‍ വാഹനം വായുവില്‍ പത്തടിയോളം ഉയര്‍ന്നശേഷം ചിതറിത്തെറിക്കുകയായിരുന്നു. ഒമ്പതു ജവാന്‍മാരും സംഭവസ്‌ഥലത്തു മരിച്ചു. പലരുടെയും മൃതദേഹങ്ങള്‍ വാഹനത്തിനു പുറത്തേക്കു തെറിച്ചുവീണ നിലയിലാണു കണ്ടെത്തിയത്‌.
ഇന്നലെ ഇതേസ്‌ഥലത്തുതന്നെ ജവാന്‍മാരെ അപായപ്പെടുത്താന്‍ മറ്റൊരു ശ്രമം നടന്നു. രാവിലെ എട്ടുമണിയോടെ ആയുധധാരികളായ മാവോയിസ്‌റ്റുകളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതും സുരക്ഷാസേനയെത്തി ഉദ്യമം വിഫലമാക്കുകയായിരുന്നു.
പിന്നീട്‌ ഉച്ചയോടെ പലോഡിയിലേക്കു യാത്രതിരിച്ച സി.ആര്‍.പി.എഫ്‌. വാഹനവ്യൂഹം മാവോയിസ്‌റ്റ്‌ കെണിയില്‍പ്പെടുകയായിരുന്നു. രണ്ടുവീതം എം.പി.വികളിലും മോട്ടോര്‍ സൈക്കിളുകളിലുമായാണ്‌ സി.ആര്‍.പി.എഫ്‌. സംഘം പുറപ്പെട്ടത്‌. രണ്ടാമത്തെ എം.പി.വിയാണ്‌ ആക്രമണത്തിനിരയായത്‌.
സ്‌ഫോടനത്തിനുപിന്നാലെ മാവോയിസ്‌റ്റുകളും ജവാന്‍മാരുമായി ഏറ്റുമുട്ടലുമുണ്ടായി. കൂടുതല്‍ സേനാംഗങ്ങളെത്തിയതോടെ മാവോയിസ്‌റ്റുകള്‍ ഉള്‍വനമേഖലയില്‍ ഒളിച്ചു. ഏറ്റുമുട്ടല്‍ വൈകിട്ടോടെ അവസാനിച്ചെന്നും മേഖലയില്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസിന്റെ മാവോയിസ്‌റ്റ്‌വിരുദ്ധ ദൗത്യ സംഘത്തിന്റെ തലവന്‍ അറിയിച്ചു.
അവധിക്കു ശേഷം പുതിയ ക്യാമ്പില്‍ റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നതായി ഉന്നത സി.ആര്‍.പി.എഫ്‌. കേന്ദ്രങ്ങള്‍ അറിയിച്ചു. മാവോയിസ്‌റ്റ്‌ കമാന്‍ഡര്‍ ഹിദ്‌മയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍സ്‌ ലിബറേഷന്‍ ഗറില്ലാ ആര്‍മി (പി.എല്‍.ജി.എ)യാണ്‌ ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു.
തുടര്‍ച്ചയായ മാവോയിസ്‌റ്റ്‌ ആക്രമണങ്ങളിലൂടെ രാജ്യത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാണു സുഖ്‌മ. കഴിഞ്ഞവര്‍ഷം മാര്‍ച്ച്‌ 11 ന്‌ ഭെജി മേഖലയില്‍ പട്രോള്‍ സംഘത്തിനുനേരേയുണ്ടായ ആക്രമണത്തില്‍ 12 സി.ആര്‍.പി.എഫ്‌ ജവാന്മാരാണ്‌ മരിച്ചത്‌. സുഖ്‌മയില്‍ ഏപ്രില്‍ 24 നുണ്ടായ ഏറ്റുമുട്ടലില്‍ 24 സി.ആര്‍.പി.എഫ്‌. ജവാന്‍മാര്‍ വധിക്കപ്പെട്ടതോടെ തെലങ്കാന, ഛത്തീസ്‌ഗഡ്‌ പോലീസിന്റെ സംയുക്‌ത ദൗത്യസംഘത്തിന്റെ നേതൃത്വത്തില്‍ മാവോയിസ്‌റ്റ്‌ വേട്ട ശക്‌തമാക്കിയിരുന്നു. കഴിഞ്ഞ രണ്ടിനു ദൗത്യസംഘവുമായുണ്ടായ ഏറ്റുമുട്ടലില്‍ 10 മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടു.
ഇന്നലത്തെ ആക്രമണത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌, ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രി രമണ്‍ സിങ്‌ തുടങ്ങിയവര്‍ അപലപിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ്‌ ആഹിറിനോടും സി.ആര്‍.പി.എഫ്‌. ഡയറക്‌ടര്‍ ജനറല്‍ ആര്‍.ആര്‍. ഭട്‌നാഗറിനോടും സംഭവസ്‌ഥലം സന്ദര്‍ശിക്കാന്‍ രാജ്‌നാഥ്‌ സിങ്‌ നിര്‍ദേശിച്ചു.

Ads by Google
Wednesday 14 Mar 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW